സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ എട്ടാം ചരമവാര്‍ഷിക ദിനമാണിന്ന്. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ തന്റെ സംഗീതം കൊണ്ട് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള മഹാസംഗീതജ്ഞനാണദ്ദേഹം. ഏറ്റവും ഒടുവില്‍ തൊണ്ണൂറ്റിയൊമ്പത് വയസ് കഴിഞ്ഞതിന് ശേഷം അദ്ദേഹം ചെയ്ത ബാല്യകാല സഖി എന്ന ചിത്രത്തിലെ പാട്ടുകള്‍വരേയുള്ള പാട്ടും ഇത് സാക്ഷ്യപ്പെടുത്തുന്നു. റേഡിയോ, സിനിമ, നാടക സംഗീത മേഖലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് മാത്രമല്ല പലതിന്റെയും തുടക്കക്കാരന്‍ അദ്ദേഹമായിരുന്നു. 1950 കളില്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ പി ഭാസ്കരന്‍ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് ലളിതഗാനം എന്നൊരാശയം പോലുമുണ്ടായത്. പിന്നീടങ്ങോട്ട് അവര്‍ ചേര്‍ന്നുള്ള പാട്ടുകളുടെ പ്രവാഹമായിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിരവധി പാട്ടുകള്‍ ആകാശവാണിയിലൂടെ അക്കാലത്ത് പുറംലോകം കേട്ടു. ഈ ബന്ധമാണ് നീലക്കുയിലിലേക്കും മാസ്റ്ററെ നയിച്ചത്. ഭാസ്കരന്‍ മാസ്റ്ററെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹം ഇക്കാര്യം സ്മരിക്കാറുണ്ട്. പി ഭാസ്കരന്റെ പാട്ടുകള്‍ മാത്രമല്ല തിക്കോടിയന്‍, അക്കിത്തം, എന്‍ എന്‍ കക്കാട് തുടങ്ങിയവരെല്ലാം അക്കാലത്ത് മാസ്റ്റര്‍ക്ക് വേണ്ടി പാട്ടുകള്‍ എഴുതിയിട്ടുണ്ട്. കൂടാതെ മഹാകവി കുട്ടമത്ത്, വിദ്വാന്‍ പി കേളു നായര്‍ തുടങ്ങിയ കവികളുടെ വരികള്‍ക്കും മാസ്റ്റര്‍ സംഗീതം നല്കി. അതെല്ലാം ചരിത്രരേഖകളായി കോഴിക്കോട് ആകാശവാണിയില്‍ ഇന്നും ഉണ്ടാവുമെന്ന് കരുതാം.
കോഴിക്കോട് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് കെപിഎസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ മാസ്റ്റര്‍ക്ക് സാധിച്ചത്. അശ്വമേധം എന്ന നാടകത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരുന്നത് വയലാറും എം ബി ശ്രീനിവാസനുമായിരുന്നു. അശ്വമേധത്തിനു മുമ്പുള്ള നാടകങ്ങളിലെ ഗാനങ്ങള്‍ക്ക് ലഭിച്ച സ്വീകര്യത അശ്വമേധത്തിലെ പാട്ടുകള്‍ക്ക് ലഭിച്ചില്ല എന്ന കാര്യത്തില്‍ സംഘാടകര്‍ക്ക് വലിയ പ്രയാസമായി. അങ്ങനെ ചില പാട്ടുകള്‍ രാഘവന്‍ മാസ്റ്ററെക്കൊണ്ട് ചെയ്യിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. അതനുസരിച്ച് വയലാറും തോപ്പില്‍ ഭാസിയും കോഴിക്കോട് വന്ന് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാസ്റ്ററെ കണ്ടു. മാസ്റ്റര്‍ ഈ അഭ്യര്‍ത്ഥന നിരസിച്ചു. രണ്ട് കാരണങ്ങളാണദ്ദേഹം പറഞ്ഞത്. ഒന്ന്, ആകാശവാണിക്ക് പുറത്തു പ്രവര്‍ത്തിക്കണമെങ്കില്‍ ഡയറക്ടര്‍ ജനറലിന്റെ അനുവാദം വേണം. മറ്റൊന്ന്, ഈ കലാസമിതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാണ്. രണ്ടും തന്റെ ജോലി നഷ്ടപ്പെടാനുള്ള കാരണങ്ങള്‍. അന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ അങ്ങനെ ജോലി പോകുന്നതിനെക്കുറിച്ച് മാസ്റ്റര്‍ക്കാലോചിക്കാന്‍ പറ്റില്ലായിരുന്നു. തോപ്പില്‍ ഭാസി ഒരു നിര്‍ദ്ദേശം വച്ചു. ഒരു രേഖയിലും കെ രാഘവന്‍ എന്ന പേരുണ്ടാവുകയില്ല ഒരു വൗച്ചറില്‍ പോലും. നാടകത്തിന്റെ നോട്ടീസിലും മറ്റും കെ രാഘവന്‍ എന്നതിനു പകരം രഘുനാഥ് എന്ന് വയ്ക്കാം. ആ കാര്യം അംഗീകരിച്ച് മാസ്റ്റര്‍ ചെയ്ത പാട്ടുകളാണ് പാമ്പുകള്‍ക്ക് മാളമുണ്ട് എന്നതും തലയ്ക്കുമീതെ ശൂന്യാകാശം എന്നതും. പിന്നീട് താളതരംഗം എന്ന നാടകം വരെ അത് പല ഘട്ടങ്ങളിലായി തുടര്‍ന്നു. സിനിമാരംഗം പാടെ ഉപേക്ഷിച്ച് മദ്രാസില്‍ നിന്ന് തിരിച്ചുപോന്നപ്പോള്‍ ഭാസിസാര്‍ അദ്ദേഹത്തെ കെപിഎസിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ താമസിച്ചു. മാസ്റ്ററെ പ്രിന്‍സിപ്പലാക്കി ഒരു സംഗീത നൃത്ത വിദ്യാലയവും സ്ഥാപിച്ചു. കുറച്ചുകാലം അവിടെ ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ഏര്‍പ്പെട്ടശേഷം പ്രായത്തിന്റേതായ പ്രശ്നങ്ങള്‍ മൂലം അദ്ദേഹം തലശേരിയിലേക്ക് തന്നെ തിരിച്ചുപോയി. കെപിഎസിയിലുണ്ടായിരുന്ന ഈ കാലയളവില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായി നിരവധി വിപ്ലവഗാനങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതെല്ലാം അവിടത്തെ ഗായകസംഘത്തെ പഠിപ്പിച്ച് പാര്‍ട്ടി വേദികളില്‍ അവതരിപ്പിച്ചു.
എന്നും പുരോഗമനപക്ഷത്ത് നിന്ന ആളായിരുന്നു രാഘവന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഇത് മനസിലാക്കാന്‍ കഴിയും. 1913ല്‍ അസ്വാതന്ത്ര്യ ഇന്ത്യയിലാണ് മാസ്റ്റര്‍ ജനിച്ചത്. ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുമ്പോള്‍ അദ്ദേഹത്തിന് 34 വയസുണ്ടാവും. സ്വാതന്ത്ര്യപൂര്‍വ ഭാരതത്തിന്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെയും നിരവധി സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ച രാഘവന്‍ കേരളത്തിലെ സംഗീതമേഖലയില്‍ മാസ്റ്റര്‍ ആയിത്തീര്‍ന്നിന്റെ ചരിത്രം മനസിലാവണമെങ്കില്‍ ആ കാലത്തെ കൂടി നമ്മള്‍ പഠിക്കണം. സംഗീതത്തിന്റെ പരിണാമ ചരിത്രം മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ പഠിക്കേണ്ടത്. സാമൂഹ്യ ചരിത്രത്തിന്റെ സൗന്ദര്യാത്മകത കൂടിയാണ്. 2013 ഒക്ടോബര്‍ 19ന് നൂറുവയസാകുന്നതിന് ഒരു മാസം മുമ്പ് അദ്ദേഹം മരിക്കുന്നതുവരെ ഈ സംഗീത സപര്യ തുടര്‍ന്നു. അദ്ദേഹത്തിന്റെ സുരക്ഷ നിലനിര്‍ത്താനായി കോഴിക്കോട് കേന്ദ്രമാക്കി കെപിഎസി രൂപീകരിച്ച കെ രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സംഗീത മേഖലയെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഒരു സംഘടനയായാണ് കെപിഎസി ഇത് വിഭാവനം ചെയ്തിരിക്കുന്നത്. 2020ല്‍ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് നല്കുകയുണ്ടായി. കോവിഡ് കാലത്ത് ഫൗണ്ടേഷന്‍ സംഗീത സാംസ്കാരിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രഭാഷണപരമ്പര സംഘടിപ്പിച്ചുവരുന്നു.രാഘവന്‍ മാസ്റ്ററുടെ പാട്ടുകളെ മാറ്റിവച്ചുകൊണ്ട് മലയാളത്തിന്റെ സാംസ്കാരിക ചരിത്രം നമുക്ക് രേഖപ്പെടുത്താന്‍ കഴിയുമോ? അത് സിനിമയില്‍ മാത്രമല്ല, സംഗീതം കൈകാര്യം ചെയ്ത എല്ലാ മേഖലകളിലും വ്യാപിച്ചു കിടക്കുന്നു.
മാസ്റ്ററുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ശിരസു കുനിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.