കേന്ദ്ര രാസവളം മന്ത്രാലയത്തിൽ നിന്നും കേരളത്തിനുള്ള രാസവളം അലോട്ട്മെന്റ് കുറഞ്ഞതോടെ സംസ്ഥാനത്ത് രാസവളത്തിന് കടുത്ത ക്ഷാമം. വിളകൾക്ക് വളപ്രയോഗം നടത്താനുള്ള സീസൺ ആയതിനാൽ വളത്തിന് നേരിടുന്ന ക്ഷാമവും വില വർധനവും കർഷകരെ ദുരിതത്തിലാക്കുന്നു. ചില്ലറ വില്പന ശാലകളിലും വളം ഡിപ്പോകളിലും കർഷകർ സാധാരണ ഉപയോഗിക്കുന്ന വളം കിട്ടാനില്ല. യൂറിയ, പൊട്ടാഷ്, ഫാക്ടം ഫോസ്, മിശ്രിത വളങ്ങൾ എന്നിവക്കാണ് കൂടുതൽ ക്ഷാമം നേരിടുന്നത്.
അതേസമയം അസംസ്കൃത വസ്തുക്കളുടെ വില കൂടിയത് വളത്തിന്റെ വില വർധനയ്ക്കും ഇടയാക്കിയിട്ടുണ്ട്. രാസവള വില്പന രംഗത്ത് സുതാര്യത ഉറപ്പുവരുത്തുന്നതിനും സബ്സിഡി നിരക്കിൽ ലഭിക്കുന്ന രാസവളങ്ങൾ കർഷകന് തന്നെ ലഭിക്കുന്നതിനുമായി ഡിബിടി(ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ ) പദ്ധതി പ്രകാരം റേഷൻ കടകളിൽ നടപ്പാക്കിയ മാതൃകയിൽ പിഒഎസ് (പോയിന്റ് ഓഫ് സെയിൽസ് )മെഷീനുകളിൽ ആധാർ കാർഡ് നമ്പർ അടിച്ചതിന് ശേഷം വിരലടയാളം ശേഖരിച്ചശേഷം വളം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ പല സൊസൈറ്റികളും ഈ മാതൃക സ്വീകരിക്കാത്തതുകാരണം വളം വിറ്റു തീർന്നാലും കണക്കുകളിൽ വൻതോതിൽ സ്റ്റോക്ക് ഉള്ളതായി കാണും. ഇതും വളം അലോട്ട്മെന്റ് ലഭിക്കാത്തതിന് കാരണമായിട്ടുണ്ട്.
വളം വില്പനക്ക് പി ഒ എസ് മെഷീൻ ഉപയോഗിക്കാത്ത വില്പനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദിന് വേണ്ടി റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിക്കുകയുണ്ടായി. ഇക്കാര്യത്തിൽ പരിശോധനകൾ വേഗത്തിൽ ഉണ്ടായാൽ വീഴ്ച പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്. സമീപ കാലയളവിൽ വളം ഇറക്കുമതിയിൽ വന്നിട്ടുള്ള കുറവും സംസ്ഥാനത്തിനുള്ള വിഹിതം കൃത്യമായി ലഭിക്കാത്തതുമാണ് രാസവളത്തിന്റെ ക്ഷാമത്തിന് കാരണമെന്ന് അഗ്രോ ഇൻപുട്സ് ഡീലേഴ്സ് അസോസിയേഷൻ കേരളയുടെ ജില്ലാ സെക്രട്ടറി പി എസ് ജയൻ പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും രാസവളം ഉല്പാദനത്തിലും വിൽപ്പനയിലും ഫാക്ട് കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം 66,034 മെട്രിക് ടൺ രാസവളങ്ങൾ വിറ്റഴിച്ചിരുന്നു. 2019–20 സാമ്പത്തിക വർഷത്തിൽ 11,29,476 മെട്രിക് ടൺ രാസവളങ്ങൾ വിറ്റഴിക്കാനും ഫാക്ടിന് കഴിഞ്ഞു.
english summary;Severe shortage of fertilizers in kerala
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.