23 December 2024, Monday
KSFE Galaxy Chits Banner 2

പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണം

Janayugom Webdesk
August 6, 2022 5:00 am

കേരളം വീണ്ടും മഴക്കെടുതി അനുഭവിക്കുകയാണ്. മുന്‍കാല പ്രളയങ്ങളുടെ തീവ്രതയുണ്ടായില്ലെങ്കിലും നാശനഷ്ടങ്ങള്‍ പതിവുപോലെ സംഭവിച്ചു. മരണം, വീടുകളുടെയും കെട്ടിടങ്ങളുടെയും തകര്‍ച്ച, കൃഷിനാശം, ഭൂമിയുടെ ഘടനാമാറ്റം എന്നിങ്ങനെ പ്രകൃതിദുരന്തത്തിന്റെ എല്ലാ പ്രത്യാഘാതങ്ങളും ഏറ്റക്കുറച്ചിലോടെ ഇത്തവണയും സംഭവിക്കുന്നു. മുന്‍കാല പ്രളയങ്ങളിലെന്നതുപോലെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കടല്‍ കയറ്റവും പുഴകളുടെ കവിഞ്ഞൊഴുക്കുമൊക്കെ ഇത്തവണയുമുണ്ട്. മുന്നറിയിപ്പുകള്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ലാത്തതിനാല്‍ അടുത്ത ദിവസങ്ങളിലും കെടുതി ഉണ്ടായേക്കാമെന്ന ആശങ്കയും അസ്ഥാനത്തല്ല. ജൂലൈ 31നാണ് ഇപ്പോഴത്തെ തീവ്ര മഴപ്പെയ്ത്ത് ആരംഭിച്ചത്. ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. 36 വീടുകള്‍ പൂര്‍ണമായും 282 എണ്ണം ഭാഗികമായും തകര്‍ന്നു. കൃഷിയിടങ്ങളുടെയും വിളകളുടെയും വസ്തുക്കളുടെയും നാശത്തിന്റെ കണക്കുകള്‍ വരാനിരിക്കുന്നേയുള്ളൂ. കഴിഞ്ഞ ജൂലൈയില്‍ നിയമസഭയില്‍ നല്കിയ മറുപടി അനുസരിച്ച് അതുവരെയുള്ള ഒരുവര്‍ഷത്തിനിടെ 146 പേര്‍ കാലവര്‍ഷക്കെടുതിയില്‍ മരിക്കുകയുണ്ടായി. 29,821 വീടുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ നാശനഷ്ടം സംഭവിച്ചു. 12,889.41 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശവും 4039 ലക്ഷം രൂപയുടെ കൃഷിനാശവുമുണ്ടായി. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉദ്ദേശം 325.59 കോടി രൂപയുടെ നഷ്ടമുണ്ടായി. വീടുകള്‍ തകര്‍ന്നതിനു നഷ്ടപരിഹാരമായി 103.94 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇത്തവണത്തെ നാശനഷ്ടത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും അന്തിമ കണക്കുകള്‍ സമാഹരിക്കുമ്പോള്‍ നൂറുകണക്കിന് കോടി രൂപയുടെ ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നതില്‍ സംശയമില്ല.


ഇതുകൂടി വായിക്കൂ: കണ്ടല്‍ക്കാടുകളും പ്രകൃതി സംരക്ഷണവും


ഓരോ വര്‍ഷവും പ്രകൃതിദുരന്തം പ്രതിഭാസമെന്നതുപോലെ ആവര്‍ത്തിക്കുകയാണ് കേരളത്തില്‍. എല്ലാ ജില്ലകളിലും ദുരന്തസാധ്യതാ പ്രദേശങ്ങള്‍ കൂടിവരികയാണ്. കവളപ്പാറ, പെട്ടിമുടി, മൂന്നാര്‍, കൂട്ടിക്കല്‍, നെടുമ്പൊയില്‍… വന്‍ ഉരുള്‍പൊട്ടലുകളും ഭീമമായ ആള്‍ — വസ്തുനാശവും സംഭവിക്കുന്ന പ്രദേശങ്ങളുടെയും എണ്ണം കൂടി വരികയാണ്, മാറിവരികയാണ്. ഭൂവിസ്തൃതി കുറഞ്ഞതും ജനസാന്ദ്രത കൂടിയതും കാരണം പ്രകൃതിയുടെ ഉപയോഗത്തിലുണ്ടായ അമിതമായ വര്‍ധനവ് പ്രകൃതി ദുരന്തത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ പ്രകൃതിയുടെ സന്തുലിതമായ ഉപയോഗത്തിലൂടെ മാത്രമേ ആത്യന്തികമായി ഇത്തരം ദുരന്തങ്ങളെ നേരിടാനാവൂ. അതിന് നിവാരണ — ബോധവല്ക്കരണ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. വരുംകാല ദുരന്തസാധ്യതകള്‍ പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി 2019ല്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിക്കുകയുണ്ടായി. പ്രസ്തുത സമിതി വെള്ളപ്പൊക്കം, കാലാവസ്ഥാ വ്യതിയാനം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയെ കുറിച്ച് പഠിക്കുകയും നിവാരണ — പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ഹ്രസ്വ — ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിത്തുടങ്ങി. എന്നാല്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും ദുരന്ത നിവാരണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും മതിയായ സാങ്കേതിക — സാമ്പത്തിക സഹായങ്ങള്‍ നല്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കുറ്റകരമായ അനാസ്ഥയാണ് കാട്ടിക്കൊണ്ടിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കാന്‍ അനുവദിച്ചുകൂട


ഇത്രയേറെ പ്രകൃതിദുരന്തങ്ങളും നാശങ്ങളും സംഭവിക്കുമ്പോഴും ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയെ അടിസ്ഥാനമാക്കി കേന്ദ്ര ധനകാര്യ കമ്മിഷന്‍ നിശ്ചയിച്ചതു പ്രകാരം ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നിശ്ചിതമായ ധനസഹായമല്ലാതെ നല്കുന്നതിന് കേന്ദ്രം തയാറാകുന്നില്ല. പ്രസ്തുത നിധിയില്‍ നിശ്ചയിക്കപ്പെട്ട നഷ്ടപരിഹാരത്തുകയാകട്ടെ കേരളത്തിന്റെ സാഹചര്യത്തില്‍ വളരെ പരിമിതവുമാണ്. വന്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രസ്തുത നിധിയില്‍ നിന്ന് മുന്‍കൂറായോ അടുത്ത വര്‍ഷത്തേക്കുള്ളത് വ്യവസ്ഥപ്പെടുത്തിയോ നല്കുന്ന രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2018 ലെ മഹാപ്രളയത്തിന് 5616.78 കോടിയും 2019ല്‍ 2101.88 കോടിയും സംസ്ഥാനം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. 2018ല്‍ മാനദണ്ഡമനുസരിച്ച് 3048.39 കോടി രൂപയുടെ നാശനഷ്ടം അംഗീകരിച്ചുവെങ്കിലും അധികസഹായം നല്കുന്നതിനു പകരം ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് വ്യവസ്ഥപ്പെടുത്തി 2094.85 കോടി രൂപ നല്കുകയായിരുന്നു കേന്ദ്രം ചെയ്തത്. 2019ല്‍ തുക അനുവദിച്ചതുമില്ല. പിന്നീടുള്ള വര്‍ഷങ്ങളിലും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. അതേസമയം ചില പ്രത്യേക സംസ്ഥാനങ്ങള്‍ക്ക് തുക അനുവദിക്കുന്നതിന് മടി കാട്ടിയതുമില്ല. പ്രകൃതി ദുരന്തത്തിന്റെ കാര്യത്തില്‍ പോലും കേരളത്തോട് ശത്രുതാപരമായ വിവേചനമാണ് കേന്ദ്രം കാട്ടുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഫെഡറല്‍ തത്വങ്ങളെയും മാനുഷിക മൂല്യങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള ഇത്തരം നിഷ്ഠുരമായ സമീപനം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കേരളവും ഇന്ത്യയുടെ ഭാഗമാണെന്നത് അംഗീകരിച്ചുകൊണ്ട് സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുന്നതിന് കേന്ദ്രം തയാറായേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.