വളരെ സങ്കീര്‍ണമായ ഒരു കാലത്തിലൂടെയാണ് മനുഷ്യന്‍ കടന്നുപോകുന്നത്. ലോകം കോവിഡ് മഹാമാരിയില്‍ തൂത്തുവാരപ്പെടുമ്പോള്‍, വൈറസ് നമ്മുടെ ജീവിതത്തിന്റെ എല്ലാ അടിസ്ഥാനങ്ങളെയും തകര്‍ക്കുമ്പോള്‍ നിസഹായനായി നോക്കി നില്‍ക്കാനേ മനുഷ്യന് കഴിയുന്നുള്ളൂ. ഒരിക്കലും ശമിക്കാത്ത മനുഷ്യന്റെ ആര്‍ത്തിയാണ് മിക്ക ദുരന്തങ്ങള്‍ക്കും കാരണം. ‘ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കാനാകുന്ന ഒരേയൊരു കാര്യം ചരിത്രത്തില്‍ നിന്ന് നമ്മളൊന്നും പഠിക്കുന്നില്ല എന്നത് മാത്രമാണെ‘ന്ന ഹെഗലിന്റെ നിരീക്ഷണം ഇടിമുഴക്കംപോലെ ശിരസിലേക്ക് പതിക്കുന്നു. ശരീരദൂരത്തിന് മനുഷ്യരാശിയെ നിര്‍ദ്ദാക്ഷണ്യം വിധിച്ചുകൊണ്ട് കൊറോണ വൈറസ് ലോകത്തിന് ഒരു പുതിയ ജീവിതക്രമം കല്പിക്കുന്നു. ജീവിത ക്രമത്തില്‍ മാത്രമല്ല, സാംസ്കാരിക, ബൗദ്ധിക വൈജ്ഞാനിക മേഖലയിലും വലിയ മാറ്റങ്ങളാണ് കോവിഡ് കാലം ലോകത്തിന് നല്‍കിയത്. ഈ പുതിയ മനുഷ്യ ചരിത്രത്തെ ‘ശരീരദൂരം’ എന്ന കഥാസമാഹാരത്തിലൂടെ അടയാളപ്പെടുത്തിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ കെ പി രാമനുണ്ണി സംസാരിക്കുന്നു; കോവിഡിനെപ്പറ്റി, കോവിഡാനന്തര ലോകത്തെപ്പറ്റി, രാജ്യത്തെപ്പറ്റി, നമ്മുടെ നാടിനെപ്പറ്റി…
മനുഷ്യരാശി സുസ്ഥിതിയോടും സംസ്ക്കാരത്തോടും കൂടി നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യമാണ് കോവിഡ് ഉയർത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കോവിഡ് നൽകുന്ന പാഠങ്ങളും തിരിച്ചറിവുകളും പരമ പ്രധാനമാണ്. ഒന്നാമത്തെ പാഠം, ഒട്ടുമുക്കാലും ലോക രാഷ്ട്രങ്ങളിലെ ഭരണാധികാരികൾ കൊള്ളരുതാത്തവരാണ് എന്നതാണ്. കീടനാശിനി കുടിക്കൽ, പാത്രം കൊട്ടൽ തുടങ്ങിയ പരിഹാരമാർഗ്ഗങ്ങളാണല്ലോ പലരും ആദ്യം നിർദ്ദേശിച്ചത്. സ്വാർത്ഥതയും രാഷ്ട്രീയ നേട്ടത്തിനുള്ള ദുഷ്ടലാക്കുമല്ലാതെ യാതൊരു പ്രതിബദ്ധതയും ഇവർക്കില്ലെന്ന് മനസ്സിലായി. മഹാമാരിയെ ജനങ്ങളുടെ സ്വകാര്യതയും സ്വാതന്ത്യ്രവും കവരാനുള്ള അവസരമായാണ് ഭരണകൂടങ്ങൾ ഉപയോഗിച്ചത്. ലിബറൽ ജനാധിപത്യത്തിന്റെ അകത്തുള്ള പോടുകളും ജീർണതകളുമാണ് കോവിഡ് പുറത്തുകൊണ്ടുവന്നത്. അനിവാര്യമായ നവീകരണങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇത് ബുദ്ധിജീവികളെ പ്രേരിപ്പിച്ചിട്ടുണ്ട്.
മഹാമാരി സൃഷ്ടിച്ച മറ്റൊരു തിരിച്ചറിവ് ലോകത്തെ ഭരിക്കുന്ന നവമുതലാളിത്തത്തിന്റെ നിഷ്ഠൂരതയെക്കുറിച്ചാണ്. ലാഭത്തിലും സ്വാർത്ഥതയിലും മാത്രം ഊന്നിയുള്ള ഫൈനാൻസ് കാപ്പിറ്റലിസം മനുഷ്യരാശിയെ മഹാവിനാശത്തിലേക്കേ തള്ളിവിടൂ. പുതിയ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിന് ഒരുതരത്തിലും നേരിടാനാകില്ല. നവമുതലാളിത്തിന്റെ തലസ്ഥാനങ്ങളായ വികസിത രാജ്യങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയല്ലോ. അവിടങ്ങളിലെ അത്യാധുനിക വൈദ്യവിജ്ഞാന സംവിധാനങ്ങളെല്ലാം തോറ്റ് തുന്നം പാടാൻ കാരണം ആരോഗ്യരംഗത്തിന്റെ സ്വകാര്യവൽക്കരണമായിരുന്നു. ഇൻഷൂറൻസ് ഇല്ലാത്തവന് ചികിത്സയില്ല. പൊതുമേഖല മെച്ചപ്പെട്ട കേരളം പോലുള്ള സ്ഥലങ്ങൾ കുറഞ്ഞ മരണനിരക്കോടെ പിടിച്ച് നിൽക്കുകയും ചെയ്തു. അമ്മയും അച്ഛനും മുത്തശ്ശിയും മുത്തച്ഛനും അപകടത്തിൽ പെട്ടാലും തങ്ങൾക്ക് മുടി വെട്ടണമെന്നും പബ്ബിൽ പോകണമെന്നും കൂത്താടണമെന്നും ആവശ്യപ്പെടുന്ന തലമുറയും പുതു മുതലാളിത്തസൃഷ്ടിയാണ്. കാലാവസ്ഥാവ്യതിയാനം കൊണ്ടും പരിസ്ഥിതി നാശം കൊണ്ടും ലോകം മുടിഞ്ഞാലും അന്തരീക്ഷത്തിലേക്കുള്ള കാർബൺ എമിഷൻ ഞങ്ങൾ കുറയ്ക്കില്ലാ എന്ന് ലോക രാഷ്ട്രങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നതും ഈ മുതലാളിത്ത സമ്പദ്ക്രമമാണ്. പാരീസ് ക്ലൈമറ്റ് അഗ്രിമെന്റും ഗ്ലാസ്ഗോ ക്ലൈമറ്റ് സമിറ്റുമെല്ലാം വെറും പ്രഹസനങ്ങളായത് വെറുതെയല്ല. ഇത് തുടർന്നാൽ 2050 ആകുമ്പോഴേക്ക് ലോകജനസംഖ്യയുടെ അമ്പത് ശതമാനത്തിന്റെയും ആവാസവ്യവസ്ഥയും ആരോഗ്യവും ജീവിതോപാധികളും നഷ്ടപ്പെടും. ജനങ്ങൾ പുഴുക്കളെപ്പോലെ ചത്തൊടുങ്ങും. കോർപ്പറേറ്റ് മുതലാളിത്തവുമായി മാനവരാശിക്ക് ഒരടി ഇനി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് സ്ലവോജ് സിസെക്കും പ്രൊഫസർ യുവാൽ ഹരാരിയും നോം ചോംസ്ക്കിയും ബ്രൂണോ ലാത്തൂരുമെല്ലാം പറയുന്നത് ഇതുകൊണ്ടാണ്.
കോവിഡ് പഠിപ്പിച്ച അടുത്ത പാഠം മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചാണ്. ഒരു ദേശത്തിന്റെയോ രാഷ്ട്രത്തിന്റെയോ, എന്തിന് മനുഷ്യകുലത്തിന്റെ മൊത്തമോ ആയ ആരോഗ്യസുരക്ഷ ഭാവിയിൽ നടപ്പില്ല. സർവ്വ ജീവജാലങ്ങളുടെയും ആരോഗ്യം ഉറപ്പാക്കിക്കൊണ്ട് മാത്രമെ നമുക്ക് അരോഗദൃഢഗാത്രരായി നിലനിൽക്കാൻ സാധിക്കൂ. പുതുതായി പൊട്ടിപ്പുറപ്പെടുന്ന വൈറൽ രോഗങ്ങളെല്ലാം സൂനോട്ടിക് ഡിസീസസാണ്. മൃഗജന്യമായി മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ. മറ്റ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകർത്ത്, അവയെ കൊല്ലാക്കൊല നടത്തുമ്പോഴാണ് അപകടകാരികളായ വൈറസുകൾ ഉരുത്തിരിയുന്നത്. ഇത് തടയണമെങ്കിൽ സർവ്വ ഭൂതങ്ങളുടെയും സൗഖ്യം ഉറപ്പാക്കുന്ന വൺ മെഡിസിൻ സങ്കൽപ്പം നടപ്പാക്കുക തന്നെ വേണം. കടുത്ത പാപങ്ങളും പാതകങ്ങളുമാണല്ലോ നൂറ്റാണ്ടുകളായി മനുഷ്യവർഗ്ഗം മറ്റു ജീവികളോട് ചെയ്യുന്നത്.
പാരിസ്ഥിതികവും ആത്മീയവുമായ തിരിച്ചറിവുകളും കോവിഡ് മഹാമാരി നമുക്ക് നൽകിക്കഴിഞ്ഞിട്ടുണ്ട്. ആധുനിക നാഗരികത പ്രകൃതിയിൽ ഏൽപ്പിക്കുന്ന പരുക്ക് ലോകം ലോക്ക് ഡൗണിലായപ്പോൾ ബോദ്ധ്യമായല്ലോ. ഏതാനും ദിവസങ്ങൾ കൊണ്ട് അന്തരീക്ഷം ശുദ്ധമായി. പുഴകളിലും അരുവികളിലും തെളിനീരൊഴുകി. റോഡുകളിൽ മയിലുകൾ നൃത്തം വെച്ചു. പറവകളുടെ കളകൂജനമുയർന്നു. ഓസോൺ പാളികളിലെ തുളകൾ അതിവേഗം തുന്നിച്ചേർക്കപ്പെട്ടു. ഭൂമിയിൽ ഇനി ഭൗതിക വികസനം സാദ്ധ്യമല്ലെന്നും മനുഷ്യന്റെ ഭാവിപുരോഗതി മാനസികവും ബുദ്ധിപരവുമായ വഴികളിലൂടെയാകണമെന്നുമുള്ള ആത്മീയപാഠവും കോവിഡ് നൽകി. ലൈഫ് ഓഫ് ആക്ഷനല്ല, ലൈഫ് ഓഫ് കൺടംപ്ലേഷനാണ് മനുഷ്യരാശിക്ക് ഉചിതമായിട്ടുള്ളത്.
ദാരുണമായൊരു പതനത്തിലേക്കാണ് ഇന്ത്യാരാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കണം. കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ വിഭവങ്ങൾ മുഴുവൻ തീറെഴുതുന്ന തീവ്രവലതുപക്ഷ നയങ്ങൾ കേന്ദ്രസർക്കാർ കൈക്കൊള്ളുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. മറുവശത്ത് ശതകോടീശ്വരന്മാരുടെ എണ്ണവും വണ്ണവും പെരുകുന്നു. പരിസ്ഥിതിയും പ്രകൃതിയും നശിക്കുന്നു. അതോടൊപ്പം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അതേ വഴി സ്വീകരിച്ച് ഭരണകക്ഷി ഇന്ത്യയിലെ ജനങ്ങളെ വർഗ്ഗീയമായും ജാതീയമായും വിഭജിച്ചുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും രക്ഷയില്ല. മുസ്ലീംങ്ങളാണ് ഏറ്റവുമധികം ദ്രോഹിക്കപ്പെടുന്നത്. വർഗ്ഗീയവും വംശീയവുമായി വിഭജിക്കപ്പെട്ട രാഷ്ട്രങ്ങളൊന്നും ലോക ചരിത്രത്തിൽ ഗുണം പിടിച്ചിട്ടില്ലെന്ന് ഓർക്കണം, ഛിന്നഭിന്നമായിപ്പോയിട്ടേയുള്ളു. ഹിന്ദുസംരക്ഷണത്തിനാണ് ഇവർ ശ്രമിക്കുന്നതെന്നാണ് വാദമെങ്കിലും ഒടുവിൽ ഹിന്ദുക്കൾക്കാണ് വലിയ വിനാശമുണ്ടാകുക. ഹൈന്ദവതയുടെ സർവ്വ ഗുണങ്ങളും നഷ്ടപ്പെടുത്തുകയാണ്. അതിനെ വികൃതമാക്കുകയാണ്. ഇങ്ങനെ പോയാൽ ഹിന്ദുക്കളെ കണ്ടാൽ ലോകജനത കാർക്കിച്ച് തുപ്പുന്ന അവസരമുണ്ടായേക്കാം.
കോർപ്പറേറ്റ് മുതലാളിത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പിടിച്ച് നിൽക്കാൻ കേരളം പ്രത്യേകം ശ്രദ്ധവെക്കണം. ചെറിയ പിഴവ് പോലും പരിസ്ഥിതി ലോലമായ നാടിനെ ഗതികേടിലാക്കും. വർഗ്ഗീയ വിഭജന ശ്രമങ്ങൾക്ക് അടിപ്പെടാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമെന്ന നമ്മുടെ അഭിമാനബോധമെല്ലാം ഭീഷണി നേരിടുകയാണ്. ഇവിടെയും കുളം തോണ്ടിയേ അടങ്ങൂ എന്ന് ഫാസിസ്റ്റ് ശക്തികൾ ശപഥം ചെയ്തിരിക്കയാണ്. ന്യൂനപക്ഷ തീവ്രവാദപ്രവർത്തനങ്ങളും അവർക്ക് വളം വെക്കുന്നു. കേരളത്തെ കേരളമാക്കുന്നത് ഇൻക്ലൂസിവും ബഹുസ്വരവുമായ സാംസ്ക്കാരിക പാരമ്പര്യമാണ്.
സംസ്ക്കാരത്തിന്റെ ആധാരം ഭാഷയാണ്. നമുക്കത് മലയാളവുമാണ്. മലയാളം ദുർബലമായാൽ, നഷ്ടപ്പെട്ടാൽ കേരളത്തിന്റെ സർവ ഗുണങ്ങളും നഷ്ടമാകും. അതുകൊണ്ട് മലയാള ഭാഷക്ക് വേണ്ടിയുള്ള സമരം കേരളത്തിന്റെ വിശിഷ്ടത സംരക്ഷിക്കാനുള്ള സമരം കൂടിയാണ്. സംസ്ഥാനത്തിന്റെ ജനാധിപത്യത്തെയും സംസ്ക്കാരത്തെയും സാമ്പത്തിക ഉൽപാദത്തെയും ശക്തിപ്പെടുത്തി ഇവിടെയൊരു വിജ്ഞാന സമൂഹം നിർമ്മിക്കണമെങ്കിൽ മലയാളത്തിലൂടെ മാത്രമെ സാധ്യമാകൂ. കേരളത്തെ വിജ്ഞാന സമൂഹമാക്കുക എന്നത് ഇടതുപക്ഷ സർക്കാറിന്റെ പ്രഖ്യാപിത നയവുമാണ്. കഴിഞ്ഞ ബഡ്ജറ്റിൽ വിജ്ഞാന സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനുള്ള പല മാർഗ്ഗനിർദ്ദേശങ്ങളും ധനമന്ത്രി മുന്നോട്ട് വെച്ചിട്ടുണ്ട്. വിജ്ഞാന സമൂഹത്തിലേക്കുള്ള ആദ്യപടിയാണ് വിജ്ഞാന സമ്പദ് വ്യവസ്ഥ. പക്ഷെ ഈ ലക്ഷ്യങ്ങളെല്ലാം നേടണമെങ്കിൽ നാട്ടിലെ ഭരണവും കോടതിയും വിദ്യാഭ്യാസവും ഉൽപാദനവും എന്ന് വേണ്ട സർവ്വ വ്യവഹാരങ്ങളും മാതൃഭാഷയിലൂടെ നടക്കണം. ഇവിടെയാണ് നമ്മൾ നമ്മളെ തന്നെ വിഡ്ഡിയാക്കുകയാണോ എന്ന സംശയം ഉയരുന്നത്. ഒരു ഭാഗത്ത് നാം മാതൃഭാഷയിലൂടെ സൃഷ്ടിക്കേണ്ട വിജ്ഞാന സമൂഹത്തെ കൊട്ടിഘോഷിക്കുന്നു. മറുവശത്ത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന സ്ക്കൂൾക്കുട്ടികളുടെ എണ്ണം അറുപതിൽ നിന്ന് അറുപത്തഞ്ച് ശതമാനത്തിലേക്ക് കുതിക്കുന്നു. വൈകാതെ എൺപതോ തൊണ്ണൂറോ ശതമാനത്തിലെത്താം. ഈ നിലക്ക് പോകുകയാണെങ്കിൽ വിദേശഭാഷാ മാധ്യമത്തിൽ സ്ക്കൂൾ — കോളേജ് വിദ്യാഭ്യാസം പൂർത്തീകരിക്കപ്പെടുന്ന ലോകത്തിലെ ഒരേയൊരു വെള്ളരിക്കാപ്പട്ടണമായി നമ്മുടെ നാട് പരിണമിക്കും.
ഉന്നത വിദ്യാഭ്യാസമടക്കം മാതൃഭാഷയിലാണ് നൽകേണ്ടതെന്ന് എത്രയോ വർഷം മുമ്പ് യുനെസ്ക്കോ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ കമ്മീഷനുകൾ നിർദ്ദേശിച്ചിട്ടുണ്ട്. ഭാഷാ ശാസ്ത്രജ്ഞന്മാരും സൈക്കോളജിസ്റ്റുകളും ന്യൂറോളജിസ്റ്റുകളും തെളിവുസഹിതം സമർത്ഥിച്ചിട്ടുണ്ട്. എന്നാലേ കുട്ടികളിലെ ഗ്രഹണശേഷിയും സർഗ്ഗാത്മകതയും വളരൂ. ലോകത്തിലെ ഒട്ടുമുക്കാലും രാഷ്ട്രങ്ങളിൽ അങ്ങനെയാണ് സമ്പ്രദായം. ജപ്പാനീസിലും ചൈനീസിലും ഫ്രഞ്ചിലും റഷ്യനിലും ജർമ്മനിലും കോസ്മോളജിയും നാനോടെക്നോളജിയും മറ്റും പഠിച്ചാണ് ആ നാട്ടുകാർ നോബൽ സമ്മാനമടക്കം നേടുന്നത്. സയൻസിനും ടെക്നോളജിക്കും ഇംഗ്ലീഷ് വേണമെന്ന മണ്ടത്തരം നമ്മൾ മാത്രമാണ് കൊണ്ടുനടക്കുന്നത്. ശാസ്ത്ര വിഷയങ്ങൾ മാതൃഭാഷയിൽ പഠിക്കാത്ത നമ്മുടെ കുട്ടികൾക്ക് അതത് മണ്ഡലങ്ങളിൽ സർഗ്ഗാത്മക മുന്നേറ്റത്തിന് കഴിയാതാകും. പുതുതലമുറ ബുദ്ധികെട്ടവരായി തീരുന്ന പ്രശ്നമാണിത്. ഇംഗ്ലീഷ് മീഡിയത്തിൽ വിഷയങ്ങൾ പഠിച്ച് വരുന്ന പുതുമുറക്കാരെയും വെച്ച് നമ്മൾ എങ്ങനെയാണ് കേരളത്തിൽ വിജ്ഞാന സമൂഹത്തെ നിർമ്മിച്ചെടുക്കുക? ! മലയാളത്തിലൂടെ എല്ലാ വിജ്ഞാനങ്ങളും ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യസാക്ഷാൽക്കാരത്തിനാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സ്ഥാപിച്ചിരിക്കുന്നത്. വിജ്ഞാന സമൂഹ നിർമ്മിതിയിലൂടെ കേരളത്തെ അടിമുടി മാറ്റാനുള്ള വലിയൊരു ദൗത്യം മലയാള സർവ്വകലാശാലക്കുണ്ട്. കുറച്ച് ഫ്രൊഫസർമാരുടെ മാത്രം കാര്യമല്ലിത്. കേരളത്തിലെ ജനങ്ങൾ ഒന്നിച്ച് ഏറ്റെടുക്കേണ്ട മഹത്തായൊരു കർമ്മപരിപാടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.