
ശ്രീനിവാസൻ തിരക്കഥയുടെയും അഭിനയത്തിന്റെയും പ്രകടിതഭാവം നർമ്മമാണ്. എന്നാൽ പുറമേയുള്ള ചിരിയുടെ ഉള്ളിൽ ശക്തമായ ചില ചിന്തകളും വ്യക്തി — കുടുംബ വിമർശനങ്ങളും പ്രവർത്തിക്കുന്നുമുണ്ട്. ശ്രീനിവാസൻ വിമർശിച്ചത് സമൂഹത്തെയല്ല. സമൂഹത്തിൽ ജീവിക്കുന്ന കുറേ വ്യക്തികളുടെയും കുടുംബങ്ങളുടെയും വൈകല്യങ്ങളെയാണ്. തൊഴിൽരഹിതന്റെയും തൊലിവെളുപ്പ് കുറഞ്ഞവന്റെയും അപകർഷങ്ങൾ ചേർത്തുവച്ച് നാടോടിക്കാറ്റ് ഉയർത്തിയ ചിരിയുടെ അലകൾ നമ്മുടെ സിനിമാ ലോകത്ത് നിന്ന് മാഞ്ഞുപോവുകയേ ഇല്ല. വാടക കൊടുക്കാത്തതിന് വീട്ടുടമ, ഓഫിസിൽ വന്ന് രണ്ടിനെയും നാറ്റിക്കുമെന്ന് ദാസവിജയന്മാരെ ഭീഷണിപ്പെടുത്തുമ്പോൾ ദാസന്റെ മറുപടി അവിടെയിനി നാറാൻ ബാക്കിയൊന്നുമില്ല എന്നാണ്. പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല എന്ന തമാശ ക്ലാസിൽ പറഞ്ഞപ്പോൾ പിൽക്കാലത്തെ പ്ലസ് ടു തലമുറ പോലും ചിരിച്ചിട്ടുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്താൽ മരിക്കും മുമ്പ് ജോലി കിട്ടും എന്ന പരാമർശം ഉയർത്തിയ ചിരിയിൽ അന്നത്തെ തൊഴിലില്ലായ്മയുടെ കണ്ണീരും കലരുന്നുണ്ട്. പശുവിന് കൊണ്ടു വന്ന തേങ്ങാപ്പിണ്ണാക്ക് എവിടെ എന്ന് ദാസൻ ചോദിക്കുമ്പോൾ, വിശന്നിട്ട് ഞാനെടുത്ത് തിന്നു എന്നാണ് വിജയന്റെ മറുപടി. ഓ, അതാ ഞാൻ നോക്കിയപ്പോ കാണാതിരുന്നത് എന്ന് ദാസന്റെ പ്രതികരണവും. നിനക്കെപ്പോഴും തീറ്റയുടെ വിചാരമേയുള്ളൂ എന്ന് ദാസൻ കളിയാക്കുമ്പോൾ എന്നാ ഇനി നമുക്ക് തമിഴ്പ്പുലിയെക്കുറിച്ചും ശ്രീലങ്കൻ കരാറിനെക്കുറിച്ചും പറയാം എന്ന് വിജയൻ തിരിച്ചടിക്കുന്നു. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിൽ ശങ്കരാടിയുടെ പൈങ്കിളി നോവലിസ്റ്റ് മോഹൻലാലിന്റെ ഗൂർഖയെക്കുറിച്ച് എഴുതാൻ പോകുന്ന നോവലിന്റെ പേര് ‘മഞ്ഞണിമാമലയിൽ നിന്നൊരു മഞ്ഞ ഗൂർഖ’ എന്നാണ്. കാർത്തികയുടെ മുന്നിൽ അടുക്കളയിലെ തേങ്ങ ചിരവുന്ന കാര്യം മറച്ചുപിടിച്ച് കവിതയെഴുതുകയാണെന്ന് പറയുന്നുണ്ട് മോഹൻലാൽ. കാർത്തിക പോയിക്കഴിഞ്ഞ ശേഷം ചിരിച്ചുകൊണ്ട് മാമുക്കോയ ലാലിനോട് — നീ പോയി ആ കവിത പൂർത്തിയാക്ക്.
സന്മനസുള്ളവർക്ക് സമാധാനത്തിൽ ഹൗസ് ഓണർ ഗോപാലകൃഷ്ണപ്പണിക്കരായ മോഹൻലാൽ തിലകനെ അടിച്ചോടിക്കുമ്പോൾ വിളിക്കുന്ന ഒരു വിളിയുണ്ട് — ‘എടാ അധോലോക ദാമോദരാ…’ ഭാര്യാഭർതൃബന്ധത്തിൽ ഒരു അലമാരയ്ക്കുള്ള സ്ഥാനം എത്ര വലുതാണെന്ന് ഞാൻ പഠിച്ച് വരുന്നതേയുള്ളൂ എന്ന് കല്യാണം കഴിഞ്ഞ് പോയിട്ടും ഓരോരോ ആവശ്യം പറഞ്ഞ് വീട്ടിലെത്തുന്ന പെങ്ങളോട് പറഞ്ഞതും ഈ ഹൗസ് ഓണർ തന്നെ.
ഇനി ഈ വീട്ടിൽ ലഡു കൊണ്ടുവരരുത് എന്ന മിഥുനത്തിൽ മോഹൻലാൽ ജഗതിയോട് നടത്തുന്ന അപേക്ഷയും അതു പോലെയാണ്. ഞാൻ അവന്റെ ചേട്ടനാണ് എന്ന് ഇന്നസെന്റ് സി ഐ പോളിനോട് പറയുമ്പോൾ അത് എന്റെ കുറ്റമല്ല എന്നതാണ് മോഹൻലാലിന്റെ ദയനീയാവസ്ഥ. കാക്കിക്കുള്ളിലെ കവിഹൃദയമായ എസ്ഐ രാജേന്ദ്രനോട് അയാളെ കാണാൻ വന്ന കാർത്തിക, അവിവേകമാണെങ്കിൽ പൊറുക്കണം എന്ന് ആമുഖം പറയുമ്പോൾ ഇല്ല, അവിവേകം പൊറുക്കില്ല എന്നാണ് അയാളുടെ ഉത്തരം.
ശ്രീനിവാസൻ സംവിധാനം നിർവഹിച്ച വടക്കുനോക്കി യന്ത്രം പ്രൗഢ ഹാസ്യത്തിന്റെ അതിഗംഭീര പരമ്പരയാണ്. ഫോട്ടോഗ്രാഫർ ചിരിക്കാൻ പറഞ്ഞപ്പോൾ ‘ഹഹഹ’ എന്ന ഒരു ചിരിയുണ്ട്. അമ്മയോട് യാത്ര പറഞ്ഞ് ശോഭയെയും കൂട്ടി സിനിമയ്ക്ക് പോവുമ്പോൾ തളത്തിൽ ദിനേശൻ പറയുന്നത്, ‘അമ്മേ വരൂ ശോഭേ പോട്ടേ’ എന്നാണ്. ലോക ചരിത്രത്തിൽ ആദ്യമായി തളത്തിൽ ദിനേശന്റെ കഥ സിനിമയാവുന്നു എന്ന പരസ്യവാചകത്തിൽ പോലുമുണ്ട് ശ്രീനിവാസനർമ്മം. തളത്തിൽ എന്ന വീട്ടുപേര് തന്നെ നോക്കൂ — തലയിൽ നെല്ലിക്കാത്തളം വയ്ക്കേണ്ട കഥാപാത്രമാണ്.
ഭാര്യ ചായ വേണോ എന്ന് ചോദിക്കുമ്പോൾ ‘വേണ്ടി വന്നേക്കും ചിലപ്പോൾ, പറയാറായിട്ടില്ല’ എന്നൊക്കെയാണ് അയാളുടെ മറുപടി.
സുലോചനാ തങ്കപ്പൻ എന്നതിലെ തങ്കപ്പൻ ഞാനാ എന്ന് ശങ്കരാടി പരിചയപ്പെടുത്തുന്നത് തലയണമന്ത്രത്തിലാണ്. വീട്ടുപകരണങ്ങൾ വാങ്ങിയ ഇൻസ്റ്റാൾമെന്റ് മുടങ്ങിയപ്പോൾ കടയുടമ ഉർവശിയെ ഫോണിൽ വിളിച്ച് വേണ്ടാതീനം പറഞ്ഞു. ചോദ്യം ചെയ്യാൻ പോയ ശ്രീനിവാസനെ കടയുടമയുടെ ഗുണ്ടകൾ ക്രൂരമായി മർദിച്ചു. ചൂട് വെള്ളം കുത്തിപ്പിടിക്കുമ്പോൾ അതേക്കുറിച്ച് ചോദിച്ച ഉർവശിയോട് ശ്രീനി — ‘ഇന്ത്യ അമേരിക്കയോട് കടം വാങ്ങാറില്ലേ? എന്നുവച്ച് അമേരിക്ക ഇന്ത്യയെ ഫോണിൽ വിളിച്ച് തെറി പറയാറുണ്ടോ?’
ചിന്താവിഷ്ടയായ ശ്യാമളയിൽ ഹോർലിക്സിന്റെ നിറം പച്ചയാണെന്ന് കണ്ടു പിടിച്ച വിജയൻ മാഷ് സിനിമ ഷൂട്ട് ചെയ്യാൻ പോകുമ്പോൾ കാമറയും കുളത്തിലേക്ക് ചാടട്ടെ എന്ന് പറയുന്നുണ്ട്. ഇരുപത്തിനാല് മണിക്കൂറും ദൈവത്തെ തന്നെ പ്രാർത്ഥിച്ചോണ്ടിരുന്നാൽ ദൈവത്തിന് പോലും അതൊരു ബുദ്ധിമുട്ടാവും എന്നത് ഗൗരവമേറിയ തമാശയാണ്. കാരക്കൂട്ടിൽ ദാസനോട് ഗോളാന്തര വാർത്തയിലെ സുകുമാരി ചോദിക്കുന്നുണ്ട് — നിനക്ക് വീടും കുടിയുമൊന്നുമില്ലേ?
ദാസൻ — വീടില്ല. കുടിയുണ്ട്.
സന്ദേശത്തിലെ, ‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുത്’, ‘ആരാണാവോ അയാൾ? ഞാനാണാവോ അയാൾ’, ‘ജീവൻ ബലികഴിച്ചും നിങ്ങൾ നിങ്ങളുടെ നേതാവിനെ രക്ഷിക്കണം’, ‘ഇനി ഈ നാട്ടിലെ ജനങ്ങൾ ഉള്ളിയില്ലാതെ ജീവിക്കണം’ തുടങ്ങിയ സംഭാഷണങ്ങൾ അന്നും ഇന്നും നാട്ടിൽ പാട്ടാണ്.
‘എല്ലാത്തിനും കാരണം അമേരിക്കയാണെ‘ന്ന് നേതാവ് പറയുമ്പോൾ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലെ ഉമ്മ (സുകുമാരി) ‘ഇങ്ങ് വരട്ടെ അമേരിക്ക — മുട്ട് കാല് ഞാൻ തല്ലിയൊടിക്കും’ എന്നാണ് പറയുന്നത്. ഒരു ഓഫിസിൽ കാര്യം നടക്കാൻ, താൻ പണ്ടത്തെ നക്സലൈറ്റാണെന്ന് വിരട്ടി നോക്കുമ്പോൾ ഓഫിസറുടെ മറുപടി ‘താൻ ഏത് സാറ്റലൈറ്റായാലും വേണ്ടില്ല — സംഗതി നടക്കില്ല’ എന്നാണ്. ഹോ വെറുതേയല്ല മനുഷ്യൻ നക്സലായിപ്പോവുന്നത് എന്ന നാടോടിക്കാറ്റിലെ ദാസന്റെ അന്തഃക്ഷോഭവും ചിരിയുണർത്തും. മിഥുനത്തിൽ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നു — ‘ഞാൻ മുമ്പ് കുറച്ച് കാലം നക്സലൈറ്റായിരുന്നു. കോളജിൽ പഠിക്കുമ്പോൾ അമ്മാവൻ ടൂറിന് പൈസ ചോദിച്ചിട്ട് തന്നില്ല. ഞാൻ നേരെ പോയി നക്സലൈറ്റായി.’
ശ്രീനിവാസൻ എഴുതാത്ത സിനിമകളിലും അദ്ദേഹം സംഭാഷണപരമായി ഇടപെട്ട് കൈവരുത്തുന്ന ഒരു സരസതയുണ്ട് ‑വധു ഡോക്ടറാണ് എന്ന സിനിമയിൽ സൈക്കിൾ ടയറിന്റെ കാറ്റ് പോയപ്പോൾ മൂപ്പർ പറഞ്ഞത്, ‘അതിന്റെ ആത്മാവ് നഷ്ടപ്പെട്ടു എന്നാണ്.’ അച്ചൻ പച്ചക്കൊടി കാട്ടിയാൽ തച്ചൻ വരാതിരിക്കില്ല (ചമ്പക്കുളം തച്ചൻ ) എന്നിങ്ങനെ പ്രാസ സരസതയും ആ സംഭാഷണ ശകലങ്ങളിൽ ഒളി മിന്നാറുണ്ട്.
അഴകിയ രാവണനിലെ, നോവലെഴുതാത്ത സമയത്ത് ടൈലറായ പി പി അംബുജാക്ഷൻ എന്ന നോവലിസ്റ്റ് കുറേ പെണ്ണുങ്ങൾ കൂടി നിൽക്കുന്ന സ്ഥലത്തുവച്ച് പറയുന്നുണ്ട്, ‘കുറച്ച് ഏകാന്തത വേണമായിരുന്നു ഒരു നോവലെഴുതാൻ’ എന്ന്. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ സാഗർ കോട്ടപ്പുറം നന്ദിനിയെക്കുറിച്ച് എഴുതുന്ന നോവലിന്റെ പേര് ഒരു ഗസറ്റഡ് യക്ഷി എന്നാണ്. അനാചാര — അന്ധവിശ്വാസങ്ങളോട് കടുത്ത എതിർപ്പ് പുലർത്തിയ സന്ദർഭങ്ങൾ ശ്രീനിവാസന്റെ സിനിമാ ലോകത്ത് നിന്ന് യഥേഷ്ടം ലഭിക്കും (മിഥുനം, നരേന്ദ്രൻ മകൻ). ഇതിങ്ങനെ ഓർത്തെടുത്ത് എഴുതാൻ നിന്നാൽ അവസാനിപ്പിക്കാനാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.