26 June 2024, Wednesday
KSFE Galaxy Chits

സൗദി അറേബ്യ ഡി ഡോളറൈസേഷൻ പാതയിൽ

ആർ അജയൻ
June 17, 2024 4:48 am

അമേരിക്കയുമായുള്ള പെട്രോ-ഡോളർ കരാർ സൗദി അറേബ്യ അവസാനിപ്പിച്ചു. 50 വർഷമായി നിലവിലുണ്ടായിരുന്ന കരാറാണ് ജൂൺ ഒമ്പതിന് അവസാനിപ്പിച്ചത്. 1974 ജൂൺ എട്ടിന് ഒപ്പുവച്ച ഈ കരാർ അമേരിക്കയെ ആഗോള സാമ്പത്തിക ശക്തിയാക്കിയതില്‍ പ്രധാന ഭാഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്ക വൻശക്തിയായി ഉയർന്നുവെങ്കിലും ഡോളർ നേടിയ മേൽക്കയ്യാണ് അവരെ ലോകശക്തിയാക്കി മാറ്റിയതെന്നതിൽ തർക്കമില്ല. അമേരിക്കൻ ഡോളർ ശക്തമായതോടെ കുറഞ്ഞവിലയിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി സാധ്യമായി. യുഎസ് ട്രഷറി ബോണ്ടുകളിലേക്ക് മൂലധനം കുന്നുകൂടിയത് അവരുടെ സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുകയും ചെയ്തു. അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് സൗദിയുടെ ഇപ്പോഴത്തെ തീരുമാനം. ലോക സാമ്പത്തിക ക്രമത്തിൽ പോലും വലിയ മാറ്റങ്ങൾക്ക് ഇത് വഴിതെളിക്കുമെന്നതിൽ സംശയമില്ല. 1972ൽ അമേരിക്ക തങ്ങളുടെ കറൻസിയെ സ്വർണവുമായി നേരിട്ട് ബന്ധിപ്പിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ആ സമയത്ത് സ്ഥാപിതമായതാണ് പെട്രോ-ഡോളർ സമ്പ്രദായം. 1971വരെ അമേരിക്കൻ ഡോളർ സ്വർണവിലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെട്ടൺ വുഡ്സ് കരാർ പ്രകാരം ഒരു ഔൺസ് സ്വർണത്തിന് 35 അമേരിക്കൻ ഡോളർ എന്നതായിരുന്നു അടിസ്ഥാനവില. അന്നത്തെ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ഇതവസാനിപ്പിച്ചതോടെ ഡോളറിന്റെ വിലയിടിഞ്ഞു. തുടർന്നാണ് സ്വർണത്തെക്കാൾ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് തിരിയണമെന്ന ആവശ്യമുയരുന്നതും പെട്രോളിയം ഉല്പന്നങ്ങളുടെ വില്പനയ്ക്ക് വേണ്ടി പെട്രോ-ഡോളർ എന്നൊരാശയം നിലവിൽ വരുന്നതും. എന്നാൽ ഇതൊരു കറൻസിയല്ല. ഇസ്രയേലുമായുള്ള സഹകരണത്തെ തുടർന്ന് എണ്ണയുല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, അമേരിക്കയെ ഉപരോധിച്ചത് പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിൽ വർധനവുണ്ടാക്കി. ഇതിന് പരിഹാരമായാണ് 1974 ജൂൺ എട്ടിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ചറും സൗദി രാജകുമാരൻ ഫഹദ് ബിൻ അബ്ദുൽ അസീസും പെട്രോ-ഡോളർ കരാർ ഒപ്പുവയ്ക്കുന്നത്. അങ്ങനെയൊരു കരാർ അന്നത്തെ കാലത്ത് ഇരുരാജ്യങ്ങൾക്കും ആവശ്യവുമായിരുന്നു. സൗദിയിൽ നിന്നുള്ള എണ്ണ മുടങ്ങാതിരിക്കുക എന്നത് അമേരിക്കയുടെ ആവശ്യവും വില്പന നടക്കേണ്ടത് സൗദിയുടെയും ആവശ്യമായിരുന്നു. കരാറിന്റെ ചുവടുപിടിച്ച് മറ്റ് അറബ് രാജ്യങ്ങളും ഡോളറിലേക്ക് വില്പന മാറ്റിയതോടെ അമേരിക്കൻ ഡോളർ അതിശക്തമായി. അന്താരാഷ്ട്ര തലത്തിൽ ഡോളറിന്റെ അപ്രമാദിത്വം ഉറപ്പിക്കുന്നതിന് ഈ കരാർ നിർണായക പങ്കാണ് വഹിച്ചത്. 

അമേരിക്കയിലേക്ക് എണ്ണ കയറ്റുമതി മുടങ്ങാതിരിക്കുക എന്നതായിരുന്നു സൗദിയുടെ ഉത്തരവാദിത്തം. പകരം സൗദിക്ക് സൈനിക, സാമ്പത്തിക സഹകരണം അമേരിക്ക വാഗ്ദാനം ചെയ്തു. ഇതിനായി സംയുക്ത കമ്മിഷനുകൾ രൂപീകരിച്ചു. കൂടുതൽ എണ്ണ ഉല്പാദിപ്പിക്കാനും അറബ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും സൗദിയെ പ്രോത്സാഹിപ്പിക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നു. എണ്ണ വില്പനയിൽ നിന്ന് ലഭിക്കുന്ന മിച്ചവരുമാനം യുഎസ് ട്രഷറി ബോണ്ടുകളിൽ നിക്ഷേപിക്കാമെന്നും സൗദി ഉറപ്പ് നൽകിയിരുന്നു. സൗദി മാത്രമാണ് കരാറിൽ ഒപ്പുവച്ചതെങ്കിലും മറ്റ് ഒപെക് രാജ്യങ്ങളും എണ്ണ വില്പനയ്ക്ക് ഡോളർ സ്വീകരിച്ചതോടെയാണ് ഡോളർ ആഗോള സാമ്പത്തിക സ്ഥിതിയെ നിർണയിക്കുന്ന സുപ്രധാന മാധ്യമമായി മാറിയത്.
ക്രൂഡ് ഓയിൽ വില്പനയിലൂടെ നേടുന്ന അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാനാണ് പെട്രോ-ഡോളർ എന്ന പദം ഉപയോഗിക്കുന്നത്. ഇതുവഴി സൗദി അറേബ്യയുടെ എണ്ണ അമേരിക്കൻ ഡോളറിൽ മാത്രമായിരുന്നു വില്പന നടത്തിയിരുന്നത്. കരാർ പുതുക്കേണ്ടെന്ന് തീരുമാനിച്ചതോടെ യൂറോ, യെൻ, യുവാൻ എന്നിവയുൾപ്പെടെ ഏത് കറൻസിയിലും എണ്ണ വിൽക്കാൻ സൗദിക്ക് കഴിയും. ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളും പരിഗണിക്കാന്‍ സാധ്യതയുണ്ട്. സ്വാഭാവികമായും ഡോളറിന്റെ വിലയും ഡിമാൻഡും ഇടിയാനും ഇത് കാരണമാകും. സെൻട്രൽ ബാങ്കുകൾക്കും വാണിജ്യ ബാങ്കുകൾക്കുമിടയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ കറൻസി പ്ലാറ്റ്ഫോമായ പ്രോജക്ട് എംബ്രിഡ്ജിൽ സൗദി അറേബ്യയും പങ്കാളിയായത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. വിതരണം ചെയ്ത ലെഡ്ജർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉടനടി അതിർത്തി കടന്നുള്ള പണമിടപാടുകളും വിദേശ‑വിനിമയ ഇടപാടുകളും സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
പ്രോജക്ട് എംബ്രിഡ്ജ് 2021ലാണ് ആരംഭിച്ചത്. ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ കേന്ദ്ര ബാങ്കുകളും സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു. അടുത്തിടെ ഇത് മിനിമം വയബിൾ പ്രോഡക്ടിന്റെ (എംവിപി)ഘട്ടത്തിലെത്തിയിരുന്നു. ബ്ലോക്ക്ചെയിൻ അധിഷ്ഠിതമായ എം ബ്രിഡ്ജ് പ്ലാറ്റ്ഫോം ഉപയോഗിച്ച് വിദേശനാണ്യ വിനിമയം എളുപ്പത്തിൽ ചെയ്യാൻ കഴിയും. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിൽ 26 നിരീക്ഷക അംഗങ്ങളാണുള്ളത്. സൗദി അറേബ്യയുടെ ഈ നീക്കം ആഗോള സാമ്പത്തിക മേഖലയിലെ ഒരു വലിയ മാറ്റത്തിന്റെ തുടക്കത്തെയാണ് അടയാളപ്പെടുത്തുന്നത്.
അമേരിക്കയുമായുള്ള കരാർ പുതുക്കാതിരിക്കുന്നതോടെ മറ്റ് രാജ്യങ്ങളുമായി സാമ്പത്തിക പങ്കാളിത്തം വിപുലപ്പെടുത്താമെന്നാണ് സൗദി കണക്ക്കൂട്ടുന്നത്. യുഎസ് ഡോളറിനെ ആശ്രയിച്ചുള്ള വിനിമയം കുറയ്ക്കുക എന്നതും ലക്ഷ്യമാണ്. ലോക റിസർവ് കറൻസി എന്ന പദവിയിൽ നിന്നും ഡോളറിനെ ഒഴിവാക്കുക എന്ന പ്രക്രിയയാണ് ഡി ഡോളറൈസേഷൻ. ചൈന, ഇന്ത്യ അടക്കമുള്ള പ്രമുഖ രാജ്യങ്ങൾ തങ്ങളുടെ വിദേശ നാണയ കരുതൽ ധനത്തിലെ ഡോളറിന്റെ പങ്ക് ക്രമേണ കുറച്ചുകൊണ്ടുവരുന്നതിനെ തുടർന്നാണ് ഡി ഡോളറൈസേഷൻ എന്ന പ്രയോഗം ലോകവ്യാപകമാകുന്നത്. ലോകത്തിലെ കേന്ദ്രബാങ്കുകളുടെ കരുതൽധന ശേഖരത്തിൽ ഡോളറിന്റെ പങ്ക് 2020ൽ തന്നെ നേരത്തെയുള്ള 71 ശതമാനത്തിൽ നിന്നും 59 ശതമാനമായി കുറഞ്ഞിരുന്നു. 2023ൽ ഇത് 58.41 ശതമാനമായെന്നാണ് ഐഎംഎഫിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയുടെ 2022ലെ കയറ്റുമതി വരുമാനം 23,600 കോടി ഡോളറായിരുന്നു. കയറ്റുമതി വരുമാനത്തിൽ പ്രധാനമായും അഞ്ചു രാജ്യങ്ങളാണ് പകുതിയിലധികം സംഭാവന ചെയ്യുന്നത്. 2022ലെ കണക്കുകളനുസരിച്ച് 5,610 കോടി ഡോളറുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 3,430 കോടി ഡോളറുമായി ജപ്പാൻ രണ്ടാം സ്ഥാനത്തും 3,270 കോടി ഡോളറുമായി ഇന്ത്യയും 3,250 കോടി ഡോളറുമായി ദക്ഷിണ കൊറിയയുമാണ് തൊട്ടുപിന്നിൽ. 1,660 കോടി ഡോളറുമായി അമേരിക്ക ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അതായത് 15,560 കോടിയും നാല് ഏഷ്യൻ രാജ്യങ്ങളുടെ സംഭാവനയാണ്. ഡോളർ നൽകിയാണ് ഈ രാജ്യങ്ങൾ ഇപ്പോൾ സൗദിയിൽ നിന്നും എണ്ണ വാങ്ങുന്നത് എന്നാൽ പെട്രോ-ഡോളർ കരാർ ഇല്ലാതാവുന്നതോടുകൂടി ഇന്ത്യൻ രൂപ വാങ്ങിയും എണ്ണ വിൽക്കുന്നതിന് സൗദിക്ക് കഴിയും. അങ്ങനെയാണെങ്കിൽ എണ്ണ വാങ്ങുന്നതിനുള്ള വിദേശനാണ്യ കരുതൽ ശേഖരമായി ഇന്ത്യക്ക് ഡോളർ സൂക്ഷിക്കേണ്ടിയും വരില്ല. സൗദിയുടെ ചുവടുപിടിച്ച് മറ്റു രാജ്യങ്ങളും പിന്മാറുകയാണെങ്കിൽ ആഗോള സാമ്പത്തികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാണ്. 

പെട്രോ-ഡോളർ കരാർ ഒരു സാമ്പത്തിക ക്രമീകരണം മാത്രമല്ല, അത് ഭൗമരാഷ്ട്രീയത്തെക്കൂടി സ്വാധീനിക്കുന്ന ഘടകമാണ്. അന്താരാഷ്ട്ര വ്യാപാരത്തിൽ യുഎസ് ഡോളറിൽ നിന്ന് മാറണമെന്ന് വാദിക്കുന്ന ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ മറ്റ് ആഗോള ശക്തികളോട് കൂടുതൽ അടുക്കാനുള്ള സൗദിയുടെ താല്പര്യം വ്യക്തമാണ്. പെട്രോ-ഡോളർ കരാറിൽ നിന്നുള്ള പിന്മാറ്റം ചൈനീസ്-റഷ്യൻ ചേരിയിലേക്കുള്ള സൗദിയുടെ മാറ്റമാണോ എന്നും സംശയിക്കാവുന്നതാണ്. അതേസമയം സുന്നി ഭൂരിപക്ഷ രാജ്യമായ സൗദിക്ക് അമേരിക്കൻ സഹകരണം പെട്ടെന്ന് അവസാനിപ്പിക്കാനും സാധ്യമല്ല. ഇറാൻ, തുർക്കി, യെമനിലെ ഹൂതി വിമതർ എന്നിവരെ നേരിടാൻ അവര്‍ക്ക് അമേരിക്കൻ സൈനിക സഹായം ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.
പെട്രോ-ഡോളർ കരാർ അവസാനിക്കുന്നത് യുഎസില്‍ ഉയർന്ന എണ്ണവിലയ്ക്കും പണപ്പെരുപ്പത്തിനും ഇടയാക്കിയേക്കും. ഡോളറിന്റെ തകർച്ച ആഗോള സാമ്പത്തിക വിപണിയിലെ യുഎസ് ബോണ്ടുകളുടെ മൂല്യത്തെയും ബാധിക്കും. ഇത്തരം സാധ്യതകൾ ആഗോള സാമ്പത്തിക ബന്ധങ്ങളിൽ ഉണ്ടായാൽ അത് ലോക രാഷ്ട്രീയത്തിലെ അമേരിക്കയുടെ അപ്രമാദിത്തത്തെ ചോദ്യംചെയ്യുമെന്നുറപ്പാണ്. കൂടാതെ ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ പുത്തൻശക്തികൾക്ക് ആഗോള വ്യാപാരത്തിൽ കൂടുതൽ കരുത്ത് നേടാനും സൗദിയുടെ പിന്മാറ്റം സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.