23 December 2024, Monday
KSFE Galaxy Chits Banner 2

ഫാസിസ്റ്റ് ആശയങ്ങളില്‍ അലയുന്ന കന്നുകാലികള്‍

അബ്ദുൾ ഗഫൂർ
January 16, 2023 4:30 am

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഉണ്ടായ മാംസാഹാര നിരോധനവും പശുക്കൾ ദൈവമാണെന്ന പ്രചാരണങ്ങളും ഉത്തരേന്ത്യയിലെ ഗ്രാമ‑നഗരങ്ങളിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ എണ്ണം വർധിപ്പിക്കുന്നത് വലിയ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നു. കൃഷിയിടങ്ങളിൽ മണ്ണൊരുക്കുന്നതിന് ഉപയോഗിച്ചിരുന്ന കാളകളെയും കറവ വറ്റിയ പശുക്കളെയും പോറ്റാൻ ആകാത്ത കര്‍ഷകർ അവയെ തെരുവിൽ അഴിച്ചു വിടുന്ന പ്രവണത വർധിക്കുകയാണ്. അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ വർധന കൃഷിനാശത്തിനും കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ സർക്കാർ ഉടമസ്ഥതയിൽ അഭയകേന്ദ്രങ്ങളും ഗോശാലകളും ആരംഭിച്ചിരുന്നുവെങ്കിലും അവയ്ക്കൊന്നും ഉൾക്കൊള്ളാൻ ആകാത്തവിധമാണ് അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ പെരുപ്പം. കൃഷിയിടങ്ങൾക്ക് കാവലിരുന്ന് മടുത്ത കർഷകർ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പൊതു സ്ഥാപനങ്ങളിൽ കെട്ടിയിട്ട് പ്രതിഷേധിക്കുന്ന സ്ഥിതിയുണ്ടായപ്പോൾ അവർക്കെതിരെ കേസെടുക്കുന്ന നടപടിയാണ് ഭരണകൂടം സ്വീകരിച്ചത്. സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം കന്നുകാലികളെയാണ് കർഷകർ കെട്ടിയിട്ടത്.

പിസ്വാൻ ബ്ലോക്കിലെ അമരിയ, തവിന്ദ നർ, സൻസ്ദ, ദിയോറിയ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കെട്ടിടങ്ങളിലായി 1540 കന്നുകാലികളെ കെട്ടിയിട്ടു. സിതാറംപുർ, ലക്ഷ്മൺപുരി, രഘുവർ ദയാൽപുരി, സിൽഹാപുര തുടങ്ങിയ പ്രദേശങ്ങളിൽ മുന്നൂറോളവും പുരാനിയയിൽ 160ഉം കന്നുകാലികളെ കെട്ടിയിട്ടു. കവാടം ബലംപ്രയോഗിച്ച് തുറക്കുകയും സ്ഥാപനങ്ങൾക്ക് കേടുപാടുകളുണ്ടാക്കുകയും ചെയ്തെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന 20 പേരുൾപ്പെടെ 36 പേർക്കെതിരെയാണ് കേസ്. കന്നുകാലി ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് കർഷകർ ഡൽഹി-ലഖ്നൗ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. യഥാർത്ഥത്തിൽ ഇത് ഉത്തരേന്ത്യയിലെ കർഷകരുടെ കേവലമായ വിള നാശത്തിന്റെ പ്രശ്നം മാത്രമല്ല. ഫാസിസ്റ്റ് ആശയ രീതി അടിച്ചേൽപ്പിക്കുമ്പോൾ ഒരു ജനത അഭിമുഖീകരിക്കേണ്ടിവരുന്ന ഗുരുതരമായ ജീവിത പ്രതിസന്ധി കൂടി അനാവരണം ചെയ്യുന്നതാണ്. നമ്മുടെ ആഹാര രീതിക്കുമേൽ ഫാസിസ്റ്റ് ആശയഗതി അടിച്ചേൽപ്പിക്കപ്പെട്ടതിന്റെ അനന്തരഫലമായാണ് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കന്നുകാലികളുടെ കശാപ്പു നിരോധിക്കപ്പെട്ടത്.


ഇതുകൂടി വായിക്കൂ: ചര്‍മ്മമുഴ: പ്രതിരോധത്തിന് കൂടുതല്‍ സഹായം ആവശ്യം


2020 ജനുവരിയിലെ കന്നുകാലി സെൻസസ് അനുസരിച്ച് രാജ്യത്താകെ 50 ലക്ഷത്തിലധികം അലഞ്ഞുതിരിയുന്ന കന്നുകാലികളുണ്ട്. 2019ലെ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ മാത്രം അലഞ്ഞുതിരിയുന്ന 10.1 ലക്ഷം കന്നുകാലികളാണുള്ളത്. ഇവയിൽ 7,50, 000 മാത്രമേ അഭയ കേന്ദ്രങ്ങളിലും ഗോശാലകളിലും സംരക്ഷിക്കപ്പെടുന്നുള്ളൂ. അവശേഷിക്കുന്നവ അലഞ്ഞു തിരിയുകയും ആഹാരത്തിനായി കൃഷിയിടങ്ങളെ ആശ്രയിക്കുകയും ചെയ്യുകയാണ്. 5200ലധികം അഭയകേന്ദ്രങ്ങളും ഗോശാലകളുമാണ് യുപിയില്‍ വിവിധയിടങ്ങളിലായുള്ളത്. കന്നുകാലി ശല്യം ഒഴിവാക്കുന്നതിന് രാത്രികാലങ്ങളിൽ കൃഷിയിടങ്ങൾക്ക് കാവലിരിക്കുകയാണ് കർഷകർ. ഉത്തരേന്ത്യ കൊടുംശൈത്യത്തിന്റെ പിടിയിലായിരിക്കുന്ന സാഹചര്യത്തിൽ തണുപ്പ് സഹിക്കാനാകാതെ നാലുകർഷകരാണ് കഴിഞ്ഞദിവസങ്ങളില്‍ മരിച്ചു പോയത്. ഷാജഹാൻപുർ ജില്ലയിൽ മിർസാപുർ മേഖലയിലെ മുഹമ്മദ്പുരിലെ സത്യപാൽ കുശ്വാഹ, ഇന്നോവ ജില്ലയിലെ ദേവരാകാലം പഞ്ചായത്തിലെ നഞ്ഞാ ലോദി, ബന്ദ ജില്ലയിൽ പണ്ഡാരീ വില്ലേജിലെ ഭുറാ യാദവ്, ഫറൂഖാബാദിലെ രാജേഷ് രജ്പുത് എന്നിവരാണ് മരിച്ചത്. കൊടും തണുപ്പിലും കൃഷിയിടങ്ങളില്‍ കാവലിരിക്കേ അവശനിലയിലായി മരിക്കുകയായിരുന്നു ഇവരെല്ലാം.

കന്നുകാലി ശല്യംകാരണം കൃഷി നശിച്ചേക്കുമെന്ന് ഭയന്ന് കൊടും തണുപ്പാണെങ്കിലും രാത്രി കൃഷിയിടത്തിൽ കാവലിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ് റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വായ്പയെടുത്തിറക്കിയ കൃഷി കന്നുകാലിശല്യം കാരണം നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് നാലുകർഷകർ ആത്മഹത്യ ചെയ്ത സംഭവവും ഉത്തർപ്രദേശിൽ ഉണ്ടായിരുന്നു. സെപ്റ്റംബറിൽ ആഗ്ര ജില്ലയിലെ താജ് മേഖലയിലെ കർബാന വില്ലേജിൽ 35 വയസുകാരനായ പവൻകുമാറാണ് ആത്മഹത്യ ചെയ്ത ഒരാള്‍. അര ഏക്കറിൽ താഴെ സ്ഥലത്ത് ചോളം കൃഷി ചെയ്ത പവൻകുമാർ ഒരു ദിവസം കാണുന്നത് കന്നുകാലികൾ നശിപ്പിച്ച കൃഷിയിടമായിരുന്നു. ഇരുപതോളം കന്നുകാലികളാണ് കൃഷിനാശത്തിന് കാരണമായത്. നാലംഗ കുടുംബത്തിന്റെ അന്നദാതാവായിരുന്ന പവൻകുമാറിനു മുന്നിൽ ആത്മഹത്യ അല്ലാതെ മറ്റു വഴികളില്ലായിരുന്നു. ഒക്ടോബറിൽ മഹോബ ജില്ലയിൽ കാർബൈ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഗഹ്റാബ് ഗ്രാമത്തിൽ പപ്പു ആഹിർവാർ എന്ന കർഷകനും ഖന്ന പാെലീസ് സ്റ്റേഷൻ പരിധിയിലെ ഗ്യോദി ഗ്രാമത്തിലെ ദുർഗയും രാകേഷും ആത്മഹത്യയിൽ അഭയം തേടി. ഒന്നര ഏക്കറോളം സ്ഥലത്ത് നിലക്കടല കൃഷിയിറക്കിയതായിരുന്നു പപ്പു ആഹിർവാർ. ഒരുദിവസം രാവിലെ കൃഷി മുഴുവന്‍ കന്നുകാലികൾ നശിപ്പിച്ചതായി ശ്രദ്ധയിൽപ്പെടുകയും മനംനൊന്ത് തൂങ്ങിമരിക്കുകയുമായിരുന്നു.


ഇതുകൂടി വായിക്കൂ: സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നിലപാട് തിരുത്തണം


70,000 രൂപ വായ്പയെടുത്തായിരുന്നു കൃഷി ഇറക്കിയിരുന്നത്. കൃഷിനാശത്തെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ ആകില്ല എന്ന മനഃപ്രയാസത്തിലാണ് പപ്പു ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ദുർഗ അരയേക്കറോളം ഭൂമിയിൽ കടുകാണ് കൃഷി ചെയ്തിരുന്നത്. ശക്തമായ മഴയോടൊപ്പം കന്നുകാലി ശല്യവും കാരണം കൃഷിനാശം സംഭവിച്ച ദുർഗ ബാങ്കുകളിൽ നിന്നുള്ള സമ്മർദ്ദവും നേരിടുകയായിരുന്നു. 43 കാരനായ രാകേഷ് വായ്പ തിരിച്ചടയ്ക്കാൻ വഴിയില്ലാതെയാണ് ആത്മഹത്യ ചെയ്തത്. ഒന്നര ലക്ഷം രൂപയാണ് വായ്പയുണ്ടായിരുന്നത്. കഴിഞ്ഞവർഷം നടന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു അലഞ്ഞു തിരിയുന്ന കന്നുകാലികൾ കൃഷി നശിപ്പിക്കുന്ന പ്രശ്നം. 2017ൽ മുഖ്യമന്ത്രിയായി ആദിത്യനാഥ് അധികാരമേറ്റതിനുശേഷമാണ് കശാപ്പു നിരോധിക്കുകയും ശിക്ഷാർഹമാക്കുകയും ചെയ്തത്. അന്നുമുതൽ നേരിടുന്നതാണ് അലഞ്ഞുതിരിയുന്ന കന്നുകാലികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. വിമാനത്താവളത്തിലെ റണ്‍വേയിലെത്തിയ പശു വിമാനയാത്ര മുടക്കിയ സംഭവവും തീവണ്ടിയിടിച്ച് കാലികള്‍ ചത്തുപോകുന്ന സംഭവങ്ങളും സാധാരണമാണ്. 2014–15ൽ മൂവായിരം കന്നുകാലികളാണ് തീവണ്ടിപ്പാളങ്ങളിൽ മരിച്ചുപോയിരുന്നതെങ്കിൽ കന്നുകാലി നിരോധനം വ്യാപകമായശേഷം 2018–19ൽ അത് 30,000ത്തിലധികമായി.

റോഡുകളിൽ അപകടത്തിൽപ്പെടുന്ന കന്നുകാലികളുടെ എണ്ണവും വലുതാണ്. ഏറ്റവും പ്രധാനം വിളനാശം തന്നെയാണ്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെയുള്ള നേതാക്കളും വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മാർച്ച് 10ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ യുപിയിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ പ്രശ്നം അവശേഷിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നത്. ഇതിനായി പുതിയ നയം തന്നെ ആവിഷ്കരിക്കും എന്നാണ് പറഞ്ഞിരുന്നത്. നയം ആവിഷ്കരിച്ചില്ലെന്നു മാത്രമല്ല ശല്യം കൂടുതൽ രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണ് സംജാതമായത്. സർക്കാർ കാണുന്ന ഏക പോംവഴി ഗോശാലകളും സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കുക എന്നുള്ളതാണ്. എന്നാൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ മതിയായ ഫണ്ടിന്റെ അഭാവം മൂലം കന്നുകാലികൾ ചത്തൊടുങ്ങുന്ന വാർത്തകളും പുറത്തുവരികയുണ്ടായി. കോടിക്കണക്കിന് രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞ കേന്ദ്രങ്ങളുടെ സ്ഥിതിയാണിത്. പശുക്കൾ ദൈവമാണെന്ന സവർണ ഹൈന്ദവ ചിന്താഗതിയുടെ ഫലമായിട്ടാണ് ഇത്തരം നിയമനിർമ്മാണങ്ങളും നിരോധനങ്ങളും നടപ്പിലാക്കപ്പെട്ടത്. വലിയൊരു വിഭാഗത്തിന്റെ ഭക്ഷണം മാത്രമല്ല ജീവനോപാധി കൂടിയായിരുന്നു മാംസ വ്യാപാരം.


ഇതുകൂടി വായിക്കൂ:വെറുംവാക്കുകള്‍ കൊണ്ട് അന്നം മുട്ടിക്കരുത്


കൊല്ലുന്ന കന്നുകാലികളുടെ തുകൽ വ്യാപാരം ചെയ്ത് ഉപജീവനം കഴിക്കുന്ന എത്രയോ ദളിത് കുടുംബങ്ങളുണ്ട്. അവരാകട്ടെ ഹിന്ദുമതത്തിൽ പെട്ടവർ തന്നെയാണ്. അതുകൊണ്ടുതന്നെ കന്നുകാലി കശാപ്പു നിരോധനം സവർണ ഫാസിസ്റ്റ് ആശയമാണെന്ന് നിസ്സംശയം പറയാവുന്നതാണ്. അതിപ്പോൾ ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് കർഷകരുടെ കൂടി പ്രശ്നമായി വളർന്നിരിക്കുന്നു എന്നാണ് ഉത്തരേന്ത്യയിൽ നിന്ന് നിരന്തരം പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന നരേന്ദ്ര മോഡിയുടെ 2014ലെ പ്രഖ്യാപനത്തിന്റെ പ്രതിധ്വനികൾ അന്തരീക്ഷത്തിൽ മായാതെ നിൽക്കുമ്പോഴാണ് ഫാസിസ്റ്റ് ആശയത്തിന്റെ ഫലമായി നടപ്പിലാക്കപ്പെട്ട ഒരു നിരോധനം കാർഷികവിള നാശത്തിനു കാരണമായി വലിയൊരു വിഭാഗം കർഷകരെ ദുരിതത്തിലാക്കുന്നത്. കന്നുകാലികൾ ദൈവ പരിവേഷം ലഭിച്ച് അലഞ്ഞുതിരിയുമ്പോൾ കർഷകരുള്‍പ്പെടെയുള്ളവര്‍ ഒരു ജീവിയെന്ന പരിഗണനപോലും കിട്ടാതെ വലയുന്നു. കാലാവസ്ഥാ വ്യതിയാനവും കൃഷിയുടെ അനുബന്ധ വസ്തുക്കളുടെ വിലക്കയറ്റവും കൊണ്ട് കാർഷികവൃത്തി വലിയ നഷ്ടമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളാണ് പ്രാകൃതമായ സവർണ ഫാസിസ്റ്റ് ചിന്താഗതിയുടെ ഫലമായി ഇത്തരമൊരു ദുരന്തം കൂടി നേരിട്ടുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ കന്നുകാലിശല്യം മൂലം ആത്മഹത്യ ചെയ്യുന്ന കർഷകർ ഫാസിസ്റ്റ് ആശയഗതി അടിച്ചേൽപ്പിക്കപ്പെടുന്നതിന്റെ രക്തസാക്ഷികൾ കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.