3 May 2024, Friday

Related news

April 2, 2024
January 10, 2023
January 4, 2023
November 7, 2022
October 25, 2022
October 20, 2022
September 13, 2022
September 13, 2022
September 12, 2022
September 3, 2022

ശ്രീലങ്ക: രാഷ്ട്രീയ പ്രതിസന്ധിയായി മാറിയ സാമ്പത്തിക കുഴപ്പം

രാജാജി മാത്യു തോമസ്
April 7, 2022 6:21 am

ശ്രീലങ്കയെ പിടിച്ചുലയ്ക്കുന്ന സാമ്പത്തിക കുഴപ്പം നിർണായക രാഷ്ട്രീയ പ്രതിസന്ധിയുടെ രൂപം കൈവരിച്ചിരിക്കുന്നു. അത് അധികാരം കയ്യാളുന്ന രാജപക്സെ കുടുംബവാഴ്ചയെ കടപുഴക്കുക മാത്രമല്ല ദ്വീപുരാഷ്ട്രത്തിന്റെ അധികാരഘടനയെത്തന്നെ പുനർനിർണയിച്ചേക്കുമെന്ന അവസ്ഥാവിശേഷമാണ് സംജാതമായിരിക്കുന്നത്. ജനജീവിതം താറുമാറാക്കിയ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രോഷാകുലരായ ജനങ്ങൾ തെരുവിൽ ഇറങ്ങിയതോടെ രാജപക്സെ കുടുംബഭരണം ആടിഉലയുകയാണ്. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ മൂത്ത സഹോദരനായ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഞായറാഴ്ച രാജി സമർപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കു വഴിയൊരുക്കിയ പ്രസിഡന്റ് ഗോതബയെ സംരക്ഷിക്കാനായിരുന്നു അത്. രാജിവച്ച മന്ത്രിമാരിൽ ധനമന്ത്രിയും രാജപക്സെ സഹോദരന്മാരിൽ ഒരാളുമായ ബേസിൽ രാജപക്സെയും ഉൾപ്പെട്ടിരുന്നു. പകരം ചുമതലയേറ്റ അലി സാബ്രി ഇരുപത്തിനാല് മണിക്കൂർ പൂർത്തിയാവും മുൻപേ തൽസ്ഥാനം രാജിവച്ച് ഒഴിഞ്ഞു. പ്രതിസന്ധിയെ മറികടക്കാൻ പ്രതിപക്ഷ അംഗങ്ങളെ ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിക്കാനുള്ള ഭരണകക്ഷിയുടെ ക്ഷണം അവർ നിഷ്കരുണം നിരസിച്ചു. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) നയിക്കുന്ന മുന്നണിയിലെ പ്രമുഖ പങ്കാളികളിൽ ഒന്നായ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്‌പി) അംഗങ്ങൾ അടക്കം നാല്പതിലധികം പാർലമെന്റ് അംഗങ്ങൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഈ സംഭവവികാസങ്ങൾ എല്ലാം നൽകുന്ന സൂചന രാജപക്സെ കുടുംബവാഴ്ചയുടെ ദിനങ്ങൾ, ഒരുപക്ഷെ മണിക്കൂറുകൾ പോലും, എണ്ണപ്പെട്ടു എന്നതാണ്.


ഇതുകൂടി വായിക്കൂ: പ്രതിസന്ധി രൂക്ഷം; ശ്രീലങ്ക ഇരുട്ടില്‍


സാമ്പത്തിക അടിയന്തരാവസ്ഥയും കർഫ്യുവും രാജ്യവ്യാപകമായ ജനകീയ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കാൻ പ്രസിഡന്റ് ഗോതബയ നിർബന്ധിതനായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇന്ധനത്തിനും അവശ്യസാധനങ്ങൾക്കും വേണ്ടിയുള്ള ജനങ്ങളുടെ നീണ്ടനിര അക്രമത്തിലേക്ക് തിരിയുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവിടങ്ങളിൽ ഭരണകൂടം പട്ടാളത്തെ നിയോഗിക്കാനും നിർബന്ധിതമായി. എന്നാൽ പ്രതിസന്ധി രൂക്ഷമാവുകയും ഭരണകൂടം അടിച്ചമർത്തലിന് മുതിരുകയും ചെയ്തതോടെ പൊതുവെ രാഷ്ട്രീയത്തോട് നിസംഗത പുലർത്തിപോരുന്ന ഇടത്തരക്കാരും അഭിഭാഷകർ, ഡോക്ടർമാർ തുടങ്ങി പ്രൊഫഷണലുകളും കുഞ്ഞുങ്ങളുമടക്കം കുടുംബങ്ങളും സമാധാനപൂർണമായ പ്രതിഷേധത്തിൽ അണിനിരക്കാൻ തുടങ്ങിയത് രാജപക്സെ കുടുംബവാഴ്ചയെ പ്രതിരോധത്തിലാക്കി. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ശ്രീലങ്കൻ പ്രവാസികൾ സിംഹളർ, തമിഴർ, മുസ്‌ലിങ്ങൾ, ക്രിസ്ത്യാനികൾ എന്ന ഭേദഭാവം കൂടാതെ തെരുവുകളിലിറങ്ങി യോജിച്ച പ്രതിഷേധങ്ങളിൽ അണിനിരന്നു. സാമ്പത്തിക ദുരിതങ്ങൾ ദ്വീപുരാഷ്ട്രത്തിലും മത, വംശീയഭിന്നതകളെ വലിയൊരളവ് തുടച്ചുനീക്കി. എവിടെയും ഉയരുന്നത് ഒരേ മുദ്രാവാക്യമാണ്. ‘ഗോതബയ പുറത്തുപോകുക’, ‘കുടുംബവാഴ്ച അവസാനിപ്പിക്കുക’. ഇതിനിടെ പട്ടാളത്തിലും പൊലീസിലും അസ്വസ്ഥത പുകയുന്നതായി വാർത്തയുണ്ട്. പൊലീസും സൈന്യവും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുംവരെ എത്തിയതായും ദ്വീപിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗോതബയ ദുർഭരണത്തിന്റെ പാപഭാരം ഏറ്റെടുക്കാൻ പ്രതിപക്ഷമോ ഭരണമുന്നണിയിൽ തന്നെയുള്ളവരോ തയാറല്ലെന്നാണ് ദേശീയ സർക്കാർ രൂപീകരണത്തിന് എതിരായ അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്തം മുൻ സർക്കാരുകളുടെ മേൽ കെട്ടിയേല്പിക്കാൻ ഗോതബയ നടത്തുന്ന ശ്രമങ്ങളോട് ശക്തമായി വിയോജിക്കാതിരിക്കാനും അവർക്ക് കഴിയില്ല.


ഇതുകൂടി വായിക്കൂ: ശ്രീലങ്കന്‍ മന്ത്രിമാരുടെ കൂട്ടരാജി | World At A Glance


മൂന്നു വർഷങ്ങൾക്ക് മുൻപ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഗോതബയ ഭരണകൂടം അധികാരത്തിൽ ഏറിയത്. എൽടിടിഇ ഭീകരതക്കെതിരെ എന്നപേരിൽ നടന്ന തമിഴ് ഉന്മൂലനയുദ്ധത്തിന് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബയ രാജപക്സെയ്ക്ക് ഭൂരിപക്ഷ സിംഹളർക്കിടയിൽ വൻ ജനപ്രീതി നേടികൊടുത്തിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൽ യാതൊരു മുൻപരിചയവും ഇല്ലാതിരുന്ന ഗോതബയ സിംഹളർക്കിടയിൽ ‘കരുത്തനായ ഗോതബയ’യായി പ്രകീർത്തിക്കപ്പെട്ടു. അതാണ് യാതൊരു മുൻ രാഷ്ട്രീയ, ഭരണപരിചയവും ഇല്ലാത്ത ഗോതബയയെ ശ്രീലങ്കൻ പ്രസിഡന്റ് പദത്തിലേക്ക് ഉയർത്തിയത്. ജ്യേഷ്ഠനായ പ്രധാനമന്ത്രി മഹിന്ദയുടെ ജനകീയതയും ഗോതബയയ്ക്ക് മുതൽക്കൂട്ടായി. കിട്ടിയ അവസരം തങ്ങളുടെ കുടുംബവാഴ്ച ഉറപ്പിക്കാനാണ് രാജപക്സെമാർ മുതിർന്നത്. പ്രതിപക്ഷത്തെയോ ഭരണകക്ഷിയിലെ തന്നെ വേറിട്ട ശബ്‍ദങ്ങളെയോ കേൾക്കാൻ വിസമ്മതിച്ച രാജപക്സെമാർ രാജ്യത്തെ അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും ജനങ്ങളെ കൊടിയ ദുരിതങ്ങളിലേക്കും തള്ളി നീക്കുകയായിരുന്നു. അതിന് ഭരണഘടനയിൽ ഭേദഗതി വരുത്തി അധികാരങ്ങൾ പ്രസിഡന്റിന്റെ കൈകളിൽ കേന്ദ്രീകരിച്ചു. ഭരണഘടനയുടെ ഇരുപതാം ഭേദഗതി ഫലത്തിൽ പാർലമെന്റിനെയും മന്ത്രിസഭയെതന്നെയും നോക്കുകുത്തികളാക്കി എല്ലാ അധികാരങ്ങളും പ്രസിഡന്റിൽ കേന്ദ്രീകരിച്ചു. ആധുനിക ജനാധിപത്യ സംവിധാനങ്ങളിൽ എവിടെയും കേട്ടുകേൾവി പോലും ഇല്ലാത്ത വിധം വാക്കാൽ ഉത്തരവുകൾ നൽകുന്ന രീതി പ്രാബല്യത്തിൽ വന്നു. കോർപറേറ്റുകൾക്കും സമ്പന്ന വർഗങ്ങളുടെ വരുമാനത്തിനുമുള്ള നികുതികൾ ഗണ്യമായി വെട്ടിക്കുറച്ചു. വായ്പയെടുത്ത പണം ആഡംബര നിർമ്മിതികൾക്കും പദ്ധതികൾക്കും യഥേഷ്ടം ചെലവിട്ടു. മറ്റുവരുമാന മാർഗങ്ങൾ കണ്ടെത്താതെയുള്ള പ്രസ്തുത നടപടി വിദേശ കടപ്പത്രത്തിന്മേലുള്ള രാജ്യത്തിന്റെ ആശ്രയത്വം വർധിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം കണക്കിലെടുത്തു വായ്പാ തിരിച്ചടവുകൾ ക്രമീകരിക്കാനോ ഐഎംഎഫ് അടക്കം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാനോ ശ്രമിക്കാതെ കടപ്പത്ര തിരിച്ചടവും പലിശയും നല്കുന്നത് നിർബാധം തുടർന്നു. തന്മൂലം സംജാതമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ശ്രീലങ്കൻ സെൻട്രൽ ബാങ്ക് കറൻസി നോട്ടുകൾ യഥേഷ്ടം അടിച്ചിറക്കി. അത് പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിയൊരുക്കി. സെൻട്രൽ ബാങ്ക് ഗവർണറടക്കം തന്ത്രപ്രധാന സ്ഥലങ്ങളിലേക്ക് ഇഷ്ടക്കാരെ തിരുകികയറ്റിയത് അത്തരം സ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും വ്യർത്ഥവും അർത്ഥശൂന്യവുമാക്കി.


ഇതുകൂടി വായിക്കൂ: ശ്രീലങ്കയില്‍ കലാപാന്തരീക്ഷം ആയിരങ്ങള്‍ അറസ്റ്റില്‍


ശ്രീലങ്കയുടെ ഇന്നത്തെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി കുറുക്കുവഴികൾ ഏതുമില്ല. പ്രക്ഷുബ്ധമായ ശ്രീലങ്കൻ അന്തരീക്ഷത്തിൽ ഭരണമാറ്റത്തിൽ കുറഞ്ഞ യാതൊന്നും ജനങ്ങൾക്കോ പ്രതിപക്ഷത്തിനോ സ്വീകാര്യം ആയിരിക്കില്ല. ഒരു ദേശീയ ഗവണ്‍ന്മെന്റ് എന്ന സങ്കല്പത്തിൽപോലും രാജപക്സെമാരെ അംഗീകരിക്കാൻ ആരും തയാറായെന്നു വരില്ല. പുതിയ ഏതൊരു ഭരണസംവിധാനം നിലവിൽ വന്നാലും അതിൽ ഘടനാപരമായ മാറ്റം അനിവാര്യമാവും. ഭരണഘടനയുടെ ഇരുപതാം ഭേദഗതി റദ്ദാക്കുകയും പാർലമെന്റിന്റെ പ്രാമുഖ്യം പുനഃസ്ഥാപിക്കുകയും വേണ്ടിവരും. പ്രസിഡന്റിന്റെ അമിതാധികാരങ്ങൾ എടുത്തുകളയാൻ നിർബന്ധിതമാകും. രാജ്യത്തിന്റെ കടപ്പത്രമടക്കം വിപണി വായ്പയിന്മേലുള്ള അമിതാശ്രയത്തിനു വിരാമമിട്ട് ഐഎംഎഫ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെ അംഗീകരിക്കേണ്ടി വരും. സെൻട്രൽ ബാങ്ക്, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെ മേധാവികളുടെ നിയമനങ്ങൾ ജനാധിപത്യപരവും സുതാര്യവും ആക്കി മാറ്റണം എന്ന ആവശ്യം ശക്തമാകും. ഗോതബയ നടപ്പാക്കിയതും പരാജയപ്പെടുകയും സമ്പദ്ഘടനയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്ത ജൈവ കൃഷിരീതിയുടെ ഭാവി അവധാനതയോടെ പുനഃപരിശോധിക്കേണ്ടതുണ്ട്. പാൽ ഉല്പന്നങ്ങള്‍ അടക്കം ഏതാണ്ട് എല്ലാ അവശ്യ, നിത്യോപയോഗ വസ്തുക്കൾക്കും ഇറക്കുമതിയെ ആശ്രയിക്കുന്നതും എല്ലാ ആഭ്യന്തര ഉല്പന്നങ്ങളും കയറ്റുമതിക്ക് എന്ന നയവും തിരുത്തപ്പെടണം.


ഇതുകൂടി വായിക്കൂ: ശ്രീലങ്കയുടെ പ്രതിസന്ധി


തങ്ങളുടെ ചെയ്തികൾക്ക് പാർലമെന്റിനോടും ജനങ്ങളോടും ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടത്തിൽ കുറഞ്ഞ ഒന്നും ജനങ്ങൾക്ക് സ്വീകാര്യം ആയേക്കില്ല. ഇപ്പോഴത്തെ പ്രതിസന്ധി ശ്രീലങ്കയ്ക്ക് നൽകിയ സംഭാവനകളിൽ മുഖ്യം ജനങ്ങളെ രാഷ്ട്രീയ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്കിടയിൽ നിലനിന്നുപോന്നിരുന്ന വംശീയവും മതപരവും ഭാഷാപരവുമായ ഭിന്നതകൾ തെല്ലൊന്ന് ശമിപ്പിക്കാനായി എന്നതുമാണ്. അത് എത്രത്തോളം നിലനിർത്താനും പരിപോഷിപ്പിക്കാനും ശ്രീലങ്കയിലെ ജനാധിപത്യ ശക്തികൾക്ക് കഴിയും എന്നതായിരിക്കും ദ്വീപുരാഷ്ട്രത്തിന്റെ ഭാവിയെ നിർണയിക്കുക. ഒരു ദ്വീപുരാഷ്ട്രം എന്ന നിലയിൽ ശ്രീലങ്കയ്ക്ക് അയൽരാജ്യമായ ഇന്ത്യയടക്കം വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഒഴിവാക്കാനാവാത്തതാണ്. എന്നാൽ അത്തരം ബന്ധങ്ങൾ അസന്തുലിതവും നിക്ഷിപ്ത താല്പര്യങ്ങളിൽനിന്നും വിമുക്തവും ആവേണ്ടിയിരിക്കുന്നു എന്ന അനുഭവപാഠവും ഇപ്പോഴത്തെ പ്രതിസന്ധി നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.