23 December 2024, Monday
KSFE Galaxy Chits Banner 2

പൊരുതുന്ന കലയുടെ വസന്തകാലം

ബൈജു ചന്ദ്രൻ
May 25, 2023 2:50 pm

“ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാടകം അവതരിപ്പിക്കുന്നു”

1944 ലെ ആ ദിവസം രാവിലെ ബോംബെയിലെ ബാന്ദ്രയിൽ പാലി ഹില്ലിലെ വീട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്ന ബൽരാജ് സാഹ്നിയുടെ ശ്രദ്ധ ഈ വാർത്തയിലുടക്കി നിന്നു.കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ആവേശകരമായ മുന്നേറ്റം നടത്തുന്ന ചൈനയിലെ പീപ്പിൾസ് തീയേറ്ററിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.ഇന്ത്യയിലും അ ങ്ങനെയൊരു ജനകീയ നാടകപ്രസ്ഥാനമുണ്ടെന്ന കാര്യം ബൽരാജിന് പുതിയ അറിവായിരുന്നു.അന്നു തന്നെ പത്രപ്രവർത്തകനായ വി പി സാത്തെ എന്ന സുഹൃത്തിനെ ആകസ്മികമായി കണ്ടുമുട്ടിയപ്പോഴാണ്,അദ്ദേഹവും ആ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും പുരോഗമന സാഹിത്യകാരനായ ക്വാജാ അഹമ്മദ് അബ്ബാസ് തന്റെ ഏറ്റവും പുതിയ നാടകം വായിക്കുന്നത് കേൾക്കാൻ പോകുകയാണെന്നുമൊക്കെ അറിയുന്നത്.നാടകവായനയിൽ പങ്കുചേരാനായി സാത്തെ ബൽരാജിനെയും ക്ഷണിച്ചു.…

.…ബി ബി സി യിലെ ഉദ്യോഗവുമായി നാലുവർഷക്കാലം ലണ്ടനിൽ കഴിഞ്ഞ ശേഷം മാതാപിതാക്കൾ താമസിക്കുന്ന റാവൽപിണ്ടിയിലേക്കാണ് ബൽരാജ് — ദമയന്തി ദമ്പതിമാർ, അഞ്ചുവയസ് പ്രായമുള്ള പരീക്ഷിത്, കൈക്കുഞ്ഞായ ശബ്നം എന്നിവരുമായി മടങ്ങിയെത്തിയത്.കോളേജ് നാളുകളിലെ ആത്മസുഹൃത്തായിരുന്ന ചേതൻ ആനന്ദ് ബോംബെയിലേക്ക് ക്ഷണിക്കുന്നത് അപ്പോഴാണ്.ചേതൻ ഒരു പടം പിടിക്കുന്നു.മാക്‌സിം ഗോർക്കിയുടെ ലോവർ ഡെപ്ത്‌സ് എന്ന വിഖ്യാത കൃതിയെ അവലംബിച്ച് ഹിന്ദി എഴുത്തുകാരനായ ഹയാത്തുള്ള അൻസാരി സോഷ്യൽ റിയലിസത്തിന്റെ സങ്കേതത്തിൽ എഴുതിയ ‘നീചാ നഗർ’ എന്ന കഥ റിയലിസ്റ്റിക് ശൈലിയിൽതന്നെ അഭ്രപാളികളിലേക്ക് പകർത്താനാണ് ചേതൻ ഉദ്ദേശിക്കുന്നത്.ചിത്രത്തിൽ അഭിനയിക്കാനായുള്ള ചേതന്റെ ക്ഷണം സ്വീകരിച്ച് ഉടനെ ബോംബെയ്ക്ക് പുറപ്പെടാൻ ഒരുങ്ങിയ ബൽരാജിന്റെ തീരുമാനം പിതാവ് ഹർബൻസ്‌ലാൽ സാഹ്നിയെ ഞെട്ടിച്ചു.ആര്യസമാജത്തിന്റെ നിയമങ്ങൾ അനുശാസിക്കുന്ന ജീവിത രീതിയിൽ വളർത്തപ്പെട്ട,വിദ്യാ സമ്പന്നനും കുടുംബസ്ഥനുമായ, ബി ബി സിയെപ്പോലെ ഒരു അന്താരാഷ്ട്ര പ്രശസ്‌തി യുള്ള മാധ്യമസ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന ഒരാൾ ചെന്നുചേരേണ്ട ഒരു മേഖലയാണോ സിനിമ? എന്നാൽ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ വിരാജിക്കുന്ന താരപദവിയിലേറുക എന്നതായിരുന്നില്ല ബൽരാജിന്റെ ലക്ഷ്യം. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉറച്ച അനുയായികളായിരുന്ന സാഹ്നി ദമ്പതിമാർ ജീവിതത്തിന്റെ ഗതിതന്നെ തിരിച്ചു വിടാൻ കാരണമാകുന്ന ഈ തീരുമാനം കൈക്കൊണ്ടത്, വർഗ സംഘട്ടനത്തിന്റെ കഥപറയുന്ന ഒരു ചലച്ചിത്രസംരംഭത്തിന്റെ ഭാഗഭാക്കായിത്തീരാനുള്ള ആവേശമൊന്നുകൊണ്ടുമാത്രമായിരുന്നു. ചേതൻ ആനന്ദ്, ഭാര്യ ഉമാ ആനന്ദ്, സഹോദരന്മാരായ ദേവാനന്ദ്,ഗോൾഡി എന്ന വിജയാനന്ദ് എന്നിവരോടൊപ്പം സാഹ്നി കുടുംബവും പാലിഹില്ലിലെ ആ വലിയ വീട്ടിൽ താമസിച്ചുകൊണ്ട് സിനിമാചർച്ചകളും മറ്റുമായി മുന്നോട്ടു പോയി.അങ്ങനെയൊരു ദിവസമാണ് ആദ്യം പറഞ്ഞ പത്രവാർത്ത ബൽരാജിന്റെ ശ്രദ്ധയാകർഷിക്കുന്നത്.…

അന്ന് വൈകുന്നേരം ബോംബെയിലെ ഓപ്പറാ ഹൗസിന്റെ സമീപത്തെ ഇടവഴിയിലുള്ള പ്രൊ. ദിയോധറിന്റെ സംഗീത വിദ്യാലയത്തിൽ വെച്ചു നടന്ന ആ കൂടിച്ചേരലിൽ സംഘാടകരെ കൂടാതെ ഇരുപതോളം യുവതീയുവാക്കളും സന്നിഹിതരായിരുന്നു.ബൽരാജ് സാഹ്നി യും ദമയന്തിയും ചേതൻ ആനന്ദിനെ കൂടി നിർബന്ധിച്ച് ഒപ്പം കൂട്ടിക്കൊണ്ടു പോയിരുന്നു.വിഖ്യാത ചലച്ചിത്ര കാരൻ വി
ശാന്താറാം തൊട്ടടുത്ത വർഷം നിർമ്മിച്ച ‘ഡോ.കോട്നിസ് കി അമർ കഹാനി‘യ്ക്ക് ആധാരമായ ‘ആ ഒരാൾ മാത്രം മടങ്ങിവന്നില്ല’ ഉൾപ്പെടെ അബ്ബാസ് എഴുതിയ വികാരതീവ്രമായ കഥകൾ പലതും ബൽരാജ് വായിച്ചിട്ടുണ്ടായിരുന്നു.എന്നാൽ അവർ തമ്മിൽ നേരിട്ടു കാണുന്നത് ആദ്യമായിട്ടായിരുന്നു.

നാടകം വായിച്ചുകഴിഞ്ഞ്,എല്ലാവരും നിശബ്ദരായിരുന്ന നിമിഷങ്ങളുടെ ആ ഇടവേളയിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അബ്ബാസ് ഒരു പ്രഖ്യാപനം നടത്തി.

“സുഹൃത്തുക്കളെ,എന്റെയീ നാടകം വായിച്ചുകേൾക്കാൻ താത്പര്യപ്പെട്ട് ബൽരാജ് സാഹ്നിയും ഇവിടെ വന്നുചേർന്നിട്ടുണ്ട്. ഐ പി ടി എയ്ക്കു വേണ്ടി ഈ നാടകം,
ബൽരാജ് സംവിധാനം ചെയ്യണമെന്ന അഭ്യർത്ഥന യോടെ ഞാനിത് അദ്ദേഹത്തിനെ ഏല്പിക്കുകയാണ്.”

ഒരു നിമിഷത്തേക്ക് പെട്ടെന്ന് ഒന്നു സ്തബ്ധനായി ഇരുന്നുപോയെങ്കിലും, ബൽരാജ് ആ നാടകത്തിന്റെ കയ്യെഴുത്ത് പ്രതി സന്തോഷത്തോടെ ഏറ്റുവാങ്ങി.…

.…‘ഭൂഖാ ഹേ ബംഗാൾ!’ .…. മഹാദുരന്തത്തിന്റെ ഇരകളായി,മരിച്ചു ജീവിക്കുന്ന മനുഷ്യലക്ഷങ്ങളുടെ പുനരുജ്ജീവനത്തിനു വേണ്ടി ആട്ടവും പാട്ടുമായി തെരുവിലിറങ്ങിയ ഐ പി ടി എ യുടെ കൾച്ചറൽ സ്ക്വാഡ്.…പൃഥ്വിരാജ് കപൂറും മുൽക്ക് രാജ് ആനന്ദും കെ എ അബ്ബാസുമൊക്കെ സംഘാടകരായി മുന്നിൽ നിന്നുകൊണ്ട് വിശാലമായ ചൗപ്പാത്തി കടപ്പുറത്തെ മഹാരാഷ്ട്രിയൻ സ്റ്റേജ് സെന്റിനറി ഹാളിൽ അരങ്ങേറിയ, ശംഭു മിത്രയും സോറാ സൈഗളുമടക്കമുള്ള പ്രതിഭാധനർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാവിരുന്ന്.…ഇതിന്റെയൊക്കെ തുടർച്ചയായിരുന്നു ബൽരാജ് സാഹ്നി സംവിധാനം ചെയ്ത കെ എ അബ്ബാസിന്റെ ‘സുബൈദ’ എന്ന ആ നാടകം.1944 ഡിസംബർ മാസത്തിൽ ‘സുബൈദ’ എന്ന ആ നാടകം ബോംബെയിലെ സുന്ദർബായ് ഹാളിൽ അരങ്ങേറി.

ചേതൻ ആനന്ദാണ് നാടകത്തിലെ നായകനായി അഭിനയിച്ചത്.നാടൻ പ്രയോഗങ്ങൾ ചാലിച്ച് സാധാരണക്കാരന്റെ സംസാര ഭാഷയിലെഴുതിയ സംഭാഷണങ്ങളും വികാരതീവ്രത മുറ്റിനിൽക്കുന്ന നാടകീയ മുഹൂർത്തങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയവും സ്വാഭാവികമായ അഭിനയവും, മേൽപ്പറഞ്ഞ ഘടകങ്ങളെയെല്ലാം പ്രാഗത്ഭ്യത്തോടെ കൂട്ടിയിണക്കുന്ന ബൽരാജി ന്റെ സംവിധാനവുമെല്ലാം ചേർന്ന് സുബൈദ പ്രേക്ഷകരുടെയും നാടകപണ്ഡിതരുടെയും കയ്യടി നേടുന്നതിൽ വിജയിച്ചു.നാടകത്തിലെ ഒരു രംഗത്തിൽ,ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ജീവനുള്ള ഒരു വെള്ളക്കുതിരയുടെ പുറത്തിരുന്നുകൊണ്ട്, വരൻ വന്നെത്തുന്ന ‘ബാരാത്ത്’ അവതരിപ്പിച്ചപ്പോൾ,വേദിയായ സുന്ദർബായ് ഹാളിലെ പ്രേക്ഷകരൊന്നടങ്കം അഭിനേതാക്കളും കൂടിയായി മാറുന്ന പുതുമ അരങ്ങേറുകയായായിരുന്നു.…

ഇപ്റ്റയുമായുള്ള ബൽരാജിന്റെ ഹൃദയബന്ധത്തിന്റെ ആരംഭം കുറിക്കുന്നത് അങ്ങനെയാണ്.ബൽരാജിനെ സംബന്ധിച്ചിടത്തോളം ഇപ്റ്റ ആവേശം തുളുമ്പുന്ന ഒരു വികാരം തന്നെയായി മാറി.കലയെയും രാഷ്ട്രീയത്തെയും വേറിട്ടു കാണേണ്ടതില്ലെന്നും അവ രണ്ടും കൂടി സമാസമം ലയിച്ചു ചേർന്ന ഇപ്റ്റ പോലെയൊരു ജനകീയപ്രസ്ഥാനമാണ് തന്റെ യഥാർത്ഥ തട്ടകം എന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഒരു മുഴുവൻ സമയ ഇപ്റ്റ പ്രവർത്തകനാകുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ജനറൽ സെക്രട്ടറി പി സി ജോഷിയെ നേരിട്ടു കണ്ട് സംസാരിക്കണമെന്ന് തോന്നി. ദമായന്തിയ്ക്കായിരുന്നു അക്കാര്യത്തിൽ കൂടുതൽ നിർബന്ധം.അങ്ങനെയാണ് പാർവതി കുമാരമംഗലം മുഖാന്തിരം ജോഷിയുമായുള്ള സാഹ്നി ദമ്പതിമാരുടെ ആ സമാഗമം നടക്കുന്നതും ‘പിസിജി‘യുമായുള്ള ഒരു ആജന്മബന്ധത്തിന് തുടക്കം കുറിക്കുന്നതും.

അന്നൊക്കെ ഇപ്റ്റയിലെ ഭൂരിഭാഗം കലാകാരന്മാരും സമൂഹത്തിന്റെ ഉയർന്ന ശ്രേണിയിൽ പെട്ടവരോ മദ്ധ്യവർഗ്ഗത്തിൽ നിന്നുള്ളവരോ ആയിരുന്നു.സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരുടെ നൊമ്പരങ്ങളും ദുരിതങ്ങളും നേരിട്ടു കണ്ടറിഞ്ഞ്,അവരുടെ ആശയാഭിലാഷങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കാര്യത്തിൽ ആ കലാകാരന്മാർക്ക് പരിമിതികൾ ഒരുപാടുണ്ടായിരുന്നു.ഇതിന് പരിഹാരമായി പി സി ജോഷി ആവിഷ്കരിച്ചത് രണ്ട് കർമ്മപരിപാടികളാണ്.കമ്മ്യൂണിസ്റ്റു ചിന്താഗതിക്കാരാണെങ്കിൽപ്പോലും,ദന്തഗോപുരം വിട്ടിറങ്ങാൻ കൂട്ടാക്കാത്ത കലാകാരന്മാരെ ചേരിപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലുമൊക്കെ സാധാരണ മനുഷ്യരോടൊപ്പം പ്രവർത്തിക്കാനായി പറഞ്ഞയക്കുക എന്നതായിരുന്നു അതിൽ ഒന്നാമത്തേത്.ബൂർഷ്വാ-പെറ്റി ബൂർഷ്വാ വിഭാഗങ്ങളിൽ പെട്ട കലാകാരന്മാരുടെ അറിവും സർഗപരമായ കഴിവുകളുമൊക്കെ,നിസ്വവർഗ്ഗത്തിന്റെ വിനോദത്തിനും സാംസ്കാരികോന്നമനത്തിനുംവേണ്ടി പ്രയോജനപ്പെടുത്താനുള്ള ഏറ്റവും നല്ല അവസരമായിട്ടാണ് ജോഷി ഇതിനെ വിഭാവനം ചെയ്തത്.


അധഃസ്ഥിത വർഗ്ഗത്തിൽ പെട്ടവരും തൊഴിലാളികളുമൊക്കെ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങളിലേക്കും ഉൾനാടുകളിലേക്കും നിരന്തരം സഞ്ചരിച്ച്, അവരുടെയിടയിൽ ആരാലും അറിയപ്പെടാതെ ഒളിഞ്ഞുകിടക്കുന്ന സർഗപ്രതിഭകളെ കണ്ടെത്തി ഇപ്റ്റയുടെ വേദികളിലൂടെ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുക എന്നതായിരുന്നു ജോഷിയുടെ മറ്റൊരാശയം.ബൽരാജുമായുള്ള കൂടിക്കാഴ്ച യിൽ ജോഷി ആവശ്യപ്പെട്ടത് അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാനാണ്.

തന്റെ പുതുപുത്തൻ മോട്ടോർ സൈക്കിളിലേറി ബൽരാജ് ബോംബെ പട്ടണത്തിന്റെ ഊ ടുവഴികളിലൂടെയെല്ലാം ചുറ്റിത്തിരഞ്ഞു. പല ഭാഷകൾ സംസാരിക്കുന്ന,പലപല സംസ്ക്കാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന,വ്യത്യസ്ത സാമ്പത്തിക നിലവാരങ്ങളിൽ പെട്ട അനേകായിരം മനുഷ്യർ വിശാലമായ ഒരാകാശത്തിന്റെ കീഴിൽ കഴിയുന്ന ഒരു കോസ്മോപോളിറ്റൻ നഗരമായിരുന്നു അന്ന്(ഇന്നും) ബോംബെ.അവരിൽ ഭൂരിപക്ഷം പേരുടെയും മാതൃഭാഷ മറാത്തിയായിരുന്നു. ബൽരാജിനാകട്ടെ മറാത്തിയിൽ ഒരക്ഷരം പോലും അറിയുകയുമില്ല.മറാത്ത ജനതയുടെ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് കാര്യമായ ധാരണയുമുണ്ടായിരുന്നില്ല.പക്ഷെ അതൊന്നും വകവെയ്ക്കാതെ ബൽരാജ് ആ മനുഷ്യരുടെ യിടയിലേക്ക് ഇറങ്ങിച്ചെന്നു. തൊഴിലാളി കളുടെ ജീവിതത്തെ കുറിച്ച് അടുത്തറിയാനായി, അവരുടെ കോള നികളിലെ നിത്യസന്ദർശകനായി.അവരുടെ സൗഹൃദവലയത്തിലേക്ക് എളുപ്പത്തിൽ കയറിപ്പറ്റി.വ ളരെപ്പെട്ടെന്ന് തന്നെ മറാത്തിയും വശമാക്കി.

കമ്മ്യൂണിസ്റ്റ്പാർട്ടിയിലെ അംഗങ്ങളോ പാർട്ടിയുടെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനിൽ പ്രവർത്തിക്കുന്നവരോ ആയ തൊഴിലാളി കളിൽ പ്രതിഭാശാലികളായ പലരും ഉണ്ടായിരുന്നു. ആടാനും പാടാനും അഭിനയിക്കാനുമൊക്കെ പ്രാവീണ്യമുള്ള അവരുടെ കലാപ്രകടനങ്ങളെല്ലാം,പക്ഷെ പാർട്ടിയുടെയും യൂണിയന്റെയും സമ്മേളനവേദികളിൽ മാത്രമായി ഒതുങ്ങിനിന്നു.‘തേച്ചു മിനുക്കിയാൽ കാന്തിയും മൂല്യവും വാച്ചിടുന്ന’ ആ കലാകാരന്മാരെ കണ്ടുപിടിച്ച് പ്രസ്ഥാനത്തിലേക്ക് കൂട്ടികൊണ്ടുവരിക എന്ന നിയോഗമാണ് ബൽരാജ് നിശ്ചയദാർഢ്യത്തോടെ ഏറ്റെടുത്തത്.

ആട്ടവും പാട്ടും സം ഭാഷണങ്ങളുമെല്ലാം കൂടി കലർന്ന ‘തമാശ’ നാടകമായിരുന്നു മഹാരാഷ്ട്ര യുടെ ഏറ്റവും പ്രമുഖ തനതുകലാരൂപം.തമാശ നാടകങ്ങളിലൂടെ അസാമാന്യ മായ ജനപ്രീതി നേടിയെടുത്ത ഒരാളായിരുന്നു അണ്ണാ ഭാവു സാത്തെ എന്ന ദളിത് കലാകാരൻ. കഷ്ടിച്ച് എഴുതാനും വായിക്കാനും മാത്രമറിയാമായിരുന്ന അണ്ണാ ഭാവുവിന് അറിവിന്റെ വിശാലമായ ലോകത്തേക്കുള്ള വാതായനം തുറന്നുകൊടുത്തുകൊടുക്കുകയാണ് ബൽരാജ് ആദ്യം ചെയ്തത്. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും സാർവദേശീയ സംഭവങ്ങളെ കുറിച്ചുമൊക്കെ ബൽരാജ് പറഞ്ഞുകൊടുത്തതിൽ നിന്നെല്ലാം അണ്ണാഭാവു തന്റെ പ്രമേയം കണ്ടെത്തി.

ആ നാടോടികലാരൂപത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് കോട്ടമൊന്നും വരുത്താതെ തന്നെ തമാശയുടെ അരങ്ങിനെ കുറച്ചുകൂടി കൊഴുപ്പിക്കാനും പൊലിപ്പിക്കാനും ഉതകുന്ന പുതിയ സാങ്കേതിക സംവിധാനങ്ങൾ ബൽരാജ് പരിചയപ്പെടുത്തിക്കൊടുത്തു.ദളിത് വിഭാഗത്തിൽ നിന്ന് ഉയർന്നുവന്ന ഒരു കലാകാരൻ ജാതിമതഭേദമന്യേ ഒരു വലിയ പ്രേക്ഷകസമൂഹത്തിന് സ്വീകാര്യനായി മാറിയതാണ് ബൽരാജ് സാഹ്നിയുടെ സർഗാത്മകമായ ഇടപെടലുകൾ കൊണ്ട് സംഭവിച്ചത്.

മഹാരാഷ്ട്ര യിലെ മറ്റൊരു നാടോടി കലാരൂപമായ ‘പോവ്ടാ’ എന്ന നാടൻ പാട്ടുകളുടെ ഗായകൻ ഗവാങ്കറെയും ബൽരാജ് ഇതേ വഴിയിലൂടെയാണ് ഇപ്റ്റയിലേക്ക് കൊണ്ടുവന്നത്.അധികം വൈകാതെ തന്നെ ഗവാങ്കറും സംഘവും ഇപ്റ്റയിലെ ഏറ്റവും ജനപ്രീതി നേടിയ കലാകാരന്മാരായി മാറി.

അമർ ഷെയ്ക്ക് എന്ന നാടൻ പാട്ടുകാരനായിരുന്നു ബൽരാജ് സാഹ്നിയുടെ ഏറ്റവും വലിയ ‘കണ്ടുപിടുത്തം’.ആരെയും വശീകരിക്കുന്ന, ഘനഗംഭീരമായ ശബ്ദത്തിന്റെ ഉടമയായിരുന്ന അമർ ഷെയ്ക്ക് മറാത്തിയിലും ഹിന്ദുസ്ഥാനിയിലുമൊരുപോലെ പാട്ടുകൾക്ക് ഈണം പകരുകയും ആലപിക്കുകയും ചെയ്തിരുന്നു.കേട്ടു പഴകിയ മധുര സ്വരങ്ങളിൽ നിന്നൊക്കെ വേറിട്ടു നിന്ന ആ ശബ്ദ ഗാംഭീര്യവും ആലാപന സിദ്ധിയും എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് ബൽരാജ് അമറിന് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.ബോംബെയുടെ പോൾ റോബ്‌സൺ എന്നറിയപ്പെട്ടിരുന്ന അമർ ഷെയ്ക്ക് ഇപ്റ്റയുടെ ഏറ്റവും ജനപ്രീതി യാർജ്ജിച്ച മുഖങ്ങളിലൊന്നായി മാറി.

ഒന്നാന്തരം കലാകാരനാണെങ്കിലും ഒരു തികഞ്ഞ അരാജകവാദിയായിരുന്നു ഗുജറാത്തിൽ നിന്നുള്ള ജസ്വന്ത് താക്കർ.ജസ്വന്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ബൽരാജ് വിടാതെ പിറകെ കൂടി.വൈകാതെ തന്നെ ജസ്വന്തിന്റെ നേതൃത്വത്തിലും ഇപ്റ്റയുടെ കുടക്കീഴിലുമായി ഒരു ഗുജറാത്തി നാടക സംഘവും നാടോടി ഗാന നൃത്ത നൃത്യ സംഘവും രൂപം കൊണ്ടു.ആ നാടകങ്ങളിലൂടെ അരങ്ങത്ത് വന്ന ഗാന്ധി സഹോദരി മാർ ശാന്താ ഗാന്ധിയും ദീനാ ഗാന്ധിയും ( പിൽക്കാലത്ത് ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തയായ ദീനാ പഥ ക്ക്)ഇപ്റ്റയുടെ മുന്നണിപ്പോരാളികളായി മാറി.

ലണ്ടനിൽ ബൽരാജ് കണ്ട് പരിചയിച്ച യൂറോപ്യൻ ശൈലിയിലുള്ള അരങ്ങിൽ നിന്ന് പാടെ വിരുദ്ധമായ തനത്/ നാടോടി സമ്പ്രദായത്തിലധിഷ്ഠി തമായ ഒരു അരങ്ങായിരുന്നു ഇപ്റ്റയുടേത്.ഉന്നത സാമൂഹ്യ ശ്രേണിയിൽപ്പെട്ട നഗരവാസികളും ബുദ്ധിജീവികളുമടങ്ങുന്ന ഒരു അഭിജാത സദസ്സിന് പകരം തൊഴിലാളി കളും കൃഷിക്കാരും ചേരിവാസികളുമുൾക്കൊണ്ട വെറും സാധാരണ മനുഷ്യരായിരുന്നു ഇപ്റ്റയുടെ നാടകങ്ങളും കലാപരിപാടികളും കാണാനെത്തിയിരുന്നത്.ഈ പച്ചമനുഷ്യർ തിങ്ങിനിറഞ്ഞ സദസ്സും അരങ്ങും തമ്മിലുടലെടുത്ത ആ ജൈവ ബന്ധം ബൽരാജ് സാഹ്നി എന്ന നടന് ഊർജ്ജം പകർന്ന ഇന്ധ നമായി.പി സി ജോഷിയുടെ ആശീർവാദത്തോടെ,ഇപ്റ്റയുടെ ബാനറിൻ കീഴിൽ ബൽരാജ് സാഹ്നിയും മറ്റനേകം പ്രതിഭകളും നിറഞ്ഞാടിയ അരങ്ങുകളുടെ ദിനരാത്രങ്ങളാണ് തുടർന്നുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.