9 December 2025, Tuesday

സങ്കടങ്ങളുടെ തോരാ മഴയത്ത് വായനക്കാരെ കൊണ്ടുനിർത്തുന്ന ഒരു നോവൽ

ജയൻ നീലേശ്വരം
June 1, 2025 7:40 am

നുഷ്യബന്ധങ്ങളിലെ സങ്കീർണതകളും സംഘർഷങ്ങളും സൂക്ഷ്മമായും വിശദമായും ആവിഷ്കരിക്കാനുള്ള സാധ്യതയാണ് നോവലിനെ സാഹിത്യത്തിലെ ഏറ്റവും നവീനവും ശക്തവുമായ ആവിഷ്കാര രൂപമാക്കുന്നത്. നോവൽ ആഖ്യാനത്തിന്റെ എല്ലാ സാധ്യതകളിലേക്കും വികാസം പ്രാപിച്ച് വായനക്കാരനെ ഹൃദയവികാസം വന്ന മനുഷ്യനാക്കുന്ന മികച്ച കൃതിയാണ് ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛൻ. കിഴക്കൻ ബംഗാളിൽ നിന്നുള്ള അഭയാർഥി ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അരക്ഷിതമായ മനുഷ്യാവസ്ഥകൾ ഈ കൃതി ഭാവതീവ്രതയോടെ അനുഭവിപ്പിക്കുന്നു. സ്വന്തം മനഃസാക്ഷിക്കു മുമ്പിൽ പോലും വെളിപ്പെടുത്താൻ ധൈര്യമില്ലാത്ത രഹസ്യങ്ങൾ മനുഷ്യനിൽ ഉണ്ടാക്കുന്ന ധർമ്മസങ്കടങ്ങൾ ഒരിക്കലും തോരാത്ത പെരുമഴ പോലെ ഈ കൃതിയിൽ പെയ്തു നിറയുന്നു. 

അഭയാർത്ഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും അഭയാർത്ഥികളുടെ അഗാധമായ ജീവിതപ്രതിസന്ധികളും ഹൃദയത്തെ ഉലയ്ക്കുന്ന രീതിയിലാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഗോപാൽ ബറുവ എന്ന കിഴക്കൻ ബംഗാളിൽ നിന്നുള്ള അഭയാർത്ഥിയുടെ വ്യക്തിദുരന്തങ്ങൾ നോവൽ വായനക്ക് ശേഷവും വായനക്കാരനിൽ തേങ്ങലുകൾ അവശേഷിപ്പിക്കുന്നു. മനുഷ്യന്റെ അടക്കാനാവാത്ത അധികാരവാഞ്ഛയും ആർത്തിയുമാണ് സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും അടിസ്ഥാനം. ഭൂമിയിൽ തന്റെ കൂടെ ജനിച്ചുവീണ മനുഷ്യരെ സഹോദരതുല്യം കാണുന്നതിനെ മനുഷ്യന്റെ മനുഷ്യത്വവിരുദ്ധമായ ഈ മനോഭാവം തടയുന്നു. സാമ്രാജ്യത്വവും മുതലാളിത്തവും നിലനിൽക്കുന്ന ലോകക്രമമാണ് ഭൂമിയിൽ അഭയാർത്ഥികളെ സൃഷ്ടിക്കുന്നത്. മനുഷ്യർ തന്നെ വരച്ചുവയ്ക്കുന്ന ഭൂമിശാസ്ത്രപരവും വംശീയവും മതപരവുമായ അതിരുകൾ ലോകത്ത് എല്ലായിടത്തും സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ആഴത്തിലുള്ളതും മരിച്ചാലും ഉണങ്ങാത്തതുമായ മുറിവുകളുണ്ടാക്കുന്നു. എത്ര കുട പിടിച്ചാലും രക്ഷപ്പെടാൻ കഴിയാത്ത തോരാത്ത മഴയിലേക്ക് അഭയാർഥികളെ ഈ ജീവിതാവസ്ഥ കൊണ്ട് നിർത്തുന്നു. അതേ മഴയിൽ വായനക്കാരെയും നോവലിസ്റ്റ് കൊണ്ട് നിർത്തുന്ന എന്നതാണ് ഈ കൃതിയുടെ സവിശേഷത. 

അഭയാർത്ഥികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഷെൽട്ടർ എന്ന സംഘടനയുടെ ചുമതലക്കാരനാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രമായ നാല്പതുകാരൻ തപോമയി ബറുവ. ഗൂഢഭാഷകൾ എഴുതാനും വായിക്കാനും അറിയുന്ന ഗോപാൽ ബറുവയാണ് തപോമയിയുടെ അച്ഛൻ. കിഴക്കൻ ബംഗാളിൽ നിന്ന് സുന്ദർബൻസിലെ ഒരു ദ്വീപിലേക്ക് അഭയാർത്ഥിയായി എത്തിയ ഒരാളാണ് ഗോപാൽ. പിന്നീട് ഒരു പ്രളയത്തിൽ ആ ദ്വീപ് മുങ്ങിയപ്പോൾ ബംഗാളി ബുദ്ധിസ്റ്റായ ഗോപാലിന് കൊൽക്കത്തയിലേക്ക് അഭയം തേടി പോകേണ്ടിവരുന്നു. ഗോപാലിനെക്കുറിച്ചുള്ള നോവലിലെ വിശദമായ ചിത്രം ഇതാണ്. പുരാതനമായ വീടിന്റെ ചോർന്നൊലിക്കുന്ന വരാന്തയിൽ ഒരറ്റത്ത് ഒരു മരക്കസേരയിൽ ഇരുന്ന് മഴ പെയ്യുന്നത് നോക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രായം ചെന്ന മനുഷ്യൻ. മഴ ഗോപാൽദായുടെ കുപ്പായത്തിൽ നനവുള്ള ഭൂപടങ്ങൾ ഉണ്ടാക്കുന്നു. വെറും മഴയല്ല പ്രാചീനമായ മഴ. മനസിൽ നിന്നും ഒരിക്കലും തോർന്നുപോകാത്ത ആ മഴ കാലം ചെല്ലുംതോറും അശാന്തമായി കനക്കുന്നു. വായനക്കാരനും ആ മഴയിൽ നിന്നും രക്ഷപ്പെടാൻ ആവുന്നില്ല എന്നതാണ് ഈ നോവലിനെ മലയാളത്തിലെ മികവുറ്റതും വായിക്കപ്പെടേണ്ടതും ആയ സാഹിത്യസൃഷ്ടിയാക്കി മാറ്റുന്നത്. 

പരിഹാരമില്ലാത്ത സ്വകാര്യ ദുഖങ്ങൾക്ക് ഒരു മരുന്നുപോലെ അക്ഷരങ്ങൾ അത്ഭുതകരമായി പ്രവർത്തിക്കുണ്ട്. ഗോപാൽ ബറുവ ഗൂഢഭാഷയിൽ എഴുതിയ ഡയറി ഇക്കാര്യം ഈ നോവലിലൂടെ സാക്ഷ്യപ്പെടുത്തുന്നു. നോവലിനകത്തുള്ള ഗോപാൽദായുടെ ഗൂഢഭാഷയിലുള്ള ആഖ്യാനം സാഹിത്യത്തെക്കുറിച്ചും ഭാഷയെക്കുറിച്ചുമുള്ള ദാർശനികമായ ഉൾക്കാഴ്ച വായനക്കാരന് നൽകുന്നു. ഒരിക്കലും വറ്റാത്ത മനുഷ്യത്വത്തിലുള്ള പ്രതീക്ഷയാണ് ഈ നോവലിലെ തപോമയി എന്ന കേന്ദ്രകഥാപാത്രം. അച്ഛനമ്മമാരോടും സഹപ്രവർത്തകരോടും അഭയാർഥികളോടും തപോമയിക്കുള്ള കാരുണ്യം വായനക്കാരുടെ ഹൃദയത്തെ ആഴത്തിൽ തൊടുന്നതാണ്. മനുഷ്യനെ സംബന്ധിച്ച് ദാർശനികവും ഉള്ളുലയ്ക്കുന്നതുമായ ചിന്തകളാണ് ഈ പുസ്തകം നിർമ്മിക്കുന്നത്. ഗോപാൽ ഗൂഢഭാഷയിൽ എഴുതിയ ഡയറിക്കുറിപ്പുകളിലെ Chil­dren belong to God (കുട്ടികൾ ദൈവത്തിന്റേതാണ്) എന്ന വാക്യം നോവലിന്റെ വായനയെ വൈകാരികമായ ഒരു അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുന്നു. ലോകസമാധാനത്തിനുള്ള അതിലളിതമായ ഒരു ശാന്തിമന്ത്രമായി ഈ വാക്കുകൾ സാഹിത്യത്തിന്റെ ആകാശത്ത് നക്ഷത്രങ്ങൾ പോലെ പ്രകാശിക്കുന്നു. ഈ ശാന്തിമന്ത്രമാണ് തപോമയിയുടെ അച്ഛൻ എന്ന നോവലിന്റെ പേരിന് ദാർശനികമാനം നൽകുന്നത്. സുന്ദരവും പൂർണവും ഹൃദ്യവുമായ ഒരു നോവൽ ശില്പമാണ് ഈ കൃതി. പ്രമേയത്തിന്റെ തീവ്രത വായനക്കാരിലേക്ക് സംക്രമിപ്പിക്കാൻ കഴിയുന്ന കാവ്യാത്മകമായ ഭാഷയിലാണ് ഇത് എഴുതപ്പെട്ടത്. ഈ സവിശേഷതകൾ തപോമയിയുടെ അച്ഛൻ എന്ന പുസ്തകത്തെ ഇന്നത്തെ മലയാള നോവൽസാഹിത്യത്തിന്റെ മുൻനിരയിൽ നിർത്തുന്നു. 

തപോമയിയുടെ അച്ഛൻ
(നോവല്‍)
ഇ സന്തോഷ് കുമാര്‍
ഡിസി ബുക്സ്
വില: 399 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.