കരുത്തരായ ഝാര്‍ഖണ്ഡിനെ തകര്‍ത്ത് രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. 85 റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. അവസാന ദിവസം ലഞ്ചിന് ശേഷം ഝാഖണ്ഡിന് 323 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവച്ച കേരളം ഝാര്‍ഖണ്ഡിനെ 237 റണ്‍സിന് പുറത്താക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സമനിലയിലേക്കെത്തുമെന്ന് കരുതിയ മത്സരത്തെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ധീരമായ ഡിക്ലറേഷന്‍ കൊണ്ടാണ് കേരളം വിജയത്തിലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ കേരള ബൗളര്‍മാരെ ഏറെ വെള്ളം കുടിപ്പിച്ചത് ഇഷാന്‍ കിഷനായിരുന്നു.
ആറാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 132 റണ്‍സ് വാരിക്കൂട്ടിയിരുന്നു. 195 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെയായിരുന്നു ഇത്. രണ്ടാമിന്നിങ്‌സില്‍ ഇഷാനെ ഓപ്പണിങ്ങിലേക്കു കൊണ്ടു വന്ന ഝാര്‍ഖണ്ഡ് കേരളത്തിന്റെ താളം തെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും ഈ പ്ലാന്‍ പാളി. 22 റണ്‍സ് മാത്രമേ ഇഷാന് നേടാനായുള്ളൂ വൈശാഖിന്റെ ബൗളിങ്ങില്‍ അക്ഷയ് ക്യാച്ചെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ ഝാര്‍ഖണ്ഡിന് ഏഴാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ 112-റണ്‍സെ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു.
കേരളം അനായാസ ജയം നേടുമെന്ന് കരുതിയെങ്കിലും എട്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുഷ്ഗരയും മനീഷിയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി കേരളത്തെ വെല്ലുവിളിച്ചു. 112 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 231 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ പോലും ഉയര്‍ത്തിയ ഝാര്‍ഖണ്ഡിന്റെ കുഷ്ഗരയെ(116 പന്തില്‍ 92) ബൗള്‍ഡാക്കിയ ജലജ് സക്സേനയാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ഒന്നാമിന്നിങ്‌സില്‍ നേടിയ നിര്‍ണായകമായ 135 റണ്‍സിന്റെ ലീഡാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. രണ്ടാമിന്നിങ്‌സില്‍ കേരളം ഏഴു വിക്കറ്റിനു 187 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സിനു പിന്നാലെ രോഹന്‍ പ്രേം (74) വീണ്ടും അര്‍ധസെഞ്ചുറി നേടി.
English Summary:Sanju’s Master Plan; Exciting win for Kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.