6 December 2025, Saturday

Related news

September 21, 2025
September 16, 2025
August 24, 2025
July 28, 2025
June 22, 2025
June 19, 2025
June 7, 2025
May 4, 2025
May 2, 2025
April 16, 2025

ദല്ലേവാളിന് ഐക്യദാര്‍ഢ്യം; മരണം വരെ നിരാഹാരവുമായി 111 കര്‍ഷകര്‍

Janayugom Webdesk
ചണ്ഡീഗഢ്
January 15, 2025 9:18 pm

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാര സമരം നടത്തുന്ന മുതിര്‍ന്ന കര്‍ഷക നേതാവ് ജഗ്ജീത് സിങ് ദല്ലേവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 111 കര്‍ഷകര്‍ നിരാഹാര സമരം ആരംഭിച്ചു. പ‍ഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയിലാണ് കര്‍ഷകര്‍ മരണം വരെ നിരാഹാരം ആരംഭിച്ചത്. സമരത്തെ നേരിടാന്‍ ഹരിയാന പൊലീസ് ഖനൗരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കറുത്ത വസ്ത്രം ധരിച്ച് ദല്ലേവാളിനെ വണങ്ങിയാണ് 111 കര്‍ഷകര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി സമരം തുടങ്ങിയത്. ഹരിയാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു സമരം ആരംഭിച്ചതെന്ന് കര്‍ഷക നേതാവ് കാക്ക സിങ് കോട്ട്റ പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങളോട് ഇതുവരെ അനുകൂല സമീപനം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ദല്ലേവാളിന്റെ ആരോഗ്യ നില മോശമായിട്ടും ചര്‍ച്ചകള്‍ക്ക് കേന്ദ്രം മുന്നോട്ട് വന്നിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് 111 കര്‍ഷകര്‍ കൂടി സമരത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചാലും സമരം തുടരനാണ് പ്രക്ഷോഭകരുടെ തീരുമാനം. സമാധാനമായി സമരം നടത്തുകയാണ് ലക്ഷ്യം. കണ്ണീര്‍വാതകം പ്രയോഗിച്ചാലും ലാത്തിച്ചാര്‍ജ് നടത്തിയാലും പിന്‍വാങ്ങില്ല. താല്‍ക്കാലിക കൂടാരങ്ങളും പുതപ്പും സമരക്കാര്‍ക്കായി സജീകരിച്ചിട്ടുണ്ട്. ഡല്‍ഹി ചലോ മാര്‍ച്ച് തടഞ്ഞ സാഹചര്യത്തിലാണ് ശംഭുവിലും ഖനൗരിയിലും സമര കേന്ദ്രമായി തെരഞ്ഞെടുത്തത്. കര്‍ഷക സമരം വീണ്ടും ശക്തിപ്രാപിക്കുന്നത് പരിഗണിച്ച് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ പഞ്ചാബ് — ഹരിയാന പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പഞ്ചാബ് സര്‍ക്കാര്‍ സമരകേന്ദ്രത്തിന് സമീപം മെഡിക്കല്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ‌ദല്ലേവാളിന്റെ നിരഹാര സമരം 51-ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെയാണ് പ്രക്ഷോഭം വീണ്ടും ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗ) ആഹ്വാനം ചെയ്തതത്. ഖനൗരിക്ക് സമീപം ജിന്ദിലാണ് പ്രക്ഷോഭകര്‍ നിരഹാര സമരം ആരംഭിച്ചിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അമിത് ഭാട്ടിയ അറിയിച്ചു. മേഖലയില്‍ സുരക്ഷാപ്രശ്നം മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ക്രമസമാധന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രക്ഷോഭകര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.