കേരളത്തിലെ പതിനഞ്ചാമത്തെ സർവകലാശാലയായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഗവർണർ പുറപ്പെടുവിച്ച ഓർഡിനൻസ് വഴി 2020 ഒക്ടോബറിൽ രൂപീകൃതമായി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ അംഗീകാരം സർവകലാശാലക്ക് ലഭിച്ചിട്ട് ഡിസംബറിൽ ഒരു വർഷം പൂർത്തിയാകുകയാണ്. എല്ലാ സർവകലാശാലകളെയുംപോലെയുള്ള രീതിശാസ്ത്രമല്ല ഓപ്പൺ സർവകലാശാലക്കുള്ളത്. സാധാരണ സർവകലാശാലകൾ ആരംഭദിവസം മുതൽ അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കാൻ നിയമപരമായി പ്രാപ്തമാണ്. പക്ഷേ ഓപ്പൺ സർവകലാശാലക്ക് ഈ രീതി സ്വീകരിക്കാനുള്ള നിയമസാധുതയില്ല. യുജിസിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ ഓരോ പാഠ്യപദ്ധതിക്കും അതിന്റെ നിയമാവലി അനുസരിച്ച് അംഗീകാരം നൽകിയതിനുശേഷമേ സർവകലാശാലക്ക് അത് ആരംഭിക്കാൻ കഴിയൂ. വളരെ വിശദമായ ഗൃഹപാഠം ഇവിടെ അനിവാര്യമാണ്. ഇത് സർവകലാശാല നിയമപരമായി നിലനിന്നതിനുശേഷമേ ആരംഭിക്കാൻ കഴിയൂ എന്നുള്ളതാണ് മറ്റൊരു യാഥാർത്ഥ്യം. സർവകലാശാല ചെയ്തുകൊണ്ടിരിക്കുന്നതും ഈ ഗൃഹപാഠത്തിന്റെ പൂർത്തീകരണമാണ്. ഒക്ടോബറിൽ ആരംഭിച്ച സർവകലാശാലക്ക് ഡിസംബറിൽ യുജിസി അംഗീകാരം നൽകുമ്പോൾ ഓർഡിനൻസ് നിയമമായി മാറ്റണമെന്ന് നിഷ്കർഷിച്ചിരുന്നു. ഇതനുസരിച്ച് വളരെ പെട്ടെന്ന് കേരള നിയമസഭ ഐകകണ്ഠ്യേന ഇത് നിയമമാക്കി. അക്കാദമിക് വിഷയങ്ങൾക്കുള്ള അംഗീകാരം ഉറപ്പുവരുത്താനാണ് സർവകലാശാലയുടെ രണ്ടാം ഘട്ടത്തിലെ പ്രയാണം. അക്കാദമിക് പണിപ്പുര സർവകലാശാല ആരംഭിച്ചത് കരിക്കുലത്തിന്റെ രൂപഘടന തയാറാക്കുന്ന പ്രക്രിയയിലൂടെയാണ്. ബിരുദ വിഷയങ്ങൾക്ക് 132 ക്രെഡിറ്റും ബിരുദാനന്തരബിരുദ വിഷയങ്ങൾക്ക് 72 ക്രെഡിറ്റും നിഷ്കർഷിക്കുന്ന കരിക്കുലം ഫ്രയിംവർക് ജനുവരിയിൽ നടപ്പിലാക്കി. തുടർന്ന് 21 ബിരുദ വിഷയങ്ങൾക്കും 10 ബിരുദാനന്തരബിരുദ വിഷയങ്ങൾക്കും വേണ്ടി അക്കാദമിക് കമ്മിറ്റികൾ രൂപീകരിച്ച് സിലബസ് നിർമ്മിച്ചു. സ്വന്തമായി അധ്യാപകർ കൈവശമില്ലാത്തതിനാൽ പ്രാരംഭദശയിൽ കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള 300 ഓളം അധ്യാപകരുടെ കൂട്ടായ പരിശ്രമവും സഹകരണവുമാണ് ഈ സംരംഭത്തെ വിജയത്തിലെത്തിച്ചത്. ഓരോ കമ്മിറ്റിയും ഏകദേശം എട്ട് തവണയെങ്കിലും ചേർന്ന് ചർച്ചചെയ്ത് രൂപപ്പെടുത്തിയതാണ് പാഠ്യവിഷയങ്ങൾക്കുള്ള സിലബസ്. ശ്രീനാരായണഗുരു പഠനത്തിനുള്ള ബിരുദ പാഠ്യപദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. സ്കൂൾ ഓഫ് ഹുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസ്, സ്കൂൾ ഓഫ് ലാംഗ്വേജസ്, സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ സയൻസ്, സ്ക്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി ആന്റ് ട്രാൻസ്ഡിസിപ്ലിനറി സ്റ്റഡീസ്, സ്കൂൾ ഓഫ് ലോ ആന്റ് ബിസിനസ് സ്റ്റഡീസ് എന്നിവയാണ് തുടക്കത്തിൽ സർവകലാശാല സ്ഥാപിച്ച അഞ്ച് പാഠ്യമേഖലകൾ.
മികവിലേക്കുള്ള നടപ്പാത
സ്വയം പഠനസാമഗ്രികളുടെ നിർമ്മിതി സർവകലാശാല ആരംഭിച്ചത് മാർച്ചിലാണ്. നിലവാരംകുറഞ്ഞ പഠനസാമഗ്രികളോട് കൃത്യമായ അകലം പാലിക്കുന്ന സർവകലാശാലയുടെ മറ്റൊരു പ്രധാന ലക്ഷ്യം മികവുറ്റ ബോധനരീതി നടപ്പിലാക്കുക എന്നതാണ്. കോവിഡാനന്തരവിദ്യാഭ്യാസം നല്കുന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഏറ്റവും അർഹതയുള്ളത് ഓപ്പൺ സർവകലാശാലയ്ക്കാണെന്ന തിരിച്ചറിവിലാണ് സർവകലാശാല അതിന്റെ ഭാവിയുടെ ഘടന പണിതുയർത്തുന്നത്. എഴുതി തയാറാക്കിയ അധ്യയന വിവരണങ്ങൾക്കുപുറമേ വിർച്വൽ എഡ്യുക്കേഷന്റെ സാധ്യതകളും ഈ ബോധനരീതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഓഡിയോ വീഡിയോ മാധ്യമങ്ങളും ഡോക്യുമെന്ററികളും ഈ ഗണത്തിൽപ്പെടുന്നു. സർവകലാശാല സ്വന്തമായി വികസിപ്പിച്ചെടുത്ത സ്വയം പഠന രീതിശാസ്ത്രം ബിരുദ, ബിരുദാനന്തരബിരുദ വിഷയങ്ങളുടെ പാഠ്യപദ്ധതിക്കനുസരിച്ചാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഈ മാതൃകകൾക്കധിഷ്ഠിതമായി യോഗ്യരായ നൂറ്റിയമ്പതോളം പേർ സ്വയംപഠനസാമഗ്രികൾ വികസിപ്പിക്കാൻ വ്യാപൃതരായത് കഴിഞ്ഞ മാർച്ച് മാസത്തിലാണ്. യുജിസി നിയമം അനുസരിച്ച് പഠനസാമഗ്രികളുടെ 40 ശതമാനമേ ഇങ്ങനെ വികസിപ്പിക്കാൻ സർവകലാശാലക്ക് അനുവാദമുള്ളൂ. ബാക്കിഭാഗം സർവകലാശാലയുടെ സ്വന്തം അധ്യാപകരാണ് തയാറാക്കേണ്ടത്. അതിന്റെ തുടർനടപടികൾ ദ്രുതഗതിയിൽ സർവകലാശാല നടപ്പിലാക്കുന്നു. അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള അനുവാദത്തിന് യുജിസി നിഷ്കർഷിക്കുന്ന എല്ലാ നിബന്ധനകൾക്കും വിധേയമായി യുജിസിയുടെ പോര്‍ട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ പോർട്ടലിൽ നല്കുന്ന വിവരങ്ങൾ പരിശോധിക്കാൻ യുജിസി സമിതി നേരിട്ടെത്തും. അതിനുശേഷമേ കോഴ്സുകൾക്ക് അനുവാദം നല്കു. അതിനു വേണ്ടിയുള്ള ശ്രമങ്ങളിലാണ് സർവകലാശാല ഇപ്പോൾ. ഒരു ഓപ്പൺ സർവകലാശാല മറ്റ് സർവകലാശാലയിൽ നിന്ന് വ്യതിരിക്തമാകുന്നത് ഈ ദശാസന്ധിയിലാണ്.
വൈവിധ്യമാർന്ന പന്ഥാവുകൾ
ഇതോടൊപ്പം സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് വേണ്ടി കിലയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സർവകലാശാലയും സംയുക്തമായി ആരംഭിച്ച സർട്ടിഫിക്കറ്റ് പ്രോഗ്രാം ഏപ്രിൽ മാസത്തിൽ ആദ്യ ബാച്ച് പഠിതാക്കളെ പുറത്തിറക്കും. ‘ഫാക്ടറീസ് ആന്റ് ബോയിലേഴ്സു’മായി ചേർന്ന് നടപ്പാക്കുന്ന വളരെ ജോലി സാധ്യതയുള്ള സേഫ്റ്റി മാനേജ്മെന്റ് പാഠ്യപദ്ധതി പൂർത്തിയായി. അധ്യയനം ഉടനെ ആരംഭിക്കും. പ്രമുഖ നൈപുണ്യ പരിശീലന ദാതാക്കളായ ‘അസാപു’ മായി ചേർന്ന് നൈപുണ്യ കോഴ്സുകൾ നടത്താനുള്ള പദ്ധതികളും അവസാന ഘട്ടത്തിലാണ്. ജീവിതസാഹചര്യം കൊണ്ട് പഠനം നിർത്തിപ്പോയ യോഗ്യരായ പഠിതാക്കൾക്ക് ബിരുദപഠനവും നൈപുണ്യ പരിശീലനവും ഒരുമിച്ചു നല്കുന്ന ഒരു നവീന പാഠ്യപദ്ധതി സർവകലാശാലയും ‘അസാപും’ ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്നു. പൈലറ്റ് പ്രോജക്ടിൽ കാസർകോട് ജില്ലാ പഞ്ചായത്ത് ഇതിനുവേണ്ടി 20 ലക്ഷം രൂപ ഈ അധ്യയന വർഷം നീക്കിവച്ചിട്ടുണ്ട്. അതിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരിയിൽ നടക്കും. എല്ലാ ജില്ലാ പഞ്ചായത്തുകളുമായും സഹകരിച്ച് ഇത് നടപ്പിലാക്കുവാൻ സർവകലാശാലക്കും ‘അസാപി’നും ഉദ്ദേശമുണ്ട്. കേരളത്തിന്റെ സാക്ഷരതയുടെ രണ്ടാം ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകും. ശ്രീനാരായണഗുരുവിന്റെ ജീവിതവും ചിന്തയും കേന്ദ്രീകൃതമാക്കി വികസിപ്പിക്കുന്ന സാംസ്കാരിക മ്യൂസിയവും ‘കൊല്ലം നഗരത്തിന്റെ പൈതൃകാഘോഷ’വും ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ അടുത്തുതന്നെ പുറത്തിറക്കും. നടപ്പിലാക്കുകയും ചെയ്യും. കേരളത്തിലെ കീഴാള‑വൈജ്ഞാനിക പൈതൃകത്തിന്റെ ഭാഗമായ നൈപുണ്യ വേലകൾ കൃത്യമായ പരിശീലനത്തിലൂടെ പൊതുധാരാ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയും സർവകലാശാലയുടെ പ്രഥമ പരിഗണനയിലാണ്. കേരളത്തിലെ അസംഘടിതരും അതേസമയം വിദ്യാഭ്യാസ പ്രക്രിയയിൽ വ്യക്തമായ പങ്കാളിത്തവുമുള്ള പാരലൽ കോളജ് അധ്യാപകരുടെ അക്കാദമിക് ശാക്തീകരണത്തിനുള്ള പരിശീലന പരിപാടി സർവകലാശാല വിഭാവനം ചെയ്യുന്നു. ഒരു പുതിയ സർവകലാശാലയുടെ ആദ്യഘട്ടം എപ്പോഴും ബാലാരിഷ്ടതകൾ നിറഞ്ഞതാകാറാണ് പതിവ്. പക്ഷേ കൊല്ലം പട്ടണത്തിൽ ശ്രീനാരായണഗുരു സർവകലാശാലക്ക് എടുത്തുപറയാവുന്ന ഒരു ആസ്ഥാനമന്ദിരവും സർവകലാശാലയുടെ പ്രവർത്തനത്തിനു വേണ്ട സാമ്പത്തികവും ആരംഭദശയിൽ തന്നെ ലഭ്യമായി. സർക്കാരിന്റെ രണ്ട് ബജറ്റ് പ്രസംഗങ്ങളിലും ബജറ്റ് രേഖകളിലും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വളരെ കരുതലോടെ പരിഗണിക്കപ്പെട്ടത് സർവകലാശാലയുടെ പ്രവർത്തനത്തിന് ഊർജ്ജം നല്കുന്നു. സ്വന്തമായ കാമ്പസ് കണ്ടെത്താൻ സർക്കാർ തലത്തിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. താമസംവിനാ കൊല്ലം നഗരത്തിൽ ഒരു സ്വന്തമായ അസ്തിത്വം സർവകലാശാല കൈവരിക്കുമെന്ന് ഉറപ്പ്. “റോമാ നഗരം ഒരു രാത്രികൊണ്ട് ഉണ്ടായതല്ലെന്നുള്ള” സാമൂഹ്യബോധം സർവകലാശാലയുടെ ഭാവി പദ്ധതികൾക്ക് ആവേശം നല്കുകയും ചെയ്യുന്നു. മഹാഗുരു ശ്രീനാരായണഗുരുവിന്റെ നാമം സർവകലാശാലയുടെ സാമൂഹ്യ പ്രതിബദ്ധതയേയും ഉത്തരവാദിത്തങ്ങളെയും ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും, അനുസ്യൂതമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.