ഉറക്കംവാർന്ന് കുഴിഞ്ഞുപോയ കണ്ണുകളായിരുന്നു അയാൾക്ക്. അയാൾ നടക്കുകയാണ്. ക്ഷീണം മറന്ന കൈകൾ വീശിയുള്ള അയാളുടെ വേഗം ഞാൻ ശ്രദ്ധിച്ചു. മറ്റെവിടേക്കും പാളിനോക്കുകപോലും ചെയ്യാതെ അയാൾ നേരെ നടന്നടുക്കുകയാണ്. അടുത്തുവന്ന് കാത്തിരിപ്പുബെഞ്ചിന്റെ അറ്റത്തെ ഒഴിവുള്ള ഇടത്ത് അയാളിരുന്നു.
തോളിൽ തൂക്കിയിട്ട സഞ്ചി മുന്നിലേക്കെടുത്ത് മടിയിൽ വെച്ചു. സഞ്ചി തുറന്ന് അയാളൊന്നും പുറത്തേക്കെടുത്തില്ല. ഞാനയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പരിസരം പെട്ടെന്നോർമ്മയിലെത്തിയപോലെ അയാൾ നോക്കുന്നത് എന്നെയാണല്ലൊ എന്ന് ഞാനറിഞ്ഞു.
“എന്നെ ഓർക്കുന്നുവോ?”
അയാൾ എന്നോട് ചോദിക്കുന്നതായി എനിക്കുതോന്നി. എന്നാൽ ഒന്നും ചോദിക്കുന്നില്ല. എനിക്ക് വലിയ നിരാശ തോന്നി. ഏതോ യാത്ര തുടരുന്ന അയാളോട് സംസാരിക്കണമെങ്കിൽ എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. ആദ്യമായി കാണുന്ന ഒരാളോട് സാധാരണ സംസാരിക്കാവുന്ന കാലാവസ്ഥയെക്കുറിച്ച് പറഞ്ഞുതുടങ്ങിയാലോ. അങ്ങനെയെന്ന് ഉറപ്പിച്ച് അതിനായി തുനിഞ്ഞ് ഞാനയാളുടെ മുഖത്തേക്കു നോക്കി. ചോദ്യം അപ്പാടെ വിഴുങ്ങാനേ എനിക്കായുള്ളു. അത്തരം ചോദ്യങ്ങളോട് പ്രതികരിക്കുന്ന ഒരാളായി എന്നെ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നില്ല അയാൾ.
ഞാൻ പൂർണമായി അയാളെ മറന്ന് എനിക്കുവേണ്ടി വരാനുള്ള വണ്ടിയുടെ മടുപ്പിക്കുന്ന ശബ്ദത്തിനായി ഞാൻ കാത്തിരിപ്പ് തുടർന്നു. ഞാനയാളെ സൗകര്യപൂർവം വിട്ട് എന്റെ യാത്രയെ മാത്രമോർത്ത് ഞാൻ സ്വാർത്ഥനായി. ഒരേ ഇടത്തേക്കു സഞ്ചരിക്കുന്ന രണ്ടു യാത്രികരായിക്കഴിഞ്ഞിരുന്നു ഞാനും അയാളും ഇപ്പോൾ.
എനിക്ക് അയാളോട് വലിയ ഇഷ്ടം തോന്നുന്നു. ഞാനയാളുടെ അടുത്തേക്കു നീങ്ങിയിരുന്നു. ഇപ്പോൾ ഞാൻ അയാളെ തൊട്ടാണ് ഇരിക്കുന്നത്. അയാൾക്ക് എന്റെയും എനിക്കയാളുടെയും ഉച്ഛ്വാസനിശ്വാസങ്ങൾ പരസ്പരം അറിയുന്നുവല്ലൊ എന്ന് ഞാൻ അത്ഭുതപ്പെട്ടു. അയാൾ ഉടുത്തിരിക്കുന്ന മുഷിഞ്ഞ വസ്ത്രത്തിൽ നിന്നുവരുന്ന മടുപ്പിക്കുന്ന മണമിപ്പോൾ എന്നെ പൊതിയുന്നുണ്ടായിരുന്നില്ല. വീട്ടിൽനിന്ന് പുറപ്പെടുംനേരം എന്റെ ഉടുപ്പിന്മേൽ ഞാൻ പൂശിയിട്ട സുഗന്ധദ്രവ്യത്തിന്റെ അതേ മണം അയാളിൽനിന്നും ഞാനറിഞ്ഞു. എന്റെ എല്ലാ അസ്വാസ്ഥ്യങ്ങളും ഇപ്പോൾ എന്നിൽനിന്ന് എവിടേയ്ക്കോ പോയ് മറിഞ്ഞിരിക്കുന്നു.
ഞാനിപ്പോൾ സന്തോഷഭരിതനാണ്; വളരെ.
അയാൾ സംസാരിക്കാൻ തുടങ്ങി. ഞാനും. ഏറെ പറയാനുള്ളതായി ഞങ്ങളിരുവർക്കും ബോധ്യമായി. യാത്രയിൽ ആരെങ്കിലും ഒപ്പമുണ്ടാവുന്നതും സംസാരിക്കുന്നതും നല്ലതല്ലേ, ഞാൻ എന്നോടു പറഞ്ഞു. ഞങ്ങളിപ്പോൾ യാത്രയിലാണ്. യാത്ര നീണ്ടതോ കുറുകിയതോ? എനിക്കറിയില്ല. യാത്രയ്ക്കിടയിലോ യാത്രാവസാനത്തിലോ അയാൾ എന്നിൽനിന്ന് ഇറങ്ങിപ്പോവുന്നത് എന്റെ പ്രത്യാശമാത്രമായിരിക്കുമോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.