30 March 2025, Sunday
KSFE Galaxy Chits Banner 2

കടൽമണൽ ഖനനം പൊതുമേഖലയുടെ അടിത്തറയിളക്കും

ബേബി ആലുവ 
കൊച്ചി
February 25, 2025 9:55 pm

കേരള തീരത്തെ മണൽ ഖനനത്തിനുള്ള നീക്കം കേന്ദ്ര‑സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കും തിരിച്ചടിയാകുന്നു. ഇവ മുഖ്യമായി ആശ്രയിക്കുന്ന കരിമണൽ ലേലവ്യവസ്ഥകൾ വഴി കോർപ്പറേറ്റുകളുടെ അധീനതയിലാകുമെന്നതാണ് ഇതിന് കാരണം. കൊല്ലം ചവറയിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡും (കെഎംഎംഎൽ), ആലുവ, ചവറ, കന്യാകുമാരി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വേരുകളുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡും (ഐആർഇഎൽ) ആണ്, കേന്ദ്ര സർക്കാരിന്റെ കച്ചവട നീക്കത്തിൽ അടിത്തറയിളകാനിടയുള്ള കമ്പനികൾ. കരിമണലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ധാതുക്കൾ ശേഖരിക്കാനുള്ള അവകാശം കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറാനുള്ള നിയമ വ്യവസ്ഥയാണ് പൊതുമേഖലയ്ക്ക് തിരിച്ചടിയാകുന്നത്.

കേരള തീരത്തുനിന്ന് ലഭിക്കുന്ന കരിമണലാണ് ഇരു കമ്പനികളെയും നിലനിർത്തുന്നത്. കോടികളുടെ മൂല്യമുള്ള കരിമണൽ ശേഖരമാണ് ഇവിടെയുള്ളത്. കരിമണലിൽ നിന്നുള്ള ടൈറ്റാനിയവും കൈകാര്യം ചെയ്യാനുള്ള അവകാശം സ്വകാര്യക്കമ്പനികൾക്കാകുന്നതോടെ കെഎംഎംഎല്ലിന് അസംസ്കൃത വസ്തു ലഭിക്കുന്നതിനും തടസമാകും. ഇതോടെ,കടൽ മണൽ ഖനനം മൂലം പ്രതിസന്ധിയിലാകുന്ന മേഖലകളുടെ എണ്ണവും കൂടുകയാണ്. 2023 ലെ ഖനന നിയമ ഭേദഗതിയിലൂടെ, തീര ദേശത്തെ കരിമണൽ ഖനനത്തിൽ സംസ്ഥാന സർക്കാരിനും പൊതുമേഖലയ്ക്കുമുള്ള അവകാശം കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്. അതാണ് കുത്തക കമ്പനികൾക്ക് മറിച്ച് നൽകുന്നത്.

ഇതുവഴി ധാതുവിഭവ ഖനനത്തിൽ നിന്ന് റോയൽറ്റി ഇനത്തിലുള്ള ഭീമമായ തുക കേന്ദ്രത്തിന്റെ പോക്കറ്റിലെത്തും. ഇതിനിടെ, ടെണ്ടറിന്റെ സമയ പരിധി നാളെയാണ്‌ നിശ്ചയിച്ചിരുന്നത്, ടെണ്ടറിൽ സംബന്ധിക്കാൻ കൂടുതൽ കോർപ്പറേറ്റ് കമ്പനികൾക്ക് സൗകര്യമൊരുക്കാനായി അവരുടെ താല്പര്യപ്രകാരം ഏപ്രിൽ രണ്ട് വരെ നീട്ടിയതായ വാർത്തകളും പുറത്തു വരുന്നുണ്ട്. മത്സ്യമേഖലയിലെ 13 സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി കടൽ കൊള്ളയ്ക്കെതിരെ പ്രഖ്യാപിച്ചിട്ടുള്ള മത്സ്യമേഖല ഹർത്താൽ നാളെയാണ്. കടൽമണൽ ഖനനത്തിനുള്ള നീക്കം ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്ര നിയമത്തിനെതിരാണെന്ന ശക്തമായ വാദവുമായി പല വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.

മണൽഖനനത്തിന്റെ പ്രത്യാഘാതം ഗുരുതരം

കോവിഡ് വ്യാപന നാളുകളിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ബ്ലൂ ഇക്കോണമി നയ രേഖയിലെ പ്രധാന രണ്ട് നിര്‍ദേശങ്ങളിൽ ഒന്നാണ് കടൽ മണൽ ഖനന പദ്ധതി. മറ്റൊന്ന് കടലിൽ കോർപ്പറേറ്റുകൾക്ക് മത്സ്യ കൃഷിക്ക് അനുവാദം നൽകുന്നതിനുള്ള നീക്കമാണ്. നൂറ്റാണ്ടുകളായി കടലിൽ ഉപ്പ്പിടിച്ച് കിടക്കുന്ന മണൽ കരയിലെത്തിച്ച് ശുദ്ധീകരിക്കുമെന്നാണ് വാഗ്ദാനം. ഇതിനുള്ള വെള്ളം ഇറക്കുമതി ചെയ്യുമോ? കേരളത്തിലെ ജലം ഇതിനായി ഉപയോഗിച്ചാൽ തീരദേശം മരുഭൂമിയായി മാറും. അപ്പോൾ നിർമ്മാണ പ്രവർത്തനത്തിനുള്ള മണൽ എന്നതല്ല ധാതു മണലിലാണ് കണ്ണ് വെക്കുന്നതെന്ന് ഉറപ്പ്.
ഏഷ്യയിലെ പ്രധാന മത്സ്യ ഉല്പാദന കേന്ദ്രമായ കൊല്ലം പരപ്പാണ് പ്രധാന ഖനന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളുമായി ബന്ധപ്പെട്ട കൊല്ലം പരപ്പ് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവന കേന്ദ്രമാണ്. കടലിലുണ്ടാകുന്ന എല്ലാ പ്രതിഭാസങ്ങളുടേയും പ്രതിഫലനം ആദ്യം ഉണ്ടാകുന്നത് കേരളത്തിലെ തീരത്താണ്. വൻ തോതിലുള്ള തീരശോഷണവും ഉണ്ടാകുന്നുണ്ട്.
കടലിൽ കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഖനനം ആരംഭിച്ചാൽ അതിന്റെ പ്രത്യാഘാതം തീരത്തും അലയടിക്കും. കടൽ മണൽ ഖനനത്തിനെതിരേയുള്ള സമരം മത്സ്യമേഖലയെ സംരക്ഷിക്കുന്നതിന് മാത്രമല്ല കേരളത്തിന്റെ സംരക്ഷണത്തിനും വേണ്ടിയാണ്.

ടി ജെ ആഞ്ചലോസ്‌
പ്രസിഡന്റ്‌, മത്സ്യത്തൊഴിലാളി
ഫെഡറേഷൻ, എഐടിയുസി

മാരകവിപത്ത്‌; മത്സ്യബാങ്ക് തകരും

നിരവധി പ്രതിസന്ധികൾ മൂലം ഉപജീവനം വഴി മുട്ടി കഴിയുകയാണ്‌ ഫിഷിങ്‌ ബോട്ടുകളുമായി ജീവിതം തളളി നീക്കുന്ന സമൂഹം. നാലായിരത്തിൽപരം ബോട്ടുകളാണ്‌ സംസ്ഥാനത്തെ 26 ഫിഷിങ്‌ ഹാർബറുകളിൽ നിന്ന്‌ മത്സ്യബന്ധനത്തിന്‌ പോയിരുന്നത്‌. എന്നാൽ അവയിൽ മൂവായിരത്തോളം ബോട്ടുകളും പ്രവർത്തനം മതിയാക്കി മാസങ്ങളായി കരയിൽ കെട്ടിയിട്ടിരിക്കുകയാണ്‌. ഇന്ധനചിലവ്‌ ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികൾ മത്സ്യത്തൊഴിലാളികൾ നേരിടുന്നുണ്ട്‌. ഇതിനിടെയാണ്‌ കടൽമണൽ ഖനനം എന്ന മാരകവിപത്തുമായി കേന്ദ്രസർക്കാർ രംഗത്ത്‌ വന്നിരിക്കുന്നത്‌.

കേരള തീരത്ത്‌ കൊല്ലം മുതൽ കായംകുളം വരെയുളള മേഖലയാണ്‌ മത്സ്യബാങ്കായി ശാസ്‌ത്രജ്ഞരും വിലയിരുത്തിയിട്ടുളളത്‌. നിർഭാഗ്യവശാൽ കേന്ദ്രസർക്കാർ ഖനനാനുമതി നൽകിയിരിക്കുന്ന മേഖലകളിലൊന്ന്‌ ഈ മത്സ്യബാങ്കാണ്‌.
കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം പട്ടിണിയിലാകുന്നതിന്‌ മറ്റു കാരണങ്ങൾ തേടേണ്ടതില്ല. ഇന്ധന സബ്‌സിഡി ഇല്ല എന്ന്‌ മാത്രമല്ല ചെറുമീനുകൾ വലയിൽ കുരുങ്ങുന്നതിന്‌ കനത്ത പിഴയും ബോട്ടുടമയും ജീവനക്കാരും അടയ്ക്കേണ്ടി വരുന്നു. ജീവിതം ഇത്തരത്തിൽ വഴിമുട്ടിയ സാഹചര്യത്തിൽ പ്രക്ഷോഭമല്ലാതെ ഞങ്ങൾക്ക്‌ മുന്നിൽ മറ്റു മാർഗങ്ങളില്ല.

കെ കെ പുഷ്‌ക്കരൻ
ചെയർമാൻ, മുനമ്പം-വൈപ്പിൻ
ഫിഷറീസ്‌ കോർഡിനേഷൻ കമ്മിറ്റി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.