25 December 2024, Wednesday
KSFE Galaxy Chits Banner 2

തെരച്ചിൽ

ബഹിയ
September 22, 2024 3:02 am

കാണാതായതൊന്നും തിരയാൻ
എനിക്കിഷ്ടമേയല്ല.
തിരഞ്ഞു തുടങ്ങുമ്പോൾ
പണ്ടു കാണാതായ,
എത്ര തിരഞ്ഞിട്ടും,
അന്ന് കണ്ടെത്താനാകാഞ്ഞ
പലതും പൊന്തിവരും.
ആവശ്യമുള്ളപ്പോഴൊന്നും
എന്നിലേക്കുവരാത്ത,
ആവശ്യമില്ലെന്ന്
ഞാനെന്നെ പഠിപ്പിച്ചു കഴിയുമ്പോൾ മാത്രം
എന്നിലേക്കെത്തിനോക്കി
ഇവിടെയൊക്കെയുണ്ടെന്ന്
വീണ്ടും വീണ്ടും മുറിപ്പെടുത്തുന്ന
നിന്നെയെന്നപ്പോലെ.
അപ്പോഴൊക്കെയും ഞാൻ
എന്നെക്കുറിച്ചോർക്കും,
ഞാനിപ്പോഴും നോർമലായിട്ടില്ലെന്നും
മരുന്നുപേക്ഷിക്കാനാവാത്ത വിധം
ഭ്രാന്തി തന്നെയാണെന്നും
ഓർമ്മവരും. 

പിന്നെ നേരെപ്പോയി
ഗുളികപ്പെട്ടിയെടുക്കും,
മറക്കാനുള്ള
ഉറക്കാനുള്ള
ഉണക്കാനുള്ള
ഗുളികകളങ്ങനെ
കൂടുപൊളിച്ച് നിരത്തുംനേരം
ഒന്നിച്ചവ ഒറ്റയിരുപ്പിന്
തിന്നുതീർത്താലോ എന്നുതോന്നും.
എനിക്കു വേണ്ടി മാത്രം
നാലുവരി കവിതകുറിക്കാനായി
ആരുമില്ലല്ലോ എന്ന സങ്കടം മറന്നപ്പോൾ
മറ്റുള്ളവർ കുറിക്കുന്ന
മരണക്കുറിപ്പുകൾ വായിക്കാൻ
വല്ലാത്ത കൊതിതോന്നും.
മരിച്ചു കഴിഞ്ഞാൽ പിന്നെ
അവ വായിക്കാനാകുമോ എന്ന സംശയത്താൽ,
ചത്തുകിടക്കുന്ന എന്നെ കാണാനും
മരണക്കുറിപ്പുകളും
അനുസ്മരണങ്ങളും
അറിയാനും,
മരിക്കാത്തൊരു ഞാൻ
ആരുമറിയാത്തൊരിടത്ത്
ഒളിച്ചു കഴിയുന്നതോർക്കും.
ചുറ്റും പച്ചപ്പ്,
നീലാകാശം,
താഴ്ന്നിറങ്ങുന്ന വെള്ളക്കോട…
അവിടെ ഞാൻ,

പിന്നെ നീ…
വീണ്ടും ഞാൻ നിന്നിലേക്കെത്തും,
പൊട്ടത്തിയെന്ന് തലക്കടിക്കും
പ്രാന്തിച്ചിയെന്ന് മുടിവലിക്കും
മരിക്കാൻ കൊതിക്കും
ഒറ്റക്കിരിക്കാൻ കൊതിക്കും.
നിറഞ്ഞുവരുന്ന
കണ്ണിലെ നീരും
തിങ്ങിവരുന്ന നെഞ്ചിലെ വിങ്ങലും
കടിച്ചമർത്തി പല്ലിറുമ്മും.
ഓർമ്മയും മറവിയും
സാറ്റ് കളിക്കാൻ തുടങ്ങുംമുമ്പുള്ള
ചുറുചുറുക്കുള്ളോരെന്നെ
ഓർക്കും.
ജീവിതവഴിയിലെവിടെ വെച്ച്
വഴിതെറ്റിയവൾ
എന്നെ പിരിഞ്ഞെന്ന്
വീണ്ടുംവീണ്ടും ഓർത്തുനോക്കും.
ഓർത്തിട്ടുമോർത്തിട്ടും
ഒന്നും പിടികിട്ടാതെ
കാണാതായ എന്നെ
വീണ്ടുംവീണ്ടും ഞാൻ തിരയും.
എത്ര തിരിഞ്ഞിട്ടും
തിരഞ്ഞതൊന്നും കണ്ടുകിട്ടാറില്ലാത്ത ഞാൻ
വീണ്ടുംവീണ്ടും തിരഞ്ഞു വലയും.
അതാണ് ഞാൻ എപ്പഴോ പറഞ്ഞത്;
കാണാതായതൊന്നും തിരയാൻ
എനിക്കിഷ്ടമേയല്ലെന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.