30 March 2025, Sunday
KSFE Galaxy Chits Banner 2

മണല്‍ വാരാം പണവും വാരാം; സംസ്ഥാനത്തെ നദികളില്‍ 30,000 കോടിയുടെ മണല്‍

ജഡ്ജിക്ക് തിരിച്ചറിവില്ലെന്ന് സുപ്രീം കോടതി 
കെ രംഗനാഥ്
തിരുവനന്തപുരം
March 26, 2025 10:27 pm

സംസ്ഥാനത്തെ നദികളില്‍ 30,000 കോടി രൂപയുടെ മണല്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തല്‍. 14 നദികളില്‍ മാത്രമായി 1.73 കോടി ടണ്‍ മണല്‍ അടിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് കരകയറാനാവുന്നത്ര മണല്‍ നിക്ഷേപം കേരളത്തിലെ 44 നദികളിലുണ്ടെന്നാണ് റവന്യു വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. 33 നദികളിലെ പഠനമാണ് ഇതിനകം പൂര്‍ത്തിയായത്. 44 നദികളില്‍ 41 എണ്ണവും പടിഞ്ഞാറോട്ടൊഴുകി കായലുകളും കടന്ന് അറബിക്കടലിലേക്കാണ് പതിക്കുന്നത്. കബനിനദി കര്‍ണാടകയിലേക്കും ഭവാനിപ്പുഴയും പാമ്പാറും തമിഴ്‌നാട്ടിലേക്കും ഒഴുകുന്നു. 16 എണ്ണത്തില്‍ നിന്നുള്ള മണല്‍ വാരല്‍ ലാഭകരമായിരിക്കില്ല എന്ന വിലയിരുത്തലുമുണ്ട്. പ്രധാനപ്പെട്ട 14 നദികളില്‍ നിന്നുമാത്രം 1,70,25,861 ടണ്‍ മണല്‍ വരാമെന്നാണ് കണ്ടെത്തല്‍.
നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള മണലില്‍ ഏറിയ പങ്കും തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുളള മണലിന‍്‍ കിലോയ്ക്ക് ആറ് രൂപയാണ് വില. ഇതില്‍ ക്രമാനുഗത വര്‍ധനവേ ഉണ്ടാകുന്നുള്ളു. ഇറക്കുമതി മണലിന്റെ വിലയനുസരിച്ചാണെങ്കില്‍ 17 നദികളില്‍ നിന്ന് ഖനനം ചെയ്യാവുന്ന മണലിന്റെ മൊത്തം വില 10,215 കോടി രൂപ വിലവരും. ഭാരതപ്പുഴ, പെരിയാര്‍, പമ്പ, അച്ചന്‍കോവില്‍, മൂവാറ്റുപുഴ, ചാലിയാര്‍, വളപട്ടണം, കടലുണ്ടി, വാമനപുരം, പയസ്വിനി തുടങ്ങിയ പുഴകളില്‍ അടിഞ്ഞുകിടക്കുന്ന മണലില്‍ ചെറിയൊരു ഭാഗം മാത്രമേ ലേലം ചെയ്തു വില്‍ക്കാറുള്ളു. മണല്‍ മാഫിയകളാണ് നല്ലൊരു പങ്കും നിയമവിരുദ്ധമായി കടത്തുന്നത്. 

14നദികളില്‍ നിന്നും ആറ്റുമണല്‍ ഖനനത്തിനുള്ള 149 കടവുകളും നിര്‍ണയിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, കാസര്‍കോട്, പത്തനംതിട്ട എന്നീ ജില്ലകളിലുള്ള മണല്‍വാരല്‍ കേന്ദ്രങ്ങള്‍ക്ക് ശരാശരി അഞ്ച് ഹെക്ടറാണ് വിസ്തൃതി. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഭാരതപ്പുഴയിലെ 48 കടവുകളില്‍ നിന്നു മാത്രം ഒരു കോടിയില്പരവും‍ പമ്പാനദിയില്‍ നിന്നും 30.5 ലക്ഷവും ടണ്‍ ഖനനം ചെയ്യാമെന്നും കണ്ടെത്തി.
പരിസ്ഥിതി ആഘാതപഠനം കൂടി നടത്തിയ ശേഷമാണ് മണല്‍വാരുന്നതിനുള്ള സാധ്യതാ മേഖലകള്‍ നിര്‍ണയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ മലമ്പുഴ അണക്കെട്ടില്‍ നിന്നു മാത്രമേ ഇതുവരെ നദിമണല്‍ ഖനനം നടന്നിട്ടുള്ളു. വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഖനനം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴാണെങ്കില്‍ മണല്‍വാരല്‍ അനിവാര്യമായിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ നദികളിലും പുഴകളിലും മണലും എക്കലുമടിഞ്ഞ് അവയുടെ സംഭരണശേഷി പകുതിയിലേറെ താഴുകയും ചെയ്തു. ഇടുക്കി ജലസംഭരണിയില്‍ 41 ശതമാനം സഭരണശേഷിയാണ് കുറഞ്ഞത്. ശേഷി കുറയുന്നതനുസരിച്ച് വൈദ്യുതോല്പാദനത്തിനും കാര്‍ഷിക‑വ്യാവസായികാവശ്യങ്ങള്‍ക്കുമുള്ള ജലത്തിന്റെ ദൗര്‍ലഭ്യവും രൂക്ഷമാവും. മണല്‍വാരി നദികളുടെയും പുഴകളുടെയും കായലുകളുടെയും സംഭരണശേഷി വീണ്ടെടുത്തില്ലെങ്കില്‍ പ്രളയഭീഷണി വ്യാപകമാവുമെന്ന ആശങ്കയുമുണ്ട്.

TOP NEWS

March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.