ഗാന്ധിവധത്തിൽ തങ്ങളുടെ നിരപരാധിത്വത്തിന്റെ തെളിവായി, ആ ദുരന്തം സംഭവിച്ച് 28 ദിവസം കഴിഞ്ഞ്, 1948 ഫെബ്രുവരി 20ന് അന്നത്തെ ആഭ്യന്തര മന്ത്രികൂടിയായ സർദാർ വല്ലഭ്ഭായി പട്ടേൽ പ്രധാനമന്ത്രി നെഹ്രുവിന് എഴുതിയ ഒരു മൂന്നുതാൾ കത്ത് ആർഎസ്എസ് ഉദ്ധരിക്കാറുണ്ട്. എന്നാൽ അതേ കത്തിൽ ഈ മഹാകുറ്റകൃത്യത്തിൽ വി ഡി സവർക്കറുടെ പങ്കിനെപ്പറ്റിയും അതിനെ സ്വാഗതം ചെയ്ത ആർഎസ്എസിന്റെയും ഹിന്ദു മഹാസഭയുടെയും നിലപാടിനെപ്പറ്റിയും പട്ടേൽ വ്യക്തമാക്കുന്നു എന്ന കാര്യം അവർ സമർത്ഥമായി മൂടിവയ്ക്കുന്നു. ആർഎസ്എസിന്റെയും സംഘ്പരിവാറിന്റെയും എല്ലാം മുഖംമൂടി വലിച്ചുകീറുന്ന അത്തരം കാര്യങ്ങളെ ചരിത്രത്തിൽ നിന്ന് പാടെ തുടച്ചുമാറ്റാനാണ് അവർ തീരുമാനിച്ചിട്ടുള്ളത്.
സംഘ്പരിവാർ രാജ്യം ഭരിക്കുമ്പോൾ പാഠപുസ്തകങ്ങൾക്ക് ഭാവഭേദം വരുന്നു. ആ പുസ്തകങ്ങളിൽ മഹാത്മാഗാന്ധിയെ മതഭ്രാന്തൻ വെടിവച്ച് കൊന്ന കാര്യം മാഞ്ഞുപോകുന്നു. പകരം മഹാത്മാഗാന്ധി അന്തരിച്ചു എന്ന് മാത്രം. കുട്ടികൾ അത്രയും അറിഞ്ഞാൽ മതി. അവരെ എന്തറിയിക്കണമെന്നും എങ്ങനെ അറിയിക്കണം എന്നും ഹിറ്റ്ലർ പഠിപ്പിച്ച പാഠങ്ങൾ സംഘ്പരിവാറിന് വഴികാട്ടുന്നു. “ചെറുപ്പത്തിലേ പിടികൂടുക” (Catch them young) എന്ന ഹിറ്റ്ലർ പ്രമാണം അവരെ നയിക്കുന്നു. അവർ എന്തു ചെയ്യുന്നതും ദേശീയതയുടെ പേരിലാണ്. ഗാന്ധിയെ വെടിവച്ചു കൊന്നതും ഗോഡ്സെയെ മഹത്വവൽക്കരിക്കുന്നതും ഭഗത് സിങ്ങിനെ മതവാദിയാക്കുന്നതും ശ്രീനാരായണ ഗുരുവിന്റെ തലയിൽ സനാതനധർമ്മത്തിന്റെ ചേരാത്തൊപ്പി ചാർത്തുന്നതും ഹെഡ്ഗേവാറിന്റെ ചിത്രത്തോടൊപ്പം സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം വയ്ക്കുന്നതും എല്ലാം ദേശീയതയുടെ പേരിൽത്തന്നെ. ചരിത്രം തിരുത്തിയെഴുതുന്നതും കേട്ടുകേൾവികളെ ശാസ്ത്രമാക്കുന്നതും എല്ലാമെല്ലാം സാംസ്കാരികദേശീയതയുടെ വീരപതാക ഉയർത്താൻ വേണ്ടിയാണ് പോലും!
വേദപുസ്തകം പോലെ അവർ കൊണ്ടാടുന്ന ‘വിചാരധാര’യിൽ ഗോൾവാൾക്കർ പറയുന്നത് “ജർമ്മനിയിലേക്ക് നോക്കൂ” എന്നാണ്. വംശാഭിമാനം അതിന്റെ ഉത്തുംഗാവസ്ഥ പ്രാപിച്ചത് അവിടെയാണെന്നും ആ മാതൃകാഭൂമിയിൽ നിന്നും ഹിന്ദുസ്ഥാന് പഠിക്കാൻ വിലപ്പെട്ട പാഠങ്ങൾ ഏറെയുണ്ടെന്നും ‘ഗുരുജി’ പറഞ്ഞുവച്ചു. വിലപ്പെട്ട പാഠം എന്താണെന്ന് അറിയുമ്പോഴേ ആർഎസ്എസ് — ബിജെപിയുടെ സാംസ്കാരിക ദേശീയതയുടെ തനിസ്വരൂപം നമുക്ക് മനസിലാവുകയുള്ളൂ. വ്യത്യസ്ത സംസ്കാരങ്ങൾക്ക് ഒരേ മേൽക്കൂരയ്ക്ക് കീഴെ ഒരുമിച്ചു ജീവിക്കുക സാധ്യമല്ല. ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കളായി ഹിറ്റ്ലർ ചൂണ്ടിക്കാട്ടിയത് ജൂതരെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ആയിരുന്നു. അതേ മൂശയിൽ വാർത്തെടുക്കപ്പെട്ട ആർഎസ്എസിനും ഭാരതത്തിന്റെ ആഭ്യന്തര ശത്രുക്കളെ ചൂണ്ടിക്കാണിക്കണമല്ലോ. വിചാരധാരയിൽ ഗോൾവാൾക്കർ അവരാരാണെന്ന് അക്കമിട്ടു പറഞ്ഞു. മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ.
മേല്പറഞ്ഞ ആശയങ്ങൾ എല്ലാം ചേർത്തുവച്ച ചിന്താപ്രപഞ്ചമാണ് ആർഎസ്എസിന്റേത്. വംശമേധാവിത്തം അതിൽ അടിമുടി നിറഞ്ഞിരിക്കുന്നു. അതേ അളവിൽത്തന്നെ അപരവിദ്വേഷവും അതിനെ അന്ധമാക്കുന്നു. ഇതോടൊപ്പം വൻകിട മുതലാളിത്തത്തിന്റെ സാമ്പത്തിക അജണ്ടകളും അതിന്റെ ഗതിനിർണയിക്കുന്നു. അതിരില്ലാത്ത കോർപറേറ്റ് വിധേയത്വമാണ് ഫാസിസത്തിന്റെ സാമ്പത്തിക നയങ്ങൾക്ക് വഴികാണിക്കുന്നത്. ഫാസിസം അതിന്റെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അന്ധമായ വംശാധിപത്യ ബോധവും അപരവിദ്വേഷവും കോർപറേറ്റ് താല്പര്യങ്ങളോടുള്ള നാണംകെട്ട അടിമത്തവും സ്വന്തം ശീലമാക്കിയിട്ടുണ്ട്. മുസോളിനിയും ഹിറ്റ്ലറും മുതൽ നെതാന്യാഹുവും മോഡിയും വരെയുള്ളവരുടെ സാമ്പത്തിക നയങ്ങൾ അപഗ്രഥിച്ചാൽ ഈ സത്യം മനസിലാവും.
1929ലെ വാൾസ്ട്രീറ്റ് തകർച്ച കോർപറേറ്റ് ലാഭാർത്തിക്കുമേലുണ്ടാക്കിയ നിരാശയും അരക്ഷിതബോധവുമാണ് ഇറ്റലിയിലും ജർമ്മനിയിലും ഫാസിസത്തിന്റെ ആരോഹണത്തിലേക്ക് നയിച്ചതെന്ന് പഠനങ്ങൾ വെളിവാക്കിയിട്ടുണ്ട്. ദുർബലനും മത്സര ക്ഷമതയില്ലാത്തവനും നശിച്ചേ തീരൂ എന്നതാണ് ഫാസിസത്തിന്റെ പ്രത്യയശാസ്ത്രം. യുദ്ധങ്ങളിലൂടെ സമർത്ഥരും മികച്ചവരുമായ ജനതകളും രാഷ്ട്രങ്ങളും ദുർബലരായ ജനതകളുടെയും രാഷ്ട്രങ്ങളുടെയും മേൽ ആധിപത്യം ഉറപ്പിക്കുന്നത് നീതിയാണെന്ന് ഹിറ്റ്ലറും മുസോളിനിയും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥയിലും ‘അർഹതയുള്ളത്’ അതിജീവിച്ചാൽ മതി. വൻകിട കാർട്ടലുകളും കോർപറേറ്റുകളും വിജയിക്കുകയും രാഷ്ട്രത്തിന്റെ യശസുയർത്തുകയും ചെയ്യും. 20 ലക്ഷം ഡോളറിൽ കുറവുള്ള കോർപറേറ്റുകളെ പിരിച്ചുവിടുകയും 40 ലക്ഷത്തിൽ കുറവുള്ളവയെ പരസ്പരം ലയിച്ച് ഭീമൻ കുത്തകകളാകാൻ നിർബന്ധിക്കുകയും ചെയ്തു നാസി ഭരണകൂടം.
അന്നത്തെ മുൻനിര കോർപറേറ്റുകളായ തൈസൻ ഗ്രൂപ്പ്, ഐജി ഫാർബൻ, ബോഷ്, സീമൻസ്, വോക്സ് വാഗൺ എന്നിവരെല്ലാം നാസി ഫണ്ടിലേക്ക് കോടികൾ നൽകി. അതൊന്നും വെറുതെയായില്ല. ജർമ്മനിയിൽ കൂട്ടായ വിലപേശലും ട്രേഡ് യൂണിയൻ പ്രവർത്തനവും നിരോധിക്കപ്പെട്ടു. വേതനം മരവിപ്പിച്ചു. സർവ പുരോഗതിയുടെയും വാഹനമായ സ്വകാര്യസ്വത്തിന് മുന്നേറണമെങ്കിൽ ജനാധിപത്യവും ബഹുസ്വരതയും അവസാനിപ്പിക്കണമെന്ന് ഹിറ്റ്ലർ തെളിച്ചുപറഞ്ഞു. സോഷ്യൽ ഡെമോക്രസിയിലേക്കും കമ്മ്യൂണിസത്തിലേക്കുമുള്ള ‘വിപല്‍ക്കരമായ യാത്ര’യെ തടയാൻ എന്ന പേരിലാണ് ജർമ്മൻ കോർപറേറ്റുകൾ പിൽക്കാലത്ത് മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച കൊടുംക്രൂരതകൾക്ക് ഒത്താശ ചെയ്തത്. നാസികൾക്ക് നൽകിയ സാമ്പത്തിക പിന്തുണയ്ക്ക് പകരമായി കോർപറേറ്റുകൾക്ക് ലഭിച്ചത് വെട്ടിപ്പിടിച്ച നാടുകളിലെ അടിമത്തൊഴിലാളികളുടെ വിലകുറഞ്ഞ മനുഷ്യാധ്വാനം! ഇസ്രയേലി സയണിസ്റ്റുകളും ഇന്ത്യൻ ഹിന്ദുത്വവാദികളും അടക്കമുള്ള സമാന ഫാസിസ്റ്റ് ശക്തികളെല്ലാം ദുർബലരോടും ദരിദ്രരോടും തൊഴിലാളികളോടും മാത്രമല്ല ചെറുകിട സംരംഭങ്ങളോടും കുത്തകേതര മൂലധനത്തോടുമുള്ള തങ്ങളുടെ വിപ്രതിപത്തി ഒളിച്ചുവയ്ക്കുന്നവരല്ല.
1992ലെ അഭിശപ്തമായ ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയപ്പോൾ സംഘ്പരിവാർ നടത്തിയ ആക്രോശം ഓർത്തുനോക്കൂ. “ഹം ഐസേ ബനായേംഗേ ഹിന്ദുരാഷ്ട്ര” — ഞങ്ങൾ ഇങ്ങനെയാണ് ഹിന്ദുരാഷ്ട്രം നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് ശേഷം 2024 ജനുവരി 22ന് പള്ളി നിന്ന സ്ഥാനത്ത് പണിത രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാവേളയിൽ രാജ്യം കണ്ട കാഴ്ച എന്തായിരുന്നു? മതേതരരാഷ്ട്രത്തിന്റെ പ്രധാനമന്ത്രി അക്രമാസക്തി പ്രതിഫലിച്ച ഒരു മതചടങ്ങിലെ മുഖ്യ പൂജാരിയായി മാറി! ഔദ്യോഗിക പൂജാരികൾ എല്ലാം പുറത്തും രാഷ്ട്രീയാധികാരത്തിന്റെ പൂജാരി അകത്തും. ഫാസിസ്റ്റ് താല്പര്യങ്ങളാൽ നയിക്കപ്പെടുന്ന മതതീവ്രവാദവും അതിന്റെ ഇരട്ട സഹോദരനായ അധികാര രാഷ്ട്രീയവും തമ്മിൽ കെട്ടുപിണയുമ്പോൾ ഉണ്ടാകുന്ന അവസ്ഥാവിശേഷമാണിത്. ഭരണഘടനയോട് യുദ്ധം പ്രഖ്യാപിക്കുന്ന ആർഎസ്എസ്- ബിജെപി മനുസ്മൃതിയെ അടിസ്ഥാനമാക്കി പുതിയ ഭരണഘടനയ്ക്ക് വേണ്ടി വാദിക്കുമ്പോഴും ദളിതരുടെ ജീവിതങ്ങൾക്കുമേൽ സവർണാധിപത്യം അഴിഞ്ഞാട്ടം നടത്തുമ്പോഴും ആർഎസ്എസിന് രുചിക്കാത്ത സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് തുഷാർ ഗാന്ധിയെ കേരളത്തിൽ തടഞ്ഞുവച്ചപ്പോഴും നാം കേൾക്കുന്നത് ഫാസിസത്തിന്റെ കാലടിയൊച്ചകളല്ലാതെ മറ്റെന്താണ്?
ഭരണഘടനാശില്പി എന്ന് രാജ്യം ആദരവോടെ വിളിക്കുന്ന അംബേദ്കർ പ്രഗത്ഭനായ ഒരു അഭിഭാഷകനോ ആഴമേറിയ അറിവുള്ള ഒരു നിയമജ്ഞനോ മാത്രമായിരുന്നില്ല. ഇന്ത്യൻ സമൂഹത്തിന്റെ വികാസപരിണാമങ്ങളെപറ്റി ഗഹനമായി പഠിക്കുകയും ദൂരക്കാഴ്ചയോടെ ചിന്തിക്കുകയും ചെയ്ത അസാധാരണമായ പാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്നു. ജാതി ഇന്ത്യയുടെ പാപവും ശാപവും ആണെന്ന് പറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയാണെന്ന് നാം മറക്കുകയില്ല. എന്നാൽ ആ പാപശാപങ്ങളുടെ അടിവേരുകളിലേക്ക് ആണ്ടിറങ്ങാനും അത് പിഴുതെറിയേണ്ടതിന്റെ അനിവാര്യതയെപ്പറ്റി രാജ്യത്തെ പഠിപ്പിക്കാനും അംബേദ്കർ മുന്നിൽ നിന്നു.
ജനിച്ചുവീണ കാലം മുതൽ തന്റെ സാമൂഹിക സാഹചര്യങ്ങളെ ജാതിവ്യവസ്ഥയുടെ നീരാളിക്കൈകൾ എങ്ങനെ വരിഞ്ഞുമുറുക്കി എന്ന് അനുഭവിച്ചറിഞ്ഞവനാണ് ബാബ സാഹേബ് ഭീംറാവു അംബേദ്കർ. തന്റെ ബുദ്ധിശക്തി കൊണ്ടും കഠിനാധ്വാനം കൊണ്ടും വൈജ്ഞാനിക മണ്ഡലത്തിൽ സ്വയം പടവുകൾ ചവിട്ടി കയറിയപ്പോഴും ജന്മനാൽ ചാതുർവർണ്യം ചാർത്തിക്കൊടുത്ത അസ്പൃശ്യത അംബേദ്കറെ വേട്ടയാടിയിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങൾ സഫലമാവണമെങ്കിൽ ജാതിയുടെ കരാള ഹസ്തങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കണമെന്ന അദ്ദേഹത്തെ എത്തിച്ചത് സ്വജീവിതാനുഭവങ്ങൾ തന്നെയായിരുന്നു. ആ ഉത്തമ ബോധ്യത്തിന്റെ വിളംബരമാണ് ജാതിയുടെ ഉന്മൂലനം (Annihilation of cast)എന്ന പുസ്തകം. “നമ്മുടെ ശത്രു ജാതി ആചരിക്കുന്ന മനുഷ്യരല്ല. അതിന്റെ ആചരണത്തിന് അടിത്തറയിട്ടിരിക്കുന്ന മതസിദ്ധാന്തങ്ങൾ തന്നെയാണ്” എന്നദ്ദേഹം ആ രചനയിലൂടെ സധൈര്യം ഈ നാടിനെ വിളിച്ചറിയിച്ചു.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.