ലൈംഗികത എന്നത് എല്ലാ ജീവജാലങ്ങളിലും പ്രകൃതിദത്തമായി ജീനുകളിൽ കുടികൊള്ളുന്ന ജൈവപരമായ ഒരു സവിശേഷ ഗുണമാണ്. ആധുനിക മനുഷ്യനെ സംബന്ധിച്ച് ലൈംഗികത പ്രത്യുല്പാദനത്തിന് ഉപരിയായി വളരെ സുപ്രധാനമായ ആരോഗ്യപരവും മാനസികോല്ലാസപരവും ആത്മീയവും ശാരീരികവും ജൈവീകവുമായ ഒരു ജീവിത ശൈലിയാണ്. അത് പുരുഷന്റെയും സ്ത്രീയുടെയും സംസ്കാരവുമാണ്.
ആരോഗ്യപരമായ ലൈംഗിക പ്രവർത്തനം മനുഷ്യന്റെ മാനസികാരോഗ്യം വർധിപ്പിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നു. മാനസിക ആരോഗ്യമുള്ള വ്യക്തികൾ കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാണ്. അതുകൊണ്ട് തന്നെ തുല്യതയും നീതിയും പുലരുന്ന ജനാധിപത്യത്തിന്റെ ഇടങ്ങളായി എല്ലായിടങ്ങളെയും മാറ്റേണ്ടതുണ്ട്.
ഇന്ന് പൊതുസമൂഹത്തിൽ നടക്കുന്ന സ്ത്രീ-പുരുഷ ഇടപെടലുകൾ ഒട്ടനവധി മുൻവിധികളിലൂടെയാണ് നടക്കുന്നത്. ഇത്തരം മുൻവിധികളുടെ കേന്ദ്രസ്ഥാനം കയ്യാളുന്നത് സ്ത്രീലൈംഗികതയിലുമാണ്. നമ്മുടെ മുൻവിധികൾ, സ്ത്രീ പുരുഷ ഇടപെടലുകളിൽ നിന്നും ഉരുത്തിരിഞ്ഞുവരേണ്ട നെല്ലിനെയും പതിരിനെയും വേർതിരിച്ചെടുക്കുന്ന വിശകലന ശേഷിയെ സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും അപഹരിക്കുന്നു. സമൂഹത്തിന്റെ ഈയൊരു അപഹരിക്കൽ ശേഷി അനുദിനം വർധിച്ചുവരുന്നു എന്നതിനർത്ഥം തങ്ങൾക്ക് തുല്യരായി സ്ത്രീകളെ കണക്കാക്കുന്നതിനുള്ള പുരുഷന്മാരിലെ സമത്വ ചിന്താശേഷി കുറഞ്ഞു വരുന്നു എന്നതാണ്. ഈയൊരു സാമൂഹിക അവസ്ഥാ വിശേഷത്തെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ എണ്ണവും വർധിക്കുന്നില്ലെ? അതായത് സ്വാതന്ത്ര്യം, സമത്വം എന്നീ പുരോഗമന ആശയങ്ങളെ പുറത്തുനിർത്തി ആധുനിക ലോകത്തിന്റെ എല്ലാ സുഖങ്ങളെയും സൗഭാഗ്യങ്ങളെയും ചേർത്തുപിടിക്കാൻ വ്യക്തിജീവിതത്തിൽ ഏവരും ധൃതി കാട്ടുന്നു.
ഈ ചേർത്തുപിടിക്കൽ സംസ്കാരത്തെ അവർക്കിഷ്ടമുള്ള രീതിയിൽ മുതലാളിത്തവും മതപൗരോഹിത്യവും ഉപയോഗപ്പെടുത്തുന്നു. അതുവഴി അടിസ്ഥാന വർഗങ്ങളിലും മറ്റും സ്വജീവിതാവസ്ഥകളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന ഇടതു ബോധത്തെ വഴിതിരിച്ചുവിട്ടുകൊണ്ട് മതബോധനങ്ങളിലും മുതലാളിത്ത പ്രലോഭനങ്ങളിലും അവരെയും മധ്യവർഗത്തെയും തളച്ചിടാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധചേരിക്ക് ഇപ്പോഴും സാധിക്കുന്നു. മുൻവിധികളിൽ അധിഷ്ഠിതമായ ഈ തളച്ചിടലിൽ പുരോഗമനചിന്താഗതിക്കാരാണ് എന്ന് അവകാശപ്പെടുന്നവരും സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സ്വയം വിമർശനപരമായ പരിശോധനയുടെ അഭാവം നിഴലിച്ചു നിൽക്കുന്ന സമൂഹത്തിൽ ഹിന്ദുത്വം അതിന്റെ സാംസ്കാരിക വേരുകൾ ആഴത്തിൽ പടർത്തുന്നു. മറ്റു മതവർഗീയവാദികളും ഹിന്ദുത്വയോട് ഈ കാര്യത്തിൽ മത്സരിക്കുന്നു.
മലയാളികളിൽ മഹാഭൂരിപക്ഷത്തിന്റെയും ഗാർഹികാന്തരീക്ഷം മതബോധത്തിലും ആചാരാനുഷ്ഠാനങ്ങളിലും അഭിരമിക്കുന്നതാണ്. അതുകൊണ്ടുതന്നെ മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രതിലോമകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ സൂക്ഷ്മദർശിനിയിലൂടെയാണ് ഇത്തരം ഗാർഹികാന്തരീക്ഷങ്ങൾ സ്ത്രീലൈംഗികതയെ നോക്കിനില്‍ക്കുന്നതും പാകപ്പെടുത്തുന്നതും. പ്രസ്തുത ഗാർഹികാന്തരീക്ഷത്തിൽ ജനിച്ചുവളർന്നവർ പുരോഗമന ചിന്താഗതിക്കാരായാലും കഴിഞ്ഞകാല ജീവിതത്തിൽ അവരെ സ്വാധീനിച്ച പ്രതിലോമകതകൾ അവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. ഈയൊരു വേട്ടയാടലിൽ ഇര തന്നെ വേട്ടക്കാരനൊപ്പം കൈകോർത്ത് രാസലീലകൾ ആടുമ്പോൾ പൊതുബോധ നിർമ്മിതിയിൽ ആണത്തം വേട്ടക്കാരനും സ്ത്രീത്വം ഇരയും ആയിത്തീരുന്നു. അതോടെ ഇരയുടെ മേലുള്ള ലൈംഗിക മേൽക്കോയ്മ വേട്ടക്കാരന്റെ പ്രകൃതിദത്തമായ അവകാശമായി മാറിമറയുന്നു. ഈ ഒരു അവകാശബോധത്തെ പൊതുബോധമായി ഉൾക്കൊള്ളാൻ നമ്മുടെ യുവതീയുവാക്കളെ പരിശീലിപ്പിക്കുന്നവരിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവർ മഹാന്യൂനപക്ഷം ആണെന്നതിനാൽ സമൂഹത്തിന്റെ പൊതുബോധ നിർമ്മിതിയിൽ യാതൊരു ഇടവും ലഭിക്കാതെ സമൂഹത്തിൽ നിന്നും അവർ സ്വയം പുറത്താക്കപ്പെടുന്നു.
എല്ലാ മതങ്ങളും നമ്മോട് പറയുന്നത് സ്ത്രീകൾ രണ്ടാംതരം വ്യക്തികൾ ആണെന്നും അവർ ദൈവികമായി പുരുഷന് വിധേയപ്പെട്ടുകൊണ്ട് ജീവിച്ചു മരിക്കേണ്ടവരുമാണ് എന്നതാണ്. സ്ത്രീ ഒരിക്കലും സ്വതന്ത്രയല്ല എന്ന് മനുസ്മൃതി പറയുന്നുണ്ടല്ലൊ. ഇത്തരം കാഴ്ചപ്പാടുകളെ അനുദിനം ഉറപ്പിച്ചെടുക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിത രീതിയുമാണ് എല്ലാ മതങ്ങളും ചില വ്യത്യസ്തതകളോടെ ഇന്നും നടപ്പിൽ വരുത്തുന്നത്. എല്ലാ മതബോധനങ്ങളും സ്ത്രീകളെ രണ്ടാംതരം മനുഷ്യരായി കണക്കാക്കുമ്പോൾ തന്നെ മുതലാളിത്തം അനുവദിച്ചു നൽകുന്ന സ്വാതന്ത്ര്യവും സുഖവും അനുഭവിക്കാൻ പൗരോഹിത്യം അനുമതിനൽകുന്നു എന്നത് അവരെ സംബന്ധിച്ച് പുരോഗമനപരമാണ്. അതുവഴി മതബോധം പേറുന്ന സ്ത്രീകളിൽ മഹാഭൂരിപക്ഷവും പുരോഹിതരുടെ തിട്ടൂരം സന്തോഷത്തോടെ തലമുറകളായി സ്വീകരിച്ചുപോരുന്നു.
ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാതി സംഘടനകളുടെയും മൂലധന ശക്തികളുടെയും കൈവശം ആകുമ്പോൾ സ്ത്രീലൈംഗികതയ്ക്ക് യാതൊരുവിധ പരിഗണനയും ലഭിക്കുകയില്ല എന്നത് വസ്തുതയാണ്. വിദ്യാഭ്യാസം എന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനത്തെ കാലികമായി അത് പ്രദാനം ചെയ്യേണ്ടുന്ന പുരോഗമനാത്മകതയിൽ നിന്നും വ്യതിചലിപ്പിച്ചുകൊണ്ട് മാനവികതയെ ചോദ്യം ചെയ്യുന്ന മുതലാളിത്ത മതാധിപത്യ കാഴ്ചപ്പാടുകളെ ഊട്ടിയുറപ്പിക്കാൻ വേണ്ടിയുള്ള മത്സരാധിഷ്ഠിതവും മനുഷ്യ വിഭജിതവുമായ സ്വഭാവത്തെ പരിപോഷിപ്പിക്കുന്നു. അവ ചില ഘട്ടങ്ങളിൽ ഭരണകൂടത്തിന്റെ സാംസ്കാരികമായ മർദനോപകരണങ്ങൾ ആയിത്തീരുന്നത് എങ്ങനെയെന്ന് ഒരു ദശാബ്ദ കാലത്തെ ആർഎസ്എസ് പ്രത്യയശാസ്ത്ര ഭരണകൂടത്തിന്റെ ചെയ്തികളിൽ നിന്ന് നാം കണ്ടറിഞ്ഞു.
ചുരുക്കത്തിൽ മുൻവിധികൾ നാമറിയാതെ തന്നെ നമ്മിൽ സന്നിവേശിക്കപ്പെടുന്നത് മതപൗരോഹിത്യം അനുശാസിക്കുന്ന മതബോധനങ്ങൾ വഴിയും മുതലാളിത്തം മുന്നോട്ടുവയ്ക്കുന്നതും നമ്മിൽ ജന്മസിദ്ധമായി കുടികൊള്ളുന്ന സ്വാർത്ഥതയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്ന മുതലാളിത്ത പ്രത്യയശാസ്ത്ര പരിപാടികൾ വഴിയുമാണ്. അതിലുമുപരി നാം ചിന്തിക്കേണ്ടത് ഇടതു സാംസ്കാരിക രാഷ്ട്രീയത്തോട് ഇടതു ചിന്താഗതിക്കാർ തന്നെ ആത്മാർത്ഥത പുലർത്തുന്നുണ്ടോ എന്നതാണ്. ഈ സത്യാനന്തര കാലത്ത് അത് മറക്കേണ്ട.
മതരാഷ്ട്ര പ്രത്യയശാസ്ത്രവും മുതലാളിത്ത പ്രത്യയ ശാസ്ത്രവും പരസ്പരം വേർതിരിക്കാൻ കഴിയാത്ത വിധം അലിഞ്ഞ് ഒന്നാകുന്ന പ്രതിഭാസമാണ് ഫാസിസം. സെക്സ് ടൂറിസം വളർത്തുന്നതിലൂടെ മുതലാളിത്ത ഭരണകൂടങ്ങൾ, അതുവഴി സമാഹരിക്കുന്ന മൂലധനത്തെ ലക്ഷ്യമിടുന്നു. മറുവശത്ത് സ്ത്രീശരീരത്തിന്റെ അവകാശം മുതലാളിത്തം അവർ പോലും അറിയാതെ സ്വന്തമാക്കുന്നു. ഇതിനെയെല്ലാം പുരോഗമനമായി കണക്കാക്കാൻ സമൂഹത്തെ ആരൊക്കെയോ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് നാം നേരിടുന്ന ഒരു സാംസ്കാരിക പ്രതിസന്ധി. സാമൂഹിക സാംസ്കാരിക വ്യവഹാര മണ്ഡലങ്ങളിൽ ഇടതു സാംസ്കാരിക രാഷ്ട്രീയത്തിന് കൈവരിക്കാൻ ഇനിയും കഴിയാതെ പോകുന്ന മേൽക്കെെയും ഇതിനൊരു പ്രധാന കാരണമാണ്. കേരളത്തിന്റെ പൊതുബോധം ഇടതുപക്ഷ രാഷ്ട്രീയമാകുമ്പോഴും ആ ഇടതു സാംസ്കാരിക രാഷ്ട്രീയത്തെ തിരിച്ചറിയാനും തിരിച്ചറിഞ്ഞവയെ പ്രചരിപ്പിക്കാനും പ്രചരിപ്പിച്ചവയെ പ്രയോഗത്തിൽ വരുത്താനുമുള്ള ആത്മധൈര്യം ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു വന്നേ മതിയാകൂ.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ചുമതല ഏറ്റെടുക്കാതെ മതബോധങ്ങൾക്ക് വിട്ടുകൊടുത്തും, സ്ത്രീ പുരുഷ ഇടപെടലുകളെ ലൈംഗികതയിൽ കേന്ദ്രീകരിച്ചു വിശകലനം ചെയ്യുന്ന രീതി അനുവർത്തിച്ചും, സ്ത്രീലൈംഗികതക്ക് അതർഹിക്കുന്ന പരിഗണന നൽകാതെയും നാം മുന്നോട്ടു പോകുമ്പോൾ തീവ്രവലതുപക്ഷത്തിന് സ്ത്രീകളുടെ മേൽ സദാചാരത്തിന്റെ പേരിലും മറവിലും തങ്ങളുടെ സാംസ്കാരിക അധിനിവേശം നടത്താനും അവരെ കൂടെ ചേർത്തുനിർത്താനും സാധിക്കുന്നു. സ്ത്രീവിരുദ്ധത എന്നത് ഇടതുവിരുദ്ധത എന്നതുകൂടി നാം തിരിച്ചറിയണം.
സ്ത്രീയും അവളുടെ ലൈംഗികതയും സാമൂഹികവും സാംസ്കാരികവുമായ മേൽക്കൈ നേടിയവർ തെളിക്കുന്ന വഴിയിലൂടെ നടന്നുപോകുമ്പോൾ സ്ത്രീയുടെ തുല്യതയെ കുറിച്ചും അവരുടെ ശരീരത്തിന്റെ സാമൂഹിക അവകാശങ്ങളെ കുറിച്ചും, അവരെക്കുറിച്ചുള്ള പലതും അടച്ചിട്ട ശീതീകരണ മുറിയിൽ സംവാദ വിഷയമായി ആടിത്തിമിർക്കുമ്പോൾ അവർക്കിടയിലെ ഞാനും നിങ്ങളും പുരോഗമനവാദികളായി മാറുന്ന വർത്തമാനകാലത്ത് തീവ്ര വലതുപക്ഷത്തിന് മനസിൽ ഇടംപിടിക്കാൻ എളുപ്പമാണെന്ന വസ്തുത നമ്മൾ ഓർക്കണം. അത് ഓർക്കാത്തതാണ് ദുരന്തം. ഈ ദുരന്തത്തിൽ നിന്ന് മോചിതരാകാനുള്ള ഏകവഴി ജനങ്ങൾ അവനവനെ തന്നെ രാഷ്ട്രീയവല്‍ക്കരിക്കുകയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ തണലിൽ ഇടതു സാംസ്കാരിക രാഷ്ട്രീയത്തിന്റെ പ്രായോഗികതയെ തൊട്ടറിയുന്നതിന് നമ്മെ നാം തന്നെ പാകപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഇടതുപക്ഷം ഇടതുപക്ഷമായാൽ അത് സാധ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.