15 June 2024, Saturday

ഞങ്ങൾ ജനങ്ങൾ ഭരണഘടനയുടെ കാവലാളുകൾ

ഡി രാജ
May 7, 2024 4:45 am

ബിജെപി — ആർഎസ്എസ് കൂട്ടുകെട്ടിന്റെ കടന്നാക്രമണങ്ങളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കുകയെന്ന ലക്ഷ്യം മർമ്മപ്രധാന വിഷയമായി ചർച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി മറ്റെല്ലാ വിഷയങ്ങൾക്കുമൊപ്പം ഭരണഘടനയെ സംരക്ഷിക്കുകയെന്നത് പ്രധാന ചർച്ചയായതും ഇത്തവണയാണ്. ആമുഖത്തിലെ നാം ഇന്ത്യയിലെ ജനങ്ങൾ എന്ന പ്രാരംഭ വാക്കുകളിലൂടെ മതങ്ങൾ, ഭാഷകൾ, ജാതി വിഭാഗങ്ങൾ, അല്ലെങ്കിൽ അവരുടെ വ്യക്തിത്വം നിർണയിക്കുന്ന മറ്റേതെങ്കിലും ഘടകങ്ങൾ എന്നിവ പരിഗണിക്കാതെ ഇവിടെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായിരിക്കുന്നു എന്ന ആശയം നമ്മുടെ ഭരണഘടന അസന്ദിഗ്ധമായി പ്രകാശിപ്പിക്കുന്നു. ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി രൂപീകരിക്കാനും എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നിക്ഷിപ്തമാക്കുവാനും ഭരണഘടനയിലൂടെ തീരുമാനിക്കപ്പെട്ടു.
ആകെയുള്ള 545ൽ 400 സീറ്റ് നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപിയുടെ നിരവധി നേതാക്കൾ ആവർത്തിക്കുന്നത്. അത് ഭരണഘടന മാറ്റുകയോ അല്ലെങ്കിൽ പകരം പുതിയത് കൊണ്ടുവരികയോ ചെയ്യുന്നതിനാണെന്നും അവർ പറഞ്ഞത് രാജ്യത്തെ ജനങ്ങളെ ആശങ്കാകുലരാക്കി. പ്രത്യേകിച്ചും, ദളിതരും ജാതി വ്യവസ്ഥിതി മൂലമുണ്ടാകുന്ന വിവേചനത്തിനും അനീതിക്കും ഇരയായവരും. ഭരണഘടനയിൽ മാറ്റം വരുത്തുന്നത് തങ്ങളുടെ ഉന്നമനത്തിനായുള്ള സംവരണവും ശക്തമായ നടപടികളും ഇല്ലാതാക്കുമെന്നതാണ് അവരുടെ ആശങ്കയ്ക്ക് കാരണം. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഘടനകളെ തകർക്കുമെന്ന് കരുതുന്ന മുസ്ലിങ്ങളും ഇത്തരം പ്രസ്താവനകളിൽ മനോവിഷമത്തിലായി. 1950 ജനുവരി 26ന് ശക്തമായ ഒരു റിപ്പബ്ലിക്ക് രൂപീകരിക്കുകയും അതിന്റെ മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ്, പരമാധികാര സ്വഭാവവിശേഷങ്ങൾ നിർവചിക്കുകയും ചെയ്ത ജനങ്ങളെത്തന്നെയായിരുന്നു ബിജെപി നേതാക്കളുടെ പ്രസ്താവനകൾ കടന്നാക്രമിച്ചത്. ജനങ്ങളുടെ ദൃഢനിശ്ചയം ആധികാരികമായി പ്രകടിപ്പിക്കപ്പെടുകയും ഇന്ത്യ ആദ്യമായി ഭരിക്കപ്പെടുകയും ചെയ്തത് ബാബാ സാഹെബ് അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ ഭരണഘടനയിലൂടെയായിരുന്നു.


ഇതുകൂടി വായിക്കൂ:  ബിജെപിയുടെ മാര്‍ഗം വർഗീയ വിഭജനം തന്നെ


എന്നാല്‍ ഭരണഘടനാ അസംബ്ലി, രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ച് നാല് ദിവസത്തിന് ശേഷം 1949 നവംബർ 30ന് ആർഎസ്­എസ് അതിന്റെ മുഖപത്രമായ ഓർഗനൈസറിന്റെ മുഖപ്രസംഗത്തിൽ അതിനെ രൂക്ഷമായി എതിർത്തു. ഭാരതത്തിന്റെ പുതിയ ഭരണഘടനയിലെ ഏറ്റവും മോശമായ കാര്യം അതിൽ ഭാരതീയമായി ഒന്നുമില്ല എന്നതാണ് എന്നായിരുന്നു മുഖപ്രസംഗത്തിൽ എഴുതിയിരുന്നത്. ഭരണഘടന തയ്യാറാക്കിയവർ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ, സ്വിസ്, കൂടാതെ മറ്റ് ഭരണഘടനകളുടെ ഘടകങ്ങൾ ഉൾപ്പെടുത്തി. എന്നാൽ പ്രാചീന ഭാരതീയ ഭരണഘടനാ നിയമങ്ങൾ, സ്ഥാപനങ്ങൾ, സംജ്ഞകൾ, പദാവലികൾ എന്നിവയുടെ ഒരു സൂചനകളുമില്ല. പുരാതന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെക്കുറിച്ചും പരാമർശമില്ല. മനുസ്മൃതി സ്പാർട്ടയിലെ ലൈക്കർഗസിനും പേർഷ്യയിലെ സോളണിനും വളരെ മുമ്പേ എഴുതപ്പെട്ടതാണ്. മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ ആഗോള പ്രശംസയും അംഗീകാരവും നേടുകയും ഇന്നുവരെ അനുസരിക്കുകയും ചെയ്തിരുന്നു. എന്നാൽ നമ്മുടെ ഭരണഘടനാ പണ്ഡിതന്മാർ അതിലൊന്നും അർത്ഥം കാണുന്നില്ലെന്നും പ്രസ്തുത മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
അതിനാൽത്തന്നെ, ഭരണഘടന മാറ്റുന്നതിന് വേണ്ടി, 400ലധികം ലോക്‌സഭാ സീറ്റുകൾ നേടുന്നതിനായി ഇപ്പോൾ നടത്തുന്ന കഠിനശ്രമം. 1949ൽ അംഗീകരിച്ചതിന് തൊട്ടുപിന്നാലെ ഭരണഘടനയ്ക്കെതിരെ ആർഎസ്എസ് വിഷം ചീറ്റിയതിന്റെ ആവർത്തനമല്ലാതെ മറ്റൊന്നുമല്ല. കാലാകാലങ്ങളിൽ, ആ വിഷം പുറത്തുവന്നുകൊണ്ടിരുന്നു. 1999ൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് ഭരണഘടന പുനഃപരിശോധിക്കുമെന്ന് നിർദേശിച്ചതിലൂടെ അതാണ് പ്രകടമായത്. ദളിതർ ഉൾപ്പെടെ സമൂഹത്തിലെ പല വിഭാഗങ്ങളും ഇതിനെ എതിർത്തു. അന്ന് രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ ഭരണഘടന നമ്മെ പരാജയപ്പെടുത്തിയോ അതോ നാം ഭരണഘടനയെ പരാജയപ്പെടുത്തിയോ എന്ന് പരിശോധിക്കണമെന്നായിരുന്നു വിമർശിച്ചത്. 2000ൽ റിപ്പബ്ലിക്കിന്റെ സുവർണജൂബിലി വേളയിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിലും അദ്ദേഹം അതിന് സമാനമായാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ആവേശകരമായ വാക്കുകൾ രാജ്യത്തെയാകെ ഇളക്കിമറിച്ചു. ഭരണഘടന പുനഃപരിശോധിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുവാൻ വാജ്പേയ് നിർബന്ധിതനാവുകയും പകരം അവലോകനത്തിനുള്ള ഒരു സമിതി രൂപീകരിക്കുകയും ചെയ്യേണ്ടിവന്നു. അങ്ങനെയാണ് രാഷ്ട്രപതി കെ ആർ നാരായണൻ പ്രസ്തുത നീക്കത്തിൽ നിന്ന് ഭരണഘടനയെ രക്ഷപ്പെടുത്തിയത്.

 


ഇതുകൂടി വായിക്കൂ: നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങള്‍ക്ക് തൊഴിലാളിവര്‍ഗം തയ്യാറാവണം


നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം ഭരണഘടനയെ വിശുദ്ധ ഗ്രന്ഥമെന്നാണ് വിശേഷിപ്പിച്ചത്. എങ്കിലും 2017ൽ അദ്ദേഹത്തിന്റെ മന്ത്രിമാരിലൊരാളായ അനന്തകുമാർ ഹെഗ്ഡെ, പുരോഗമന, മതേതര ജനവിഭാഗങ്ങൾക്ക് ഒരിക്കലും ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള സ്വത്വമില്ലെന്നും അംബേദ്കർ തയ്യാറാക്കിയ ഭരണഘടന മാറ്റണമെന്നും വിചിത്രമായ പ്രസ്താവന നടത്തി. വിവാദമായതിനെ തുടർന്ന് തന്റെ പരാമർശത്തിൽ പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി. ദൗർഭാഗ്യകരമെന്നു പറയട്ടെ, 400ലധികം സീറ്റുകൾ നേടി മോഡി അധികാരത്തിൽ തിരിച്ചെത്തി, ഭരണഘടനയെ മാറ്റുമെന്ന് കഴിഞ്ഞ മാസം അദ്ദേഹം വീണ്ടും പറയുകയുണ്ടായി. കഴിഞ്ഞ വർഷം, ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ആവർത്തിച്ച് ചോദ്യം ചെയ്തു. ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തിന് അതീതമാണെന്ന് സുപ്രീം കോടതി പോലും കണക്കാക്കുകയും, വളരെയധികം ബഹുമാനിക്കപ്പെടുന്നതുമായ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചായിരുന്നു അദ്ദേഹം പരാമർശിച്ചത്.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ, കേന്ദ്ര സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷൻ ബിബേക് ദെബ്രോയ് പോലും ചിക്കാഗോ ലോ സ്കൂൾ പഠനത്തെ വികൃതമായി വ്യാഖ്യാനിച്ചുകൊണ്ട്, 1789 മുതൽ ലോകമെമ്പാടുമുള്ള ലിഖിത ഭരണഘടനകളുടെ ആയുർദൈർഘ്യം 17 വർഷമാണെന്ന് പ്രസ്താവിച്ചു. നമ്മുടെ ഭരണഘടനയ്ക്ക് പകരം പുതിയ ഭരണഘടന കൊണ്ടുവരണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, നീതി, സമത്വം തുടങ്ങിയ വാക്കുകൾ മാറിയെന്നും ഇപ്പോൾ എന്താണ് അർത്ഥമാക്കുന്നത് എന്നും ചോദിച്ച അദ്ദേഹം നാം നമ്മുടെ ആദ്യതത്വങ്ങളിൽ നിന്ന് തുടങ്ങണമെന്നും നിർദേശിച്ചു. ആമുഖത്തിന്റെ അടിസ്ഥാന ആശയങ്ങൾ പ്രശ്നമാണെന്ന് കണ്ടെത്തുകയും ഭരണഘടനയെ പുതിയൊരെണ്ണം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടത്. ഭരണഘടനയ്ക്കെതിരായ ഇത്തരം ആക്രമണങ്ങൾ ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ്.
ഈ പശ്ചാത്തലത്തിലാണ്, അനന്ത ഹെഗ്ഡെ, അരുൺ ഗോവിൽ, ലല്ലു സിങ്, ജ്യോതി മിർധ തുടങ്ങിയ ബിജെപി നേതാക്കൾ അടുത്തിടെ നടത്തിയ പ്രസ്താവനകളിൽ ഉന്നയിച്ച ഭരണഘടന മാറ്റണമെന്ന ആവശ്യത്തെ കാണേണ്ടത്. ഭരണഘടനയ്ക്ക് നേരെയുള്ള ഇത്തരം ഭീഷണികളുടെ പശ്ചാത്തലത്തിലാണ് യുപി, രാജസ്ഥാൻ, ഹരിയാന, തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങൾ ഭരണഘടനയെ സംരക്ഷിക്കുകയെന്നത് ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നർത്ഥം. ഒരു ഘട്ടത്തിൽ രാഷ്ട്രപതി കെ ആർ നാരായണൻ ബിജെപിയുടെ ആക്രമണത്തിൽ നിന്ന് ഭരണഘടനയെ സംരക്ഷിച്ചതിന്റെ മുൻകാല ഉദാഹരണം കാണുമ്പോൾ ഇത് ശരിക്കും നവോന്മേഷദായകമാണ്. കൂടാതെ മോഡിഭരണത്തിന്റെ കടുത്ത ആക്രമണത്തിൽ നിന്ന് നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ ഇപ്പോൾ ഇന്ത്യ സഖ്യം ഒന്നിക്കുകയും ചെയ്തിരിക്കുന്നു.


ഇതുകൂടി വായിക്കൂ: ബിജെപിയെ പരാജയപ്പെടുത്തുക; രാജ്യത്തെ രക്ഷിക്കുക


ഭരണഘടനയ്ക്കെതിരായ കടന്നാക്രമണത്തിൽ മോഡിഭരണത്തിനെതിരായ ജനങ്ങളുടെ കടുത്ത നീരസത്തിന്റെയും എതിർപ്പിന്റെയും പശ്ചാത്തലത്തിലാണ് അംബേദ്കർ ഇപ്പോൾ വന്നാലും ഭരണഘടന മാറ്റാൻ കഴിയില്ലെന്ന, അഹംഭാവവും അതേസമയം പൊള്ളത്തരവും പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ലെന്നും മതേതരത്വം എന്ന വാക്ക് പോലും ആമുഖത്തിൽ നിന്ന് നീക്കം ചെയ്യില്ലെന്നും പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി പോലും മതേതരത്വത്തോടുള്ള തന്റെ പുതിയ സ്നേഹം പ്രകടിപ്പിച്ചതും അതിനാലാണ്. ഭരണഘടന മാറ്റാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ വർധിച്ചുവരുന്ന ജനരോഷം മഹാരാഷ്ട്രയിലും ശക്തമായിരുന്നു. അതുകൊണ്ടാണ് ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ലെന്ന പ്രസ്താവന നടത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും നിർബന്ധിതനായത്.
ഭരണഘടനയെ സംരക്ഷിക്കാനുള്ള പ്രസ്ഥാനത്തിന്റെ തലപ്പത്തും മുന്നണിയിലും ഇപ്പോൾ നമ്മൾ, ജനം ആണുള്ളത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിനാല്‍, ഭരണഘടനയെ ആക്രമിക്കുന്ന ബിജെപിയെയും നേതൃത്വത്തെയും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയും ഭരണഘടനയെ ഇല്ലാതാക്കുന്നതിന് അവർ നിഷ്കരുണം ഉപയോഗിക്കുന്ന അധികാരത്തിൽ നിന്നുതന്നെ പുറത്താക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.