
ലൈംഗികാരോപണ വെളിപ്പെടുത്തലിൽ കുടുങ്ങി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തില്‍ എംഎംൽഎയെ തള്ളിപ്പറഞ്ഞതിനൊപ്പം പാലക്കാട് എംപിയും മുൻ ഡിസിസി പ്രസിഡന്റുമായ വി കെ ശ്രീകണ്ഠന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായി. ഇതിനെതിരെ കോൺഗ്രസിലെ തന്നെ വനിതാ നേതാക്കള്‍ രംഗത്തെത്തി.
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തില്‍ സ്വയം രാജിവച്ചതല്ലെന്നും പാർട്ടി നേതൃത്വം പറഞ്ഞത് പ്രകാരമാണെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും പറഞ്ഞതിനൊപ്പമാണ് പാലക്കാട് എം പി കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവും നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം താന്‍ സ്വയം രാജിവച്ചൊഴിയുകയാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ രാജിവച്ചത്. ഇക്കാര്യം വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആരോപണമുന്നയിച്ച യുവനടിയെ പരാമര്‍ശിച്ച് ആരോപണമുന്നയിച്ചവര്‍ ഏതൊക്കെ മന്ത്രിമാര്‍ക്കൊപ്പം അര്‍ധവസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഇതിന്റെയൊക്കെ പിന്നില്‍ ആരുണ്ടെന്നും എന്തുണ്ടെന്നും അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നുമാണ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞത്.
ഈ പരാമര്‍ശം വിവാദമാകുകയും കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ദീപ്തി മേരി വര്‍ഗീസും പരസ്യമായി രംഗത്തെത്തുകയും ചെയ്തതോടെ വി കെ ശ്രീകണ്ഠന്‍ മലക്കം മറിഞ്ഞു. തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. ശ്രീകണ്ഠന്റെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ പൊതുപ്രവർത്തകരടക്കം ഒരാൾ പോലും പറയാൻ പാടില്ലാത്ത കാര്യമാണിതെന്നും സ്ത്രീകളുടെ വസ്ത്രധാരണത്തെയോ അവർ ഇടപെടുന്ന മേഖലയെയോ നിലപാടുകളെയോ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും പരാമർശം പിൻവലിക്കണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.
ഇത്രയധികം വിവാദങ്ങള്‍ ഉയര്‍ന്നിട്ടും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണായകമായ സ്ഥാനമുള്ള ഷാഫി പറമ്പിലിന്റെ ഒളിച്ചുകളി പരിഹാസ്യമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേദികളിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും കത്തിക്കയറാറുള്ള ഷാഫി പറമ്പില്‍ സന്തതസഹചാരിയായ രാഹുലിനെതിരെ ഉയര്‍ന്ന കടുത്ത ആരോപണങ്ങളെ നേരിടാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചിട്ടും കേരളത്തിലേക്ക് വന്നതുമില്ല. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച വ്യാഴാഴ്ച ഷാഫി മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതെ ഡല്‍ഹിയിലെ ഫ്ലാറ്റില്‍ തന്നെ കഴിയുകയായിരുന്നു. പിന്നീട് ബിഹാറിലേക്ക് പോയി. കേരളത്തിലേക്കെത്തിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഷാഫിയും മറുപടി നല്‍കേണ്ടതായി വരും. രാഹുലിനെതിരെ ആരോപണമുയര്‍ത്തിയവരില്‍ പലരും ഇക്കാര്യങ്ങള്‍ ഷാഫി പറമ്പിലിന് വ്യക്തമായി അറിവുള്ള കാര്യങ്ങളായിരുന്നെന്നും എന്നാല്‍ ഇതൊന്നും വിലക്കാതെ രാഹുലിനെ വഴിവിട്ട് സഹായിക്കുകയായിരുന്നെന്നും കുറ്റപ്പെടുത്തിയിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തിയുക്തം എതിര്‍ത്ത പാലക്കാട്ടെ പാര്‍ട്ടി സംവിധാനത്തെ ഒന്നടങ്കം നോക്കുകുത്തിയാക്കിയാണ് ഷാഫി രാഹുലിന് സീറ്റ് വാങ്ങിക്കൊടുത്തത്. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ എതിര്‍പ്പുകള്‍ കനലുകളായി അവശേഷിച്ചെങ്കിലും വിവാദകോലാഹലങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ ഷാഫിയും രാഹുലുമാണെന്നും നിലവിലെ സംഭവങ്ങള്‍ പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയെന്നും ജില്ലയിലെ നേതാക്കള്‍ വ്യക്തമാക്കുന്നു.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫിസിലേക്ക് മഹിളാ മോര്‍ച്ച നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി കൊണ്ടുവന്ന കോഴി ചത്തതും വിവാദമായിട്ടുണ്ട്. മിണ്ടാപ്രാണിയോട് ഇത്തരം ക്രൂരത നടത്തിയതില്‍ മൃഗസ്നേഹികള്‍ രംഗത്തെത്തുകയും നടപടിയാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.