26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 23, 2024
October 15, 2024
August 7, 2024
July 19, 2024
July 11, 2024
July 9, 2024
June 19, 2024
March 10, 2024
January 26, 2024
December 27, 2023

സെപ്റ്റേജ് മാലിന്യ ശേഖരണം: പുരസ്കാര നിറവിൽ തിരുവനന്തപുരം നഗരസഭ

Janayugom Webdesk
തിരുവനന്തപുരം
November 30, 2021 10:06 pm

ഡിജിറ്റൽ ഇന്ത്യയിലെ 75 വിജയകഥകളിൽ തിരുവനന്തപുരം നഗരസഭയുടെ സെപ്‌റ്റേജ് മാലിന്യ ശേഖരണ സംവിധാനവും ഇടംപിടിച്ചു. കേരളത്തിൽ നിന്ന് പട്ടികയില്‍ ഇടംനേടിയ രണ്ടു പദ്ധതികളിലൊന്നാണ് തിരുവനന്തപുരം കോര്‍പറേഷന്റേത്.

സെപ്‌റ്റേജ് ശേഖരിച്ച് കൊണ്ടുപോകുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ സാധിച്ചതിനൊപ്പം ജലസ്രോതസ്സുകൾ മലിനമാകുന്നതിൽ നിന്ന് രക്ഷനേടാനും കോർപ്പറേഷന്റെ ഈ ഇ‑ഗവേണൻസ് പദ്ധതിയിലൂടെ സാധിക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. നേരത്തേ അനധികൃതമായി ശേഖരിച്ച് പൊതുസ്ഥലങ്ങളിൽ തള്ളിയിരുന്ന സെപ്‌റ്റേജ് മാലിന്യം ഇപ്പോൾ നഗരസഭയുടെ ഔദ്യോഗിക മേൽനോട്ടത്തിൽ നേരിട്ടു ശേഖരിച്ച് ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. നഗരസഭയുടെ സംവിധാനങ്ങളും പ്രവർത്തനരീതിയും റീ-എൻജിനീയറിങ് ചെയ്തതിനൊപ്പം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, സേവനദാതാക്കൾ തുടങ്ങി സകലരുടേയും സമീപനത്തിലും ചിന്താധാരയിലും മാറ്റം കൊണ്ടുവരാനും ഈ പദ്ധതിക്കു കഴിഞ്ഞതായി മന്ത്രാലയം പറയുന്നു.

പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന സമയപരിധിയിൽ വലിയ തോതിലുള്ള മാറ്റമാണ് വന്നിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ സേവനം ലഭ്യമാണ്. സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്ലിക്കേഷൻ വഴി തങ്ങളുടെ ബുക്കിങിന്റെ സ്ഥിതി അപ്പപ്പോൾ അറിയാം. സെപ്‌റ്റേജ് എടുക്കാനെത്തുന്ന വാഹനത്തിന്റെ നമ്പർ, ഡ്രൈവറുടെ വിവരങ്ങൾ, എത്തുന്ന സമയം എല്ലാം വിരൽത്തുമ്പിൽ ലഭിക്കും. കോൾ സെന്ററിൽ വിളിച്ചോ ഓൺലൈൻ വഴിയോ പരാതി ബോധിപ്പിച്ചാൽ അപ്പോൾ തന്നെ അതിന് പരിഹാരം കാണുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2019 ഏപ്രിൽ 18നാണ് സമാനതകളില്ലാത്ത ഈ പദ്ധതിക്ക് കോർപറേഷൻ തുടക്കമിടുന്നത്. ഇതുവരെ ഏതാണ്ട് 12 കോടി ലിറ്ററിലേറെ സെപ്‌റ്റേജ് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ചുകഴിഞ്ഞു. 9.83 കോടി രൂപയാണ് ഇതിനായി ആളുകൾ കോർപറേഷനിൽ അടച്ചത്. അതിൽ 2.3 കോടി രൂപ തിരുവനന്തപുരം കോർപറേഷന്റെ സർവീസ് ചാർജാണ്. 18 ശതമാനം ജിഎസ്‌ടി കഴിഞ്ഞുള്ള തുക ടാങ്കർ ലോറിക്കാർക്കും നൽകി. മുപ്പതോളം വാഹനങ്ങളാണ് ഇതിനായി ഓടുന്നത്. കോർപറേഷന്റെ രണ്ടു വാഹനം ഒഴികെ ബാക്കിയെല്ലാം ലൈസൻസോടെ ഓടുന്ന സ്വകാര്യ ടാങ്കറുകളാണ്. നേരത്തേ അനധികൃതമായി സെപ്റ്റേജ് ശേഖരിച്ചിരുന്നവയാണ് ഇവ. ബാങ്ക് അക്കൗണ്ട് വഴി മാത്രമാണ് വാഹന ഉടമകള്‍ക്ക് പണം കൈമാറുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കോര്‍പറേഷനു പുറമേ സമീപത്തെ 11 പഞ്ചായത്തുകളിലേക്കുകൂടി ഈ സേവനം തിരുവനന്തപുരം നഗരസഭ വ്യാപിപ്പിച്ചിട്ടുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്‍റര്‍ നമ്പര്‍ 9496434488/ 0471 2377701 തിരുവനന്തപുരം നഗരപരിധിയില്‍ Smart Trivan­drum മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും തൊട്ടടുത്ത പഞ്ചായത്തുകളില്‍ https://smarttvm. tmc.lsgkerala. gov.in എന്ന ലിങ്കു വഴിയും ബുക്കുചെയ്യാവുന്നതാണ്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവന്‍ ജീവനക്കാരെയും മേയർ ആര്യ രാജേന്ദ്രന്‍ അഭിനന്ദിച്ചു.

Eng­lish Sum­ma­ry: Sep­tage Waste Col­lec­tion: Thiru­vanan­tha­pu­ram wins award
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.