പച്ചമുളയുമായെത്തി പോളും സ്വന്തമാക്കി മടങ്ങുകയാണ് മുഹമ്മദ് നിയാസ്. സംസ്ഥാന കായിക മേളയുടെ ആദ്യ ദിവസം പച്ചമുളയുമായി മത്സരിക്കാനെത്തിയ പതിനാറുകാരനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോള്‍ വാങ്ങാന്‍ സഹായവുമായി പ്രവാസി രംഗത്തെത്തിയത്.
‘ഒരു പോൾ കിട്ടിയാൽ ഇതിനായി തന്നെ ഞാനിറങ്ങു‘മെന്ന് പറഞ്ഞ നിയാസിനിത് വലിയൊരു ആശ്വാസം കൂടിയാണ്. പ്രവാസിയായ കോട്ടയം സ്വദേശിയാണ് 50,000 രൂപ സഹായമായി നല്‍കുന്നത്. ബാക്കി തുക കൂടി ആരെങ്കിലും സഹായിക്കുമെന്ന വിശ്വാസത്തോടെയാണ് നിയാസ് തലസ്ഥാനം വിടുന്നത്. സംസ്ഥാന തലത്തില്‍ ഏട്ടാം സ്ഥാനത്തുള്ള മലപ്പുറം കെഎച്ച്എംഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിയാസ്.
നേരത്തെ മലപ്പുറം റവന്യു ജില്ലാ കായികമേളയ്ക്കിടയിൽ പോൾവാൾട്ടിന് ഉപയോഗിച്ചിരുന്ന മുള ഒടിഞ്ഞിരുന്നു. അതിനെ തുടർന്ന് ഒരാഴ്ച മുമ്പ് വെട്ടിയെടുത്ത പുതിയ മുളയുമായാണ് നിയാസ് കഴിഞ്ഞ ദിവസം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മത്സരത്തിനെത്തിയത്. ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കെട്ടിവച്ചാണിത് തലസ്ഥാനം വരെയെത്തിച്ചത്.
തുടക്കത്തില്‍ പച്ച മുള മത്സരത്തിന് അനുവദിക്കില്ല എന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും നിയാസിന്റെ ദയനീയാവസ്ഥയ്ക്ക് മുന്നില്‍ അവര്‍ക്ക് സമ്മതം മൂളേണ്ടി വന്നു.
ചീരാൻ കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ഇസ്മായിലിന്റെയും നസീമയുടെയും മൂന്നുമക്കളിൽ ഇളയവനാണ് ഈ മിടുക്കന്‍. താനൂർ കടപ്പുറത്തെ കൂട്ടുകാരാണ് നിയാസിന്റെ പരിശീലകർ.
പോള്‍വാള്‍ട്ട് അത്ര ചില്ലറക്കാരനല്ല
പുരാതന ഒളിമ്പിക്സ് മുതല്‍ പോള്‍വാള്‍ട്ട് ഉണ്ട്. അന്ന് ഇതിന്റെ അളവ് കോല്‍ ചാട്ടമായിരുന്നുവെങ്കില്‍ ഇന്ന് എത്ര ഉയരത്തില്‍ ചാടുന്നുവെന്നതാണ്. ഓടിവന്ന് നീളമുള്ള വടി കുത്തി ദൂരത്തില്‍ ചാടുന്ന മത്സരം പുരാതന ഒളിമ്പിക്സ് മുതലേയുണ്ടായിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങളിലെ കുന്നുകളിലും മലമ്പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ദുര്‍ഘടമായ ഇടങ്ങള്‍ താണ്ടാനാണ് ആദ്യം ഈ രീതിയെ ആശ്രയിച്ചിരുന്നത്. ഇതാണ് അന്നത്തെ ഒളിമ്പിക്സിലെ മത്സര ഇനമായി ഉള്‍പ്പെടുത്തിയത്. ആധുനിക ഒളിമ്പിക്സിന്റെ ആദ്യ എഡിഷനിലും പോള്‍വാള്‍ട്ട് മത്സര ഇനമായിരുന്നു. പോള്‍വാള്‍ട്ടില്‍ മുളയും അലുമിനിയവും ഉപയോഗിക്കുന്നവരുണ്ട്. സാമ്പത്തികം ആഗ്രഹങ്ങള്‍ക്ക് തടസമാകുന്ന സാഹചര്യത്തില്‍ സംഭവിക്കുന്നതാണത്. എന്നാല്‍ ഈ രീതി അപകടമാണെന്നാണ് പരിശീലകര്‍ പറയുന്നത്.
ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവുപുലർത്തണമെങ്കിൽ ചെറിയ പ്രായത്തിൽത്തന്നെ ഫൈബർ പോളിൽ പരിശീലിക്കണമെന്നും പറയുന്നു. ഒരു പോളിന് 1.10 ലക്ഷം മുതൽ 1.50 ലക്ഷം വരെയാണ് വില. മുളയും അലുമിനിയവും സ്റ്റീലും പോളായി ഉപയോഗിക്കുമ്പോള്‍ അപകടമുണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണ്. മുളയിൽ പരിശീലിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് പോലും ഫൈബർ പോൾ വഴങ്ങണമെങ്കിൽ എട്ടു മാസം വരെ വീണ്ടും പരിശീലനം വേണ്ടിവരും.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.