18 May 2024, Saturday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

സെൻസെക്സ് തകർന്നു: രൂപയും ഇടിഞ്ഞു; നഷ്ടം 6.75 ലക്ഷം കോടി

Janayugom Webdesk
മുംബൈ
May 19, 2022 8:07 pm

ഐടി, മെറ്റൽ ഓഹരികളിലുണ്ടായ വില്പന സമ്മർദ്ദം ഓഹരി സൂചികകൾക്ക് കനത്ത പ്രഹരമായി. സെൻസെക്സ് 1,416 പോയന്റ് തകർന്നു. നിഫ്റ്റി 15,800ന് താഴെയെത്തി. ഒരൊറ്റ ദിവസത്തെ വ്യാപാരത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് 6.75 ലക്ഷം കോടി രൂപയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ കുറഞ്ഞ് ഡോളറിന് 77.72 രൂപ എന്ന നിരക്കിലായി. ചരിത്രത്തില്‍ രൂപയുടെ ഏറ്റവും വലിയ വിലയിടിവാണിത്. 77.58 രൂപയിലായിരുന്നു ബുധനാഴ്ചത്തെ ക്ലോസിങ്. ഇന്നലെ 77.63–77.76 എന്ന നിലയില്‍ ചാഞ്ചാടിയ ശേഷമാണ് 77.72 ല്‍ അവസാനിച്ചത്. ഏറ്റവും താഴ്‌ന്ന നിരക്കില്‍ രൂപ കൂപ്പുകുത്തുന്നത് പത്ത് ദിവസത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ്.

സെൻസെക്സ് 52,792.23ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 430. 90 പോയന്റ് നഷ്ടത്തിലും. വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് കനത്ത ഇടിവ് നേരിട്ടത്. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും അതേതുടർന്നുള്ള മാന്ദ്യ ഭീഷണിയുമാണ് ഐടി ഓഹരികൾ വിറ്റൊഴിയാൻ നിക്ഷേപകർക്ക് പ്രേരണയകുന്നത് എന്നാണ് വിലയിരുത്തൽ.

യുഎസ് വിപണിയിൽ ഇന്നലെ ഒറ്റദിനം നഷ്ടമായത് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ്. നാസ്ഡാക്കും എസ് ആന്റ് പി 500 ഉം മൂന്ന് ശതമാനം ഇടിഞ്ഞു. ഇതിന്റെ ചുവടു പിടിച്ച് ഏഷ്യൻ ഇക്വിറ്റികളും രാവിലെ മുതൽ ഇടിഞ്ഞുതുടങ്ങി. ജപ്പാന് പുറത്തുള്ള എംഎസ്‍സിഐയുടെ ഏഷ്യ‑പസഫിക് ഓഹരികളുടെ സൂചിക 2.3 ശതമാനം ഇടിഞ്ഞു.

വിലക്കയറ്റം രൂക്ഷമാകും

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി സാധനങ്ങളുടെ വില ഉയർത്തും. ആദ്യന്തരവിപണിയില്‍ വിലക്കയറ്റം രൂക്ഷമാക്കും. വിദേശയാത്രച്ചെലവും ഉയരും. എണ്ണവില രാജ്യാന്തര വിപണിയിൽ ഉയരുന്നതും ഇന്ത്യൻ കറൻസിക്ക് തിരിച്ചടിയാണ്. കുതിക്കുന്ന പണപ്പെരുപ്പവും അതിനെ ചെറുക്കാന്‍ കര്‍ശന വായ്പാ നയം സ്വീകരിക്കേണ്ടിവരുന്നതും രാജ്യത്തെ വളര്‍ച്ചയെ ബാധിച്ചേക്കുമെന്ന ഭീതിയാണ് മൂല്യം ഇടിയുന്നതിനു പിന്നില്‍. യുഎസ് ട്രഷറിയുടെ ആദായം ഉയരുന്നതും വിദേശനിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നതും രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമാകുന്നതും രൂപയ്ക്കു തിരിച്ചടിയാകുന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തുന്നത്.

Eng­lish Summary:Sensex falls, rupee falls
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.