കശ്മീര്‍ സംഘര്‍ഷം പരിഹരിക്കപ്പെടുന്നതുവരെ ഇന്ത്യയുമായി സ്ഥിരമായ സമാധാനം സാധ്യമല്ലെന്ന് പാകിസ്ഥാന് പ്രാധാനമന്ത്രി ഷഹബാസ് ഷെരീഫ്. പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള കന്നിപ്രസംഗത്തിലാണ് അയല്‍രാജ്യമായ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം സംബന്ധിച്ച ഷഹബാസിന്റെ ആദ്യ പ്രതികരണം. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിലും കശ്മീരിലെ ജനങ്ങൾക്ക് പാകിസ്ഥാൻ നയതന്ത്രപരവും ധാർമ്മികവുമായ പിന്തുണ നൽകുന്നത് തുടരുമെന്നും എല്ലാ വേദികളിലും കശ്മീരി സഹോദരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും ഷഹബാസ് പ്രഖ്യാപിച്ചു.
അതിർത്തിയുടെ ഇരുവശങ്ങളിലും ദാരിദ്ര്യവും തൊഴിലില്ലായ്മയും രോഗവും ഉണ്ടെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരിച്ചറിയണമെന്നും ഷഹബാസ് കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കും കശ്മീരികളുടെ പ്രതീക്ഷകൾക്കും അനുസൃതമായി കശ്മീർ പ്രശ്നം പരിഹരിക്കാമെന്നും അങ്ങനെ അതിർത്തിയുടെ ഇരുവശത്തുമുള്ള ദാരിദ്ര്യം അവസാനിപ്പിക്കാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയായി ചുമതലേയേറ്റ ഷഹബാസ് ഷെരീഫിന് നരേന്ദ്ര മോഡി അഭിനന്ദനമറിയിച്ചു. സമാധാനവും സ്ഥിരതയും നിലനില്‍ക്കുന്ന മേഖലയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അതുവഴി വികസനത്തിനെതിരായുള്ള വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കാനും കഴിയുമെന്നും മോഡി അഭിനന്ദന സന്ദേശത്തില്‍ അറിയിച്ചു. പാകിസ്ഥാന് യുഎസിന്റെ താല്പര്യങ്ങളില് നിര്‍ണായക ഘടകമാണെന്ന് വെെറ്റ് ഹൗസ് വക്താവും പ്രതികരിച്ചിട്ടുണ്ട്.
ഇമ്രാനെ പുറത്താക്കിയതിനു പിന്നില്‍ യുഎസിന്റെ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് യുഎസിന്റെ പ്രതികരണം. പാകിസ്ഥാനിലെ ഭരണഘടനാപരമായ ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനെ യുഎസ് പിന്തുണയ്ക്കുന്നു. വിവിധ മേഖലകളില്‍ പാകിസ്ഥാനുമായി യുഎസ് അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വെെറ്റ് ഹൗസ് പ്രതികരിച്ചു.
English Summary: Shahbaz Sharif says peace in Kashmir is not possible without a solution
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.