സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് രണ്ടാം ജയം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബിഹാറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. നേരത്തെ ആദ്യ മത്സരത്തിൽ രാജസ്ഥാനെ ഏകപക്ഷീയമായ ഏഴ് ഗോളുകൾക്ക് കേരളം പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതിയിൽ നിജോ ഗിൽബർട്ട് കേരളത്തിനായി രണ്ട് ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ വിശാഖ് മോഹനൻ, അബ്ദു റഹീം എന്നിവരാണ് ബീഹാറിന്റെ വല കുലുക്കിയത്.
ഗോൾ നേടാൻ കേരളം തുടക്കം മുതൽ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിരോധമുയർത്തിയ ബിഹാറിന്റെ വലകുലുക്കാനായില്ല. ആദ്യപകുതിയിൽ ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു നിജോ ഗിൽബർട്ടിന്റെ ആദ്യ ഗോൾ. തുടർന്ന് ഒരു പെനാൽറ്റിയിലൂടെ നിജോ തന്നെ ലീഡ് വർധിപ്പിച്ചു. ആദ്യപകുതിയുടെ 24,28 മിനിറ്റുകളിലാണ് നിജോ ഗിൽബർട്ട് കേരളത്തിനായി ഗോൾ നേടിയത്. എന്നാൽ പിന്നീട് ലഭിച്ച അവസരങ്ങൾ പലതും കേരളത്തിന് ഗോളാക്കാനായില്ല.
രണ്ടാം പകുതിയിൽ ബിഹാർ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. കളിയുടെ എഴുപതാം മിനിറ്റിൽ കോർണറിൽ നിന്ന് മികച്ച ഹെഡറിലൂടെ മുന്ന മന്ദി കേരളത്തിന്റെ വലകുലുക്കി. എന്നാൽ 81-ാം മിനിറ്റിൽ വിശാഖിലൂടെ ഗോൾ നേടി 3–1 ന് മുന്നിലെത്തിയ കേരളം 84-ാം മിനിറ്റിൽ അബ്ദുറഹീമിന്റെ ഗോളിലൂടെ 4–1 ന്റെ വിജയം സ്വന്തമാക്കി. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി കേരളാണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.
രാവിലെ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് രണ്ടിലെ നാലാം മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിൽ മിസോറം ജമ്മു കശ്മീരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കു തോൽപിച്ചു. ആദ്യ പകുതിയുടെ അവസാനത്തോടെ ഇരു ടീമും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ നിന്നു. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ജമ്മു കശ്മീരിന്റെ രണ്ടാം ഗോൾ 57-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പിറന്നു. കളി തീരാൻ പത്തു മിനിറ്റ് ബാക്കി നിൽക്കേ പ്രതിരോധത്തിലേക്ക് മാറിയ ജമ്മു കശ്മീരിനെ ഞെട്ടിച്ചുകൊണ്ട് മിസോറം മിന്നൽ വേഗത്തിൽ ആക്രമിച്ചു രണ്ടു ഗോളുകൾ വലയിലാക്കി. കഴിഞ്ഞ മത്സരത്തിൽ ആന്ധ്രാപ്രദേശിനെ മിസോറാം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ഇന്ന് വൈകിട്ട് 3.30ന് രാജസ്ഥാനും ആന്ധ്രപ്രദേശും കാലിക്കറ്റ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.
English Summary;Second consecutive win for Kerala in Santosh Trophy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.