30 May 2024, Thursday

ഗ്രീന്‍ ക്രെഡിറ്റ് പദ്ധതി‘യിലെ ചതിക്കുഴികള്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
May 9, 2024 4:30 am

ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, കേന്ദ്രസര്‍ക്കാരിന്റെ ‘ഹരിത വായ്പാ പരിപാടി’- ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം- യുമായി ബന്ധപ്പെട്ട ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. വനവല്‍ക്കരണം സംബന്ധിച്ചുള്ള നിയമങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ അവര്‍ അവകാശപ്പെടുന്നത് വെറുതേ വൃക്ഷത്തെെകള്‍ നട്ടുപിടിപ്പിക്കുന്നതിനപ്പുറം വനവല്‍ക്കരണം യാഥാര്‍ത്ഥ്യമാക്കുക, അങ്ങനെ നമുക്കുചുറ്റും ഒരു പുതിയ ഇക്കോ സിസ്റ്റം വികസിപ്പിച്ചെടുക്കുക എന്നതാണത്രെ. ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ ഏപ്രില്‍ 22ന് നമ്മുടെ രാജ്യവും ലോകരാജ്യങ്ങളോടൊപ്പം ‘ഭൗമദിനം’ ആചരിക്കുകയും, സെമിനാറുകളിലും ചര്‍ച്ചകളിലും വനവല്‍ക്കരണത്തിന്റെ പ്രാധാന്യം ഇടം കണ്ടെത്തുകയും ചെയ്തിരുന്നു. കേന്ദ്രത്തില്‍ രണ്ടാം വട്ടവും അധികാരത്തിലെത്തിയതിന് ശേഷം 2023 ഒക്ടോബറിലാണ് ‘മിഷന്‍ ലെെഫ്’ എന്ന ഓമനപ്പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം’ ഔപചാരികമായി പ്രഖ്യാപിക്കുന്നത്. ഭൂമിയിലെ നിലവിലുള്ള ഹരിതാവരണം ശാശ്വതമായി നിലനിര്‍ത്തുക, വിഭവങ്ങളുടെ പാഴാക്കല്‍ ഒഴിവാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. അതേയവസരത്തില്‍, ഈ പദ്ധതി തീര്‍ത്തും നവീനമായതും വിപണി അടിസ്ഥാനമാക്കിയുള്ളതുമായ പരിപാടിയായിരിക്കും എന്നുകൂടി സൂചിപ്പിക്കുന്നു. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുവഴി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനാകും എന്നാണ് കരുതുന്നത്. ഈ പദ്ധതിക്ക് കീഴില്‍ തയ്യാറാക്കുന്ന പരിപാടികളില്‍ പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള വ്യക്തികളെയും സംഘടനകളെയും നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹനം നല്‍കുക എന്നതാണ് കേന്ദ്രപരിസ്ഥിതി വകുപ്പിന്റെ ലക്ഷ്യം. വനവല്‍ക്കരണം, ജലസംരക്ഷണം, അന്തരീക്ഷ‑വായു മലിനീകരണ പ്രതിരോധം, മാലിന്യ മാനേജ്മെന്റും സംസ്കരണവും തുടങ്ങിയവയ്ക്കായി നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഗ്രീന്‍ ക്രെഡിറ്റ്’ കാര്‍ഡുകള്‍ പ്രോത്സാഹനാര്‍ത്ഥം നല്‍കും.

പ്രത്യേക വെെദഗ്ധ്യവും, ശാസ്ത്രാവബോധവും അവശ്യം ഉണ്ടായിരിക്കേണ്ട ഈ പദ്ധതിയുടെ നടത്തിപ്പിന് ഒരു പ്രത്യേക വിഭാഗം തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ സജ്ജമാക്കും. സ്വയംഭരണ സ്വഭാവമുള്ള ഈ വകുപ്പ് പ്രവര്‍ത്തനം നടത്തുക ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്റ്റ് റിസര്‍ച്ച് ആന്റ് എജ്യുക്കേഷന്‍ (ഐസിഎഫ്ആര്‍ഇ) എന്ന സംവിധാനത്തിന് കീഴിലായിരിക്കും. ഗ്രീന്‍ ക്രെഡിറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള അടിസ്ഥാനതത്വങ്ങളും രീതിശാസ്ത്രങ്ങളും തീരുമാനിക്കുക ഈ ഏജന്‍സിയായിരിക്കും. ഈവിധത്തില്‍ തയ്യാറാക്കുന്ന ക്രെഡിറ്റുകള്‍ കെെമാറ്റം ചെയ്യാനും സംവിധാനമുണ്ടാകും. ഇതിലേക്കായി ഒരു പ്രത്യേക പ്ലാറ്റ്ഫോമും സജ്ജീകരിക്കപ്പെടുന്നതാണ്. അതായത്, ക്രെഡിറ്റ് ട്രേഡിങ് സംവിധാനം തന്നെ.
2024 ഫെബ്രുവരിയില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം, ഗ്രീന്‍ ക്രെഡിറ്റ് പരിപാടിയുടെ ആദ്യ ഇനമായ വനവല്‍ക്കരണം നടപ്പാക്കുന്നതിനാവശ്യമായ നിയമങ്ങള്‍ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കി. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്വയം രംഗത്തുവന്ന് അവര്‍ തിരഞ്ഞെടുക്കുന്ന ഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിന്, നിശ്ചിത തുക സര്‍ക്കാരിന് ലഭ്യമാക്കാന്‍ തയ്യാറാകുന്നപക്ഷം അതിനുള്ള അനുമതി കിട്ടുന്നതാണ്. സംസ്ഥാന വനംവകുപ്പുകളുടെ ആഭിമുഖ്യത്തിലായിരിക്കും മരം നടുക. നടീല്‍ കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വനഗവേഷണ‑വിദ്യാഭ്യാസ കൗണ്‍സിലിന്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം പുതുതായി നട്ടുവളര്‍ത്തിയ ഓരോ വൃക്ഷത്തിനും ഒരു ‘ഗ്രീന്‍ ക്രെഡിറ്റ്’ വീതം അനുവദിച്ചുനല്‍കും.

‘ദി ഹിന്ദു’ ദിനപത്രം നടത്തിയ വനവല്‍ക്കരണ സംബന്ധമായ പഠനം കണ്ടെത്തിയത് 13 സംസ്ഥാനങ്ങളിലായി 10,983 ഹെക്ടര്‍ പാഴായിക്കിടക്കുന്ന വനഭൂമിയില്‍പ്പെടുന്ന 387 ഭൂപ്രദേശങ്ങളില്‍ വനവല്‍ക്കരണ പ്രക്രിയ പ്രയോഗത്തിലായിട്ടുണ്ടെന്നാണ്. നിര്‍ദിഷ്ട വ്യവസ്ഥകളനുസരിച്ച് പ്രവര്‍ത്തനം നടത്തിയവര്‍ക്ക് അതിലേക്കായി ആവശ്യമായി വന്ന കൃത്യമായ ചെലവ് വഹിക്കാന്‍ വേണ്ട മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തന്നെ സജ്ജമാക്കും. വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, പവര്‍ഗ്രിഡ്, നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പറേഷന്‍, ഓയില്‍ ഇന്ത്യ, കോള്‍ ഇന്ത്യ, നാഷണല്‍ ഹെെഡ്രോ പവര്‍ കോര്‍പറേഷന്‍ തുടങ്ങിയവ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധമായിട്ടുണ്ടെന്നത് തികച്ചും സ്വാഗതാര്‍ഹം തന്നെയാണ്.
ഗ്രീന്‍ കാര്‍ഡ് പരിപാടി ഒറ്റനോട്ടത്തില്‍ സ്വാഗതാര്‍ഹമാണെങ്കിലും അത് പ്രയോഗത്തിലാക്കാന്‍ തുടങ്ങിയതോടെ വിമര്‍ശനങ്ങള്‍ക്കും പഞ്ഞമില്ലാതായി. ഒന്ന്, പരിസ്ഥിതി സംരക്ഷണം എന്നത് വെറും ഒരു ചരക്കിന്റെ നിലവാരത്തിലേക്ക് തരംതാഴ്ത്തപ്പെടുകയായിരുന്നു. വനവല്‍ക്കരണം എന്ന മഹത്തായ ആശയം ഒരു സാധാരണ വ്യവസായമോ, വ്യാപാരമോ എന്ന നിലയിലാക്കപ്പെട്ടു. വ്യവസായികളുടെ കൂടി ധനകാര്യ പങ്കാളിത്തത്തോടെ നടക്കുന്ന വനവല്‍ക്കരണം സ്വാഭാവികമായും അവരുടെ താല്പര്യങ്ങള്‍ക്കനുസൃതമാകാന്‍ നിര്‍ബന്ധിതമാവുമല്ലോ. വനവല്‍ക്കരണം ലക്ഷ്യമാക്കി നട്ടുവളര്‍ത്തിയ അമൂല്യമായ വൃക്ഷങ്ങള്‍ അനിയന്ത്രിതമായ വിധത്തില്‍ വ്യാവസായിക, വ്യാപാര, റിയല്‍ എസ്റ്റേറ്റ് താല്പര്യ സംരക്ഷണത്തിനായി അനധികൃതമായി മുറിച്ചുമാറ്റുന്ന പ്രക്രിയ നമ്മുടെ സംസ്ഥാനത്തുപോലും നിത്യസംഭവമായി മാറ്റിയിരിക്കുകയാണ്. മുട്ടില്‍ മുതല്‍ സുഗന്ധഗിരി വരെ ഇതിന് തെളിവാണ്.

വനവല്‍ക്കരണത്തിന് പകരം കിട്ടുന്ന ക്രെഡിറ്റുകള്‍ ഒരു അംഗീകാരമാണെങ്കിലും അവ വനനശീകരണത്തിന്റെ പേരില്‍ പിടിക്കപ്പെടുകയും പുനര്‍വനവല്‍ക്കരണ ബാധ്യത ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നവരിലേക്ക് തന്നെ നഷ്ടപരിഹാരമെന്ന നിലയില്‍ കെെമാറ്റം ചെയ്യപ്പെടാം എന്ന വിചിത്രമായ വ്യവസ്ഥ നിലനില്‍ക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, നിയമാനുസൃതം മരങ്ങള്‍ നട്ടുവളര്‍ത്തുകയും അവയുടെ സംരക്ഷണത്തിലൂടെ വനസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് കിട്ടുന്ന ക്രെഡിറ്റ്, അതിനെതിരായി നിലകൊള്ളുന്നവര്‍ക്കുള്ള നഷ്ടപരിഹാര ചെലവ് നിര്‍വഹണത്തിനായി വിനിയോഗിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നര്‍ത്ഥം. ഖനനത്തിനും ആന്തരഘടനാ പദ്ധതിനിര്‍വഹണത്തിനുമായി വനസമ്പത്തിന്റെ ദുര്‍വിനിയോഗമാണ് ഇതിലൂടെ നടക്കുന്നതെന്നും കരുതാവുന്നതാണ്. വൃക്ഷത്തെെകള്‍ നട്ടതുകൊണ്ട് മാത്രം ഇക്കോസിസ്റ്റം ശക്തിപ്രാപിക്കണമെന്നുമില്ല. ഇന്ത്യയിലാണെങ്കില്‍ 200ത്തില്‍പ്പരം വെെവിധ്യമാര്‍ന്ന വനങ്ങളാണുള്ളത്. അതില്‍ ഓരോന്നിലും പ്രത്യേകതരം വൃക്ഷത്തെെകളുടെ നടീല്‍പ്രക്രിയ വേണ്ടിവരും. ചിലതില്‍ പുല്ലുകളായിരിക്കും സുലഭമായിരിക്കുക; മറ്റു ചിലതില്‍ കുറ്റിക്കാടുകളും മൂന്നാമതൊരിടത്ത് വന്‍മരങ്ങളായിരിക്കും എളുപ്പത്തില്‍ വളരുക. തീരപ്രദേശങ്ങളിലാണെങ്കില്‍ കണ്ടല്‍ക്കാടുകളായിരിക്കും പരിസ്ഥിതിസൗഹൃദമായി വളരുക. ഇത്തരം വെെവിധ്യങ്ങള്‍ കണക്കിലെടുക്കാതെ വനവല്‍ക്കരണ പദ്ധതിക്ക് ഒരുമ്പെടുന്നത് ഇക്കോസിസ്റ്റത്തെ അപ്പാടെ തകര്‍ക്കുന്നതിലേക്കായിരിക്കും കാര്യങ്ങള്‍ കൊണ്ടെത്തിക്കുക. തന്മൂലം പ്രകൃതിയുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇണങ്ങി, നിബിഡമായി വളര്‍ന്നുവരുന്ന വനപ്രദേശങ്ങള്‍ തീര്‍ത്തും നാശോന്മുഖമാകാനും സാധ്യതകളേറെയാണ്.
മനുഷ്യന്‍ വ്യാപകമായി വനഭൂമി കയ്യേറുന്നതിന്റെ ഫലമായി വന്യമൃഗങ്ങള്‍ ജനവാസപ്രദേശങ്ങളിലേക്ക് കടന്നുകയറ്റം നടത്തുന്നതിന്റെ നേര്‍ക്കാഴ്ചകളിലൂടെയാണല്ലോ സമീപകാലത്ത് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സമാനമായ അനുഭവമായിരിക്കും ഭൗമശാസ്ത്ര സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത വനവല്‍ക്കരണം നമ്മുടെ ഇക്കോസിസ്റ്റത്തിനുണ്ടാക്കുക. നാനാത്വത്തിന് പകരം ഏകത്വം മനുഷ്യസമൂഹത്തിന്റെ സുഗമമായ സംസ്കാരിക സാമ്പത്തിക വളര്‍ച്ചയ്ക്കും പുരോഗതിക്കും പ്രതിബന്ധം സൃഷ്ടിക്കുന്നതുപോലെ തന്നെ, പ്രകൃതിക്ക് ഇണങ്ങാത്തവിധം വനവല്‍ക്കരണത്തിന് ഒരുമ്പെടുമ്പോഴും ഇത്തരം പ്രതിബന്ധങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നുറപ്പാണ്. ഗ്രീന്‍ ക്രെഡിറ്റ് പദ്ധതിയിലൂടെ വൃക്ഷങ്ങളില്‍ നിന്നും കാര്‍ബണ്‍ ശേഖരിക്കുകയും പ്രസ്തുത ശേഖരം വ്യാപാരാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നത് ആശാസ്യമല്ലെന്നാണ് പരിസ്ഥിതി സംരക്ഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം.
പരിസ്ഥിതി ശാസ്ത്രജ്ഞന്മാരില്‍ നിന്നും പരിസ്ഥിതി സംഘടനകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും കണക്കിലെടുത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിവിധ സംസ്ഥാനങ്ങള്‍ക്ക് ഏതാനും മാര്‍ഗനിര്‍ദേശങ്ങള്‍ ഗ്രീന്‍ ക്രെഡിറ്റ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അയച്ചുകൊടുത്തിരിക്കുകയാണ്. നാശോന്മുഖമായ വനങ്ങളുടെ വീണ്ടെടുക്കലും സംരക്ഷണവുമായി ബന്ധപ്പെട്ട് എത്ര ചെലവ് ആവശ്യമായി വരുമെന്ന് ഏകദേശ കണക്ക് തയ്യാറാക്കുകയാണ് പ്രാഥമികമായി ചെയ്യാനുള്ളത്. ചുരുങ്ങിയത് ഹെക്ടര്‍ ഒന്നിന് 1,100 വൃക്ഷത്തൈകളെങ്കിലും നട്ടാല്‍ മാത്രമേ പ്രസ്തുത പ്രദേശത്തെ വീണ്ടെടുക്കപ്പെട്ട ഒരു വനമായി അംഗീകരിക്കൂ എന്നാണ് വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നത്. ഈ വിഭാഗത്തില്‍ എത്ര പ്രദേശങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുകയാണ് ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. എന്നാല്‍, പുനര്‍നിര്‍മ്മിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലുള്ള ഈ വിഭാഗം വനങ്ങളെല്ലാം വൃക്ഷസാന്ദ്രതയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നവയായിരിക്കില്ല. ഇക്കൂട്ടത്തില്‍ ചിലതെങ്കിലും കുറ്റിച്ചെടികളും ഔഷധച്ചെടികളും പുല്‍മേടുകളും നിറഞ്ഞുനില്‍ക്കുന്നവയായിരിക്കാമെന്നതിനാല്‍ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടാനിടയുണ്ട് എന്നതും ഒരു വസ്തുതയാണ്.
കേന്ദ്ര പരിസ്ഥിതിവകുപ്പും മന്ത്രാലയവും നടത്തിയിരിക്കുന്ന വിലയിരുത്തലിന്റെ കാതലായ വശവും ഇതാണ്. അതായത്, ഇക്കോസിസ്റ്റത്തിന്റെ പുനര്‍നിര്‍മ്മിതിയുടെ ഭാഗമായുള്ള പരിഗണനയ്ക്ക് അര്‍ഹത വേണമെങ്കില്‍ തദ്ദേശീയമായ ചെടികളായിരിക്കണം നട്ടുവളര്‍ത്തേണ്ടത്. ഈ മാനദണ്ഡം കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകുമെങ്കില്‍ അത് സ്വാഗതാര്‍ഹവുമാണ്. എന്നാല്‍, ഇതൊക്കെ പ്രയോഗത്തില്‍ വരുന്നതിന് ‘മോഡിയുടെ ഗ്യാരന്റി’ എത്രമാത്രം വിജയിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഭ്രാന്തമായ ആവേശത്തെ തുടര്‍ന്ന് പുറത്തുവരുന്നത് ‘ഗ്യാരന്റികള്‍’ പലതും പരിസ്ഥിതി നാശത്തിനായിരിക്കും ഇടയാക്കുക.
വനവല്‍ക്കരണത്തിന്റെയും വനസംരക്ഷണത്തിന്റെയും ലക്ഷ്യത്തിലുള്ള പരിപാടിയാണ് ‘ഗ്രീന്‍ ക്രെഡിറ്റ് പദ്ധതി‘യും ബന്ധപ്പെട്ട നിയമവും എന്നാണ് മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനമെങ്കിലും പരിസ്ഥിതി-വനാവകാശ പ്രവര്‍ത്തകരും സംഘടനകളും ഇതിനെ ചോദ്യം ചെയ്യുന്നു. ഫലത്തില്‍ 2023 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിര്‍ദിഷ്ട ബില്‍ വനനശീകരണത്തിനും വനവാസി സമൂഹത്തിന്റെ നിലനില്പിനും ഭീഷണിയാകുന്ന ഒന്നായിരിക്കുമെന്നാണ് അവര്‍ അടിവരയിട്ട് ആവര്‍ത്തിക്കുന്നത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍), ലെറ്റ് ഇന്ത്യ ബ്രീത്ത്, ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍ കര്‍ണാടക, സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി, സേവ് ഇന്ത്യ കളക്ടീവ് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ ഇതു സംബന്ധിച്ച കത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.
പരിസ്ഥിതി വാദികള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ നിസാരമായി കാണരുത്. തോട്ടവിളകളുടെ വ്യാപനവും സംരക്ഷണവും ‘മോണോ കള്‍ച്ചര്‍’ പ്രോത്സാഹന പദ്ധതികളും ആകര്‍ഷകമായ ഉത്തേജനങ്ങളില്ലാതെ ആരും ഏറ്റെടുക്കില്ലല്ലോ. പുതിയൊരു ഇക്കോ സിസ്റ്റം യാഥാര്‍ത്ഥ്യമാക്കുകയാണ് ഹരിത ക്രെഡിറ്റ് പദ്ധതിയുടെ ലക്ഷ്യമെന്ന് പറയുമ്പോള്‍ത്തന്നെ ഇതിന്റെ നടത്തിപ്പിലേക്കായി വിപണി വ്യവസ്ഥയെ മാത്രം ആശ്രയിക്കാന്‍ താല്പര്യപ്പെടുന്ന വന്‍കിട കോര്‍പറേറ്റ് നിക്ഷേപകരായിരിക്കും രംഗത്തുവരിക. അവര്‍ക്ക് താല്പര്യം സര്‍ക്കാര്‍ ഒരുക്കുന്ന നിയമത്തിന്റെ സംരക്ഷണ വലയത്തിനുള്ളില്‍ നിലയുറപ്പിച്ച് വനവല്‍ക്കരണത്തിന്റെ മറവില്‍ കാര്‍ബണ്‍ നിര്‍മ്മാണവും വ്യാപാരവും മാത്രമല്ല, ഗ്രീന്‍ ക്രെഡിറ്റിന്റെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും അതിന് അനുയോജ്യമായൊരു പ്രത്യയശാസ്ത്രവും തത്വശാസ്ത്രവും കരുപ്പിടിപ്പിച്ചെടുക്കാനുമായിരിക്കും. പ്രകൃതിയുടെ അനുഗ്രഹമായ വനസമ്പത്തിന്റെ സംരക്ഷണവും ജൈവവൈവിധ്യ പ്രോത്സാഹനവും ബലികഴിക്കുന്നതിന് പകരം പുതിയൊരു ഇക്കോസിസ്റ്റം സാധ്യമാക്കാന്‍ ഗ്രീന്‍ ക്രെഡിറ്റ് പദ്ധതി സഹായകമാകുമെന്ന അവകാശവാദത്തെയാണ് പരിസ്ഥിതി സംഘടനകള്‍ ശക്തമായി എതിര്‍ക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണമല്ല ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുക, നിലവിലുള്ള വൈവിധ്യം നല്‍കുന്ന ആനുകൂല്യങ്ങളുടെ സഹായത്തോടെ പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുകയും അവയെ ആശ്രയിക്കുന്നതിലൂടെ സ്വന്തം ജീവനോപാധികള്‍ കണ്ടെത്തുകയും ചെയ്തുവരുന്ന പതിനായിരക്കണക്കിന് വനാശ്രിത ആദിവാസി സമൂഹത്തെ കുടിയിറക്കുക എന്നതായിരിക്കും. ഈ വസ്തുത കേന്ദ്ര ഭരണകൂടം തിരിച്ചറിഞ്ഞേ തീരൂ; സംസ്ഥാന ഭരണകൂടങ്ങളും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.