23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

മോഡിയുടെ വിവാദ നയങ്ങളും തിരിച്ചടികളും

പ്രത്യേക ലേഖകന്‍
November 20, 2021 6:00 am

2014ലും 2019ലും രണ്ടുതവണ തുടർച്ചയായി പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി ആവേശംകൊണ്ട് നിരവധി വിവാദ നയങ്ങളിലൂടെ രാജ്യത്തെ സംഘർഷഭരിതമാക്കി. ആക്രമണാത്മകമായ തീരുമാനങ്ങളിൽ ചിലത് ഇപ്പോഴും നിലവിലുണ്ട്, ചിലത് അദ്ദേഹത്തിനു തന്നെ തിരിച്ചടിയായി.

കാർഷിക കരിനിയമം;

2020 അവസാനം പാർലമെന്റ് പാസാക്കിയ മൂന്ന് നിയമങ്ങളിലൂടെ ഇന്ത്യയുടെ വലിയ കാർഷിക മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരിക എന്ന മോഡിയുടെ ലക്ഷ്യം, രാജ്യത്തെ എക്കാലത്തെയും ദൈർഘ്യമേറിയ കർഷക പ്രതിഷേധങ്ങൾക്ക് കാരണമായി. ട്രാക്ടറുകളിലും ട്രക്കുകളിലും എസ്യുവികളിലുമായി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ന്യൂഡൽഹിയിലേക്കുള്ള റോഡുകൾ തടഞ്ഞതിനാൽ കർഷക ഗ്രൂപ്പുകളും സർക്കാരും തമ്മിൽ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാനായില്ല
ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നിയമങ്ങൾ റദ്ദാക്കുകയാണെന്ന് മോഡി വെള്ളിയാഴ്ച പറഞ്ഞു.

പൗരത്വ നിയമം;

2019 അവസാനമാണ് അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാരെ ഒഴിവാക്കി ഇന്ത്യയുടെ മതേതര ഭരണഘടനയെ തുരങ്കം വയ്ക്കുന്ന പൗരത്വ നിയമത്തിന് മോഡിയുടെ സർക്കാർ പാർലമെന്റിന്റെ അംഗീകാരം നേടിയത്. 2015ന് മുമ്പ് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, ജൈനന്മാർ, പാഴ്സികൾ, സിഖുകാർ എന്നിവർക്ക് ഈ നിയമം ഇന്ത്യൻ പൗരത്വം നൽകുന്നു. ന്യൂഡൽഹിയിലെ കുത്തിയിരിപ്പ് സമരങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ തരംഗത്തിലേക്ക് നയിച്ച ഈ നിയമം “അടിസ്ഥാനപരമായി വിവേചനപരമാണ്” എന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം പറഞ്ഞു.

കശ്മീർ വിഭജനം;

2019 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുസ്ലീം ഭൂരിപക്ഷ മേഖലയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി സംയോജിപ്പിക്കുന്നതിന്റെ പേരില്‍ മോഡി കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു. ജമ്മു-കശ്മീർ സംസ്ഥാനത്തെ ന്യൂഡൽഹിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള രണ്ട് ഫെഡറൽ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾ മൂടിവയ്ക്കാൻ രാഷ്ട്രീയ നേതാക്കളെ തടവിലിടുകയും മേഖലയിലേക്ക് കൂടുതൽ അർദ്ധസൈനികരെയും സൈനികരെയും അയക്കുകയും ചെയ്തു.

ഭൂമി ഏറ്റെടുക്കൽ ഉത്തരവ്;

2015 ൽ, പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വ്യവസായത്തിന്റെ പേരിൽ ഭൂമി വാങ്ങുന്നത് എളുപ്പമാക്കുന്ന ഉത്തരവ് മോഡി പിൻവലിച്ചു. ഈ നയം അന്ന് ഇന്ത്യയിലെ വ്യത്യസ്ത പ്രതിപക്ഷ പാർട്ടികളെയും കർഷകരെയും പ്രതിഷേധത്തിൽ ഒന്നിപ്പിച്ചിരുന്നു.

നോട്ട് നിരോധനം;

2016 നവംബർ എട്ടിന് രാത്രി 135 കോടി ജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് 500, 1000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. കണക്കിൽപ്പെടാത്ത സമ്പത്തും കള്ളപ്പണവും കണ്ടെത്തുമെന്ന് മോഡി പറഞ്ഞു. പെട്ടെന്നുള്ള ഈ നീക്കം അരാജകത്വത്തിന് കാരണമായി. നിരോധിച്ച നോട്ടുകൾ മാറാൻ ബാങ്കുകൾക്ക് പുറത്ത് ക്യൂ നിൽക്കാൻ ആളുകളെ നിർബന്ധിതരാക്കി. കൂടാതെ പണത്തെ ആശ്രയിക്കുന്ന നിരവധി വ്യാപാരങ്ങൾ നശിക്കുകയും ചെയ്തു.

കോടതിയുടെ താക്കീതുകൾ;

മുൻ സർക്കാരുകൾക്കൊന്നുമില്ലാത്ത മറ്റൊരു നേട്ടവും മോഡി സർക്കാരിനു സ്വന്തമായുണ്ട്. ഇപ്പോൾ പിൻവലിച്ച കാർഷിക നിയമങ്ങൾക്കെതിരെയുൾപ്പെടെ പലതവണ രാജ്യത്തെന്ന പരമോന്നത കോടതിയടക്കം നീതിപീഠങ്ങളിൽ നിന്ന് രൂക്ഷ വിമർശനം ഏറ്റുവാങ്ങിയ സർക്കാരാണിത്. നോട്ട് നിരോധനം, പൗരത്വ നിയമ ഭേദഗതി, പെഗാസസ്, കോവിഡ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളിലാണ് നീതിപീഠങ്ങൾ മോഡിഭരണകൂടത്തെ വിമർശിച്ചത്. 2021 ൽ മാത്രം ഒരു ഡസനോളം അവസരങ്ങളിൽ കോടതി ശക്തമായ താക്കീത് നൽകിയത്.

ഇത് അവസാന താക്കീതാണ്;

രാജ്യത്ത് ഒരാളും പട്ടിണി മൂലം മരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാറുകൾക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞത് മൂന്ന് ദിവസം മുമ്പാണ്. രാജ്യത്ത് സമൂഹ അടുക്കളകൾ സ്ഥാപിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. ഇത് അവസാന താക്കീതാണ്, സാമൂഹ്യ അടുക്കള സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയം രൂപീകരിക്കണം. നേരത്തെ ഈ രീതി നടപ്പാക്കിയ സംസ്ഥാന സർക്കാറുകളുടെ മാതൃക പരിഗണിച്ചായിരുന്നു. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ ഹിമ കൊലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.

പെഗസാസിൽ തിരിച്ചടി;

ഇസ്രായേലി ചാര സോഫ്‌റ്റുവേറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി വിധിച്ചത് ഒക്ടോബറിൽ. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിജസ്റ്റിസ് ആര്‍ വി രവീന്ദ്രനാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. രാജ്യസ്നേഹം പറഞ്ഞ് എല്ലാ വിഷയവും മാറ്റാൻ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകുകുയും ചെയ്തു.

കോടതി വിധികളെ മാനിക്കണം;

പരമോന്നത കോടതിയുടെ വിധി മറികടക്കാൻ നിയമനിർമാണം നടത്തുന്നതിന് കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി രംഗത്തു വന്നത് സെപ്റ്റംബറിർ. ട്രൈബ്യൂണൽ റിഫോംസ് ആക്ട് ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവർ നൽകിയ ഹര്‍ജിയിലാണ് കേന്ദ്ര സർക്കാർ കോടതിയുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ കുറ്റപ്പെടുത്തിയത്. കേന്ദ്രത്തിനെതിരായ സുപ്രീം കോടതിയുടെ വിമർശനം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഒരു നിയമമോ നടപടിയോ സുപ്രീം കോടതി വിശദമായി പരിശോധിക്കുകയും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ശേഷം അതേ കാര്യം വീണ്ടും പുതിയ നിയമനിർമാണത്തിലൂടെ തിരികെ കൊണ്ടു വരുന്നത് കോടതി വിധികളെ ബഹുമാനിക്കാത്ത നടപടിയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സർക്കാർ എന്ത്​ ചെയ്യുകയായിരുന്നു;

കോവിഡിന്റെ രണ്ടാം വ്യാപനത്തെക്കുറിച്ച്​ സർക്കാറിന്​ ബോധ്യമില്ലായിരുന്നുവോയെന്നും ഒന്നാം വ്യാപനത്തിനുശേഷം 14 മാസക്കാലയളവിൽ കേന്ദ്ര സർക്കാർ എന്ത്​ ചെയ്യുകയായിരുന്നുവെന്നും മദ്രാസ്​ ഹൈക്കോടതി ചോദിച്ചത് ഏപ്രിലിൽ. സർക്കാറിന്റെ ഈ അനാസ്ഥക്ക് ​ജനങ്ങൾ വലിയ വില നൽകേണ്ടിവരുന്നതായും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആരോഗ്യ വിദഗ്​ധരുടെ മുന്നറിയിപ്പ്​ സർക്കാർ ഗൗരവമായി കണ്ടില്ലെന്നും ജാഗ്രതക്കുറവ്​ സംഭവിച്ചുവെന്നും ചീഫ്​ ജസ്​റ്റീസ്​ സഞ്ജീബ്​ ബാനർജി, ജസ്​റ്റിസ്​ ശെന്തിൽകുമാർ രാമമൂർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് കുറ്റപ്പെടുത്തിയത്.

കാർഷിക നിയമം കൂടിയാലോചനയില്ലാതെ;

കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ മരവിപ്പിക്കണമെന്നും അല്ലെങ്കിൽ തങ്ങൾ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽപറഞ്ഞത് ജനുവരിയിൽ. കേന്ദ്രസർക്കാരിന്റെ നടപടികളെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. പ്രശ്നം പരിഹരിക്കുന്നതിന് സർക്കാരിന് സാധിക്കുന്നില്ല എന്നു പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ആവശ്യമായ കൂടിയാലോചനകളില്ലാതെ നിയമം ഉണ്ടാക്കിയതാണ് ഇത്തരമൊരു സമരത്തിലേക്ക് നയിച്ചത്. അതുകൊണ്ട് സർക്കാർ പ്രശ്നം പരിഹരിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.