22 December 2024, Sunday
KSFE Galaxy Chits Banner 2

സംഘ്പരിവാര്‍ ജമ്മു-കശ്മീര്‍ നയസമീപനം പൂര്‍ണപരാജയം

Janayugom Webdesk
June 3, 2022 5:00 am

നരേന്ദ്രമോഡി സർക്കാരിന്റെ മറ്റെല്ലാ സുപ്രധാന നടപടികളുമെന്നപോലെ ജമ്മുകശ്മീർ നയസമീപനങ്ങളും സമ്പൂർണ പരാജയമാണെന്നാണ് പിന്നിടുന്ന ഓരോദിവസവും അടയാളപ്പെടുത്തുന്നത്. തൊണ്ണൂറുകളിൽ സംസ്ഥാനത്ത് പടർന്നുപിടിച്ച അഭൂതപൂർവമായ മുസ്‌ലിം ഭൂരിപക്ഷ സമരോത്സുകതയാണ് ന്യൂനപക്ഷ കശ്മീരിപണ്ഡിറ്റുകളുടെ കൂട്ട പലായനത്തിലേക്കു നയിച്ചത്. 2008‑ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് ആവിഷ്കരിച്ച പുനരധിവാസ പദ്ധതിയാണ് കശ്മീരിപണ്ഡിറ്റുകൾക്ക് തങ്ങളുടെ ജന്മഭൂമിയിലേക്ക് തിരിച്ചുപോകാൻ വഴിയൊരുക്കിയത്. സംസ്ഥാനത്ത് തിരിച്ചെത്തുന്ന യോഗ്യതയുള്ള ആറായിരം കശ്മീരിപണ്ഡിറ്റുകളെ വിവിധ സർക്കാർ വകുപ്പുകളിൽ നിയമിച്ചു പുനരധിവസിപ്പിക്കുക എന്നാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. രണ്ടാം യുപിഎ സർക്കാരിന് പൂർത്തീകരിക്കാൻ കഴിയാതെപോയ ആ ദൗത്യം തുടർന്ന് അധികാരത്തിലേറിയ നരേന്ദ്രമോഡി സർക്കാർ ഏറ്റെടുത്തു. 2020 ഡിസംബർ വരെ ഏതാണ്ട് നാലായിരത്തില്‍പ്പരം കശ്മീരിപണ്ഡിറ്റുകൾ ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിൽ നിയമിക്കപ്പെട്ട് സമാധാനപൂർവം അവിടെ തൊഴിലെടുത്ത് ജീവിതം പുലർത്തിവരികയായിരുന്നു. 2019 ഓഗസ്റ്റ് മാസത്തിൽ ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിക്കൊണ്ടുള്ള നിയമനിർമ്മാണത്തോടെ അവിടെ നിലനിന്നിരുന്ന അവശേഷിച്ച സമാധാനാന്തരീക്ഷംകൂടി തകർക്കപ്പെട്ടു. പുതിയ നിയമം കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയ ജമ്മുകശ്മീരിൽ നിയന്ത്രങ്ങളേതും കൂടാതെ ആർക്കും ഭൂമി വാങ്ങാനും സർക്കാർ തൊഴിൽ നേടാനും അവസരം നൽകി. പൊതുവിൽ രാഷ്ട്രീയ ആശങ്കകളും അരക്ഷിതബോധവും അനുഭവിക്കുന്ന ഒരു ജനതയിൽ അത് അവിശ്വാസവും അന്യതാബോധവും വളർത്തി. അതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിനു മുഖ്യകാരണം. ജമ്മു-കശ്‍മീരിന്റെ ഭരണഘടനാ പദവി റദ്ദാക്കിയതും പുറത്തുനിന്നുള്ളവർക്ക് സര്‍ക്കാർ ജോലികളും ഭൂഉടമസ്ഥതയും അനുവദിച്ചതും പ്രദേശത്തെ ജനസംഖ്യ, ഭൂഉടമസ്ഥത എന്നിവയിൽ മൗലിക മാറ്റത്തിനു കാരണമാകുമെന്ന ഭീതി ഭൂരിപക്ഷ സമുദായത്തിൽ വ്യാപകമാണ്. അതിനോടുള്ള പ്രതികരണമെന്നോണം 2000 ഡിസംബർ മുതൽ ന്യൂനപക്ഷ സമുദായങ്ങൾക്കും കുടിയേറ്റത്തൊഴിലാളികൾക്കും നേരെ ഭീകരാക്രമണങ്ങൾ പതിവായി.


ഇതുകൂടി വായിക്കാം;  അധികാര രാഷ്ട്രീയ ചൂതാട്ടമായി മാറുന്ന തെരഞ്ഞെടുപ്പ്


ഇന്നലെ രാജസ്ഥാൻ സ്വദേശിയായ ഒരു ബാങ്ക് ജീവനക്കാരനും തൊട്ടുമുൻദിവസം ഒരു കശ്മീരിപണ്ഡിറ്റ് അധ്യാപികയും അവരുടെ തൊഴിലിടങ്ങളിൽ കൊല്ലപ്പെട്ടത് അക്രമ പരമ്പരയിൽ അവസാനത്തേത് ആയിരിക്കില്ല. ഇത്തരം തീവ്രവാദ അതിക്രമങ്ങളെ അതിനിശിതമായി എതിർക്കുമ്പോഴും പ്രതിവിധി ഭരണകൂട അതിക്രമങ്ങളോ അടിച്ചമർത്തലോ അല്ലെന്ന് വിവേകമുള്ളവർ തിരിച്ചറിയണം. പരിഭ്രാന്തരായ കശ്മീരിപണ്ഡിറ്റുകൾ മറ്റൊരു കൂട്ടപ്പലായനത്തിനാണ് ശ്രമിക്കുന്നത്. അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും രാഷ്ട്രീയ പ്രശ്നത്തിന് രാഷ്ട്രീയമായി പരിഹാരം കാണുന്നതിനും പകരം സ്വേച്ഛാധിപത്യപരമായ പ്രതിവിധികളാണ് കേന്ദ്ര ഭരണകൂടവും അവരുടെ ജമ്മു-കശ്മീരിലെ ദല്ലാളന്മാരും അവലംബിക്കുന്നത്. ഭീകരാക്രമണങ്ങളിലും കൊലകളിലും ഭരണകൂട അനാസ്ഥയിലും പ്രതിഷേധിക്കാനുള്ള കശ്മീരിപണ്ഡിറ്റുകളുടെ അവകാശം നിഷേധിക്കുന്ന ഭരണകൂടം അവരെ അക്ഷരാര്‍ത്ഥത്തിൽ സൈനികവലയത്തിൽ തടവുകാരാക്കിയിരിക്കുകയാണ്. തങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുനൽകാനാവാത്ത ഭരണകൂടം വീണ്ടും ഒരു കൂട്ട പലായനത്തിലൂടെ തങ്ങളെ രക്ഷപ്പെടാൻ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഏകപക്ഷീയമായും ഏകാധിപത്യപരമായും ഭേദഗതി ചെയ്തിട്ട് മൂന്നു വർഷം പൂർത്തിയാവുകയാണ്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ബിജെപി-സംഘ്പരിവാർ ശക്തികളുടെയും എല്ലാ അവകാശവാദങ്ങൾക്കുമപ്പുറം തകർന്നടിയുന്ന ഒരു രാഷ്ട്രീയ സാഹസികതയുടെ ദയനീയ ചിത്രമാണ് ജമ്മു-കശ്മീരും അവിടുത്തെ ജനതയും രാജ്യത്തിനുമുന്നിൽ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ എട്ടുവർഷക്കാലത്തിനിടെ നരേന്ദ്രമോഡിയും ബിജെപിയും അടിച്ചേൽപ്പിച്ച പദ്ധതികളും പരിഷ്കാരങ്ങളും പരിപാടികളും പരാജയപ്പെടുകയും ജനങ്ങൾ അതിന്റെ ഇരകളാക്കപ്പെടുകയും ചെയ്ത അനുഭവമാണ് രാജ്യത്തിനും ജനങ്ങൾക്കുമുള്ളത്. അതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ ജമ്മു-കശ്മീരിൽ അരങ്ങേറുന്നത്. ഒരു ജനതയെയും അവർ അധിവസിക്കുന്ന ഭൂപ്രദേശത്തെയും രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കൊലകളുടെയും നിത്യ അശാന്തിയുടെയും ഇടമാക്കി മാറ്റിയതിന്റെ പൂർണ ഉത്തരവാദിത്തം മോഡിക്കും ബിജെപിക്കും സംഘ്പരിവാറിനും മാത്രമാണ്. ഇനിയെങ്കിലും ഈ അതിസാഹസ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾ തിരുത്താൻ ഭരണകൂടം തയാറാവുന്നില്ലെങ്കിൽ രാഷ്ട്രം അതിനു വലിയവില നൽകേണ്ടിവരും.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.