3 May 2024, Friday

Related news

April 19, 2024
April 5, 2024
March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024

ട്രാന്‍സ്പ്ലാന്റേഷന് പ്രത്യേക വിഭാഗം സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
March 1, 2022 4:15 pm

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്പ്ലാന്റേഷനായി പ്രത്യേക വിഭാഗം സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അര്‍പ്പണ മനോഭാവത്തോടെയുള്ള ടീമാണ് ആവശ്യം. കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളെയും കൂടി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം അംഗങ്ങളുമായി നടത്തിയ ആശയ വിനിമയത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കുന്നത്. അവയവം മാറ്റിവയ്ക്കല്‍ രംഗത്തെ ചൂഷണം ഒഴിവാക്കുന്നതിന് കെ സോട്ടോ രൂപീകരിച്ചു. അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ സുതാര്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടീം അംഗങ്ങള്‍ക്ക് മന്ത്രി എല്ലാ ഭാവുകങ്ങളും നേര്‍ന്നു.
ഫെബ്രുവരി 24ന് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. നാളെ മുതല്‍ പരിശീലനം ആരംഭിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് ട്രാന്‍സ്പ്ലാന്റ് ടീം അംഗങ്ങളുമായി മന്ത്രി നേരിട്ട് ആശയ വിനിമയം നടത്തിയത്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ടീമില്‍ ഉള്‍പ്പെടുന്ന വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ തുടങ്ങി 50 ഓളം പേര്‍ പങ്കെടുത്തു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. രാജ്‌മോഹന്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. രമേഷ് രാജന്‍, മെഡിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, കെ സോട്ടോ എക്‌സി. ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ്, ഡോ. അനില്‍ സത്യദാസ് എന്നിവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജിലെ കെ സോട്ടോയുടെ സംസ്ഥാനതല ഓഫീസ് മന്ത്രി സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.

Eng­lish Sum­ma­ry: Spe­cial sec­tion for trans­plan­ta­tion to be set up: Min­is­ter Veena George

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.