22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024
February 29, 2024
February 11, 2024

അരി ഉള്‍പ്പെടെ ആറിനങ്ങള്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട്

Janayugom Webdesk
തിരുവനന്തപുരം
November 1, 2022 10:46 pm

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയ അരി ഉള്‍പ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കള്‍ ആന്ധ്രാപ്രദേശില്‍ നിന്നും വാങ്ങുന്നതിന് ധാരണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലും ആന്ധ്രാപ്രദേശ് ഭക്ഷ്യ മന്ത്രി കെ പി നാഗേശ്വര റാവുവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചർച്ചയിലാണ് ധാരണയിലായത്.
ആദ്യഘട്ടത്തില്‍ ജയ അരിക്കു പുറമെ കടല, വൻപയർ, മല്ലി, വറ്റൽ മുളക്‌, പിരിയൻ മുളക്‌ എന്നീ ആറ് ഇനം സാധനങ്ങള്‍ വിതരണത്തിനെത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഭക്ഷ്യ ധാന്യങ്ങള്‍ ഡിസംബറോടെ കേരളത്തില്‍ എത്തുമെന്നും ഇരു മന്ത്രിമാരും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രീമിയം നിലവാരത്തിലുള്ള ജയ അരി, മുളക്, മല്ലി തുടങ്ങിയ ഒമ്പത് ഇനം സാധനങ്ങള്‍ ആവശ്യകത അനുസരിച്ച് മിതമായ നിരക്കില്‍ കേരളത്തിന് ലഭ്യമാക്കാന്‍ തയാറാണെന്ന് ആന്ധ്രാപ്രദേശ് ഭക്ഷ്യ മന്ത്രി അറിയിച്ചു. വിളകള്‍ക്ക് താങ്ങുവില നിശ്ചയിച്ച് നല്‍കിയാണ് കര്‍ഷകരില്‍ നിന്നും ആന്ധ്രാ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിക്കുന്നത്. എംഎസ്‍പി വിലയ്ക്ക് സംഭരിച്ച് സംസ്കരണ ചെലവും കടത്തുകൂലിയും മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ആന്ധ്രാ സര്‍ക്കാര്‍ കേരളത്തിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വില നിശ്ചയിക്കുക. കയറ്റുമ്പോഴും കേരളത്തില്‍ എത്തുമ്പോഴും ഗുണനിലവാര പരിശോധനയ്ക്കായി ഒരു സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്താനും ധാരണയായി. ആദ്യഘട്ടം വിജയകരമായാല്‍ കൂടുതല്‍ ഉല്പന്നങ്ങള്‍ ആന്ധ്രാപ്രദേശ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേന വാങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പ്രതിമാസം 3840 മെട്രിക് ടണ്‍ പ്രീമിയം ക്വാളിറ്റി ജയ അരി കർഷകരില്‍ നിന്നും ആന്ധ്രാ സർക്കാർ നേരിട്ട് സംഭരിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ റയില്‍വേ റാക്ക് പോയിന്റുകളില്‍ എത്തിക്കും. പ്രതിവർഷം 46,100 മെട്രിക് ടണ്‍ അരി ലഭ്യമാക്കും. ആന്ധ്രയിലെ കർഷകർക്ക് മിനിമം വില ഉറപ്പുവരുത്തുകയും കേരളത്തിന് ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതുമാത്രമാണ് ലക്ഷ്യമാക്കുന്നതെന്ന് ആന്ധ്രാപ്രദേശ് ഭക്ഷ്യ മന്ത്രി അറിയിച്ചു. കേരളവുമായുള്ള ഇറക്കുമതിയില്‍ ലാഭം ലക്ഷ്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു സർക്കാരുകളും തമ്മിലുള്ള എംഒയു ഉടന്‍ തന്നെ ഒപ്പിടുമെന്ന് മന്ത്രി ജി ആർ അനില്‍ അറിയിച്ചു.
ആന്ധ്രാപ്രദേശ് ഭക്ഷ്യ വകുപ്പു മന്ത്രിയോടൊപ്പം ഭക്ഷ്യ വകുപ്പു കമ്മിഷണർ ഡോ. ബാബു, സിവില്‍ സപ്ലൈസ് കോർപറേഷന്‍ മാനേജിങ് ഡയറക്ടർ ജി വീരപാണ്ഡ്യന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേരള ഭക്ഷ്യ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, ഭക്ഷ്യ പൊതുവിതരണ കമ്മിഷണർ ഡി സജിത് ബാബു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Six ingre­di­ents includ­ing rice are direct­ly from Andhra

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.