സ്പെക്ട്രം ലൈസന്‍സുമായി ബന്ധപ്പെട്ട് സ്വകാര്യ ടെലികോം കമ്പനികള്‍ സര്‍ക്കാരിലേക്ക് 92,000 കോടി രൂപ അടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ബി ആര്‍ ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
സുപ്രീം കോടതിയുടെ 2019ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്യൂറേറ്റീവ് ഹര്‍ജിയുമായി കമ്പനികള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചതോടെ ടെലികോം കമ്പനികള്‍ സര്‍ക്കാരിലേക്ക് 10 വര്‍ഷം കൊണ്ട് 92,000 കോടി രൂപ അടയ്ക്കണം.
സ്പെക്ട്രം ലൈസന്‍സിന് കമ്പനികള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത വിഹിതം എന്ന നിരക്കിലാണ് ടെലികോം വകുപ്പ് വ്യവസ്ഥ വച്ചത്. ഇതംഗീകരിച്ചാണ് കമ്പനികള്‍ക്ക് സ്പെക്ട്രം ലൈസന്‍സ് ലഭിച്ചത്. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു ചോദ്യം ചെയ്ത് കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എജിആര്‍ വ്യവസ്ഥകള്‍ കോടതി ശരിവയ്ക്കുകയും ചെയ്തു.
ടെലികോം വകുപ്പിന്റെ എജിആര്‍ പ്രകാരം വാടക, സ്ഥിര ആസ്തികള്‍ വിറ്റതിലെ ലാഭം ഉള്‍പ്പെടെ ടെലികോം ഇതര സേവനങ്ങളില്‍ നിന്നും ലഭിച്ച വരുമാനവും പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ കേന്ദ്ര ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിക്കാനുള്ള 92,000 കോടി രൂപ 10 വര്‍ഷം കൊണ്ട് കമ്പനികള്‍ സര്‍ക്കാരിലേക്ക് അടയ്ക്കണം.
വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ ടെല്‍, ടാറ്റാ ടെലി സര്‍വീസസ് തുടങ്ങിയ കമ്പനികളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.