“ആരും തോഴീ, യുലകിൽ മറയുന്നില്ല;
മാംസം വെടിഞ്ഞാൽ
തീരുന്നില്ലീ പ്രണയജടിലം ദേഹിതൻ ദേഹബന്ധം.
പോരും ഖേദം, പ്രിയസഖി, ചിരം വാഴ്ക
മാഴ്കാതെ; വീണ്ടും
ചേരും നാം കേൾ; വിരതഗതിയായില്ല സംസാരചക്രം.” എന്ന് കുമാരനാശാൻ എഴുതി.
എസ്എൻഡിപിയുടെ സ്ഥാപകനായ, മഹാകാവ്യമെഴുതാതെ മഹാകവിയായ, ആശയഗംഭീരനായ കുമാരനാശാൻ നളിനിയിലും കരുണയിലും മതനിരപേക്ഷ തത്വചിന്ത പകർന്നു നൽകി. ചണ്ഡാലഭിക്ഷുകി എന്ന കാവ്യലോകം ജാതി മതവിദ്വേഷത്തിനെതിരായ അതുല്യകലഹമാണ് മുന്നോട്ടുവയ്ക്കുന്നത്.
“ദാഹിക്കുന്നു ഭഗിനി കൃപാരസ
മോഹനം കുളിർ തണ്ണീരിതാശു നീ
ഓമലേ തരൂ തെല്ലെന്നതു കേട്ടൊരാ
മനോഹരിയമ്പരന്നോതിനാൾ
അല്ലലെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങു ജാതി മറന്നിതോ
നീചനാരി തൻ കൈയ്യാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ.”
ഇന്നിപ്പോൾ വർണവെറിയുടെയും വംശവിദ്വേഷത്തിന്റെയും ദുരിതകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ അപഥ സഞ്ചാര കാലത്ത് സംഘപരിവാര ശക്തികൾ വർഗീയ ഫാസിസ്റ്റ് അജണ്ടകളും സവർണ പൗരോഹിത്യ ബ്രാഹ്മണ – ക്ഷത്രിയാധിനിവേശവും അടിച്ചേല്പിക്കുവാനുള്ള തീവ്രയത്നത്തിലാണ്. രാമനവമിയുടെയും ഹനുമല്‍ ജയന്തിയുടെയും പേരിൽ വർഗീയ കലാപങ്ങൾക്ക് തിരികൊളുത്തുന്ന സംഘപരിവാര ഫാസിസ്റ്റുകൾ അത് അനവരതം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
രാമനവമി ഘോഷയാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളില്‍ തീവ്ര ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം അരങ്ങേറി. വിവിധ ജില്ലകളിൽ മാരകായുധങ്ങളുമായി അക്രമികള്‍ അഴിഞ്ഞാടി. ഘോഷയാത്രയിൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിൽ എന്താണ് തെറ്റെന്നും അത് അവകാശമാണെന്നും ഹിന്ദുക്കൾ അവരുടെ അവകാശപ്രകാരം ആയുധമെടുത്ത് ആഘോഷം നടത്തുമെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് ഉദ്ഘോഷിക്കുകയും ചെയ്തു. കോടിക്കണക്കിന് ഹിന്ദുക്കൾ തെരുവിലിറങ്ങുമെന്നും അക്രമങ്ങൾ അരങ്ങേറ്റുമെന്നും അത് നിയന്ത്രിക്കേണ്ടത് പൊലീസ് സേനയാണെന്നും ഹരിയാന ഭരിക്കുന്ന ബിജെപിയുടെ നേതാവ് ദിലീപ് ഘോഷ് പ്രഖ്യാപിക്കുന്നു. അതേ ഹരിയാനയിലെ കുരുക്ഷേത്രയിൽ ആധാർ കാർഡ് പരിശോധിച്ച് മുസ്ലിം വിഭാഗത്തിലുള്ളവരുടെ കടകളും, വാണിജ്യ സ്ഥാപനങ്ങളും സംഘപരിവാര ശക്തികൾ ബലാൽക്കാരമായി പിടിച്ചെടുത്തു.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ച് പൂജാരിയായി മുഖ്യകാർമ്മികത്വം വഹിച്ച നരേന്ദ്ര മോഡിയുടെ രാമജന്മ ഭൂമിയിൽ ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ദയനീയമായി പരാജയപ്പെട്ടു. എന്നിട്ടും പാഠം പഠിക്കാത്ത സംഘപരിവാര ശക്തികൾ അയോധ്യയിലെ രാമനവമി ഘോഷയാത്രയിൽ വിഭാഗീയതയും വിദ്വേഷവും പടർത്തുകയായിരുന്നു. രാമനവമിയുടെ പേരിൽ എണ്ണമറ്റ കലാപങ്ങളാണ് സംഘപരിവാരം അരങ്ങേറ്റിയത്. അതിന്റെ ഭാഗമായി ബുൾഡോസർ സിദ്ധാന്തവും നടപ്പാക്കി ന്യൂനപക്ഷങ്ങളുടെ വീടുകൾ ഇടിച്ചുനിരത്തുന്നതിൽ ആഹ്ലാദം കൊള്ളുകയായിരുന്നു അവർ.
ഈ ഘട്ടത്തിലാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് സിദ്ധാന്തിച്ച ശ്രീനാരായണ ഗുരു രൂപം നല്‍കിയ, കുമാരനാശാൻ നേതൃത്വം വഹിച്ച എസ്എൻഡിപി എന്ന പ്രസ്ഥാനത്തിന്റെ ഇന്നത്തെ നായകൻ വെള്ളാപ്പള്ളി നടേശൻ മലപ്പുറം ഒരു പ്രത്യേക രാജ്യം ആണെന്നും പ്രത്യേക സംസ്ഥാനമാണെന്നും പരസ്യ പ്രചരണം നടത്തുന്നത്. സംഘപരിവാരം ഉയർത്തുന്ന വംശവിദ്വേഷത്തിന്റെയും വർണവെറിയുടെയും പതാകയാണ് വെള്ളാപ്പള്ളി നടേശന്‍ ഉയർത്തിപ്പിടിക്കുന്നത്. ഇത്തരക്കാരുടെ വിഘടനവാദ സിദ്ധാന്തത്തെ കേരളത്തിലെ മതനിരപേക്ഷ സമൂഹം പുച്ഛത്തോടെ തള്ളിക്കളയും. ശ്രീനാരായണഗുരുവും കുമാരനാശാനും മുന്നോട്ടുവച്ച ആശയ ദർശനങ്ങളെ ഉയർത്തിപ്പിടിച്ച് മാനവരാശി മുന്നോട്ട് പോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.