19 December 2024, Thursday
KSFE Galaxy Chits Banner 2

അസ്ഥികൾ പൂക്കുന്ന വലിയചുടുകാട്

ടി കെ അനിൽകുമാർ
October 23, 2022 7:00 am

ടങ്ങാത്ത സ്വാതന്ത്ര്യദാഹവും ഒടുങ്ങാത്ത വിപ്ലവവീര്യവുമായി സർ സിപിയുടെ പട്ടാളത്തോട് ഏറ്റുമുട്ടി നാടിന്റെ വിമോചന പോരാട്ടത്തെ ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച രക്ത നക്ഷത്രങ്ങളുടെ സ്മൃതിമണ്ഡപത്തിൽ ഇരമ്പുന്നത് വിപ്ലവത്തിരകൾ. അമേരിക്കൻ മോഡലിനെതിരെയും സ്വതന്ത്ര തിരുവിതാംകൂറിനും വേണ്ടി ജീവൻനൽകി പൊരുതിയ ധീരൻമാർ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്ത ജനനേതാക്കൾ, ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ അലകടൽ പോലെ സ്മരണകൾ ആർത്തിരമ്പുകയാണ്. പുന്നപ്ര രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്തിയുറങ്ങുന്ന മണ്ഡപം കമ്മ്യൂണിസ്റ്റുകാരുടെ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഇത്രയധികം രക്തസാക്ഷികളുടെയും ജനനേതാക്കളുടെയും ഓർമ്മകൾ പങ്കിടുന്ന മറ്റൊരു ചരിത്രസ്മാരകവുമില്ലെന്നത് വലിയ ചുടുകാടിനെ വേറിട്ട് നിർത്തുന്നു. പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിലേക്ക് ഇവിടെ ഒഴുകിയെത്തുന്ന ജനസഞ്ചയം രക്തസാക്ഷികളോടും സമുന്നത നേതാക്കളോടുമുള്ള ആദരവിന്റെ സൂചകങ്ങൾ കൂടിയാണ്. കൊല്ലവർഷം 1122 തുലാം ഏഴിനാണ് പുന്നപ്രയിൽ വെടിവെയ്പ് നടന്നത്. പ്രായപൂർത്തി വോട്ടവകാശത്തിനും ഐക്യകേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമായി രാജാവിന്റെ പിറന്നാൾദിനത്തിൽ പ്രകടനം നടത്തിയതാണ് നരഭോജികളായ പട്ടാളത്തെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. പുന്നപ്രയിൽ വെടിയേറ്റ് മരിച്ചവരെയും ഭാഗികമായി ജീവൻ നഷ്ടപ്പെട്ടവരെയും വലിയചുടുകാടിൽ എത്തിച്ചശേഷം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. സർ സി പിയുടെ ചോറ്റുപട്ടാളത്തിന്റെ വെടിയുണ്ടകളേറ്റ് ചിതറിത്തെറിച്ച രക്തസാക്ഷികളുടെ പച്ചമാംസത്തിന്റെ ഗന്ധം ഇപ്പോഴും അലയടിക്കുന്നുണ്ട് ഈ വിപ്ലവഭൂമിയിൽ.

ഇത്തവണ പുഷ്പാർച്ചന പുതിയ മണ്ഡപത്തിൽ

വലിയചുടുകാട്ടിൽ 50 സെന്റ് സ്ഥലത്ത് തല ഉയർത്തി നിൽക്കുന്ന സ്മാരകങ്ങൾ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും പേരിലുള്ള സ്വത്താണ്. ആലപ്പുഴ നഗരസഭയുടെ വസ്തുവായിരുന്നു ഇത്. കൊല്ലവർഷം 1133 തുലാം ഏഴിന് ആർ സുഗതനാണ് ശിലയിട്ടത്. 1964ൽ കമ്യുണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് സിപിഐയും സിപിഐഎമ്മും വെവ്വേറെ മണ്ഡപങ്ങൾ നിർമ്മിച്ചു. സോവിയറ്റ് യൂണിയനിലെ സ്മാരകത്തിന്റെ മാതൃകയിലായിരുന്നു സിപിഐ മണ്ഡപം. രണ്ട് ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. എം ടി ചന്ദ്രസേനൻ, സി കെ കേശവൻ, പി എ ജോർജ്, ബി ഭാസ്ക്കരൻ, എസ് കെ ദാസ്, ഇ വസുദേവൻ, എം കെ സുകുമാരൻ, ടി വി ഹരിദാസ് എന്നിവർക്കായിരിന്നു നിർമ്മാണ ചുമതല. കൊല്ലവർഷം 1148 തുലാം ആറിന് ടി വി തോമസ് ഈ മണ്ഡപം നാടിന് സമർപ്പിച്ചു. കാലപഴക്കത്താൽ സിപിഐ നിർമ്മിച്ച മണ്ഡപത്തിന്റെ പല ഭാഗങ്ങളിലും കേടുപാടുകൾ ഉണ്ടായി. ഇതിനെ തുടർന്ന് സിപിഐ ജില്ലാ കൗൺസിൽ രണ്ടാഴ്ച മുൻപ് പുനർനിർമ്മാണം ആരംഭിച്ചു. സോവിയറ്റ് യൂണിയനിലെ സ്മാരകത്തിന്റെ മാതൃകയിൽ മാറ്റം വരുത്താതെ ആയിരുന്നു പുനർനിർമ്മാണം. ഇതിനായി തുക സംഭരിക്കാതെ ജില്ലാ കൗൺസിലിന്റെ ഫണ്ട് ഉപയോഗികുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. പുന്നപ്ര രക്തസാക്ഷി ദിനമായ ഇന്ന് പുതിയ മണ്ഡപത്തിലായിരിക്കും പുതു തലമുറ പോരാട്ട പ്രതിജ്ഞ പുതുക്കുക. പാർട്ടി പിളർപ്പിന് ശേഷം ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും രണ്ടായാണ് വലിയ ചുടുകാട്ടിൽ വാരാചരണം സംഘടിപ്പിച്ചത്. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഏകീകരണത്തെ തുടർന്ന് 1979 ൽ മുതൽ വാരാചരണവും ഒന്നിച്ചായി. വാരാചരണത്തിന്റെ ഭാഗമായി ഇരു മണ്ഡപത്തിന് മുന്നിലും ചെങ്കൊടി ഉയർത്തും.

അമരന്മാരുടെ സ്മരണകൾ ഇരമ്പുന്നു

പുന്നപ്ര രക്തസാക്ഷികളുടെയും സമര സേനാനികളുടെയും ജനനേതാക്കളുടെയും സ്മരണകൾ ഇരമ്പുന്നുണ്ട് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ. സിപിഐ സംസ്ഥാന സെക്രട്ടറിമാരായിരുന്ന പി കൃഷ്ണപിള്ള, എം എൻ ഗോവിന്ദൻനായർ, എസ് കുമാരൻ, സി കെ ചന്ദ്രപ്പൻ എന്നിവരും അന്തിയുറങ്ങുന്നത് ഈ ചരിത്രഭൂമിയിൽ. ഇവരെ കൂടാതെ ആർ സുഗതൻ, ടി വി തോമസ്, പി ടി പുന്നൂസ്, ജോർജ് ചടയംമുറി, പി കെ ചന്ദ്രാനന്ദൻ, കെ ആർ ഗൗരിയമ്മ, പി കെ പത്മനാഭൻ, ടി വി രമേശ് ചന്ദ്രൻ, എം കെ സുകുമാരൻ, സി ജി സദാശിവൻ, എൻ ശ്രീധരൻ, വി എ സൈമൺ ആശാൻ, കെ സി ജോർജ്, വി കെ വിശ്വനാഥൻ, പി കെ കുഞ്ഞച്ചൻ, കെ കെ കുഞ്ഞൻ, സി കെ കേശവൻ, എം ടി ചന്ദ്രസേനൻ, എസ് ദാമോദരൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഓർമ്മകളും ഈ ചരിത്ര ഭൂമിയെ സമ്പന്നമാക്കുന്നു.

പോരാട്ട പ്രതിജ്ഞ പുതുക്കി പുതു തലമുറ

ആലപ്പുഴ: പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എല്ലാ വർഷവും പോരാട്ട പ്രതിജ്ഞ പുതുക്കുവാൻ പുതു തലമുറ എത്തും. പതാക ദിനമായ ഒക്ടോബർ 20 ന് രക്തസാക്ഷികളുടെ വസതികളിൽ നിന്ന് എത്തിക്കുന്ന പതാകകൾ ആണ് ചുടുകാട്ടിൽ ഉയർത്തുക. പുന്നപ്ര രക്തസാക്ഷികൾ വെടിയേറ്റ് മരിച്ച 23 ന് പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും ചേരും. തലമുറ ഭേദമില്ലാതെ ജന സഞ്ചയമാണ് രക്തസാക്ഷികൾക്ക് അഭിവാദ്യമേകാനായി എത്തുന്നത്. വയലാർ ദിനത്തിൽ മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ റിലേ ആരംഭിക്കുന്നതും വലിയ ചുടുകാട്ടിൽ നിന്നാണ്.

പതാക ഉയർത്താൻ സമര നായകരും

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട്ടിൽ പതാക ഉയർത്തുന്നത് സമര നായകരും. ഇരു കമ്യുണിസ്റ്റ് പാർട്ടിയും സംയുക്തമായി വാരാചരണം സംഘടിപ്പിക്കാൻ ആരംഭിച്ചപ്പോൾ 1979 ല്‍ സൈമണ്‍ ആശാന്‍ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പതാക ഉയര്‍ത്തി. 80 ല്‍ മുന്‍ മുഖ്യമ മന്ത്രിയും സിപിഐ നേതാവുമായ പി കെ വാസുദേവന്‍ നായരാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുന്നപ്ര വയലാര്‍ സമരസേനാനി എം ടി ചന്ദ്രസേനന്‍ പതാക ഉയര്‍ത്തി.89 ല്‍ പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായിരുന്ന എസ് കുമാരന്‍ പതാക ഉയര്‍ത്തി.
1991 ല്‍സമര സേനാനിയും സിപിഐ നേതാവും ആയിരുന്ന സി കെ കേശവൻ ആണ് പതാക ഉയർത്തിയത്. പൊതുസമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ട ചെത്ത് തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശബോധമുള്ളവരാക്കി ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടുവരുവാൻ പരിശ്രമിച്ച സി കെ ഏവർക്കും പ്രീയപ്പെട്ട സഖാവായിരിന്നു. ചെത്ത് തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) ജനറൽ സെക്രട്ടറി, എഐടിയുസി സംസ്ഥാന ട്രഷറർ, ജില്ലാ പ്രസിഡന്റ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം, ആലപ്പുഴ റേഞ്ച് ചെത്ത് തൊഴിലാളിയൂണിയൻ പ്രസിഡന്റ്, മുനിസിപ്പൽ കൗൺസിലർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. സി കെ യുടെ നിര്യാണത്തിന് ശേഷം സമര സേനാനിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എൻ കെ രാഘവനെയാണ് ആലപ്പുഴ വലിയ ചുടുകാട്ടിൽ പതാക ഉയർത്തുവാൻ കമ്യുണിസ്റ്റ് പാർട്ടികൾ നിയോഗിച്ചത്. പുന്നപ്ര‑വയലാർ സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ച എൻ കെ കൊടിയ യാതനകൾക്കും പൊലീസിന്റെ മൃഗീയ മർദനത്തിനും ഇരയായി. ദീർഘകാലം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന കൗൺസിലംഗം വരെയുള്ള പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ആലപ്പുഴ റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, എഐടിയുസി ജില്ലാ സെക്രട്ടറി, ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിലും കഴിവ് തെളിയിച്ചു. എൻ കെ രാഘവന് ശേഷം സമരസേനാനി എൻ കെ ഗോപാലൻ ആയിരുന്നു ആലപ്പുഴ വലിയ ചുടുകാട്ടിൽ പതാക ഉയർത്തിയത്. പുന്നപ്ര വയലാർ സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ച എൻ കെ ഗോപാലൻ പുന്നപ്ര വെടിവയ്പ്പിൽ തലനാരിഴക്കാണ് രക്ഷപെട്ടത്. പ്രായത്തിന്റെ അവശതകൾ മറന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി പ്രവർത്തിച്ച എൻ കെ പകരം വയ്ക്കാനില്ലാത്ത കമ്മ്യൂണിസ്റ്റ് ആയിരിന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം സമര സേനാനിയും വിപ്ലവ ഗായികയുമായ പി കെ മേദിനിയാണ് പതാക ഉയർത്തുന്നത്.

ചുവന്ന് തുടുത്ത് പുന്നപ്ര

ജന്മിത്വം താണ്ഡവമാടിയിരുന്ന പുന്നപ്ര ഗ്രാമത്തിൽ വസിച്ചിരുന്നതിലേറെയും കുടികിടപ്പുകാരായിരുന്ന കയർ, മത്സ്യ തൊഴിലാളികളായിരുന്നു. അവിടുത്തെ സാമ്പത്തിക സ്ഥിതിയേറെ ദുഷ്ക്കരവും. ജന്മികൾ വെറും ഭൂഉടമകൾ മാത്രമായിരുന്നില്ല. മത്സ്യ തൊഴിലാളികളുടെ വള്ളങ്ങളുടെയും വലകളുടെയും ഉടമകളും ജന്മിമാർ തന്നെ. ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം ഇല്ലാതിരുന്ന അവരുടെ ജീവിതം ഏറെ ദുരിതത്തിലും. കായിക ശേഷിയുള്ള തൊഴിലാളികളെ ചെല്ലും ചിലവും കൊടുത്ത് കൂടെ നിർത്തി ജന്മിമാർ മറ്റ് തൊഴിലാളികൾക്ക് നേരെ മർദ്ദനം അഴിച്ചു വിടുന്നതും പതിവായി. ഇതിനെതിരെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കാൻ മുൻകൈയെടുത്തത് വി ഐ സൈമണാശാനായിരുന്നു. മത്സ്യത്തൊഴിലാളികൾ സംഘടിക്കേണ്ടത്തിന്റെ ആവശ്യകതകൾ ഉൾപ്പെടുത്തി ആശാൻ ഒരു ലഘുലേഖ തയ്യാറാക്കി തീരദേശത്ത് വിതരണം ചെയ്തു. ഇതോടെ ജന്മിത്വത്തിനെതിരെ തീരദേശത്ത് തൊഴിലാളികൾ സംഘടിച്ചു. ഇതിന് പിന്നാലെ ചെത്ത് തൊഴിലാളികളും, കയർ, കർഷക, ചകിരി ഉൽപാദന തൊഴിലാളികളും സംഘടിച്ചു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനും കമ്യുണിസ്റ്റ് പാർട്ടിയും തൊഴിലാളി സമരങ്ങളുടെ മുന്നിൽ നിന്നപ്പോൾ പുന്നപ്ര ചുവന്നു തുടുത്തു.

 

കീഴടങ്ങാത്ത മനസുകൾ

സർ സി പിയുടെ ചോറ്റു പട്ടാളത്തിന്റെയെയും ജന്മിമാരുടെ ഗുണ്ടകളുടെയും അക്രമത്തെ ചെറുക്കൻ കീഴടങ്ങാത്ത മനസുമായി തൊഴിലാളികൾ തെരുവിലിറങ്ങി.
കൊല്ലവർഷം 1122 തുലാം ഏഴ് തിരുവിതാംകൂർ മഹാരാജാവിന്റെ ജന്മദിനമാണ്. ആ ദിനം അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാര പ്രഖ്യാപന ദിനമാക്കണമെന്നായിരുന്നു സർ സിപിയുടെ തീരുമാനം. സമരം ചെയ്യുന്ന തൊഴിലാളി വർഗ്ഗത്തേയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അടിച്ചമർത്താനുള്ള ഒരു അവസരമായാണ് സർ സിപി ഈ ദിനത്തെ കണ്ടത്. അതുകൊണ്ടുതന്നെ അത് പൊളിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും തയ്യാറായി. പുലർച്ചെ തന്നെ തൊഴിലാളികൾ നിശ്ചയിച്ച ക്യാമ്പുകളിൽ തടിച്ചുകൂടി. ചെങ്കൊടികെട്ടിയ വാരികുന്തങ്ങൾ കയ്യിലേന്തിയ വാളന്റിയർമാരാൽ ആലപ്പുഴ നിറഞ്ഞു. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തൊഴിലാളികൾ മാർച്ച് ആരംഭിച്ചു. ഇടത്തരക്കാരും വിദ്യാർത്ഥികളും ചെറുകച്ചവടക്കാരും പട്ടാളത്തിൽ നിന്ന് പിരിഞ്ഞുവന്നവരും കമ്മ്യൂണിസ്റ്റ് വിരോധികളല്ലാത്തവരും ആ മാർച്ചിൽ പങ്കെടുത്തു. പട്ടാള ചിട്ടയിൽ കമ്മ്യൂണിസ്റ്റ് വോളണ്ടിയർമാർ റോഡ് നിറഞ്ഞ് പടയണി തീർത്തപ്പോൾ അതൊരു പ്രവാഹമായി. വോളണ്ടിയർമാർക്ക് രക്ഷാകവചമേന്തി ആയിരങ്ങളും തെരുവിൽ അണിനിരന്നു. ഈ സമയം പട്ടാളം റോന്തുചുറ്റിയെങ്കിലും ജനങ്ങളുടെ വർധിത വീര്യം കണ്ട് ഏറ്റുമുട്ടൽ ഒഴിവാക്കി പിൻവാങ്ങി. ആലപ്പുഴയിലെ വിവിധ വാർഡുകളിലെ തൊഴിലാളികൾ പുന്നപ്ര പൊലീസ് ക്യാംപ് ലക്ഷ്യമാക്കിയാണ് നീങ്ങിയത്. അപ്പോൾ പുന്നപ്രയിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് പതിനായിരങ്ങൾ പങ്കെടുത്ത ജാഥയും വാരിക്കുന്തമേന്തി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് നീങ്ങി. ദിവാൻ ഭരണം അവസാനിപ്പിക്കുക, പട്ടാളത്തെ പിൻവലിക്കുക തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങൾ. ആ സമയം പുന്നപ്ര പൊലീസ് ക്യാംപിൽ 29 റിസർവ്വ് പൊലീസുകാരും ഒരു പൊലീസ് ഇൻസ്പെക്ടറുമാണ് ഉണ്ടായിരുന്നത്. തിരുവമ്പാടിയിൽ വെച്ച് ജാഥയ്ക്ക് എതിരെ വന്ന പട്ടാളവണ്ടി സമരക്കാർ തടഞ്ഞുനിർത്തി. മാർച്ചിന്റെ മുൻനിരയിൽ നിന്ന രണ്ടുപേരെ വെടിവെച്ചുവീഴ്ത്തി. പുന്നപ്രയിലെ പൊലീസ് ക്യാംപിനെ ലക്ഷ്യമാക്കി ജനസഞ്ചയം പിന്നെയും വന്നുകൊണ്ടേയിരുന്നു. ആ മനുഷ്യ മഹാസമുദ്രം ക്യാമ്പിന് ചുറ്റും അണിനിരന്നപ്പോൾ സർ സിപിയുടെ പൊലീസ് വിറച്ചു. ക്യാംപിന്റെ ചുറ്റും തയ്യാറായി നിന്ന പൊലീസ് തൊഴിലാളികൾ പിരിഞ്ഞുപോകണമെന്ന് മെഗാഫോണിലൂടെ വിളിച്ചുപറഞ്ഞു. വെടിവെയ്ക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടും അവർ ഒറ്റ മനസായി നിലകൊണ്ടു. ആദ്യവെടി പൊട്ടിയപ്പോൾ കമഴ്ന്ന് വീണ് നിലംപറ്റി കിടന്ന് മുന്നോട്ട് നീങ്ങാൻ നേതാക്കൾ മുന്നറിയിപ്പ് കൊടുത്തു. ഇടതടവില്ലാതെ വെടി പൊട്ടുകയാണ്. എന്നാൽ പതിനായിരങ്ങൾ വരുന്ന വാരിക്കുന്തമേന്തിയ സഖാക്കളുടെ വീര്യത്തിന് മുന്നിൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പൊലീസുകാർ കൊല്ലപ്പെട്ടു. ഈ ഏറ്റുമുട്ടലിൽ നിരവധി സമരക്കാരും മരിച്ചു. ഒന്നര മണിക്കൂർ നീണ്ട ആ സംഘട്ടനം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രം എഴുതി ചേർത്തു. സമരക്കാർ പരിഞ്ഞുപോയതിന് ശേഷം അവശരായി കിടന്ന നിരവധിപേരെ പൊലീസും പട്ടാളവും ചേർന്ന് തല്ലിക്കൊന്നു. ഇവരെ ആലപ്പുഴ വലിയചുടുകാട്ടിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് സംസ്ക്കരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.