23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 6, 2024
November 2, 2024
October 30, 2024
October 9, 2024
October 8, 2024
October 7, 2024
September 25, 2024
September 11, 2024
August 22, 2024
July 24, 2024

മാധ്യമവിലക്ക് എന്ന പരാതിയില്‍ സ്പീക്കറുടെ റൂളിങ്

Janayugom Webdesk
June 28, 2022 1:45 pm

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമസഭയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും സഭാ നടപടികളുടെ പൂര്‍ണമായ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ലെന്നും സഭയ്ക്കുള്ളില്‍നിന്നും വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തു നല്‍കി എന്നിവയില്‍ ഉയര്‍ന്ന പരാതികളില്‍ സ്പീക്കര്‍ റൂളിങ് നല്‍കി.

തിങ്കളാഴ്ച സഭാ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചില പൊതുവായ പരാതികളിന്മേല്‍ ഒരു വിശദീകരണം സഭാതലത്തില്‍ത്തന്നെ നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് ചെയര്‍ കരുതുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കിയിരിക്കുന്നു എന്ന തരത്തിലുള്ള തെറ്റായ ഒരു വാര്‍ത്ത ആസൂത്രിതമായി ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ചെയര്‍ ഇക്കാര്യത്തില്‍ വിശദമായ ഒരു അന്വേഷണം നടത്തുകയുണ്ടായി. സമീപകാലത്ത് നിയമസഭാ പരിസരത്തേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍, സഭാ മന്ദിരത്തില്‍ പ്രവേശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരുടെയും പാസ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചതിന്റെയും മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളിലേക്കുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനത്തിന്റെ കാര്യത്തില്‍ സംഭവിച്ച ചില ഇടപെടലുകളുടെയും ഫലമായിട്ടാണ് ഇത്തരത്തില്‍ പെരുപ്പിച്ച നിലയില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായത് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ മന്ദിരത്തിലെ മീഡിയാ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ വീഡിയോ ചിത്രീകരണത്തിന് നിബന്ധനകളോടെ മാത്രമേ നേരത്തെയും അനുമതി നല്‍കാറുള്ളൂ എന്നതാണ് വസ്തുത. ഈ വസ്തുത തമസ്കരിച്ചായിരുന്നു ഇന്നലത്തെ മാധ്യമവാര്‍ത്തകള്‍. വീഡിയോ കാമറ കൂടാതെയും അംഗീകൃത പ്രസ് പാസ് പ്രദര്‍ശിപ്പിച്ചുകൊണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമസഭാ മന്ദിരത്തിനുള്ളിലെ ഏതൊരു ഭാഗത്തേക്കും പ്രവേശിക്കുന്നതിന് നിലവില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.

അഞ്ചാം സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച സഭാ ടിവി വഴി സംപ്രേഷണം ചെയ്ത നിയമസഭാ നടപടികളില്‍നിന്നും പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കി എന്ന നിലയില്‍ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പുറമെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പി സി വിഷ്ണുനാഥ് പ്രത്യേക പരാതിയും ചെയറിനു നല്‍കിയിരുന്നു. ഇക്കാര്യവും ചെയര്‍ വിശദമായി പരിശോധിച്ചു. സഭാ നടപടികള്‍ ടെലികാസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് നമ്മുടെ സഭയില്‍ ആദ്യമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത് 2002ലാ ആണ്. “Instruc­tions on Broad­cast­ing and Tele­cast­ing of Gov­er­nor’s Address and Assem­bly Pro­ceed­ings” എന്ന രേഖ പ്രകാരം സഭാനടപടികള്‍ അനുസരിച്ച് ആര്‍ക്കാണോ സംസാരിക്കുവാന്‍ അവസരം ലഭ്യമായിരിക്കുന്നത് അവരുടെ ദൃശ്യങ്ങള്‍ മാത്രമേ ആ ആവസരത്തില്‍ ടെലികാസ്റ്റ് ചെയ്യാന്‍ പാടുള്ളൂ. ഇവിടെ പരാമര്‍ശവിധേയമായ ഇന്നലത്തെ ചോദ്യോത്തരവേളയിലേക്ക് കടന്നപ്പോള്‍ എം മുകേഷിന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് വകുപ്പുമന്ത്രിയെ ക്ഷണിക്കുകയും അദ്ദേഹം മറുപടി പറയാന്‍ എഴുന്നേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ മാത്രം സംപ്രേഷണം ചെയ്തത്.

പ്രതിപക്ഷ നിരയില്‍ പ്രതിഷേധത്തിന്റെ ഭാഗമായിട്ടുള്ള ക്രമമില്ലായ്മ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ആ ദൃശ്യങ്ങളൊന്നും ടെലികാസ്റ്റ് ചെയ്യാതിരുന്നത്. ഭരണപക്ഷത്തുനിന്നുള്ള പ്രതിഷേധ ദൃശ്യങ്ങളും സംപ്രേഷണം ചെയ്തിരുന്നില്ല എന്ന വസ്തുതയും വിസ്മരിച്ചുകൂടാ. ഏത് പക്ഷം എന്നു നോക്കിയല്ല, സഭാനടപടികളനുസരിച്ചാണ് സംപ്രേഷണം. ഇത് തികച്ചും 2002 ലെ മാര്‍ഗ നിര്‍ദേശങ്ങളുടെ ഭാഗമായിട്ടു കൂടിയാണ്.

മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പുമന്ത്രി സജി ചെറിയാന്‍, നല്‍കിയ കത്തില്‍ അഞ്ചാം സമ്മേളനത്തിന്റെ ആദ്യ ദിവസം അസാധാരണമായ നടപടികള്‍ക്കാണ് സഭ സാക്ഷ്യംവഹിച്ചതെന്നും സഭയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കുവാന്‍ ബാധ്യതപ്പെട്ട പ്രതിപക്ഷ സാമാജികര്‍ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സഭാതലത്തില്‍ സ്വീകരിച്ചതെന്നും അറിയിച്ചിരുന്നു. നിയമസഭയ്ക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പെരുമാറ്റചട്ടങ്ങളുടെ ചട്ടം 4(xx) ന്റെ ലംഘനമാണ്. ചില അംഗങ്ങള്‍ ഈവിധം ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തെ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തത് സഭയുടെ അന്തസ് കളങ്കപ്പെടുത്തിയിരിക്കുകയാണ്. അവര്‍ക്കെതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ചെയര്‍ ഇക്കാര്യവും വിശദമായി പരിശോധിച്ചു. സഭാംഗങ്ങളുടെ ഭാഗത്തുനിന്നു മാത്രമല്ല മീഡിയാ ഗാലറിയിലിരുന്ന ചില മാധ്യമ പ്രവര്‍ത്തകരും ഇത്തരത്തില്‍ മൊബൈല്‍ ഫോണിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതായിട്ടാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇതു രണ്ടും ചെയ്തതായി ഇന്ന് ചില വാര്‍ത്താമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇത് അതീവ ഗൗരവമുള്ള നടപടിയായിട്ടാണ് കാണുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണെങ്കില്‍ക്കൂടി സഭാ ഹാളിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തി, അതു സഭ സമ്മേളിക്കുമ്പോഴാണെങ്കിലും അല്ലെങ്കിലും ദൃശ്യമാധ്യമങ്ങള്‍ക്കു നല്‍കുന്നത് സഭയോടുള്ള അവഹേളനമായി കാണേണ്ടതുതന്നെയാണ്. അതുപോലെ മാധ്യമ പ്രവര്‍ത്തകര്‍ കൂടി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നത് അങ്ങേയറ്റം അപലപനീയമായ ഒരു കാര്യമായി കാണുകയാണ്. മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഈ വിധത്തില്‍ ഒരു വശത്ത് ദുരുപയോഗിക്കുകയും മറുവശത്ത് സഭാ ചട്ട പ്രകാരമുള്ള നടപടികളെ വിലക്കായി ചിത്രീകരിക്കുകയും ചെയ്യുന്നത് സത്യാനന്തര പ്രചരണ രീതിയാണ്. മാധ്യമ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഭാവിയില്‍ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവര്‍ക്കെതിരെ അവകാശലംഘനത്തിനുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതായി സ്പീക്കര്‍ റൂള്‍ ചെയ്തു. മാധ്യമങ്ങള്‍ അവരുടെ സ്വതന്ത്ര്യം ഉത്തരവാദിത്തത്തോടെയും നീതിപൂര്‍വകമായും വിനിയോഗിക്കുന്നതിന് ഒരു തടസവും ഉണ്ടായിരിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.