7 December 2025, Sunday

Related news

September 21, 2025
September 16, 2025
August 24, 2025
July 28, 2025
June 22, 2025
June 19, 2025
June 7, 2025
May 4, 2025
May 2, 2025
April 16, 2025

ഫാക്ടംഫോസിന് ക്ഷാമം-വിലവർധന; കർഷകർ നെട്ടോട്ടത്തിൽ

ബേബി ആലുവ
കൊച്ചി
July 28, 2025 9:58 pm

കേന്ദ്ര രാസവളം നിർമാണ ശാലയായ ഉദ്യോഗമണ്ഡലിലെ ഫാക്ടിൽ ഫാക്ടംഫോസിന്റെ ഉല്പാദനം വീണ്ടും കുറച്ചത് കർഷകർക്ക് ഇരട്ട പ്രഹരമായി. കേന്ദ്ര സർക്കാർ രാസവളങ്ങളുടെ വില കുത്തനെ ഉയർത്തുകയും അവയ്ക്ക് ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നതിനിടയ്ക്കാണ് ഫാക്ടംഫോസിന്റെ കാര്യത്തിലെ ഇരുട്ടടി.
ഓണം ലക്ഷ്യമിട്ടുള്ള നെല്ല്, പച്ചക്കറി കൃഷികൾ വിളവിറക്കിയിട്ടുള്ള സമയമാണിത്. തൃശൂർ ജില്ലയിലെ 40, 000 ഏക്കറിലധികം കോൾ നിലങ്ങളിൽ ഓണം കഴിഞ്ഞാൽ കൃഷിയിറക്കേണ്ടതാണ്. മിശ്രിത വളമായ ഫാക്ടംഫോസ് മറ്റ് വളങ്ങൾക്കൊപ്പം ഇവിടങ്ങളിൽ അവശ്യവസ്തുവാണ്. നെല്ലിന് പുറമെ തെങ്ങ്, വാഴ, പൈനാപ്പിൾ, കവുങ്ങ് കർഷകർ ആശ്രയിക്കുന്ന വളവും ഫാക്ടംഫോസാണ്. ഫാക്ടംഫോസിന്റെ ഉല്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ ഫോസ്ഫോറിക് ആസിഡ് കിട്ടാതായതാണ് പതിവു പോലെ ഫാക്ടിനെ കുഴപ്പത്തിലാക്കിയിട്ടുള്ളത്. ഇതേ തുടർന്ന്, ദിനംപ്രതി 500 ടണ്ണിലധികം ഉല്പാദനമുണ്ടായിരുന്ന ഒരു പ്ലാന്റ് അടയ്ക്കുകയും മറ്റൊരു പ്ലാന്റിലെ ഉല്പാദനം കുറയ്ക്കുകയുമായിരുന്നു. ഫാക്ടിന്റെ മറ്റൊരു ഡിവിഷനായ അമ്പലമുകളിലും ഫാക്ടംഫോസിന്റെ ഉല്പാദനം പകുതിയിലധികം കുറച്ചിരിക്കുകയാണ്. അതും ഫാക്ടംഫോസിന് ഏറ്റവും ഡിമാന്റുള്ള സന്ദർഭത്തിൽ. 

ക്ഷാമത്തോടൊപ്പം വിലയും കുതിച്ചുയർന്നിട്ടുണ്ട്. 50 കിലോ ബാഗിന് 1350 രൂപയായിരുന്നത് 1500 രൂപയിലെത്തി. ഫാക്ട് വർഷങ്ങളായി ഫോസ്ഫോറിക് ആസിഡ് വാങ്ങുന്ന വിദേശകമ്പനിയുടെ നിസഹരണവും മറ്റുമാണ് ഇടയ്ക്കിടെ ഫാക്ടിനെ പ്രതിസന്ധിയിലാക്കുന്നത്. ഏതാനും നാൾ മുമ്പും സമാന പ്രശ്നത്തിൽ ഫാക്ടംഫോസ് ഉല്പാദനം മുടങ്ങിയിരുന്നു. അസംസ്കൃത വസ്തു തടസമില്ലാതെ ഫാക്ടിന് ലഭ്യമാക്കുന്നതിനുള്ള നടപടിയോ ഇടപെടലോ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് യഥാസമയം ഉണ്ടാകാത്തതാണ് ഫാക്ടിന് വിനയാകുന്നത്. രാജ്യത്തെ രാസവളം നിർമ്മാണ ശാലകൾ അറ്റകുറ്റപ്പണികൾക്കായി പോലും ഈ വർഷം അടച്ചിടരുതെന്ന് കേന്ദ്ര രാസവളം മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനിടയിലാണ് കേന്ദ്ര സ്ഥാപനമായ ഫാക്ടിന് ഈ ദുർഗതി. ഇതിനിടെ, കർഷകർക്ക് അവശ്യം വേണ്ടതായ യൂറിയ, പൊട്ടാസ്യം തുടങ്ങിയ വളങ്ങൾ കിട്ടണമെങ്കിൽ അവയുടെ മൂന്നിരട്ടി വിലയുള്ള പുതുതലമുറ വളങ്ങൾ കൂടി വാങ്ങണമെന്ന് വളം നിർമാതാക്കളും വിതരണക്കാരും ചില്ലറ വ്യാപാരികളും നിർബന്ധം പിടിക്കുന്നതിനെതിരെ വ്യാപക പരാതിയാണുയരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.