26 December 2024, Thursday
KSFE Galaxy Chits Banner 2

മൗനവും ചോദ്യവും

അജിത് കൊളാടി
വാക്ക്
July 15, 2023 4:30 am

സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പറയുവാനുമുള്ള ഇടങ്ങൾ തീരെ ഇല്ലാതാകുന്നു. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത തരത്തിലുള്ള സമഗ്രാധിപത്യം ശക്തിയാർജിക്കുന്നു. അസഹിഷ്ണുതയും വർധിക്കുന്നു. ഫാസിസ്റ്റുകൾ ഭരണഘടനയ്ക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത് എന്ന് തോന്നുമെങ്കിലും ഭരണഘടനയെ തീരെ മാനിക്കാത്തവരാണ്. അവർ എഴുത്തുകാരെ ഭീഷണിപ്പെടുത്തുന്നു, വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നവരെ അക്രമിക്കുന്നു, ജനാധിപത്യ വാദികളെ അടിച്ചമർത്തുന്നു, നിശബ്ദരായിരിക്കാൻ വിസമ്മതിക്കുന്നവരുടെ ജീവൻ തന്നെ കവർന്നെടുക്കുന്നു. അവർ ഭയം വാരിവിതറുന്നു. ഹിന്ദുത്വ വാദികളുടെയും ഇസ്ലാമിക മതമൗലികവാദികളുടെയും പ്രവർത്തനങ്ങൾ നോക്കിയാൽ ഇവയെല്ലാം കാണാം.
വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നവർക്കെതിരെ ഫത്‌വകൾ പുറപ്പെടുവിക്കാറുണ്ട്. വെറുപ്പിന്റെ വേര് ആഴ്ന്ന് കിടക്കുന്നത് സംഘ്പരിവാർ പ്രത്യയശാസ്ത്രത്തില്‍ക്കാണാം. ഒന്നിക്കാൻ ആവശ്യമായ ആരോഗ്യകരമായ ആശയവിനിമയങ്ങളെത്തന്നെ അസാധ്യമാക്കുംവിധമുള്ള വെറുപ്പിന്റെ പ്രയോഗമാണ് നവ ഫാസിസത്തിന്റെ സംഭാവന. വെറുപ്പിലേക്ക് വഴുക്കുന്നത്ര എളുപ്പമല്ല അതിൽ നിന്ന് കയറിപ്പോരൽ. ഇന്ത്യയിലെ ഫാസിസ്റ്റ് സംവിധാനത്തെ സാധ്യമാക്കുന്നതും നിലനിർത്തുന്നതും എന്തെല്ലാം സാമൂഹിക പ്രക്രിയകളാണെന്ന് കണ്ടെത്താൻ പലതരം അന്വേഷണങ്ങൾ നടക്കുന്നു. ഈ അന്വേഷണങ്ങളിൽ ഭൂരിഭാഗവും വിശദീകരിക്കുന്നത്, സർക്കാർ, കോടതികൾ, എക്സിക്യൂട്ടീവ്, തെരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയ്ക്ക് പ്രത്യേകമായുള്ള പങ്കിനെ കുറിച്ചാണ്. അത്രതന്നെ പ്രാധാന്യമുള്ളതാണ് സാധാരണ ജനം എന്നു വിളിക്കപ്പെടുന്നവർ, ഫാസിസ്റ്റ് സംവിധാനത്തെ നിലനിർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വഹിക്കുന്ന പങ്ക്. വിശ്വവിഖ്യാത തത്വചിന്തക ഹന്ന ആരന്റ്, ജർമ്മനിയിലെ നാസി ഏകാധിപത്യത്തിന്റെ ചരിത്രം വിശകലനം ചെയ്യുമ്പോൾ ഇതു പറഞ്ഞിട്ടുണ്ട്. ദ ഒറിജിൻസ് ഓഫ് ടോട്ടാലിറ്റേറിയനിസം എന്ന ഗ്രന്ഥത്തിൽ വിശദമായി അത് പരാമർശിക്കുന്നു.


ഇതുകൂടി വായിക്കൂ: ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെ ട്രംപിന്റെ ഭീഷണി


ഫാസിസം മാനവികതയ്ക്കെതിരായ പ്രക്രിയകൾ അഭംഗുരം ആവർത്തിക്കുമ്പോൾ ജനത എന്തേ പ്രതികരിക്കാത്തത്. എന്തുകൊണ്ട് മൗനം ഒരു ആഭരണമാകുന്നു. നിശബ്ദത പണ്ടുമുതലേ ആഘോഷിക്കപ്പെടേണ്ട മൂല്യമായി കരുതുന്നവരുണ്ട്. തത്വചിന്തകര്‍, മൗനത്തിന്റെ അപാരശക്തിയെയും ഗഹനതയെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. ചില ഘട്ടങ്ങളിൽ വാക്കുകളെക്കാൾ ശക്തി മൗനത്തിനാണ് എന്നും അവർ പറഞ്ഞു. മൗനത്തിന്റെ അപാരമായ കല അറിയുന്നവർക്കേ ശക്തമായ വാക്കുകൾ പ്രയോഗിക്കാനാവൂ എന്നും അവർ എഴുതി. എന്നാൽ ഇന്ന്, മൗനം എന്ന കലയെക്കുറിച്ചല്ല പരിശോധിക്കേണ്ടത്, നിശബ്ദത പാലിക്കുന്ന സമയത്തെ കുറിച്ചാണ്. മൗനത്തിന്റെ അർത്ഥത്തെ കുറിച്ചാണ്. എപ്പോഴാണ് ജനത നിശബ്ദമാകുന്നത്? എന്തുകൊണ്ടാണത്? എന്താണ് ചില ഘട്ടങ്ങളിൽ മൗനം വിശദീകരിക്കുന്നത്. വിശ്രുത ചരിത്ര പണ്ഡിത റൊമിള ഥാപ്പർ ഈ ചോദ്യങ്ങളുയർത്തി അന്വേഷണം നടത്തി. അവരുടെ പുസ്തകം “ദ പബ്ലിക് ഇന്റലക്ച്വൽ ഇൻ ഇന്ത്യ” ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
നിഷേധാത്മക അർത്ഥത്തിൽ നിശബ്ദത എന്നത് ചോദ്യം ചെയ്യാനും സംസാരിക്കാനും ഉള്ള വൈമനസ്യമാണ്. മൗനം ചിലപ്പോൾ നിസംഗതയാണ്. നമ്മുടെ മുന്നിൽ നടക്കുന്നത് അനീതിയാണ് എന്നറിഞ്ഞിട്ടും അതിനെ ചോദ്യം ചെയ്യാനാവാത്തതിന്റെ ഒരു കാരണം മരവിച്ച മനസാണ്. പ്രതികരിക്കാനുള്ള ശേഷി തീരെ ഇല്ലാത്തവരായി വ്യക്തികൾ മാറിയതുകൊണ്ടാണ് അത് സംഭവിക്കുന്നത്. അവനവനെത്തന്നെ ചിന്തകൾ കൊണ്ട്, ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കേണ്ട എന്ന വിചാരമാണ് പ്രതികരിക്കാൻ ധൈര്യമില്ലാതാക്കുന്നത്. വളരെ ജീർണിച്ച മാനസികാവസ്ഥയുണ്ടാകുമ്പോൾ, കനത്ത ആഘാതമുണ്ടാക്കുന്ന സംഭവം സമൂഹത്തിൽ നടന്നാലും അത് നമ്മെ തെല്ലുപോലും ബാധിക്കില്ല. അതാണ് ഇന്ന് രാജ്യത്തുള്ളത്. അപ്പോൾ മൗനം ശക്തമാകുന്നു. വികാരവിചാരങ്ങൾ തോന്നുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു.


ഇതുകൂടി വായിക്കൂ: പാര്‍ലമെന്റാണ്; ഏകാധിപത്യയുടെ രാജധാനിയല്ല


നിത്യേന അക്രമണങ്ങളുടെയും വംശഹത്യകളുടെയും, വർഗീയ കലാപങ്ങളുടെയും വാർത്തകൾ കേൾക്കുന്നു, കാണുന്നു. ആദിവാസി-ദളിത് വിഭാഗത്തെ അവരുടെ മണ്ണിൽ നിന്ന് കൂട്ടത്തോടെ ഒഴിപ്പിക്കുന്നതും അവരുടെ ഭൂമി ബലം പ്രയോഗിച്ച് ഭൂമാഫിയകളും മൂലധനശക്തികളും പിടിച്ചെടുക്കുന്നതും കാണുന്നു. മൂലധനശക്തികൾ അവരെ വേട്ടയാടുന്നു. സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. ജാതിയുടെ പേരിൽ ക്രൂരമായ മർദനവും തൊട്ടുകൂടായ്മയും നടക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ പരസ്യമായി നടക്കുന്നു. പട്ടിണി കിടക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സാമൂഹ്യ സാമ്പത്തിക അസമത്വം ക്രമാതീതമായി കൂടുന്നു. ഇത്തരത്തിലുള്ള മനുഷ്യവിരുദ്ധത കണ്ടാലും കേട്ടാലും ജനത നിസംഗത പുലർത്തുന്നു എന്നതാണ് ദുരന്തം. സംസാരിച്ചിട്ട് ഒരു കാര്യവുമില്ല എന്ന ബോധത്തിൽ നിന്ന് മനുഷ്യൻ മൗനം അവലംബിച്ചേക്കാം. പ്രവൃത്തികളുടെ ഫലത്തിൽ വിശ്വാസമില്ലായ്മ വന്നുകൂടുമ്പോഴും മൗനം പാലിച്ചേക്കാം. ഇത്തരം ഘട്ടങ്ങളിൽ അനീതിക്കെതിരെ പ്രതിരോധം തീർക്കാനും ഉച്ചത്തിൽ സംസാരിക്കാനും പലർക്കും തോന്നുമെങ്കിലും സാധിക്കില്ല. ഇടപെടൽ അസാധ്യമായി തീരുന്നു. കാരണം സത്യത്തിനെതിരായ ശക്തികൾ അത്രമാത്രം ബലവാന്മാരാണ്, സമ്പത്തുള്ളവരാണ്.
അനീതിക്കൊപ്പം നിന്നാൽ എല്ലാ സുഖലോലുപതയിലും അഭിരമിക്കാം എന്ന സ്വാർത്ഥചിന്ത വളരുകയും മനുഷ്യൻ സമ്പത്തിന്റെയും അധികാരത്തിന്റെയും അടിമകളാകുകയും ചെയ്യുന്നു. മൗനം വ്യാപിക്കുന്നത് ഭയം കൊണ്ടുമാകാം. വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയാലുള്ള അനന്തര ഫലത്തെ കുറിച്ച് ഭൂരിഭാഗം മനുഷ്യരും ഭയമുള്ളവരാണ്. വ്യക്തിപരമായ പല നഷ്ടങ്ങളും ഉണ്ടായേക്കാം എന്നവർ ഭയപ്പെടുന്നു. മിണ്ടാതിരുന്നാൽ അപകടമില്ലല്ലോ എന്ന ബോധം അവനെ കീഴടക്കുന്നു. അതൊരു സാങ്കല്പിക ബോധം മാത്രമാണ് എന്നറിയാൻ ഏറെ വൈകും. അത് പരാജയമാണെന്ന്, ഭീരുത്വമാണെന്ന് തിരിച്ചറിയുന്നില്ല. അനീതിക്കെതിരെ എന്നും അസന്ദിഗ്ധമായി പോരാടിയവർ മൗനത്തെ സധൈര്യം എതിർത്തു. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ പറഞ്ഞതുപോലെ “അവസാനം നമ്മൾ, നമ്മുടെ ശത്രുക്കളുടെ വാക്കുകളല്ല ഓർമ്മിക്കുക മറിച്ച് നമ്മുടെ സുഹൃത്തുക്കളുടെ നിശബ്ദതയാണ്.” നിസംഗതയെയും നിസഹായാവസ്ഥയെയും അഭിമുഖീകരിക്കുന്നതു പോലെയാവില്ല ഭയത്തെ അഭിമുഖീകരിക്കേണ്ടി വരിക. ധൈര്യത്തെ കുറിച്ച് പ്രഭാഷണം നടത്തിയതുകൊണ്ട് ഇതിനെ മറികടക്കാനാവില്ല. ഭൂതകാലത്തെ ധീര പ്രവർത്തനത്തെ കുറിച്ചുള്ള വാക്കുകളോ, ധീരനായകന്മാരുടെ കഥകളോ ജനങ്ങളെ പ്രചോദിതരാക്കിക്കൊള്ളണമെന്നില്ല.


ഇതുകൂടി വായിക്കൂ: ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകൾ


നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക മേഖലയിലെ വിവിധ ഘടകങ്ങൾ വലിയ ഒരു ജനതയെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തുന്നു. വർത്തമാനകാലത്ത് മാറ്റത്തിന്റെ ആശയങ്ങളെ, മൂല്യങ്ങളെ പ്രവർത്തനപഥത്തിൽ കൊണ്ടു വരുമ്പോഴാണ് ജനം പ്രചോദിതരാകുക. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെ നിശബ്ദരാക്കാൻ അധികാരികൾ നിത്യേന ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിച്ചേ തീരൂ. മനുഷ്യൻ സംസാരിക്കേണ്ടിയിരിക്കുന്നു. ചോദ്യം ചോദിക്കുന്ന സാമൂഹിക സംസ്കാരം വളർത്തിയെടുക്കാൻ സംഭാഷണങ്ങൾക്കും സംവാദങ്ങൾക്കും സ്ഥാനമുള്ള സമൂഹം നിലനിർത്താൻ അതിതീവ്രമായി ശ്രമിക്കേണ്ടിയിരിക്കുന്നു. ചെറിയ ചെറിയ ശബ്ദങ്ങൾക്ക് ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട് എന്ന് വിസ്മരിക്കേണ്ടതില്ല. അർത്ഥപൂർണമായ വിദ്യാഭ്യാസത്തിനും നീതിക്കും സമത്വത്തിനും സഹിഷ്ണുതയ്ക്കും ജനാധിപത്യത്തിനും വേണ്ടി വലിയ പ്രതിരോധ നിര കെട്ടിപ്പടുക്കണം. അനീതിക്കും അഴിമതിക്കും എതിരെ, അപരവൽക്കരണത്തിനെതിരെ, സാമ്പത്തിക അസമത്വത്തിനെതിരെ, സ്ത്രീപീഡനങ്ങൾക്കെതിരെ, സാമൂഹികമായ തൊട്ടുകൂടായ്മയ്ക്കെതിരെ, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ, കാർഷിക മേഖലയിലെ കൊടിയ ചൂഷണങ്ങൾക്കെതിരെ ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾ നമ്മൾ കാണുന്നു. അത്തരം പ്രക്ഷോഭങ്ങളാണ് വളരേണ്ടത്.

ഒരു വർഷം നീണ്ടുനിന്ന കർഷക സമരത്തിന്റെ ഇച്ഛാശക്തിയിൽ നിന്ന് നാം കണ്ടതാണ്, ഫാസിസം ജനശക്തിയെ ഭയപ്പെടുന്നു എന്ന്. അധികാരവും വെറുപ്പും ഒന്നിക്കുന്നതിന്റെ ഏറ്റവും ഹിംസാത്മകമായ രാഷ്ട്രീയ രൂപമാണ് ഫാസിസം. അവർ ചരിത്രത്തെ നമ്മളിൽ നിന്ന് മറച്ചു പിടിക്കുന്നു. അവർക്ക് ഇഷ്ടമുള്ളതുമാത്രം ചരിത്രമാക്കുന്നു. മൂലധന ശക്തികൾക്ക് ഭരണകൂടത്തെ അടിയറവയ്ക്കുന്നു. ഇതെല്ലാം കണ്ടിട്ട് നിശബ്ദരാകുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഫാസിസത്തിനെതിരായുള്ള സമരത്തിൽ ജനാധിപത്യത്തിനുള്ള പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലൊ. ഒരുതരത്തിൽ ഫാസിസത്തിന്റെ നിർവചനം തന്നെ ജനാധിപത്യവിരുദ്ധമായ സംവിധാനം എന്നാണ്. എന്നാൽ ജനാധിപത്യത്തെ അതിന്റെ രൂപപരമായ നിർവചനത്തിൽ ഒതുക്കുമ്പോൾ, അതിനെ ഒരു ഭരണ പ്രക്രിയ ആയി മാത്രം കാണുമ്പോൾ ഫാസിസത്തെ ചെറുക്കാനുള്ള അതിന്റെ ശേഷി വളരെ ദുർബലമാകും.


ഇതുകൂടി വായിക്കൂ: പേര് മനോഹരം ലക്ഷ്യം ഫാസിസം


ഫാസിസം ഒരു ജീവിത ശൈലിയായി മാറുന്ന ഘട്ടത്തിൽ ജനാധിപത്യത്തെ ഒരു ജീവിത ശൈലിയാക്കിക്കൊണ്ടു മാത്രമേ ചെറുത്തുനില്‍പ്പ് സാധ്യമാകൂ. വ്യത്യസ്തതകളോടുള്ള ബഹുമാനം എന്നതാണ് അതിന്റെ അടിസ്ഥാനം. അത്തരമൊരു സംസ്കാരത്തിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടും, വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കപ്പെടും. ജനങ്ങളുടെ ഫാസിസ്റ്റ് ശീലങ്ങളെ തന്നെ ചോദ്യം ചെയ്യുമ്പോഴാണ് ഫാസിസത്തിന്റെ ജനകീയ പിന്തുണയെ പ്രതിരോധിക്കാൻ കഴിയുക. പ്രതിപക്ഷ ആശയം പ്രകടിപ്പിക്കുന്നവർ പാടില്ല എന്ന സാഹചര്യം ബഹുസ്വരതയുള്ള സമൂഹത്തിൽ സംജാതമാകില്ല. ജനാധിപത്യ സമൂഹമായി നില നിൽക്കണമെങ്കിൽ വിമർശനാത്മകമായ സംവാദം വേണം, ചോദ്യം ചെയ്യൽ വേണം, സംഭാഷണം വേണം. കാലഘട്ടം ആവശ്യപ്പെടുന്നത് സംവാദമാണ്, ചർച്ചയാണ്, സംഭാഷണമാണ്; മൗനമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.