2 May 2024, Thursday

ശാസ്ത്ര സമൂഹം ആശയവിനിമയ ശേഷി കൈവരിക്കണം: ആര്‍ജിസിബിയില്‍ ദേശീയ ശാസ്ത്രദിന പ്രഭാഷണം

Janayugom Webdesk
തിരുവനന്തപുരം
February 28, 2023 10:09 pm

ശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം സമൂഹത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരിക എന്നതിനാല്‍ ശാസ്ത്ര സമൂഹം മികച്ച ആശയവിനിമയ ശേഷി ഉണ്ടാക്കിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സി എസ് ഐ ആര്‍ ‑നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്റ്റി)മുന്‍ ഡയറക്ടറും രാജ്യത്തെ പരമോന്നത ശാസ്ത്ര ബഹുമതിയായ എസ്എസ് ഭട്നാഗര്‍ അവാര്‍ഡ് ജേതാവുമായ ഡോ എ. അജയഘോഷ് പറഞ്ഞു. ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) ‘ശാസ്ത്രവും സമൂഹവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര‑സാങ്കേതികരംഗത്ത് പുരോഗതി കൈവരിക്കുന്നത് പോലെ പ്രധാനമാണ് ജനങ്ങള്‍ക്കിടയിലെ ശാസ്ത്ര വിദ്യാഭ്യാസവും പൊതുബോധവല്‍ക്കരണവും. ജനജീവിതം മെച്ചപ്പെടുത്താന്‍ ശാസ്ത്രം ചെയ്ത കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരോട് എങ്ങനെ സംസാരിക്കണമെന്ന് ശാസ്ത്രജ്ഞര്‍ പഠിക്കണം. ശാസ്ത്രം തങ്ങളുടെ ഇഷ്ടമേഖലയായി എടുക്കുന്ന യുവാക്കള്‍ക്ക് ഇതിലേക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യ ശാസ്ത്ര മേഖലയില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. സര്‍ക്കാരുകളുടെ പിന്തുണയും വിവിധ കാലഘട്ടത്തില്‍ സ്ഥാപിതമായ ശാസ്ത്ര സ്ഥാപനങ്ങളുടെ കൂട്ടായ പ്രയത്നവുമാണ് ഇതിനു കാരണം. പുരാതന കാലത്തിലും സ്വാതന്ത്ര്യത്തിന് മുമ്പുള്ള സമയത്തും സ്വാതന്ത്ര്യാനന്തര ദശകങ്ങളിലും ഇന്ത്യയിലെ ശാസ്ത്ര മേഖലയുടെ പുരോഗതി ചില വികസിത രാജ്യങ്ങളുടേതിനു തുല്യമാണ്.

കോവിഡ് ‑19 മഹാമാരിയെ ഇന്ത്യ കൈകാര്യം ചെയ്ത രീതിയിലൂടെ രാജ്യത്തിന്‍റെ ശാസ്ത്ര വൈഭവം ലോകത്തിനുമുമ്പില്‍ പ്രകടമായി. ഇന്ത്യയില്‍ വികസിപ്പിച്ച വാക്സിന്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല മറ്റ് പല രാജ്യങ്ങളിലേയും ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ ജെ സി ബോസ്, സി വി രാമന്‍ തുടങ്ങിയ മഹാډാരായ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വേറിട്ട കണ്ടെത്തലുകള്‍ നടത്തി. ശ്രീനിവാസ രാമാനുജന്‍ ഗണിതശാസ്ത്രത്തിന് മികച്ച സംഭാവനകള്‍ നല്‍കി. എല്ലാവരുടെയും മനസ്സില്‍ പെട്ടെന്ന് വരുന്ന ചുരുക്കം ചില പേരുകള്‍ മാത്രമാണിത്. ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പട്ടിക ഇനിയും നീളുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന്‍റെ പുരോഗതിയില്‍ ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും നിര്‍ണായക പങ്ക് ഉറപ്പിച്ചു. പ്രാരംഭ വര്‍ഷങ്ങളിലുണ്ടായ വിഭവപ്രതിസന്ധി പെട്ടെന്നുതന്നെ തരണം ചെയ്യാനുമായി. ഇപ്പോള്‍ ഇന്ത്യയില്‍് ഉന്നത നിലവാരത്തിലുള്ള ശാസ്ത്രസ്ഥാപനങ്ങളുള്ളതില്‍ രാജ്യത്തിന് അഭിമാനിക്കാമെന്നും ഇവ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഡോ.അജയഘോഷ് പറഞ്ഞു.

 

ശാസ്ത്ര‑സാങ്കേതിക ഗവേഷണത്തിന്‍റെയും വികസനത്തിന്‍റെയും നേട്ടങ്ങള്‍ ജനങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ഒരു സൂപ്പര്‍ ആഗോള ശക്തിയാകുക എന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കുന്നതില്‍ ശാസ്ത്രം നിര്‍ണായക പങ്ക് വഹിക്കും. ‘ആത്മ നിര്‍ഭര്‍ ഭാരത്’ എന്ന ആശയം ഇത് മുന്നില്‍ കണ്ട് വിഭാവനം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ സ്വാഗതം പറഞ്ഞു. ജെ സി ബോസ്, സി വി രാമന്‍ തുടങ്ങിയ ശാസ്ത്രജ്ഞര്‍ നല്‍കിയ മഹത്തായ സംഭാവനകളെക്കുറിച്ച് രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. സമൂഹത്തിന്‍റെ ക്ഷേമത്തിന് ശാസ്ത്രം വലിയ സംഭാവന നല്‍കുന്നുണ്ട്. സമൂഹത്തിന്‍റെ പുരോഗതിയില്‍ ശാസ്ത്രത്തിന്‍റെ നിര്‍ണായക പങ്ക്, ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കണമെന്നും ചന്ദ്രഭാസ് നാരായണ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.