18 December 2025, Thursday

മ‍ൃത്യഞ്ജയം സാഹിത്യ ജീവിതം

ഡോ. വിദ്യ ഡി ആർ
August 10, 2025 6:50 am

ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പൊൻ പേനയുമായി മലയാളത്തിന്റെ ഗരിമയ്ക്ക് കാവലായ ശ്രേഷ്ഠ ഗുരുക്കൻമാരിൽ ഒരാൾ കൂടി കാലത്തിലേക്ക് മടങ്ങിയിരിക്കുന്നു. പ്രൊഫ എം കെ സാനു എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സാനുമാഷ്. നവതിയുടെ അവസാന പാദത്തിലും കർമ്മനിരതമായിരുന്ന ഒരു ജീവിതമായിരുന്നു സാനുമാഷിന്റേത്. 

അധ്യാപകൻ, എഴുത്തുകാരൻ, നിരൂപകൻ, ജീവചരിത്രകാരൻ, ചിന്തകൻ, പ്രഭാഷകൻ തുടങ്ങിയ പദവികളിലെല്ലാം അദ്ദേഹം സവ്യസാചിത്വം പ്രകടിപ്പിച്ചു. കലാമൂല്യങ്ങളും സ്വാതന്ത്ര്യബോധവും വിശ്വമാനവികതയും ഒന്നുപോലെ പ്രധാനമാണെന്നു കരുതിയ അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ ആത്മാവിഷ്ക്കാരമാണ് നിരൂപണം. സൗന്ദര്യവും ദാർശനികതയും കൂട്ടിയിണക്കിയ ആ നിരൂപണങ്ങൾ അനന്യമാണ്.

കവിതയും ചെറുകഥയും നോവലും എല്ലാം തനതായ നിരൂപണ ബുദ്ധിയോടെ വിലയിരുത്തുമ്പോഴും വിഷാദാത്മകതയും ദുരന്താവബോധവും അദ്ദേഹത്തിന്റെ ചിന്തകളെ ആഴത്തിൽ സ്പർശിച്ചിരുന്നതായി കാണാം. ഈ ആഭിമുഖ്യമാവണം പാശ്ചാത്യ ദുരന്ത കഥാപാത്രങ്ങളെ വിശകലനം ചെയ്യാനും സംവേദനക്ഷമമായ അവതരിപ്പിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നിത്യബന്ധനത്തിലും സ്വതന്ത്രനായ പ്രോമിത്യൂസ്, എല്ലാക്കാലത്തേയും ദുരന്തനായകനായ ഈഡിപ്പസ്, പുണ്യം തേടുന്ന മനസുണ്ടായിട്ടും കൊലക്കുറ്റം ചെയ്യുന്ന റസ്ക്കോൾ നിക്കോവ്, മൃത്യുവിന്റെ സമീപത്തും അസ്തിത്വത്തിന്റെ തനിമ കണ്ട ഐവാൻ ഇലിയച്ച്, ഏകാകിയാണ് ഏറ്റവും കരുത്തനെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ സ്റ്റോക്മാൻ തുടങ്ങി വിശ്വസാഹിത്യത്തിലെ അനശ്വര കഥാപാത്രങ്ങളെ കയ്യൊതുക്കത്തോടെ അദ്ദേഹം നിരൂപണം ചെയ്തു.

അദ്ദേഹത്തിന്റെ നിരന്തര സാധനയുടെ ഫലമാണ് ഇരുളും വെളിച്ചവും, ചുവരിലെ ചിത്രങ്ങൾ, പ്രഭാതദർശനം, അവധാരണം. മൃത്യുഞ്ജയം, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ, അയ്യപ്പപ്പണിക്കർ: നിഷേധത്തിന്റെ ചാരുരൂപം, ചക്രവാളം, രാജവീഥി, അസ്തമിക്കാത്ത വെളിച്ചം, നാരായണ ഗുരുസ്വാമി, സഹോദരൻ കെ അയ്യപ്പൻ, മണ്ണിന് മണ്ണിന്റെ ഗുണം, അഞ്ച് ശാസ്ത്രനായകർ, താഴ്‌വരയിലെ സന്ധ്യ, അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്, കാവ്യതത്ത്വപ്രവേശിക, കാവ്യജീവിതം, കർമ്മഗതി (ആത്മകഥ) എന്നിങ്ങനെ നാൽപ്പതോളം ഗ്രന്ഥങ്ങൾ

ജീവചരിത്രരചന നിരൂപണബുദ്ധിയോടെ ചെയ്യുമ്പോൾ തന്നെ അവയിൽ മാനുഷികമായ ജീവിതരംഗങ്ങൾ ഉൾപ്പെടുത്തി വായനാക്ഷമമാക്കുന്ന രീതി സാനുമാഷ് പിന്തുടർന്നിരുന്നു. നോവലൈസ്ഡ് ബയോഗ്രഫി എന്നറിയപ്പെടുന്ന ഈ ജീവചരിത്രശാഖയിലെ മാസ്റ്റർ തന്നെയാണ് സാനുമാസ്റ്റർ എന്ന് അഭിപ്രായപ്പെട്ടത് എം ലീലാവതിയാണ്. ഓരോ ജീവചരിത്രവും അതിന്റെ ഉള്ളടക്കത്തിനിണങ്ങുന്ന രീതിയിൽ എഴുതാൻ അദ്ദേഹം ശ്രദ്ധിച്ചു. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രത്തിൽ പ്രസന്നമായ ഗദ്യശൈലിയും ആർഭാടമില്ലാത്ത പ്രതിപാദനരീതിയും പിന്തുടർന്നു. ജീവചരിത്രം ചങ്ങമ്പുഴയുടേതായപ്പോൾ അതിന് കവിതയുടെ രൂപഭാവങ്ങൾ കൈവന്നു. അവിടെ ചങ്ങമ്പുഴക്ക് ഒരു ദുരന്തനായകന്റെ ഔന്നത്യമുണ്ടായി. കുമാരനാശാനെക്കുറിച്ചെഴുതുമ്പോൾ വ്യക്തിയും സൃഷ്ടിയും ഒരുപോലെ വിലയിരുത്തപ്പെട്ടു. ബഷീറിന്റെ വ്യക്തിസ്വത്വത്തിന് പ്രാധാന്യം കൊടുത്ത ജീവചരിത്രം ബഷീറിയൻ ഭാഷ പോലെ ലളിത സുന്ദരമായ ശൈലി പിന്തുർന്നു. എം ഗോവിന്ദൻ, പി കെ ബാലകൃഷ്ണൻ, വൈലോപ്പിള്ളി, സി ജെ തോമസ്, കേശവദേവ് എന്നിവരെയെല്ലാം അടയാളപ്പെടുത്തുന്നതോടൊപ്പം ഇവർ ലോകത്തെ സ്നേഹിച്ചവർ, താഴ്‌വരയിലെ സന്ധ്യ എന്നീ ജീവചരിത്ര സഞ്ചയങ്ങളും ധാരാളം സ്മൃതിചിത്രങ്ങളും അദ്ദേഹം രചിച്ചു.

മലയാള സമൂഹത്തിലും സാഹിത്യത്തിലും ഒരു നൂറ്റാണ്ട് നിർമ്മിച്ച മാറ്റങ്ങൾക്കെല്ലാം സാക്ഷിയായ എം കെ സാനു മടങ്ങുമ്പോൾ അദ്ദേഹം ബാക്കിവച്ച ചിന്തകളും എഴുത്തും മലയാളത്തിന്റെ എക്കാലത്തേയും മികച്ച ഈടുവയ്പായി നിലനിൽക്കും.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.