കാത്തിരിപ്പും ഏകാന്തതയും നിറഞ്ഞുനിൽക്കുന്ന നിമിഷങ്ങൾ. ഒറ്റപ്പെടലിന്റെ തുരുത്തിലും പ്രതീക്ഷയുടെ വെട്ടത്തിനായി കാത്തിരിക്കുന്ന കഥാപാത്രങ്ങൾ… ഒറ്റപ്പെടലും വേദനയും രതിയും നിഷ്ക്കളങ്ക പ്രണയവുമെല്ലാം ആവർത്തിക്കപ്പെടുമ്പോഴും ജോൺപോൾ ഓരോ സിനിമയിലും വരച്ചിട്ട ജീവിത ചിത്രങ്ങൾ വ്യത്യസ്തമായിരുന്നു. ഭാഷയെ ഇത്രയും മനോഹരമായി കൈകാര്യം ചെയ്ത തിരക്കഥാകൃത്തുക്കൾ അധികമില്ല. പതിവ് രീതികളിൽ നിന്ന് മാറി ഭാഷയുടെ വാങ്മയ ചിത്രങ്ങൾക്ക് സൗന്ദര്യം ചോരാതെ അഭ്രപാളിയിലേക്ക് പകർത്തിവെക്കാൻ സംവിധായകർക്ക് ഒപ്പം നിന്ന എഴുത്തുകാരനായിരുന്നു ജോൺപോൾ. ഭരതൻ, മോഹൻ, ഐ വി ശശി തുടങ്ങി കലയെയും കച്ചവട സിനിമകളെയും ഒരുപോലെ പരീക്ഷിച്ച പ്രതിഭാധനൻമാർക്ക് ജോൺപോളിന്റെ രചനകൾ എളുപ്പം വഴങ്ങുമായിരുന്നു.
എൺപതുകളിലെ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് ജോൺപോളിന്റെ രചനകൾ നയിച്ചു. മുഖ്യമായും സംവിധായകൻ ഭരതനുമൊത്ത് ചെയ്ത മധ്യവർത്തി സിനിമകളുടെ നട്ടെല്ല് ജോൺപോളിന്റെ തിരക്കഥകൾ തന്നെയായിരുന്നു. വെള്ളിത്തിരയിൽ അത് പുതിയ കാഴ്ചകളുടെ ആഘോഷമായി. ജോൺപോൾ തിരക്കഥയെഴുതിയ ചിത്രങ്ങൾ കാണാൻ ഒരു തലമുറ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. നീണ്ട ജയിൽ വാസത്തിനൊടുവിൽ മോചിതനായി ഒരു സ്കൂൾ വിനോദയാത്രാ സംഘത്തിനൊപ്പം യാത്ര തിരിക്കുന്ന ഉണ്ണിക്കൃഷ്ണനെ കാത്ത് അദ്ദേഹത്തിന്റെ കാമുകിയായ തുളസി ഉണ്ടാകണേ എന്ന് ബസ് യാത്രക്കാർക്കൊപ്പം പ്രേക്ഷകരും തിയേറ്ററിലിരുന്ന് പ്രാർത്ഥിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ട ഉണ്ണിക്കൃഷ്ണന് തുളസി മാത്രമായിരുന്നു ഇനി അഭയം. അവളെന്ന പ്രതീക്ഷയായിരുന്നു ജയിലിൽ നിന്ന് പുറത്തുവരുമ്പോഴും അയാളെ മുന്നോട്ട് നയിച്ചത്.
ജോൺപോളിന്റെ തിരക്കഥയിൽ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന സിനിമ ഒറ്റപ്പെടലിന്റെ വേദനയും പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങളുമാണ് പങ്കുവെച്ചത്. പ്രേക്ഷകരിലേക്കെത്തിയിട്ട് 35 വർഷം പൂർത്തിയാകുന്ന ജോൺപോളിന്റെ ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രം എബി എന്ന അനാഥന്റെയും തെരുവിലേക്ക് എടുത്തെറിയപ്പെട്ട ഒരു കൂട്ടം അനാഥ കുട്ടികളുടെയും ജീവിതമായിരുന്നു. എബിയുടെയും കുട്ടികളുടെയും അനാഥത്വവും വേദനയും പ്രതീക്ഷയും എബിയും ആനിയും തമ്മിലുള്ള പ്രണയവുമെല്ലാം ഒരു ചെറുകഥയുടെ ലാളിത്യത്തോടെ ഈ കമൽ ചിത്രം വരച്ചിട്ടു. ‘തെരുവിൽ നിന്ന് കിട്ടിയതാണ് ഇവരെ.. അച്ഛനും അമ്മയും ആരാണെന്നറിയാതെ, സ്നേഹം എന്താണെന്നറിയാതെ.. തെരുവിലെ അഴുക്കുചാലുകളിൽ ആർക്കും വേണ്ടാതെ വളരാൻ വിധിക്കപ്പെട്ടവർ… ’ എബി തന്റെയും തനിക്കൊപ്പമുള്ള കുട്ടികളുടെയും കഥ ഇങ്ങനെ പറഞ്ഞു തുടങ്ങുന്നു. ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ രാവുണ്ണി മാഷും സരസ്വതി ടീച്ചറും ജീവിത സായന്തനത്തിലെ ഏകാന്തതയിലാണ്.
ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള അവരുടെ ഏകാന്ത ജീവിതത്തിലേക്കാണ് ജോൺപോളിന്റെ എഴുത്ത് സഞ്ചരിക്കുന്നത്. മോഹൻ സംവിധാനം ചെയ്ത രചന എന്ന സിനിമ മനുഷ്യമനസ്സിനെ അമ്മാനമാടുന്നു എന്നഭിമാനിക്കുന്ന കഥാകാരന്റെ കയ്യിൽ നിന്ന് കഥാപാത്രങ്ങൾ വഴുതിപ്പോകുമ്പോഴുള്ള ദുരന്തമാണ് വരച്ചുകാട്ടുന്നത്. ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തില്‍ പ്രായപൂർത്തിയായെങ്കിലും അത്രത്തോളം കാര്യഗൗരവം ഇല്ലാത്ത അനിയൻ തമ്പുരാനും ഒരർത്ഥത്തിൽ ഒറ്റപ്പെടലിന്റെ വേട്ടയാടലിന് ഇരയാകുന്ന കഥാപാത്രമാണ്. പ്രിയദർശന്റെ കഥയെ ആസ്പദമാക്കി ജോൺപോൾ തിരക്കഥയെഴുതി പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഒരു യാത്രാമൊഴിയിലെ ഗോവിന്ദൻകുട്ടിയും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നുണ്ട്.
മരണത്തെ മുൻപിൽ കാണുമ്പോഴും ജീവിതത്തെ പ്രസന്നതയോടെ നോക്കിക്കാണുന്ന സേവ്യറിന്റെ ജീവിതമായിരുന്നു വിടപറയും മുമ്പേ എന്ന ചിത്രം. ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിലും രേവതിക്കൊരു പാവക്കുട്ടിയിലും കേളിയിലുമെല്ലാം ഒറ്റപ്പെടലും കാത്തിരിപ്പും നിറഞ്ഞു നിൽക്കുന്നുണ്ട്. ദുരന്തങ്ങളിലൂടെ… വേദനകളിലൂടെ കയറിയിറങ്ങിപ്പോവുകയാണ് ഈ സിനിമകളിലെ കഥാപാത്രങ്ങൾ പലരും. കടലിന്റെ പശ്ചാത്തലത്തിൽ നാടകത്തെ നെഞ്ചേറ്റുന്ന എസ്തപ്പനാശാന്റെയും ആന്റോയുടെയും കഥ പറഞ്ഞ ചമയത്തിലും നിറഞ്ഞു നിൽക്കുന്നത് ദുരന്തങ്ങളുടെ അശാന്തമായ സാഗരക്കാഴ്ചകൾ തന്നെയാണ്. ഇതേ സമയം വേദനകൾക്കിടയിലും പ്രത്യാശയുടെ കിരണം നിറഞ്ഞു നിൽക്കുന്നു എന്നത് തന്നെയാണ് ജോൺപോൾ ചിത്രങ്ങളുടെ മനോഹാരിത. ക്യാമ്പസ് സിനിമകൾ പലതും വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഏറെ ഉയർന്നു നിൽക്കുന്നതാണ് ഭരതൻ — ജോൺ പോൾ ടീമിന്റെ ‘ചാമരം’.
ഒരു വിദ്യാർത്ഥിക്കും അധ്യാപികയ്ക്കും ഇടയിൽ രൂപപ്പെടുന്ന വൈകാരികമായ ബന്ധവും അതിന്റെ ദുരന്ത പര്യവസാനവും ഏറെ ഹൃദയസ്പർശിയായിരുന്നു. ബ്ലൂ ലഗൂൺ എന്ന സിനിമയുടെ മലയാള ആവിഷ്കാരമായ ഇണയിൽ കൗമാര പ്രണയവും രതിയുമെല്ലാം ഇടകലരുന്നു. ഇതിനിടയിലും ഒരുക്കം, രണ്ടാം വരവ്, അതിരാത്രം പോലുള്ള ത്രില്ലർ‑ബിഗ് ബജറ്റ് ചിത്രങ്ങൾക്കായും ജോൺപോളിന്റെ തൂലിക ചലിച്ചു. പിന്നീടെപ്പോഴോ സിനിമകളുടെ സ്വഭാവം മാറിയപ്പോൾ തിരക്കഥയുടെ വഴിയിൽ നിന്ന് ജോൺപോൾ മാറി നിന്നു. അപ്പോഴും അദ്ദേഹം നിശബ്ദനായിരുന്നില്ല. എഴുത്തുകാരനായും അവതാരകനായും പ്രഭാഷകനായുമെല്ലാം അദ്ദേഹം കർമ്മ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നു. ലക്ഷദ്വീപ് പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയ മീനുകളുടെ കടൽ എന്ന സിനിമയിലൂടെ തിരിച്ചുവരവിനൊരുങ്ങിയെങ്കിലും ചിത്രം വേണ്ടത്ര വിജയമായില്ല.
English summary; screenwriter john paul
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.