
ഇന്ത്യൻ കരസേനയുടെ അടിയന്തര ആയുധ സംഭരണ പദ്ധതികളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ആയുധങ്ങൾ വാങ്ങുന്നതിനായി അനുവദിച്ച 40,000 കോടി രൂപയുടെ പദ്ധതികളിൽ 72 ശതമാനവും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതിർത്തിയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് വേഗത്തിൽ ആയുധങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് അടിയന്തര സംഭരണ പദ്ധതികൾ ആവിഷ്കരിച്ചത്. എന്നാൽ പരിശോധിച്ച കരാറുകളിൽ ഭൂരിഭാഗവും (72%) കരാർ വ്യവസ്ഥകൾ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ ആയുധങ്ങൾ കൈമാറുന്നതിൽ പരാജയപ്പെട്ടു.
കരസേനാ ആസ്ഥാനത്ത് നിക്ഷിപ്തമായ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് കരാർ വ്യവസ്ഥകളിൽ അനാവശ്യമായ ഇളവുകൾ വരുത്തി. ഇത് രാജ്യത്തിന്റെ ഖജനാവിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കാൻ കാരണമായെന്ന് സിഎജി കുറ്റപ്പെടുത്തുന്നു. പ്രതിരോധ മേഖലയിലെ തദ്ദേശീയ വികസനത്തിനായി നൽകിയ വിതരണ ഓർഡറുകളിൽ 30 ശതമാനവും പാതിവഴിയിൽ തടസ്സപ്പെട്ടു. വെണ്ടർമാരുടെ കഴിവില്ലായ്മയും സാങ്കേതികമായ തടസങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കിഴക്കൻ ലഡാക്കിലെ ഗൽവാൻ സംഘർഷത്തിന് പിന്നാലെ സൈനിക ശേഷി അടിയന്തരമായി വര്‍ധിപ്പിക്കുന്നതിനായാണ് ഇപി 1 മുതൽ 4 വരെയുള്ള ഘട്ടങ്ങൾ പ്രഖ്യാപിച്ചത്.
പ്രധാനമായും വെടിക്കോപ്പുകൾ, ഡ്രോണുകൾ, ആധുനിക ആശയവിനിമയ സംവിധാനങ്ങൾ എന്നിവ വാങ്ങാനാണ് ഈ പദ്ധതി ലക്ഷ്യമിട്ടത്. ആഭ്യന്തര സുരക്ഷയും കലാപ വിരുദ്ധ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിനായിരുന്നു അഞ്ചാം ഘട്ടം. ആയുധങ്ങൾ വാങ്ങുന്നതിലെ ഈ കാലതാമസം രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധതയെ ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. നിർണായക ഉപകരണങ്ങളുടെ ലഭ്യതക്കുറവ് സൈന്യത്തിന്റെ ഓപ്പറേഷൻ ശേഷിയെ പരിമിതപ്പെടുത്തിയേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.