അടുത്ത മാസം 11ന് നടക്കാനിരിക്കുന്ന ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) തെരഞ്ഞടുപ്പ് ഗുവാഹട്ടി ഹൈക്കോടതി സ്റ്റേ ചെയ്തു.
തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നിഷേധിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഡബ്ല്യുഎഫ്ഐയ്ക്കും കേന്ദ്ര കായിക മന്ദ്രാലയത്തിനുമെതിരേ അസം ഗുസ്തി അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ നീളുമെന്ന് ഉറപ്പായി. ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ മാറ്റണമെന്ന ആവശ്യവുമായി ഗുസ്തി താരങ്ങള്‍ നടത്തിയ മാസങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്.
2014 നവംബറിൽ ചേർന്ന അന്നത്തെ ഡബ്ല്യുഎഫ്ഐ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അസം ഗുസ്തി അസോസിയേഷന് അംഗത്വം നൽകണമെന്ന് ശുപാർശ ചെയ്തത്. എന്നാൽ ഡബ്ല്യുഎഫ്ഐ ഇതുവരെ അംഗത്വം നൽകാൻ തയ്യാറായിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാൻ അനുവദിക്കുന്നില്ലെന്നും അസം അസോസിയേഷൻ ഹര്‍ജിയില്‍ പറയുന്നു. അംഗത്വത്തിനു പൂർണ അംഗീകാരം ലഭിക്കുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹർജി വിശദ വാദം കേൾക്കാനായി ജൂലൈ 17ലേക്ക് മാറ്റി. അതുവരെ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകരുതെന്ന് ഡബ്ല്യുഎഫ്ഐ അഡ്ഹോക് കമ്മിറ്റിക്കും കായിക മന്ത്രാലയത്തിനും കോടതി നിർദേശം നൽകി.
ജൂലൈ നാലിന് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂണിറ്റുകളിൽ നിന്നു പരാതി ഉയർന്നതോടെ അത് 11ലേക്കു മാറ്റുകയായിരുന്നു.
സമരംചെയ്യുന്ന താരങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് അട്ടിമറിച്ച് ബ്രിജ് ഭൂഷണിന്റെ മരുമകൻ വിശാൽ സിങ്ങിന്റെ പേര് തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ബ്രിജ് ഭൂഷണിന്റെ ബന്ധുക്കളോ സഹായികളോ മത്സരിക്കില്ലെന്നായിരുന്നു താരങ്ങൾക്ക് കായികമന്ത്രി അനുരാഗ് താക്കൂർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ബിഹാർ ഫെഡറേഷൻ പ്രസിഡന്റ് എന്ന നിലയിൽ വിശാലിന്റെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു. ചട്ടം ലംഘിച്ചാണ് ബ്രിജ് ഭൂഷൺ ബിഹാർ യൂണിറ്റ് പിരിച്ചുവിട്ടതെന്നും മരുമകനെ പ്രസിഡന്റാക്കിയതെന്നും മുൻ ഭാരവാഹികൾ അഡ്ഹോക് കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. റിട്ടേണിങ് ഓഫിസറായ ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽകുമാർ അപ്പീൽ പരിഗണിക്കും.
english summary;Stay for wrestling federation elections
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.