7 May 2024, Tuesday

വിടവാങ്ങിയത് അശരണരുടെ കാരുണ്യ കടല്‍

കാസര്‍കോട്
കാസര്‍കോട്
January 22, 2022 8:58 pm

കാസര്‍കോട് ബദിയടുക്ക കിളിംഗാറിലെ സായിറാംഭട്ട് വിടവാങ്ങുമ്പോള്‍ അശരണരുടേയും ആലംബഹീനരുടേയും അഭയകേന്ദ്രത്തിലെ കാരുണ്യ കടലിനെയാണ് ഒരു നാടിന് തന്നെ നഷ്ടമാവുന്നത്. ജീവിതത്തില്‍ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടാകുമ്പോള്‍ അവര്‍ ക്ഷേത്ര വിശുദ്ധിയുള്ള ആ വീട്ടില്‍ ഓടിയെത്തും. അവര്‍ക്കറിയാം തങ്ങളുടെ പരാധീനതകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന്. മാനവസേവയാണ് യഥാര്‍ത്ഥ മാധവസേവയെന്നു തിരിച്ചറിഞ്ഞ സായിറാം ഭട്ടാണ് വിട വാങ്ങിയത്. ഒരു ആശ്വസിപ്പിക്കല്‍, ജീവിത യാത്രയില്‍ തളര്‍ന്നു വീഴുമ്പോള്‍ ഒരു കൈത്താങ്ങ്, അതാണ് അവര്‍ക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍ രൂപമായ സായിറാംഭട്ടില്‍ നിന്ന് ലഭിച്ചത്. മനുഷ്യന്റെ ്രപ്രാഥമിക ആവശ്യങ്ങളിലൊന്നായ തലചായ്ക്കാനൊരിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ദൈവം. തന്റെ ഇരുപത്തിയഞ്ച് വര്‍ഷത്തെ കാരുണ്യ പ്രവര്‍ത്തനത്തിലൂടെ നിര്‍ദ്ധനരായ 265 പേര്‍ക്കാണ് അദ്ദേഹം നിര്‍മ്മിച്ചു നല്‍കിയത്. തന്റെ പത്തേക്കല്‍ വരുന്ന കൃഷിയിടത്തില്‍ നിന്ന് പണം കണ്ടെത്തിയാണ് ഇദ്ദേഹം നിര്‍ദ്ധനരെ സഹായിക്കുന്നത്. ആദ്യകാലത്ത് വീട് വെക്കാനുള്ള സ്ഥലവും സായ്‌റാം ഭട്ട് തന്നെ വാങ്ങി നല്‍കിയിരുന്നു. പിന്നീട് പഞ്ചായത്ത് സ്ഥലമനുവദിക്കാന്‍ തുടങ്ങി. വിവിധ ദേശങ്ങളില്‍ നിന്നുള്ളവര്‍ സായ്‌റാം ഭട്ടിന്റെ നന്മ മനസ്സ് കേട്ടറിഞ്ഞു സഹായത്തിനായി സായ് നിലയത്തിലേക്കെത്തിയിരുന്നു. അര്‍ഹതപ്പെട്ടവരാണെങ്കില്‍ അവരാരെയും അദ്ദേഹം നിരാശരാക്കി മടക്കി വിടാറില്ല. വീട് നിര്‍മിച്ച് നല്‍കുന്നതിനൊപ്പം മറ്റനേകം കാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി വന്നിരുന്നു. തന്നെത്തേടിയെത്തുന്നവര്‍ക്ക് വീട് മാത്രമല്ല, ഉപജീവനത്തിനായി ഓട്ടോ റിക്ഷ, തയ്യല്‍ മെഷീന്‍, കുടിവെള്ളത്തിനായി കിണറുകള്‍, വീട് വൈദ്യൂതീകരണം, ശനിയാഴ്ചകള്‍ തോറും സൗജന്യ മെഡിക്കല്‍ ക്യാമ്പ്, സൗജന്യ മരുന്ന് ഇങ്ങനെ പോകുന്നു ഇദ്ദേഹത്തിന്റെ ജീവകാരുണ്യ മേഖല. എണ്‍പത് പിന്നിട്ടതിന്റെ അവശതയൊന്നും ഈ ജീവകാരുണ്യ പ്രവര്‍ത്തകന്റെ ആത്മവീര്യത്തെ തെല്ലും ബാധിച്ചിരുന്നില്ല. ഒന്നും പേരിനും പ്രശസ്തിക്കും അല്ല അദ്ദേഹം ചെയ്തിരുന്നത് എന്നതാണ് മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വേദ പുസ്തകത്തിലെ ആപ്തവാക്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിരുന്ന സായിറാംഭട്ട് അശരണര്‍ക്ക് ഈശ്വര തുല്യനായിരുന്നു. ജീവകാരുണ്യ ദൗത്യത്തിലേക്ക് ഇറങ്ങിയത് ഒരു നിയോഗം പോലെയായിരുന്നു. 1996 ല്‍ ഒരു കാശിയാത്രയോടെയായിരുന്നു അത്. കാശിയാത്രക്കുള്ള ഒരുക്കത്തിനിടെ കിളിങ്കാര്‍ കോടിങ്കാറിലെ അബ്ബാസ് തന്റെ വീട് തകര്‍ന്ന ദുരവസ്ഥ പറഞ്ഞപ്പോള്‍, കാശിയാത്ര ഉപേക്ഷിച്ച് അതിനായി കരുതിവെച്ച പണം വീട് നിര്‍മ്മിക്കാന്‍ അബ്ബാസിന് നല്‍കുകയായിരുന്നു. ഇതൊരു ജീവകാരുണ്യ യാത്രയുടെ തുടക്കമായിരുന്നു. കാശിയിലേക്കല്ല, മനുഷ്യമനസുകളിലേക്ക്. മനുഷ്യമനസിന്റെ വാതായനങ്ങള്‍ തേടിയുള്ള യാത്ര. നിരാലംബര്‍ക്ക് വീടും നിര്‍ധനര്‍ക്ക് തൊഴിലുംയുവതികള്‍ക്ക് മംഗല്യഭാഗ്യവും ഒരുക്കിയുള്ള യാത്ര. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് തന്റെ കര്‍മപഥത്തിലൂടെ കിട്ടിയ സന്തോഷം താന്‍ നടത്തിയ 265 കാശിയാത്രയേക്കാള്‍ മഹത്തരമാണ് എന്നാണ് അദ്ദേഹത്തിന്റെ അവസാന കാലത്തെ വാക്കുകള്‍. വിവാഹം ലളിതമാക്കണമെന്ന ആശയം ഉള്‍ക്കൊണ്ട ഇദ്ദേഹം തന്റെ മകന്റേയും മകളുടേയും വിവാഹം ലളിതമായാണ് നടത്തിയത്. ഇതേ വിവാഹ പന്തലില്‍ നിര്‍ദ്ധനരായ യുവതികളുടെ വിവാഹവും നടത്തി. താലിമാലയും വിവാഹ വസ്ത്രങ്ങളും അദ്ദേഹം തന്നെ നല്‍കി.
എല്ലാത്തിനും അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന പുതിയ കാലത്ത് സായിറാം ഭട്ടിന്റെ സേവനങ്ങള്‍ക്ക് സാമൂഹ്യ പ്രശസ്തിയേറെയാണ്. മതവും ജാതിയും ദേശവുമൊക്കെ അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരുന്നില്ല. സഹായം തേടിയെത്തുന്നവര്‍ക്ക് സഹോദരനെന്ന പരിഗണന നല്‍കി സേവനം ചെയ്യും. ആവശ്യത്തിന് വേണ്ട സൗകര്യങ്ങളൊരുക്കിയായിരിക്കും വീട് നിര്‍മ്മിച്ചു നല്‍കുക. രണ്ടു മുറികളും അടുക്കളയും അടങ്ങുന്ന കൊച്ചുവീടുകള്‍. അകത്തെ ചുവര്‍ തേച്ചും പുറത്ത് തേക്കാതെയും തറയില്‍ കാവിയിട്ടുമാവും വീടുകള്‍ നല്‍കുക. ആദ്യകാലത്ത് 45,000രൂപ ചിലവിലായിരുന്നു വീട് നിര്‍മ്മിച്ചിരുന്നത്. ഇന്ന് മൂന്ന് ലക്ഷത്തോളമായിരുന്നു ഒരുവീടിന്റെ ചിലവ്. ജോലിയെടുക്കാന്‍ കഴിവുള്ള പുരുഷന്മാരുള്ള കുടുംബത്തിന് സായിറാം ഭട്ട് വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നില്ല. കിടപ്പ് രോഗികള്‍ക്കും ജോലി ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരുമായ കുടുംബങ്ങള്‍ക്കുമാവും വീടെന്ന സ്വപ്നം പൂര്‍ത്തീകരിച്ച് നല്‍കുക.

 

സായിറാം ഭട്ടിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ കൈമാറുന്നു.(ഫയല്‍ ഫോട്ടോ)

ബദിയഡുക്കയിലും പരിസരങ്ങളിലുമായി കുഴല്‍ കിണറുകള്‍ സ്ഥാപിച്ച് നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ള സ്വകര്യവും സായിറാം ഭട്ട് ഒരുക്കി നല്‍കിയിട്ടുണ്ട്. കിളിങ്കാറിലെ വീടിന് സമീപത്തായുള്ള സായി മന്ദിരം ഹാളില്‍ എല്ലാ ശനിയാഴ്ചകളിലും സൗജന്യ ചികിത്സാ ക്യാമ്പും നടത്തി വരുന്നു. ആയുര്‍വേദ, അലോപ്പതി രംഗത്തെ വിദഗ്ധ ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കാറ്. സൗജന്യമായി മരുന്നുകളും നല്‍കി വന്നിരുന്നു. സായിറാം ഭട്ടിന്റെ വിയോഗത്തോടെ ഒരു നാടിന് തന്നെ നഷ്ടമായത് കാരുണ്യ ദൈവത്തേയാണ്. മരണ വിവരമറിഞ്ഞ് രാഷ്ട്രീയ, സാംസ്‌കാരിക, നൂറ് കണക്കിന് ആളുകളാണ് ഇവിടെയെത്തിയത്. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും അനുശോചിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.