25 December 2024, Wednesday
KSFE Galaxy Chits Banner 2

മലാവിയില്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ കയ്യൊപ്പ്

ആർ ബാലചന്ദ്രൻ
October 22, 2023 8:30 am

തെക്കുകിഴക്കൻ ആഫ്രിക്കയിലെ മലാവിയിലെ ചിസസില ഗ്രാമത്തിലുണ്ട് കേരളത്തിന്റെ സ്നേഹ കയ്യൊപ്പ്. മാതൃകാ സ്കൂൾ, വിശാലമായ മാർക്കറ്റ് തുടങ്ങി വിവിധ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം കേരളത്തനിമയിൽ ഇവിടെ കാണാം. സർക്കാർ സംവിധാനങ്ങൾ പോലും വേണ്ടവിധം ശ്രദ്ധപതിപ്പിക്കാത്ത അവസ്ഥയില്‍ മലയാളി ദമ്പതികളും അവരുടെ ചില സുഹൃത്തുക്കളും ചേർന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആകെ തുകയാണ് ഇവരുടെ ഇപ്പോഴത്തെ ജീവിതം.
തെക്ക് കിഴക്കൻ ആഫ്രിക്കയിലെ ചെറിയ ഭുപ്രദേശമാണ് മലാവി. വടക്ക് നിന്ന് തെക്ക് വരെ 840 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്നു. വടക്ക് ടാൻസാനിയ, കിഴക്ക് മലാവി തടാകം, കിഴക്കും തെക്കും മൊസാംബിക്, പടിഞ്ഞാറ് സാംബിയ എന്നിവയാണ് അതിർത്തി. തീർത്തും അപരിഷ്കൃതമായ ചുറ്റുപാടിൽ നിന്ന് ജീവിതം മെച്ചപ്പെട്ടതായി മാറാൻ വർഷങ്ങളെടുത്തു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും എത്തിയ നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ അരുൺ സി അശോകനും ഭാര്യ സുമി സുബ്രഹ്മണ്യനുമായിരുന്നു ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചത്.

ആദ്യംകൊളുത്തിയത് അക്ഷര വെളിച്ചം
—————————————-
നാല് വർഷം മുമ്പാണ് മലാവിയിൽ അരുൺ എത്തുന്നത്. മലാവിയിലെ ബ്ലാന്റൈർ നഗരത്തിൽ ഒരു സ്വകാര്യ കമ്പനിയുടെ വെയർഹൗസ് മാനേജരായിട്ടായിരുന്നു നിയമനം. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സൽ ട്രേഡിങ് എന്ന കമ്പനിയിലായിരുന്നു ജോലി. അരുൺ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സഹോദരൻ അനൂപാണ് മലാവിയിൽ എത്തിയത്. 15 വർഷമായി മലാവിയിൽ കുടുംബസമേതം കഴിയുന്ന അമ്മാവന്റെ സഹായത്താൽ ആദ്യം ജോലി ലഭിച്ചതും അനൂപിനായിരുന്നു. പിന്നീട് മറ്റൊരു ഒഴിവ് വന്നപ്പോഴാണ് അരുൺ ഈ കമ്പനിയിലേക്ക് എത്തുന്നത്. തെക്കൻ മലാവിയിലെ ബ്ലാന്റൈർ നഗരത്തിൽ തന്നെയായിരുന്നു ഏതാണ്ട് രണ്ട് വർഷക്കാലം അരുൺ ജോലി ചെയ്തത്. പിന്നീടാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്ലം കൺസ്ട്രക്ഷൻ എന്ന കമ്പനിയിലേയ്ക്ക് അരുൺ മാറുന്നത്. 2021 ഫെബ്രുവരിയില്‍ നഗരത്തിൽനിന്ന് 600 കിലോ മീറ്റർ ദൂരെ മാറി ഒരു ഡാമിന്റെ നിർമ്മാണ സൈറ്റിലായിരുന്നു അരുണിന് ജോലി ലഭിച്ചത്. അവിടെ സൈറ്റ് അഡ്മിനായിട്ടായിരുന്നു നിയമനം. ബ്ലാന്റേറിൽനിന്ന് ആദ്യമായി മലാവിയിടെ ഗ്രാമപ്രദേശത്തേക്ക് ഡാം പ്രൊജക്ടിന്റെ വർക്ക് സൈറ്റിലേക്കുള്ള യാത്രക്കിടെയാണ് ഗ്രാമീണരുടെ ദുരിത ജീവിതം അരുണ്‍ കാണുന്നത്. അവിടുത്തെ സ്കുൾ കെട്ടിടവും അരുൺ സന്ദർശിച്ചു. ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ പുല്ല് മേഞ്ഞ ഒരു കെട്ടിടം. അടുത്തുള്ള സർക്കാർ സ്കൂളിലേയ്ക്ക് കുട്ടികൾ പോകാറില്ല. ദൂരമാണ് പ്രശ്നം. അതിനാൽ ഗ്രാമീണർ ചേർന്ന് സർക്കാർ ഉടമസ്ഥതയിൽ നിർമ്മിച്ചതാണ് സ്കുൾ കെട്ടിടം. കുറേ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. അധ്യാപകരുണ്ട്. പക്ഷേ കെട്ടിടത്തില്‍ സൗകര്യമൊന്നുമില്ലാത്തതിനാൽ ഇവിടെ പരീക്ഷ എഴുതാൻ സാധിക്കില്ല. മറ്റ് സ്കൂളിൽ പോയാണ് പരീക്ഷയെഴുതിയിരുന്നത്. അതിനാൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം വിദ്യാഭ്യാസം പോലും പലപ്പോഴും ഗ്രാമത്തിന് അന്യമായി.

ഗ്രാമത്തിന്റെ നിസഹായവസ്ഥ അരുണിനെ വിഷമിപ്പിച്ചു. മഴകൊണ്ടും വെയിലേറ്റും മരച്ചുവട്ടിൽ ഇരുന്ന് പഠിക്കുന്ന കുട്ടികള്‍. 18 മാസത്തെ അധ്വാനം കൊണ്ട് ‘കേരള ബ്ലോക്ക്’ എന്ന പേരിൽ അരുണ്‍ സ്കൂൾ കെട്ടിടം നിർമ്മിച്ച് ചിസാസിലെ ഗ്രാമത്തിന് കൈമാറി. തന്റെ വരുമാനത്തിന്റെ ഒരു ഭാഗവും യുടൂബ് ചാനലിൽ നിന്നുള്ള പണവും സ്വരൂപിച്ചായിരുന്നു അരുൺ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേര്‍ന്ന് സ്കൂള്‍ കെട്ടിടം നിർമ്മിച്ചത്. ഈ വിവരം മലാവി ഡയറീസ് എന്ന യുടൂബ് ചാനലിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു. സ്കൂൾ നിർമ്മിക്കുന്ന കാര്യം അരുണ്‍ ദുബായിലുള്ള സുഹൃത്ത് ആഷിഫിനെ അറിയിച്ചു. ഏതെങ്കിലും ഘട്ടത്തിൽ സഹായം ആവശ്യമായി വന്നാൽ നൽകണമെന്ന് ആഷിഫിനോട് ആവശ്യപ്പെട്ടു. സ്കൂൾ നിർമ്മാണം തുടങ്ങുന്ന ഘട്ടം മുതൽ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ആഷിഫ് നൽകിയത്. ആ ഘട്ടത്തിൽ പോലും കുട്ടികൾക്കായി ചെറിയൊരു കെട്ടിടം ഉണ്ടാക്കുന്നതിനെക്കുറിച്ച് മാത്രമാണ് അരുൺ ആലോചിച്ചിരുന്നത്. സ്കൂൾ കെട്ടിടത്തിന്റെ പ്ലാൻ വരച്ചത് അരുണിനൊപ്പം ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയ സിവിൽ എൻജിനീയർ കെന്നത്ത് ഫ്രാൻസിസാണ്. സ്കൂൾ നിർമ്മാണത്തെക്കുറിച്ച് അറിഞ്ഞതോടെ പിന്തുണയുമായി അദ്ദേഹവും ഒപ്പം കൂടി.
2021 ഒക്ടോബറിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 2023 ഫെബ്രുവരിയിലാണ് പൂർത്തിയായത്. ഫെബ്രുവരി 17ന് സ്കൂൾ ഉദ്ഘാടനം ചെയ്ത് ക്ലാസുകൾ ആരംഭിച്ചു. അരുണും ഭാര്യ സുമിയും ചേർന്ന് സ്കൂൾ കെട്ടിടത്തിൽ ചിത്രങ്ങൾ വരച്ചു. കുട്ടികൾക്ക് പഠിക്കാൻ വേണ്ട സൗകര്യങ്ങൾ ക്ലാസ് മുറികളിലൊരുക്കി. ഇരിക്കാൻ കസേരകളും ബഞ്ചുകളും കൊണ്ടുവന്നു. നല്ല ബ്ലാക് ബോർഡുകൾ സ്ഥാപിച്ചു. കുട്ടികൾക്ക് യുണിഫോമുകള്‍ നൽകി. ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകളില്‍ 130 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. സ്കൂൾ തുടങ്ങുന്ന സമയത്ത് നാലാം ക്ലാസ് വരെയായിരുന്നു. ഇപ്പോൾ അത് എട്ടാം ക്ലാസ് വരെയായി. സ്കൂളിനോട് ചേർന്ന് മനോഹരമായ ഓഫിസ് കെട്ടിടവും പൂന്തോട്ടവും പൂർത്തികരിച്ചു. സ്കൂൾ പ്രവേശനോത്സവം ഗംഭീരമാക്കി.

ഗ്രാമ ജീവിതം ഇങ്ങനെ
————————-
മൂന്ന് പ്രദേശങ്ങളിലായി 28 ജില്ലകളാണ് ഇവിടെയുള്ളത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് മലാവിയിലെ ഗ്രാമീണർ ജീവിക്കുന്നത്. ഉയർന്ന ശിശുമരണ നിരക്കും കടുത്ത ദാരിദ്രവും ഗ്രാമീണരുടെ ജീവിതത്തിന് കരിനിഴലായി. പോഷക സമ്പുഷ്ടമാർന്ന ഭക്ഷണം ഇവിടെ ലഭിക്കാതെ വന്നതോടെ സ്ത്രീകളടക്കം വലിയ ദുരിതത്തിലാണ്. ചോളവും കപ്പപ്പൊടിയും ചേർത്ത് ഉണ്ടാക്കുന്ന സീമ എന്ന ആഹാരമാണ് ഇവരുടെ പ്രഭാത ഭക്ഷണം. ഒപ്പം ഉണക്കമീൻ വേവിച്ചതും. വാഴ സുലഭമായ നാട്ടിൽ പച്ചക്കായ കൊണ്ട് പുഴുങ്ങിയ വിഭവമാണ് വൈകുന്നേരങ്ങളിൽ കുട്ടികളടക്കം കഴിക്കുന്നത്. ഒരുനേരം പോലും ഭക്ഷണം കഴിക്കാനില്ലാത്ത ഗ്രാമങ്ങളും ഉണ്ട്. ഇത് കാരണം അൾസർ പോലുള്ള മാരക രോഗങ്ങളും പിടിപ്പെട്ടു. വേനൽകാലത്ത് കൊടിയ ദാരിദ്രമാണ് ഗ്രാമത്തിലെ പ്രധാന പ്രശ്നം. അപ്പോൾ സർക്കാർ നൽകുന്ന ഭക്ഷ്യസാധനങ്ങളായിരിക്കും ഇവർക്ക് തുണ. ചിലസമയങ്ങളിൽ അതും കിട്ടാറില്ല. കാർഷിക വൃത്തിയിൽ ഏർപ്പെട്ടാണ് ഇവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഭക്ഷ്യക്ഷാമം നേരിടുന്ന സമയങ്ങളിൽ ഏക ആശ്രയം മാമ്പഴങ്ങളാണ്. കരിമ്പ്, ചോളം, വാഴ, വിവധയിനം കിഴങ്ങുകൾ, പച്ചക്കറികളായ തക്കാളി, ബീൻസ്, കാബേജ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൃഷി ഇവിടെ സ്കുൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. കൊച്ചുകുട്ടികളാണ് ഇവിടെ കൃഷിക്കായി നിലമൊരുക്കുന്നത്. സ്കുളിൽ നിന്നും ലഭിക്കുന്ന കൃഷി പാഠങ്ങൾ തങ്ങളുടെ കൃഷിയിടത്താണ് ഇവർ പരീക്ഷിക്കുന്നത്.

അഭിനന്ദിച്ച് മലാവി സര്‍ക്കാരും യുഎന്നും 
——————-
ചിസസിലയിൽ സ്കുൾ നിർമ്മിച്ചതറിഞ്ഞ് അരുണിനെ അഭിനന്ദിക്കാൻ ഐക്യരാഷ്ട്ര സംഘടന പ്രതിനിധികളും മലാവി സർക്കാരും എത്തി. പ്രവർത്തനങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിച്ച ഇവർ പിന്നീട് അവർതന്നെ പണം ചെലവാക്കി കുട്ടികള്‍ക്ക് മറ്റൊരു ക്ലാസ് റൂമും നിർമ്മിച്ച് നൽകി. പ്ലം കൺസ്ട്രക്ഷൻ എന്ന അരുണിന്റെ കമ്പനിയും ഒരു ക്ലാസ് മുറിയും ഓഫീസ് കെട്ടിടവും നിർമ്മിച്ചു. മറ്റ് രണ്ട് കെട്ടിടവും വന്നതോടെ സ്കൂളിന്റെ പശ്ചാത്തല സൗകര്യങ്ങൾ വർധിച്ചു. മുമ്പ് ഈ സ്കൂളിന് അംഗീകാരം ഉണ്ടായിരുന്നില്ല. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതോടെ വേൾഡ് വിഷന്റെ പരിശ്രമഫലമായി സ്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചു. സ്കൂളിനെ ഉയർത്താനും സർക്കാർ തീരുമാനിച്ചു. ഒന്ന് മുതൽ എട്ട് വരെയാക്കി ഉയർത്താനായിരുന്നു തീരുമാനം.

മുഖം മിനുക്കി ചിസസില ഗ്രാമം
———————————-
ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ചിസസില ഗ്രാമം മലയാളി സന്നദ്ധ പ്രവർത്തകരുടെ കരങ്ങളാൽ ഇന്ന് ഉയർച്ചയിലാണ്. ഇവിടെ സംഭവിച്ച വെള്ളപ്പൊക്കം അടക്കമുള്ള ദുരന്തങ്ങളെ ഗ്രാമീണർക്കൊപ്പം നിന്ന് നേരിട്ട ഈ മലയാളികളെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ് നാട്ടുകാര്‍. ഇരുണ്ട ഭുഖണ്ഡമായി അറിയപ്പെടുന്ന ആഫ്രിക്കയുടെ വെളിച്ചമാണ് ഇന്നവർ. ഗ്രാമീണരുടെ ഭാവി ജീവിതം സുന്ദരമാക്കാൻ പല തൊഴിലുകളും അരുണും ഭാര്യ സുമിയും ചേർന്ന് പഠിപ്പിച്ചു. കൂട്ടത്തിൽ വീട് നിർമ്മാണവും. വരുന്ന രണ്ട് വർഷത്തിനുള്ളിൽ മൺകുടിലുകൾ മാറി ഇഷ്ടികകൊണ്ടുള്ള വീടുകൾ ഇവിടെ സ്ഥാനം പിടിക്കും. ഇതോടെ ആരെയും ആശ്രയിക്കാതെ സ്വയംപര്യാപ്തരായ ഗ്രാമവാസികൾ മെച്ചപ്പെട്ട ജീവിതം മെനഞ്ഞെടുക്കും. കൃഷി കൂടാതെ വിവിധയിനം ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമിച്ച് വിൽപ്പന നടത്തിവരുകയാണ് ഇവരിപ്പോള്‍. ഇതിൽ എടുത്ത് പറയേണ്ടത് കേരള വിഭവമായ ഏത്തക്കാ ഉപ്പേരിയാണ്. ഉപ്പേരി കച്ചവടത്തോടെയാണ് സ്വന്തമായി ഒരു വ്യാപാരകേന്ദ്രം അരുണും സുമിയും ആരംഭിച്ചു. കേരളത്തിന്റെ തനതായ മറ്റ് ഭക്ഷണങ്ങളും അവര്‍ പരിചയപ്പെടുത്തി. ഉപ്പുമാവ്, ബിരിയാണി, പഴംപൊരി, മീൻകറി, തൂശനിലയിലെ സദ്യ, പാൽപ്പായസം എന്നിങ്ങനെ പോകുന്നു ആ വിഭവങ്ങൾ.
ഒരുകാലത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ നിന്നിരുന്ന കാലത്തുനിന്നും ചിസസില ഗ്രാമം കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ പട്ടുപാവാടയണിഞ്ഞ് നിൽക്കുകയാണ്. കുട്ടികൾക്കെല്ലാം പുതുവസ്ത്രങ്ങളും ലഭിച്ച് തുടങ്ങി. ഇന്ന് ആരും അവിടെ പട്ടിണികിടക്കുന്നില്ല. ആരോഗ്യരംഗത്ത് മികച്ച ആശുപത്രികളുടെ അഭാവം ജനങ്ങൾ നേരിടുന്നുണ്ട്. മലമ്പനി പോലുള്ള പകർച്ച വ്യാധികൾ പെരുകുന്ന സമയമാണിത്. അതുകൊണ്ട് തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രി സ്ഥാപിക്കുകയാണ് അരുണിന്റെയും കൂട്ടുകാരുടെയും അടുത്ത ലക്ഷ്യം. ഈ പ്രവർത്തനങ്ങൾ മലാവിയിലെ മറ്റ് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

ഓണാഘോഷവും
——————-
കേരളത്തിന്റെ ദേശീയോത്സവമായ ഓണം ഈ ഗ്രാമത്തിലും കൊണ്ടാടി. അരുണും സുമിയും ഗ്രാമവാസികളും ചേർന്നാണ് ആഘോഷം സംഘടിപ്പിച്ചത്. കുട്ടികൾ ചേർന്ന് സ്കുൾ വരാന്തയിൽ അത്തപ്പൂക്കളം ഒരുക്കി. വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ വിനോദങ്ങളും അരുൺ ഗ്രാമവാസികൾക്കായി സംഘടിപ്പിച്ചു. ഗ്രാമവാസികൾക്ക് ഇതൊക്കെ പുതിയ അനുഭവമായിരുന്നു. കൊച്ചുകുട്ടികൾ മുതൽ സ്ത്രീജനങ്ങളും ഇതിൽ പങ്കാളിയായി. വിഭവസമൃദ്ധമായ ഓണസദ്യയും ഇവർക്ക് നൽകി. നല്ല തൂശനിലയിൽ സദ്യകഴിച്ചപ്പോൾ അവരുടെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.

ഞങ്ങൾ ഇവിടെ സന്തുഷ്ടർ
—————————
തീർത്തും അപരിഷ്കൃതമായി കിടന്ന ഗ്രാമത്തെ ഭൂമിയെ സ്വർഗമാക്കി മാറ്റുകയായിരുന്നു അരുണിന്റെ നേതൃത്വത്തിലുള്ള മലയാളികള്‍. നിലവിൽ വൈദ്യുതിയുടെ കുറവ് മാത്രമാണ് ഇവിടെ ഉള്ളത്. അത് എത്തിക്കാനുള്ള നടപടികൾ രണ്ട് വർഷത്തിനുള്ളൽ പൂർത്തിയാകും. അടുപ്പിലെ ചാരം ഉപയോഗിച്ച് പല്ലുതേച്ചിരുന്ന ജനത ഇന്ന് ഉമിക്കരിയാണ് ഉപയോഗിക്കുന്നത്. വീടുകളുടെ അവസ്ഥയും മാറി. നല്ല ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് ഇവരുടെ താമസം. ചസാസിൽ ഏകദേശം 15,000 ജനങ്ങളാണ് താമസിക്കുന്നത്. ചിലകാര്യങ്ങളിൽ മടിയുള്ള കൂട്ടത്തിലാണിവർ. ആശയപരമായി ചിന്തിക്കാനോ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിക്കുറിച്ച് ചിന്തിക്കുകയോ ചെയ്യാത്ത ഗ്രാമീണർ. പറഞ്ഞ് കൊടുക്കുമ്പോൾ അത് ചെയ്യുന്നുവെന്ന് മാത്രം. എന്നാൽ ആ സാഹചര്യങ്ങളെല്ലാം അരുണിന്റെ ഇടപെടലോടെ മാറുകയാണ്. ആധുനിക കൃഷിരീതിയും കിണർ നിർമ്മാണവും വീടിന് ആവശ്യമായ ചുടുകട്ട നിർമ്മാണത്തിലും ഇന്നവര്‍ വിദഗ്ധരാണ്. ഒപ്പം വൃത്തിയുള്ള ചുറ്റുപാടും ഇവർ മെനഞ്ഞെടുത്തു. ഇന്ന് ഈ ഗ്രാമം പട്ടിണിയെന്തെന്ന് അറിയുന്നില്ല. ഗ്രാമീണർ ഇപ്പോൾ ഒന്നടങ്കം പറയുന്നു ‘ഞങ്ങളും ഇവിടെ സന്തുഷ്ടരാണ്.’ ഔദ്യോഗിക ജോലികൾ അവസാനിച്ചതോടെ അരുണ്‍ ചിസാസില ഗ്രാമത്തോട് വിട പറഞ്ഞത് വളരെ വികാരപരമായിട്ടായിരുന്നു. തങ്ങളുടെ ജീവിതം കരുപിടിപ്പിക്കാൻ ഒപ്പം നിന്നവർ അടുത്ത ഗ്രാമമായ പോണേലയിൽ പുതിയ ദൗത്യവുമായി പോയത് ആ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. എങ്കിലും ഒഴിവ് സമയങ്ങളിൽ ആരുണും ഭാര്യ സുമിയും ഗ്രാമത്തിൽ എത്താറുണ്ട്.

മാതൃകാ ഗ്രാമം
————-
ചിസസില ഇന്നൊരു മാതൃകാ ഗ്രാമമാണ്. അവിടെ ദുഃഖങ്ങളില്ല. പകരം സന്തോഷം മാത്രം. ഇതുപോലെ മറ്റ് ഗ്രാമങ്ങളിലേക്കും വികസനം എത്തിക്കണമെന്ന ആവശ്യം ആ രാജ്യത്ത് ഉയർന്ന് കഴിഞ്ഞു. ചരക്ക് കൈമാറ്റം അടക്കമുള്ള ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നീക്കം ആരംഭിച്ച് കഴിഞ്ഞു. ഒരു ഗ്രാമത്തിൽ നിന്നും കൊളുത്തിവിട്ട വികസന ജ്വാല ഇന്ന് രാജ്യം മുഴുവനും അലയടിക്കുകയാണ്. അറിയാത്ത കാര്യങ്ങൾ പഠിച്ചും അത്തരം അറിവുകൾ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ചും ഗ്രാമവാസികളും ഗ്രാമവും വികസിക്കുകയാണ്. ഒരുകാലത്ത് അപരിഷ്കൃതരെന്ന് മുദ്രകുത്തി അവഗണിക്കപ്പെട്ട സമൂഹം ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചുവട് വയ്ക്കുന്നുവെന്നതും അരുണിനും ഭാര്യ സുമിക്കും ഇവരുടെ സുഹ‍ൃത്തുക്കള്‍ക്കും അഭിമാനിക്കാം.

ഹിറ്റായി മലാവി ഡയറീസ് 
————————-
അരുണിന്റെ ‘മലാവി ഡയറീസ്’ എന്ന യുടൂബ് ചാനലിന്റെ ജനപ്രീതി വർധിക്കുകയാണ്. സ്വദേശികളും വിദേശ പ്രവാസികളടക്കം വലിയൊരു പ്രേക്ഷകർ മലാവി ഡയറീസിനുണ്ട്. അരുണിന്റെ മേൽനോട്ടത്തിൽ നടക്കുന്ന വീട് നിർമ്മാണവും സുമിയുടെ നേതൃത്വത്തിലുള്ള കേരളരീതിയുള്ള ഭക്ഷണ പാചകപരിശീലനത്തിനും നിറഞ്ഞ കയ്യടിയാണ്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണമായും അവര്‍ ഗ്രാമത്തിന്റെ പുരോഗതിക്കായി ചെലവഴിക്കുന്നു. മലാവിയുടെ വികസന പ്രശ്നങ്ങൾ പുറം ലോകം അറിഞ്ഞതും അരുണിന്റെ യുടൂബിലൂടെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.