ലെെംഗികാരോപണ കേസിലെ പ്രതിയായ ബിജെപി എംപിക്കെതിരെ പ്രതിഷേധിച്ച ഒളിമ്പിക് മെഡല്‍ ജേതാവായ വനിതാ കായികതാരത്തെ ഡല്‍ഹിയിലെ തെരുവുകളിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യം ലോകമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഏതാണ്ട് ഏഴ് മാസം മുമ്പാണ്. അതേസമയം തന്നെ തൊട്ടടുത്തുള്ള പാര്‍ലമെന്റ് മന്ദിരത്തില്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള മതപുരോഹിതരുടെ മുമ്പില്‍ ദാസ്യഭാവത്തില്‍ നിന്നുകൊണ്ട് സ്വേച്ഛാധിപത്യത്തിന്റെ ജീര്‍ണിച്ച ചെങ്കോല്‍ പ്രതിഷ്ഠിക്കുകയായിരുന്നു നരേന്ദ്ര മോഡിയും കൂട്ടരും. അന്ന് നീതിക്കുവേണ്ടി പൊരുതിയതിന് തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെട്ട ഒളിമ്പ്യന്‍ സാക്ഷി മാലിക് ലോകത്തിനു മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്, തന്റെ ജീവശ്വാസമായ ഗുസ്തിരംഗത്തുനിന്ന് പിന്‍വാങ്ങുകയാണെന്ന് നെഞ്ചുതകര്‍ന്ന പ്രഖ്യാപനമാണ് വ്യാഴാഴ്ച നടത്തിയത്. ആ സമയത്താകട്ടെ, പാര്‍ലമെന്റില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങളെയൊന്നാകെ പുറത്താക്കി തങ്ങള്‍ക്ക് വേണ്ട നിയമങ്ങള്‍ പാസാക്കിയെടുക്കുകയായിരുന്നു മോഡി ഭരണകൂടം. ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്റംഗ് പുനിയയ്ക്കൊപ്പമാണ് റിയോ ഒളിമ്പിക്സ് ജേതാവ് സാക്ഷി മാലിക് മാധ്യമങ്ങളെ കണ്ടതും പൊട്ടിക്കരഞ്ഞുകൊണ്ട് താൻ ഗുസ്തി ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞതും. കൗമാരക്കാരുള്‍പ്പെടെയുള്ള വനിതാ താരങ്ങള്‍ ലെെംഗികാരോപണം ഉന്നയിച്ച ബിജെപി എംപിയും മുന്‍ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ സിങ്ങിന്റെ വ്യാപാരപങ്കാളിയും അടുത്ത സഹായിയുമായ സഞ്ജയ് സിങ് ഫെഡറേഷന്‍ പ്രസിഡന്റായതില്‍ പ്രതിഷേധിച്ചായിരുന്നു സാക്ഷിയുടെ നിലപാട്. തന്റെ ബൂട്ട് ഉപേക്ഷിച്ചാണവര്‍ മടങ്ങിയത്. കേന്ദ്ര സർക്കാർ പത്മശ്രീയും ഖേൽ രത്നയും നൽകി ആദരിച്ച കായികപ്രതിഭയുടെ പ്രതിഷേധം ലോകത്തിനു മുമ്പില്‍ രാജ്യത്തെ ഒരിക്കല്‍ക്കൂടി നാണംകെടുത്തി.
ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന മുൻ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള സമരത്തിന്റെ മുൻനിരയിൽ സാക്ഷിയുണ്ടായിരുന്നു. അധ്യക്ഷനായില്ലെങ്കിലും ഫെഡറേഷനെ നിയന്ത്രണത്തിൽ നിർത്താനുള്ള ബ്രിജ്ഭൂഷണിന്റെ നീക്കമാണ് വിശ്വസ്തന്റെ സ്ഥാനാരോഹണത്തിലൂടെ ലക്ഷ്യംകണ്ടിരിക്കുന്നത്. പീഡിതരുടെ പരാതിയില്‍ നടപടിയുണ്ടാകാതായപ്പോഴാണ് താരങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ പ്രത്യക്ഷ പ്രതിഷേധത്തിനിറങ്ങിയത്. രാഷ്ട്രീയ, സാംസ്കാരിക, പ്രവർത്തകരിൽനിന്ന് നല്ല പിന്തുണ കിട്ടുകയും വിഷയം കോടതിയിലെത്തുകയും ചെയ്തതോടെ പോക്സോ വകുപ്പിൽ കേസെടുത്തു. എന്നിട്ടും അറസ്റ്റില്ലാതായതോടെയാണ്, ജന്തർമന്ദറില്‍ പ്രക്ഷോഭം കൂടുതൽ ശക്തമാക്കിയത്. മേയ് 28ന് പുതിയ പാർലമെന്റിൽ മോഡിയും ബ്രാഹ്മണ പുരോഹിതരും ചെങ്കോൽ പ്രതിഷ്ഠ നടത്തുമ്പോൾ, പുറത്ത് സാക്ഷിയെയും മറ്റുതാരങ്ങളെയും പൊലീസ് വലിച്ചിഴച്ചത് അതിന്റെ ഭാഗമായിരുന്നു. അതുകൊണ്ടൊന്നും അവരുടെ മനോവീര്യം തകർക്കാനായില്ല. രാജ്യത്തിനുവേണ്ടി ലഭിച്ച ഒളിമ്പിക് മെഡലുകൾ ഗംഗയിലെറിഞ്ഞ് പോരാട്ടം തുടരുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചു. റെയിൽവേയിലെ ജോലി തെറിപ്പിക്കുമെന്നുവരെ ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങിയില്ല. രക്ഷയില്ലെന്ന് കണ്ടപ്പോഴാണ് തർക്കപരിഹാരത്തിന് അമിത് ഷാ നേരിട്ടെത്തിയത്. പിന്നീട് മന്ത്രി അനുരാഗ് ഠാക്കൂറുമായി ചർച്ച നടന്നു. ജൂൺ 15നുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചപ്പോഴാണ് താൽക്കാലികമായി സമരം നിർത്താൻ തീരുമാനിച്ചത്. ബ്രിജ്ഭൂഷൺ സിങ്ങിന്റെ കുടുംബത്തെയും അടുത്ത സഹായികളെയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് കായിക മന്ത്രാലയം വാഗ്ദാനം നല്‍കി. അത് ലംഘിച്ചാണ് സഞ്ജയ് സിങ്ങിനെ പ്രസിഡന്റാക്കിയെടുത്തിരിക്കുന്നത്.
നിലവിലെ സംവിധാനത്തില്‍ താരങ്ങൾക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ബജ്‌റംഗ് പുനിയ പറഞ്ഞു. താരങ്ങൾ നേരിട്ട് പരാതി പറഞ്ഞപ്പോള്‍ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും പുനിയ ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് എങ്ങനെ നീതി ലഭിക്കുമെന്നറിയില്ല. പുതിയ നേതൃത്വത്തിന് കീഴിലും സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്ന് മറ്റാെരു താരം വിനേഷ് ഫോഗട്ട് പറഞ്ഞു. ഒളിമ്പിക്സ് മെഡൽ ജേതാവിന് നീതി ലഭിച്ചില്ലെങ്കിൽ, ഞങ്ങൾക്ക് അതെങ്ങനെ ലഭിക്കുമെന്ന് സാധാരണ പെൺകുട്ടികളുടെ മാതാപിതാക്കൾ ആശങ്കാകുലരാകുമെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉത്തരം നല്‍കണമെന്നും ഒളിമ്പിക്സ് ജേതാവ് വിജേന്ദർ സിങ് ആവശ്യപ്പെട്ടു. സർക്കാർ ഉറപ്പുകൾ പാലിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാന്‍ താരങ്ങൾ ആലോചിക്കുന്നുണ്ട്. അതിനിടെ സാക്ഷി മാലിക്കുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. സമരം ചെയ്യുമ്പോള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും കേസെടുക്കുകയും ചെയ്യുന്നവരില്‍ നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് അബദ്ധമായിരിക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതി ഉയര്‍ന്നിട്ടു പോലും ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്നതിന് വേണ്ടി അധികാര ദുർവിനിയോഗം നടത്തിയ ഭരണകൂടം കായികരംഗത്തെയും രാജ്യത്തെയും വീണ്ടുംവീണ്ടും അപമാനിക്കുകയാണ്. ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പോലുള്ളവരുടെ മഹത്വം അളക്കാൻ അധികാരത്തിന്റെ ചെങ്കോലുകളോ പൂതലിച്ച അംശവടികളോ മതിയാവില്ല. അവരുടെ കണ്ണീരിന്റെ തീക്ഷ്ണത ഏതു സ്വേച്ഛാധികാരത്തിന്റെ ജീര്‍ണസിംഹാസനങ്ങളെയും കടപുഴക്കാതിരിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.