19 May 2024, Sunday

സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്; ആനുകൂല്യങ്ങള്‍ ഇങ്ങനെ

രാജ്യത്ത് ആദ്യത്തെ പദ്ധതി
ഉദ്ഘാടനം 15ന് പാലക്കാട് 
Janayugom Webdesk
തിരുവനന്തപുരം
May 12, 2023 9:48 pm

സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാര്‍ത്ഥ്യത്തിലേക്ക്. പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്. രാജ്യത്ത് തന്നെ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധിയാണ് സംസ്ഥാനത്തിന്റേത്. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി.
41 ലക്ഷം കുടുംബങ്ങളും 63 ലക്ഷം തൊഴിലാളികളും സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും രജിസ്റ്റർ ചെയ്തവർക്ക് ക്ഷേമനിധിയിൽ അംഗത്വം സ്വീകരിക്കാം. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായത്തിന് തുല്യമായ തുക സർക്കാർ വിഹിതമായി ക്ഷേമനിധിയിലേക്ക് നൽകും. അടയ്ക്കുന്ന തുക തൊഴിലാളികളുടെ പെൻഷനും മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.
18 വയസ് പൂർത്തിയായതും 55 വയസ് പൂർത്തിയാക്കിയിട്ടില്ലാത്തവരും അംഗത്വത്തിന് അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുമ്പുളള രണ്ടു വർഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത് 20 ദിവസം എങ്കിലും അവിദഗ്ദ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുളളവരുമായവർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാം. സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയുടെ ഉദ്ഘാടനം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് നിർവഹിക്കും.

ആനുകൂല്യങ്ങള്‍
*60 വയസ് പൂർത്തിയായിട്ടുളളതും 60 വയസ് വരെ തുടർച്ചയായി അംശദായം അടച്ചിട്ടുളളതുമായ അംഗങ്ങൾക്ക് പെൻഷൻ
*10 വർഷത്തിൽ കുറയാത്ത കാലത്തേക്ക് അംശദായം അടച്ചിട്ടുളള ഒരംഗം മരണപ്പെട്ടാൽ കുടുംബപെൻഷൻ
*അസുഖം അല്ലെങ്കിൽ അപകടം മൂലം ഒരംഗം മരണപ്പെട്ടാൽ സാമ്പത്തിക സഹായം
*അംഗഭംഗം അല്ലെങ്കിൽ അവശതമൂലം തൊഴിൽ ചെയ്യാൻ കഴിയാതെ നിധിയിലെ അംഗത്വം അവസാനിപ്പിക്കേണ്ടിവന്നാൽ, ഒരംഗം അടച്ച അംശദായതുക നിർദേശിക്കപ്പെട്ട പലിശ സഹിതം തിരികെ ലഭ്യമാക്കും
*ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം
*വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹം
*വനിതാ അംഗങ്ങളുടെ പ്രസവം എന്നിവയ്ക്ക് സാമ്പത്തിക സഹായം
*അംഗങ്ങളുടെ മക്കളുടെ പഠനാവശ്യത്തിന് സാമ്പത്തിക സഹായം

eng­lish sum­ma­ry; State Employ­ment Guar­an­teed Work­er Wel­fare Fund into real­i­ty; Here are the benefits

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.