23 December 2024, Monday
KSFE Galaxy Chits Banner 2

ലഹരിവസ്തുക്കൾ കണ്ടെത്താൻ നടപടികള്‍ ശക്തമാക്കും

Janayugom Webdesk
തിരുവനന്തപുരം
September 22, 2022 11:08 pm

ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിര്‍ത്തികളില്‍ റെയ്ഡും സ്‌കൂള്‍, കോളജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിങ്ങും ശക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിര്‍ത്തികളില്‍ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവര്‍ ചേര്‍ന്ന് റെയ്ഡ് നടത്തും.
ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തുടനീളം നടത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ക്യാമ്പയിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുഴുവന്‍ ജനവിഭാഗങ്ങളും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടന പ്രസംഗം കേള്‍പ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും തയാറാക്കണം. അതത് പ്രദേശത്തെ ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍, കലാകായിക പ്രതിഭകള്‍ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും പരിപാടി നടത്തുന്നതിനുള്ള നടപടിയുണ്ടാവണം. ഉദ്ഘാടന പരിപാടിയുടെ പ്രചരണം വ്യാപകമായി നടത്തണം. തദ്ദേശ സ്ഥാപനതല/വാര്‍ഡ്തല/വിദ്യാലയസമതികള്‍ മുന്‍കയ്യെടുത്ത് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം.
തിയേറ്ററുകളില്‍ ലഹരി വിരുദ്ധ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമുഹമാധ്യമങ്ങള്‍ വഴി ശക്തമായ പ്രചരണം നടത്തും. വിവിധ ഭാഷകളില്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. പരിപാടിക്ക് പിന്തുണ തേടി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 27നും മാധ്യമ മാനേജ്‌മെന്റ് യോഗം 28 നും മത, സാമുദായിക, സാമൂഹ്യ സംഘടനാ പ്രതിനിധിയോഗം 30 നും മുഖ്യമന്ത്രി വിളിച്ചു. യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, എം ബി രാജേഷ്, വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി, വി അബ്ദുള്‍ റഹ്‌മാന്‍, ഡോ. ആര്‍ ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Steps will be tak­en to detect intoxicants

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.