22 November 2024, Friday
KSFE Galaxy Chits Banner 2

ശ്രീനഗര്‍ ജാമിഅ മസ്ജിദ് പൊലീസ് പൂട്ടി; പെരുന്നാള്‍ നമസ്കാരം മുടങ്ങി

Janayugom Webdesk
ശ്രീനഗര്‍
April 10, 2024 10:23 pm

ജമ്മു കശ്മീരിലെ ശ്രീനഗറിലെ പ്രസിദ്ധവും ചരിത്രപ്രാധാന്യമുളളതുമായ ജാമിഅ മസ്ജിദിൽ ഈദ് ദിനത്തിലെ പ്രാർത്ഥനകൾ തടഞ്ഞ് പൊലീസ്. ഹുറിയത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖിനെ വീണ്ടും വീട്ടുതടങ്കലിൽ ആക്കിയതിന് പിന്നാലെ പൊലീസ് പള്ളി പൂട്ടി. വിശ്വാസികൾ ഏറ്റവും വിശുദ്ധമായി കാണുന്ന 27-ാം രാവിലെ പ്രാർത്ഥനയ്ക്കും അധികൃതർ അനുമതി നൽകിയിരുന്നില്ല. അന്നും മിർവായിസിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.

ഇന്നലെ പുലർച്ചെയുളള പ്രാർത്ഥനയ്ക്ക് ശേഷം യാതൊരുവിധ വിശദീകരണങ്ങളും നൽകാതെയാണ് പൊലീസ് പള്ളിയുടെ ഗേറ്റുകൾ പൂട്ടിയതെന്ന് മസ്ജിദ് പരിപാലന കമ്മിറ്റി അൻജുമാൻ ഔഖാഫ് ജാമിഅ അറിയിച്ചതായി ദ വയർ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ രാവിലെ 9.30നായിരുന്നു പെരുന്നാൾ നമസ്കാരം തീരുമാനിച്ചിരുന്നത്. ഇത് നടത്താൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. മിർവായിസ് ഉമർ ഫാറൂഖിനെ വീണ്ടും വീട്ടുതടങ്കലിൽ ആക്കിയെന്നും അൻജുമാൻ ഔഖാഫ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കശ്മീരിലെ മുസ്ലിങ്ങളുടെ അവകാശങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യത്തിനും മേലുളള അടിച്ചമർത്തലാണ് ഈ നടപടിയെന്ന് മിർവായിസ് പ്രതികരിച്ചു. ഇത് ഒട്ടും സ്വീകാര്യമല്ലാത്തതും കടുത്ത പ്രതിഷേധം ഉയർത്തുന്നതുമായ നടപടിയാണ്. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ശ്രീനഗറിലെ ജാമിഅ ജമ്മു കശ്മീരിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ പള്ളിയാണ്. കശ്മീരിനുളള പ്രത്യേക പദവി റദ്ദാക്കിയ 2019ന് ശേഷം ജാമിഅ മസ്ജിദിൽ ഈദ് ദിനത്തിലെ പ്രാർത്ഥനകളും ജുമുഅ നമസ്‌കാരവും പലതവണ അധികൃതർ തടഞ്ഞിരുന്നു. ക്രമസമാധാന പാലനത്തെ തടസപ്പെടുത്തുമെന്നും സർക്കാർ വിരുദ്ധ നീക്കങ്ങൾ നടക്കുമെന്നുമുളള കാരണങ്ങൾ പറഞ്ഞായിരുന്നു അധികൃതർ പ്രാർത്ഥനകൾ തടഞ്ഞത്.

Eng­lish Sum­ma­ry: Sri­na­gar Jamia Masjid locked by police; Eid prayer stopped

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.