കേന്ദ്ര അവഗണന നേരിടുന്നതിനിടെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കുടുംബശ്രീയില്‍ അംഗങ്ങളായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നത്. കഴിഞ്ഞവർഷം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു കോടി പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് എൽഐസിയുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയില്‍ അംഗങ്ങളായവർ മരിച്ചാൽ അവകാശിക്ക് രണ്ടുലക്ഷം രൂപവരെ സഹായം ഉറപ്പാക്കുന്നതാണ് ഒരുമ. നിലവിൽ 45,85,677 അംഗങ്ങളുള്ള കുടുംബശ്രീയിലെ നാലരലക്ഷം പേർ ‘ഒരുമ’യിൽ ഉണ്ട്. 16 ക്ഷേമനിധികളിലായി 1.10 കോടി അസംഘടിത തൊഴിലാളികളും അംഗങ്ങളാണ്. ഇവരിൽ ഒരു കോടി പേരെ ഈവർഷം പദ്ധതി അംഗമാക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതട്ടിലായി അംഗങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കും. സംസ്ഥാന ഇൻഷുറൻസ് വകുപ്പിനും എൽഐസിക്കുമായി 400 രൂപ (200 രൂപവീതം) വാർഷിക പ്രീമിയം ഒടുക്കുന്ന 18–50 പ്രായക്കാർക്ക് രണ്ടുലക്ഷം രൂപ സഹായത്തിന് അർഹതയുണ്ടാകും.
51 –59 പ്രായക്കാർക്ക് പ്രതിവർഷം പ്രീമിയം 300 രൂപയും സാമ്പത്തിക വാഗ്‌ദാനം ഒരുലക്ഷം രൂപയും. 60–65 പ്രായക്കാർക്ക് 200 രൂപ പ്രീമിയവും 20,000 രൂപ സഹായവും ഉറപ്പാക്കുന്നു. അറുപത്തിയാറിനും എഴുപതിനുമിടയിൽ 150 രൂപ പ്രീമിയത്തിന് 15,000 രൂപ സഹായമുണ്ടാകും. എഴുപത്തൊന്നിനും എഴുപത്തഞ്ചിനുമിടയിൽ 150 രൂപ പ്രീമിയത്തിൽ 10,000 രൂപ ലഭിക്കും. പ്രാരംഭഘട്ടത്തില്‍ എല്ലാവർക്കും 172.5 രൂപവീതമായിരുന്നു പ്രീമിയം തുക. ഇതിൽ ഉയർന്ന പ്രായപരിധിക്കാരുടെ പ്രീമിയം തുക വലിയതോതിൽ കുറച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയത്.
സംസ്ഥാനത്തെ 16 ക്ഷേമനിധിയിൽ മാത്രമാണ് സർക്കാർ സഹായത്തോടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. സാമ്പത്തികമായി സ്വയംപര്യാപ്‌തമായ ക്ഷേമനിധി അംഗങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയവും ഉയർന്ന ഇൻഷുറൻസ് ആനുകൂല്യവും ഉറപ്പാക്കാനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary: State Government provides insurance cover to one crore people
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.