1. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാരത്തെരുവുകളിലും ആവശ്യാനുസരണം തണ്ണീപ്പന്തലുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവ മേയ് മാസം വരെ നിലനിര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കളക്ടർമാരെയും അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
2. സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും സന്നദ്ധ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന കരുതല്‍ കിറ്റ് പുറത്തിറക്കി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നൂതന സംരംഭമാണിത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാപ്രവര്‍ത്തകര്‍ക്ക് ആദ്യകിറ്റ് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
3. രാജ്യത്ത് കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഏറ്റവും മുന്നില്‍ കേരളം. 15നും 24നും വയസിനിടയിലുള്ള 93.2 ശതമാനം പേര്‍ക്ക് കമ്പ്യൂട്ടറില്‍ ഒരു ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ കോപ്പി ചെയ്യുന്നതിനോ മൂവ് ചെയ്യുന്നതിനോ ഉള്ള പരിജ്ഞാനമുള്ളതായി ദേശീയ സ്ഥിതിവിവര കണക്ക്പദ്ധതി നിര്‍വഹണ മന്ത്രാലയം പുറത്തുവിട്ട മള്‍ട്ടിപ്പിള്‍ ഇന്‍ഡിക്കേറ്റര്‍ സര്‍വേ വ്യക്തമാക്കുന്നു.
4. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികൾക്കുള്ള ഓണറേറിയം രണ്ടാഴ്ചക്കകം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് 13,611 തൊഴിലാളികളാണുള്ളത്. സ്‌കൂൾ പ്രവൃത്തി ദിനം 600 രൂപ മുതൽ 675 രൂപ വരെ കണക്കിലാണ് ഓണറേറിയം നൽകുന്നത്. 20 പ്രവൃത്തി ദിനമുള്ള മാസം 12,000 രൂപ മുതൽ 13,500 രൂപ വരെ ഓണറേറിയമായി ലഭിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആയിരം രൂപയാണ് കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ചത്.
5. പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന്റെ സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിലായിരുന്നുവെന്ന് കണ്ടെത്തൽ. വാഹനത്തിന് ജിപിഎസ് സംവിധാനവും ഉണ്ടായിരുന്നില്ല. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ.
പത്തനംതിട്ട കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ കെഎസ്ആർടിസി ബസിന്റെയും കാറിന്റെയും ഡ്രൈവർമാരടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്.
6. ജോലിക്ക് പകരം ഭൂമി കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സിബിഐ നിര്‍ദേശം. നേരത്തെ മാര്‍ച്ച് നാലിന് വിളിച്ചിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും വിളിപ്പിച്ചത്. അതേസമയം ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിക്ക് യാദവ് കത്തയച്ചു.
7. ത്രിപുരയില്‍ പ്രതിപക്ഷ നേതാക്കള്‍ക്കു നേരെ നടന്ന അക്രമസംഭവങ്ങളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് ബിജെപി നടത്തുന്ന അക്രമങ്ങളില്‍ വസ്തുതാന്വേഷണത്തിനെത്തിയ ഇടത്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയാണ് ആക്രമണങ്ങള്‍ നടന്നത്.
8. താൻ കുട്ടിയായിരുന്നപ്പോൾ തന്നെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. നാലാം ക്സാസിൽ പഠിക്കുന്നതുവരെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. അപ്പോൾ പലതവണ ഈ പീഡനം നടന്നിരുന്നു. അപ്പോൾ പലതവണ ഈ പീഡനം നടന്നിരുന്നു. എട്ടാം വയസിൽ പിതാവ് പീഡിപ്പിച്ചെന്ന് ഖുശ്ബു വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സ്വാതിയും വെളിപ്പെടുത്തല്‍ നടത്തിയത്.
9. സൗദി അറേബ്യയിലെ പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വിസ (ഇവിസ) സംവിധാനം പുനരാരംഭിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇടൂറിസ്റ്റ് വിസ, ഇബിസിനസ് വിസ, ഇമെഡിക്കൽ വിസ, ഇമെഡിക്കൽ അറ്റൻഡ് വിസ, ഇകോൺഫറൻസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇവിസ പുനഃസ്ഥാപിച്ചിട്ടുണ്ട്.
10. ചെെനയുടെ പുതിയ പ്രധാനമന്ത്രിയായി ലി ക്വിയാങ്ങിനെ പ്രസിഡന്റ് ഷീ ജിന്‍ പിങ് നാമനിര്‍ദേശം ചെയ്തു. മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് ചെെനീസ് പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ലി ക്വിയാങ്ങിന്റെ പേര് ഷീ നിര്‍ദേശിച്ചത്. 2013ല്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ലി കെക്വിയാങ്ങിന് പകരക്കാരനായാണ് ലി ക്വിയാങ് എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.